Friday 26 October 2018 11:32 AM IST : By സ്വന്തം ലേഖകൻ

ആദ്യം ശ്വാസം മുട്ടിച്ച്, പിന്നീട് ബക്കറ്റിൽ മുക്കി, ഒടുവിൽ കിണറ്റിലെറിഞ്ഞ്; പിഞ്ചുകുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചത് പത്തോളം തവണ!

jaseela321

താമരശ്ശേരിയിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന പിതൃസഹോദരിയുടെ ക്രൂരത ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. മൂന്നു മാസമായി കൊലപാതകത്തിനുള്ള അവസരം നോക്കുകയായിരുന്നുവെന്ന് ജസീല പൊലീസിനോട് പറഞ്ഞു. സ്വന്തം കുടുംബത്തിൽ ഭർത്താവും സഹോദരനും മാതാവുമൊക്കെ കാണിച്ച അവഗണനയാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ്  ജസീലയുടെ മൊഴി.

അസൂയ മൂത്ത് ജസീല കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചത് പത്തോളം തവണ. കുഞ്ഞ് ഉറങ്ങുമ്പോള്‍ തലയണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലാനും ഒരിക്കൽ ശ്രമിച്ചിരുന്നു. എന്നാൽ കുഞ്ഞിന്റെ അമ്മ അവിടെയെത്തിയതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് കുളിപ്പിക്കുന്നതിനിടയില്‍ ബക്കറ്റില്‍ മുക്കിക്കൊല്ലാനും പദ്ധതിയിട്ടു. ഒടുവിൽ പത്താമത് നടത്തിയ ശ്രമമായിരുന്നു തൊട്ടിലിൽ ഉറങ്ങിയിരുന്ന കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി കിണറ്റിലിട്ടത്. മൂന്നു മാസമായി കുഞ്ഞിനെ ഒറ്റയ്‌ക്ക് കിട്ടുന്ന അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ജസീല.

കുഞ്ഞു ജനിച്ചതു മുതല്‍ ജസീലയ്‌ക്ക് വെറുപ്പായിരുന്നു. അന്നുതൊട്ടേ കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നു. എന്നാൽ കുഞ്ഞു ഫാത്തിമ്മയോടുള്ള അനിഷ്ടം പെരുമാറ്റത്തിൽ ഒരിക്കലും ജസീല പ്രകടിപ്പിച്ചിരുന്നില്ല. കുട്ടിയുടെ അമ്മയേക്കാൾ കരുതലോടെയായിരുന്നു പെരുമാറ്റവും സ്നേഹപ്രകടനവുമെല്ലാം. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം കരഞ്ഞഭിനയിച്ച ജസീല പിന്നീട് സാധാരണഗതിയിൽ എല്ലാവരോടും ചിരിച്ചു സംസാരിച്ചു തുടങ്ങി. മഫ്ടിയിൽ അവിടെ നിയോഗിച്ച രണ്ടു പൊലീസുകാരാണ് ജസീലയുടെ മാറ്റം ശ്രദ്ധിച്ചത്. ഇതാണ് കേസിൽ വഴിത്തിരിവായത്.

കുട്ടിയെ തേടി അമ്മ ഷമീനയ്‌ക്കൊപ്പം തിരച്ചിലിന് ജസീലയും കൂടിയിരുന്നു. എന്നാല്‍ പൊലീസിന്റെ ചെയ്യലിൽ വെള്ളം കോരാനായി കിണറ്റിൻ കരയിലെത്തിയപ്പോൾ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ജസീല മൊഴി നല്‍കിയത്. കുഞ്ഞ് മരിച്ച് കിണറ്റില്‍ കിടപ്പുണ്ട് എന്നറിഞ്ഞിട്ടും പിന്നെന്തിനാണ് ഷമീനയ്‌ക്കൊപ്പം കുട്ടിയെ തപ്പാനിറങ്ങിയതെന്ന സംശയമാണ് പൊലീസിനുണ്ടായത്. മോഷണ ശ്രമത്തിനിടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നു വരുത്തി തീർക്കാനും ജസീല ശ്രമിച്ചിരുന്നു.

വീട്ടില്‍ മോഷണശ്രമം നടന്നിരുന്നോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു. പക്ഷെ, അസ്വാഭാവികത ഒന്നും കണ്ടെത്തിയില്ല. കുഞ്ഞിന്റെ  കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന സ്വര്‍ണ്ണമൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുട്ടിയെ ആരോ എടുത്തു കൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു ജസീലയുടെ ആദ്യ മൊഴി. പിന്നീട്, ചിലപ്പോള്‍ നായ്ക്കള്‍ കൊണ്ടിട്ടതാകാമെന്നും പറഞ്ഞു. മൊഴികളിലെ വൈവിധ്യം പൊലീസിനെ ജസീലയാണ് പ്രതി എന്നതിലേക്ക് എത്തിച്ചു. നടന്നത് പറഞ്ഞില്ലെങ്കില്‍ നുണ പരിശോധനയ്ക്ക് വിധേയമാകുമെന്ന് പൊലീസ് പേടിപ്പിച്ചപ്പോള്‍ ജസീല എല്ലാം തുറന്നു പറയുകയായിരുന്നു.

എല്ലാവരോടും വളരെയധികം സ്‌നേഹത്തോടെയായിരുന്നു ജസീലയുടെ പെരുമാറ്റം. എന്നാല്‍ തന്നേക്കാള്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണ് ശത്രുതയ്ക്കിടയാക്കിയത്. നിസാരമായ കാര്യങ്ങളില്‍ നിന്നാണ് ജസീലയ്ക്ക് ഷമീനയോട് വിദ്വേഷം തോന്നി തുടങ്ങിയത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ അതിനെ ഇല്ലാതാക്കി ഷമീനയോടുള്ള പക തീര്‍ക്കുക എന്നതു മാത്രമായി ജസീലയുടെ ലക്ഷ്യം. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് നാട്ടിലെത്തുമ്പോഴാണു ജസീല കാരാടിയിലെ ഭര്‍തൃവീട്ടിലേക്കെത്തിയിരുന്നത്. അല്ലാത്തപ്പോൾ സ്വന്തം വീട്ടിൽ തന്നെയായിരുന്നു സ്ഥിര താമസം.