Tuesday 15 June 2021 05:00 PM IST

രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ഭാരം 92 കിലോ: അവിടുന്ന് സ്വപ്‌നം കണ്ട സൗന്ദര്യ വേദിയിലേക്ക് ജിന: ഇത് പരിഹസിച്ചവര്‍ക്കുള്ള മറുപടി

Binsha Muhammed

jina-cover

മുപ്പതിന്റെ പടിവാതില്‍ക്കലെത്തിയാല്‍ സ്ത്രീകള്‍ ചിലര്‍ക്ക് മധ്യവയസ്‌കരാണ്. സ്വപ്‌നങ്ങളും സൗന്ദര്യബോധവുമെല്ലാം പൂട്ടിക്കെട്ടി അടക്കവും ഒതുക്കവുമുള്ള ഭാര്യയോ മകളോ ആയി അവര്‍ ജീവിച്ചോണം, ആണധികാരത്തിന്റെ ലോകത്തെ അലിഖിത നിയമം അങ്ങനെയാണ്. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും അവള്‍ക്കേറെയുണ്ടാകും. പക്ഷേ അടുക്കളയിലെ അവളുടെ കൈപ്പുണ്യത്തിന്റെ മേന്മയല്ലാതെ മറ്റൊന്നും വീടിന്റെ ഉമ്മറം വിട്ട് പുറത്തേക്ക് വരില്ല. 

വിവാഹം പെണ്ണിന്റെ സ്വപ്‌നങ്ങളുടെ ഒടുക്കമല്ല തുടക്കമെന്ന് ജീവിതം തെളിയിക്കുകയാണ് ജിന ജയ്‌മോന്‍. അവരുടെ നേട്ടങ്ങളുടെ വിജയഗാഥ തുടങ്ങുന്നത് വിവാഹ ശേഷമാണെന്ന് പറയുമ്പോള്‍ പലര്‍ക്കും വിശ്വസിക്കുക പ്രയാസം. സ്വപ്‌നം തേടിയുള്ള യാത്രയില്‍ പരിഹാസത്തിന്റെ കൂരമ്പുകളും മുന്‍വിധികളും ഏറെയുണ്ടായിരുന്നു. കുഞ്ഞു കൂട്ടി പരാധീനതകളുമായി ഒതുങ്ങിക്കൂടെ എന്നു പറഞ്ഞവരില്‍ സ്ത്രീകളുമുണ്ടായിരുന്നു. 

പക്ഷേ നിറത്തിന്റെയും വണ്ണത്തിന്റെയും പേരിലുള്ള പരിഹാസങ്ങളുടെ പേരില്‍, അപകര്‍ഷതാ ബോധത്തിന്റെ കൂട്ടിലൊളിക്കാതെ അവര്‍ തന്റെ സ്വപ്‌നത്തിന്റെ തേരുതെളിച്ചു. അതു ചെന്നെത്തി നിന്നത് ഏതൊരു പെണ്ണും കൊതിക്കുന്ന മിസിസ് കേരള സൗന്ദര്യ മത്സരത്തിന്റെ സ്വപ്‌നവേദിയില്‍. മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടമുള്‍പ്പെടെ എണ്ണം പറഞ്ഞ നേട്ടങ്ങള്‍. സാധാരണ വീട്ടമ്മയില്‍ നിന്നും ബിസിനസുകാരിയിലേക്കും മിസിസ് കേരള സെക്കന്റ് റണ്ണറപ്പിലേക്കും വരെയുള്ള ജിനയുടെ ജീവിത വിജയ വിജയത്തിന്റെ കഥ  'വനിത ഓണ്‍ലൈനോട്' പറയുന്നു.

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്

ദേ ചിത്രം കണ്ടോ ഇവിടെ നിന്നാണ് ഞാന്‍ തുടങ്ങിയത്. ഭാര്യയായി. അമ്മയായി, നല്ല വീട്ടമ്മയായി. ആ ഉത്തരവാദിത്തത്തിനു നടുവില്‍ നിന്ന് എനിക്കിതൊക്കെ സാധിക്കുമോ എന്ന് ഞാന്‍ എന്നോട് തന്നെ ഒരിക്കല്‍ ചോദിച്ചു. അന്ന് അതിന് ഉത്തരം തന്നത് എന്റെ മനസാണ്. ഇതാ പുതിയ ഞാന്‍- ജിന പറഞ്ഞു തുടങ്ങുകയാണ്. 

തൃശൂര്‍ ഇരിങ്ങാലക്കുട കരിവന്നൂരാണ് എന്റെ സ്വദേശം. ഇപ്പോള്‍ താമസിക്കുന്നത് തൃശൂര്‍ നായ്ക്കനാല്‍. പഠിച്ചതും വളര്‍ന്നതുമൊക്കെ കരിവന്നൂരാണ്. ടിടിസി പഠിച്ചറിങ്ങുമ്പോഴും ചെറുപ്പം മുതലേ മോഡലാകണം എന്ന സ്വപ്‌നം മനസില്‍ സൂക്ഷിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ പാഷന്‍. ഒപ്പം ഒരുപാട് യാത്ര ചെയ്യണമെന്നും ആഗ്രഹിച്ചു. പക്ഷേ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ നമ്മള്‍ വെറും നാടന്‍ പൊട്ടിപ്പെണ്ണായിരുന്നു. പഠന ശേഷം നാട്ടു നടപ്പുപോലെ ഒരു വിവാഹാലോചന മുന്നില്‍ വന്നു നിന്നു. കൂട്ടത്തില്‍ അന്തിക്കാടുള്ള ജയ്‌മോനുമെത്തി. പരസ്പരം കണ്ടിഷ്ടപ്പെട്ടതിനു ശേഷം വിവാഹത്തിലേക്ക്. എല്ലാ പെണ്ണുങ്ങളേയും പോലെ എന്റെ കാര്യത്തിലും തീരുമാനമായി എന്ന് തന്നെ കരുതി. യാത്രയും മോഡലിങ്ങുമൊക്കെ വെള്ളത്തില്‍ വരച്ച വരപോലെയാകുമെന്ന് കരുതി. 

ഭര്‍ത്താവ് ജയ്‌മോന്‍ അന്തിക്കാട്ടെ ബ്ലോക്കിലെ ജനപ്രതിനിധിയായിരുന്നു. വിവാഹ ശേഷം പുള്ളിക്കാരനോട് എന്റെ സ്വപ്‌നങ്ങളുടെ കെട്ടഴിച്ചു. അദ്ദേഹം പൂര്‍ണ പിന്തുണയും നല്‍കി. പക്ഷേ കുടുംബിനിയായുള്ള ജീവിതം അടിമുടി മാറ്റി. മൂത്ത മകന്‍ ജീവയ്ക്ക് ജന്മം നല്‍കിയതോടെ ഞാന്‍ അടിമുടി മാറി. ശരിക്കും പറഞ്ഞാല്‍ തടിച്ചു. പിന്നെ പ്രായത്തിന്റേതായ മാറ്റങ്ങളും. ജീവയ്ക്ക് കൂട്ടായി ജയ്‌ന എത്തിയത് 2 കൊല്ലം കഴിഞ്ഞ്. അപ്പോഴെനിക്ക് പ്രായം 24. പക്ഷേ കാഴ്ചയില്‍ 30ന് അപ്പുറം തോന്നിക്കും. അന്ന് ശരിക്കും 92 കിലോ വരെയെത്തി ഭാരം, 

അവിടുന്നാണ് ഞാനെന്റെ സ്വപ്‌നം വീണ്ടും പൊടി തട്ടിയെടുത്തത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? മോഡലിങ്ങ് താത്പര്യത്തിന് ഭര്‍ത്താവ് വീണ്ടും പച്ചക്കൊടി കാട്ടി. പക്ഷേ പരിഹസിച്ചത് മുഴുവന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി. നിനക്ക് നിറമുണ്ടോ... തടിയില്ലേ എന്ന രീതിയില്‍ പരിഹാസങ്ങള്‍. അവരോട് ഒന്നും പറഞ്ഞില്ല. ജീവിതം കൊണ്ട് മറുപടി പറയുമെന്ന് ഉറപ്പിച്ചു. ബാക്കി കഥ പിന്നീട്....- സസ്‌പെന്‍സിട്ട് ജിനയുടെ വാക്കുകള്‍.

ഇതിനിടയ്ക്ക് ഞാനും ഭര്‍ത്താവും ടൂര്‍ പാക്കേജ് ബിസിനസ് സ്റ്റാര്‍ട്ട് ചെയ്തു. അതിന്റെ സൗകര്യാര്‍ത്ഥം നായ്ക്കനാലിലേക്ക് മാറി. ഒരുപാട് യാത്രകള്‍ക്ക് ആള്‍ക്കാരെ കൊണ്ടു പോകുമ്പോള്‍ പല ഡ്രസില്‍ ഫൊട്ടോസ് എടുക്കുമായിരുന്നു. അത് കണ്ടിട്ട് പലരും നല്ല കമന്റുകള്‍ ചെയ്തു. മോഡലിങ്ങ് ചെയ്തൂടെ കുറേ നല്ല മനസുകള്‍ ഉപദേശിച്ചു. പക്ഷേ ചെറിയൊരു അപകര്‍ഷതാബോധം ഉണ്ടായിരുന്നു. മെലിഞ്ഞുണങ്ങിയ സുന്ദരിമാരുടെ സൗന്ദര്യ ലോകത്ത് നമുക്ക് ഇടമുണ്ടാകുമോ എന്ന് ഭയന്നു. അപ്പോള്‍ ആത്മവിശ്വാസം വീണ്ടും തുണയ്‌ക്കെത്തി. കട്ട സപ്പോര്‍ട്ടുമായി ഭര്‍ത്താവുമെത്തി. 

jina-3

വെയിറ്റ് കുറയ്ക്കുക എന്നതായിരുന്നു ആദ്യ ടാസ്‌ക്. അന്ന് 80 കിലോ ഉണ്ടായിരുന്നു എന്നതാണ് എന്റെ ഓര്‍മ്മ. ആ തടിയെ പിടിച്ചു കെട്ടാന്‍ നടത്തം തുടങ്ങി. നടത്തത്തില്‍ നിന്നും തന്നെ ആദ്യ മാറ്റം വന്നു. ആഴ്ചകളുടെ വ്യത്യാസത്തില്‍ 6 കിലോയോളം കുറഞ്ഞു. തുടര്‍ന്ന് ജിമ്മില്‍ ജോയിന്‍ ചെയ്തു. ട്രെഡ് മില്ല്, ഗ്ലൈഡ്, വയര്‍ കുറയ്ക്കാനുള്ള ആബ്‌സ് എല്ലാം ട്രൈ ചെയ്തു. ചിട്ടയായ എക്‌സര്‍സൈസും ജിമ്മിലെ വര്‍ക് ഔട്ടിനുമൊപ്പം ഡയറ്റും കട്ടയ്ക്ക് മെരുക്കി. ചോര്‍ ഒഴിവാക്കി. എണ്ണയും ബേക്കറി പലഹാരങ്ങളും പാടെ ഗെറ്റ്ഔട്ട് അടിച്ചു. ചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നൊരു സീക്രട്ടുണ്ട്. അതെന്റെ വണ്ണം നന്നായി ഉരുക്കി കളഞ്ഞു. എല്ലാം കൂടിയായപ്പോള്‍, 85ല്‍ നിന്നും 63ലെത്തി നിന്നു. 

jina 88

സ്വപ്‌നം കണ്ടവേദി

വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്കായി മിസിസ് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന പേരില്‍ ഒരു സൗന്ദര്യമത്സരം നടക്കുന്ന കാര്യം സുഹൃത്താണ് പറഞ്ഞത്. 2018ല്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത് ഭാഗ്യപരീക്ഷണമായിരുന്നു. ആഗ്രഹപ്രകാരം ഞാനും മാറ്റുരച്ചു. മൂന്ന് ദിവസത്തെ ഗ്രൂമിങ്. ചോദ്യോത്തരങ്ങള്‍, സൗന്ദര്യം എന്നിവയൊക്കെയാണ് മാനദണ്ഡങ്ങള്‍. അന്ന് മിസിസ് കഞ്ചിനാലിറ്റി എന്ന ടൈറ്റില്‍ വിജയിച്ചു. ആ വിജയം എന്റെ ആത്മവിശ്വാസം ഉണര്‍ത്തി. വിധി കരുതിവച്ച പോലെ കേരള ഫാഷന്‍ ഫെസ്റ്റിവല്‍ കൊച്ചിയുടെ മണ്ണിലെത്തി. വന്‍പുലികള്‍ മാറ്റുരയ്ക്കുന്ന ഇടം. പക്ഷേ രണ്ടും കല്‍പ്പിച്ച് പങ്കെടുത്തു. പതിവുപോലെ ഗ്രൂമിങ്, ഇന്‍ട്രോ റൗണ്ട്, ഡാന്‍സ് പാട്ട് എന്നിവയുള്‍പ്പെട്ട ആക്റ്റിവിറ്റി റൗണ്ട്. എല്ലാത്തിലും ആത്മവിശ്വാസത്തോടെ നിറഞ്ഞു നിന്നു. മത്സരം പുരോഗമിക്കുമ്പോള്‍ അത് കിട്ടണം എന്ന വാശിയായിരുന്നു. ആ വാശി വിജയിച്ചു. മിസിസ് കേരളയുടെ സെക്കന്‍ഡ് റണ്ണറപ്പിന്റെ കിരീടം എന്റെ തലയില്‍ ചൂടി. 

jina-4

അതിനു ശേഷം പരിസഹിച്ചവരെയൊക്കെ ഞാന്‍ വീണ്ടും കണ്ടിരുന്നു. പറഞ്ഞവരുടെയൊക്കെ മുഖത്തു നോക്കി അഭിമാനത്തോടെ നിന്നത് പില്‍ക്കാല ചരിത്രം. ഏറ്റവും സന്തോഷിച്ചത് എന്റെ മക്കളാണ്. പിന്നെ എല്ലാത്തിനും കൂട്ടായി നിന്ന നല്ലപാതി ജയ്‌മോന്‍. എനിക്കിപ്പോള്‍ 38 വയസാകുന്നു. ഈ സ്വപ്‌ന സമാനമായ നേട്ടങ്ങളും വേദികളും ഇവിടം കൊണ്ട് അവസാനിക്കരുതേ എന്നാണ് പ്രാര്‍ത്ഥന. 40 കഴിഞ്ഞാലും ഞാനുണ്ടാകും ആ സൗന്ദര്യ വേദികളില്‍... എന്റെ സ്വപ്‌നങ്ങളുമുണ്ടാകും.