Saturday 28 January 2023 03:57 PM IST

‘പശുക്കൾക്കും നമ്മളോട് സ്നേഹമാണ്, പരിമിതികൾ അറിഞ്ഞു ഇണങ്ങി നിൽക്കും; മനുഷ്യരല്ല, ഈ മിണ്ടാപ്രാണികളാണ് ജീവിതം കരുപ്പിടിപ്പിക്കാൻ കൂടെ നിന്നത്!’

Tency Jacob

Sub Editor

_DSC9565 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കാഴ്ചപരിമിതിയുള്ള ഈ അച്ഛനും മകനും പശു വെറുമൊരു വളർത്തുമൃഗമല്ല. ആരെയും ആശ്രയിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വെളിച്ചമാണ്..

മേയാൻ പോയ പൈക്കളെയും തെളിച്ചു കൊണ്ടു ജോമോൻ വീട്ടിലേക്കു കയറി വരുമ്പോൾ നേരമിരുട്ടി തുടങ്ങിയിരുന്നില്ല. ക ണ്ണിൽ ഇരുട്ടു വീണിട്ടും കാലുകൾക്കു പരിചിതമായ വഴിയിലൂടെ, അകക്കണ്ണിലെ വെളിച്ചത്തിൽ ഇടറാതെ നടക്കാൻ മിടുക്കനാണ് നാൽപത്തിരണ്ടുകാരനായ ജോമോൻ.

കൊമ്പും കുലുക്കി വരുന്ന പശുക്കൾ വീടിനടുത്തെത്തിയതും പതിയെ ഒന്ന് അമറി. തങ്ങൾ വരുന്നതും കാത്തിരിക്കുന്ന അപ്പച്ചൻ പുന്നൂസിനുള്ള സൂചനയാണ്. ‘ആ, ഇങ്ങെത്തിയോ’ എന്നോമനിച്ച് അപ്പച്ചൻ ഓരോരുത്തരെയായി തൊഴുത്തിൽ കെട്ടി. ജോമോനെപ്പോലെ അ പ്പച്ചൻ പുന്നൂസിന്റെ കണ്ണുകൾക്കും കാഴ്ചയില്ല. ഇവർ രണ്ടുപേരും കൂടിയാണ് എട്ടു പശുക്കളെ കുളിപ്പിക്കുന്നതും കറക്കുന്നതും പരിപാലനവുമെല്ലാം. ഒന്നിനും തടസ്സമില്ലാതെ നീക്കുപോക്കുണ്ടാക്കാൻ ഒപ്പമുണ്ട് ജോമോന്റെ അമ്മച്ചി അന്നമ്മ പുന്നൂസ്.

റാന്നി ആലപ്പാട്ട് വീട്ടിലെ ഏഴംഗങ്ങളിൽ നാലു പേർ കാഴ്ച പ്രശ്നങ്ങളുള്ളവരാണ്. അച്ഛൻ പുന്നൂസും മകൻ ജോമോനും  തീർത്തും കാഴ്ചപരിമിതി ഉള്ളവർ. മകൾ ജോമോൾക്ക് കാഴ്ച പ്രശ്നമുണ്ടെങ്കിലും അങ്കണവാടിയിൽ ജോലിക്കു പോകുന്നുണ്ട്. ജോമോളുടെ രണ്ടു പെൺമക്കളിൽ ഒരു മകൾക്കും കാഴ്ചയ്ക്കു ബുദ്ധിമുട്ടുണ്ട്. എങ്കിലും നേരത്തെ കണ്ടെത്തി ചികിത്സ ചെയ്തതിനാൽ ഗുരുതര പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നു.

‘‘അപ്പച്ചനെ കുഞ്ഞുമോൻ എന്നു പറഞ്ഞാലേ നാട്ടിലറിയത്തുള്ളൂ. 80 വയസ്സായി. എന്നാലും ഒരിടത്ത് അടങ്ങിയിരിക്കുകേലാ. പോച്ച (പുല്ല്) പറിച്ചു കൊണ്ടുകൊടുത്താൽ പശുക്കൾക്ക് അതിട്ടു കൊടുക്കലും കാടി വെള്ളം കൊടുക്കലുമൊക്കെ ചെയ്യും.’’ അന്നാമ്മ ചേടത്തി വീട്ടുപറമ്പിലെ പുല്ലരിയുന്നതിനൊപ്പം ജീവിതം പച്ചപിടിച്ച വിധം വിവരിച്ചു.

താങ്ങും തണലുമായി

‘‘ഈ വീട് പണിത് താമസം മാറുമ്പോൾ ഒരേ ഒരു പശുവേയുള്ളൂ. മക്കൾ ചെറുതായിരുന്ന കാലത്ത് ഞാൻ റബറിന്റെ പണിക്കു പോയിരുന്നു. കാഴ്ച ഇല്ലായിരുന്നെങ്കിലും പിള്ളേരുടെ അപ്പച്ചനാണ് പശുവിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. പശുക്കളുടെ എണ്ണം കൂടിയപ്പോൾ  പുറം പണിക്കു പോകുന്നതു നിറുത്തി. പന്ത്രണ്ടു പശു വരെയുണ്ടായിരുന്നു. ഇപ്പോൾ എട്ടു പശുക്കളേയുള്ളൂ. മനുഷ്യരല്ല, ഈ മിണ്ടാപ്രാണികളാണ് ജീവിതം കരുപിടിപ്പിക്കാൻ കൂടെ നിന്നത്.’’ അരിഞ്ഞിട്ടിരിക്കുന്ന പുല്ല് കെട്ടാക്കുന്ന തിരക്കിനിടെ  ജോമോൻ പറഞ്ഞു.

‘‘കണ്ണിന്റെ ഞരമ്പിനു ബലമില്ലാത്തതാണ് ഇവരുടെ പ്രശ്നം. ജോമോൻ എട്ടാം ക്ലാസ് വരെ സ്കൂളിൽ പോയിരുന്നു. കാഴ്ച തീർത്തും ഇല്ലാതായപ്പോൾ പിന്നെ പോകാൻ കൂട്ടാക്കിയില്ല. നാട്ടിലെ ഡോക്ടർമാരെ കാണിച്ചതു കൂടാതെ തിരുനെൽവേലിയിലും കൊണ്ടുപോയി. ‘കാഴ്ച തിരിച്ചു കിട്ടില്ലെ’ന്നായിരുന്നു അവരുടെ മറുപടി. മോൾക്കും അവന്റെ അതേ പ്രായമായപ്പോൾ പ്രശ്നം തുടങ്ങി. കണ്ണിന്റെ പ്രഷർ ഇടയ്ക്ക് കൂടും. ആ സമയത്ത് തലവേദന പെരുക്കും. മരുന്നൊഴിച്ചു കൊടുത്താൽ ശമനം കിട്ടും.

പശുക്കളോട് അപ്പച്ചനും ജോമോനും ഉള്ളതുപോലെ അവയ്ക്ക് തിരിച്ചും സ്നേഹമാണ്. പശുക്കളുടെ നിറമോ പുള്ളിയോ കാണാനാകുന്നില്ലെങ്കിലും കൊമ്പിന്റെ മുഴുപ്പും വളവും മിനുസവുമനുസരിച്ച് ഓരോരുത്തരേയും തിരിച്ചറിയും. പേരു വിളിച്ചു ഓമനിക്കും. കുഞ്ഞു മറിയാമ്മ, സുന്ദരി, മണിക്കുട്ടി, ചുട്ടി, മൈന, പൊന്നൂട്ടി എന്നെല്ലാമാണ് പേരുകൾ.’’  അമ്മയുടെ വർത്തമാനം കേട്ട് ചിരിച്ച് ജോമോൻ പുല്ലുകെട്ട് തലയിലേറ്റി  നടന്നുതുടങ്ങി.

‘‘കാലത്ത് അഞ്ചര മണിക്ക് എഴുന്നേറ്റ് കട്ടൻകാപ്പിയനത്തുമ്പോഴേക്കും ജോമോൻ എണീറ്റ് വരും. അവൻ  തൊഴുത്ത് വൃത്തിയാക്കി കഴിഞ്ഞാൽ പിന്നെ, അപ്പച്ചൻ പശുക്കൾക്ക് കാടിയും തീറ്റയും കൊടുക്കും. ആ നേരത്ത് ജോമോൻ കാപ്പിയും രണ്ടു റസ്ക്കും തിന്നേച്ചു പാല്‌ കറക്കാൻ പോകും.

കാലത്ത് ആറും വൈകീട്ട് നാലും പശുക്കളുടെ കറവയുണ്ട്. ഒപ്പം ഞാനും കൂടും. എനിക്കെന്തേലും  വയ്യായ്കയോ തിരക്കോ ഉണ്ടെങ്കിൽ ‘അമ്മ വരേണ്ട, ഞാൻ തന്നെ ചെയ്തോളാം’ എന്നു പറയും. മോന്റെ അടുത്ത് നല്ല മെരുക്കമാണ് പശുക്കൾക്ക്.  

കുളിപ്പിക്കാനൊക്കെ  ജോമോന്റെ അനിയത്തി ജോമോളുടെ ഭർത്താവ് ഷാജിയും സഹായിക്കും. പുല്ലു പറിക്കാനുള്ള സ്ഥലത്ത് ജോമോനെ കൈപിടിച്ചു കൊണ്ടുപോയി ഇരുത്തിയാൽ അവിടെയിരുന്ന് പറിച്ചോളും.   എന്റെ ആധി കൊണ്ടു ഇടയ്ക്കിടെ ജോമോനെ ചെന്നു നോക്കും. വല്ല ഇഴജന്തുക്കളും വന്നാൽ അവനറിയുകേലല്ലോ.’’ അമ്മച്ചി ദീർഘനിശ്വാസം പൊഴിച്ചു.

‘‘പണ്ടൊക്കെ െവെക്കോൽ കറ്റ വാങ്ങി തുറുവിടുമായിരുന്നു. ഇന്ന് ഒരു കറ്റയ്ക്ക് 35 രൂപയാ വില. അതുകൊണ്ട് എത്ര വയ്യേലും പോച്ച പറിക്കാൻ പോണം.

ജഴ്സി പശുക്കളാണ്. നന്നായി പുല്ലു കൊടുത്താലേ പാലു കിട്ടൂ. ദിവസവും  മുപ്പതു ലീറ്ററിനടുത്ത് പാൽ കിട്ടും. വീടുകളിലാണ് പാൽ മുഴുവൻ വിറ്റു പോകുന്നത്. പാൽ ബൂത്ത് കുറച്ചു ദൂരെയാണ്. അവിടെ പോകണമെങ്കിൽ ഓട്ടോ പിടിക്കണം. അതു നഷ്ടമാ. ആൾക്കാരെ നിർത്തി പശൂനെ വളർത്തിയാലും വലിയ ലാഭമില്ല.

കറവയ്ക്കുള്ള ഉപകരണങ്ങൾ പഞ്ചായത്തിൽ നിന്നു തന്നിരുന്നു. പക്ഷേ, ഒന്നും നമുക്ക് പറ്റിയതല്ല. അതുകൊണ്ടു തിരിച്ചു കൊടുത്തു.  

വൈകീട്ട് പാൽ കുറച്ചു മിച്ചം വരും. അതു തൈരും മോരും വെണ്ണയും നെയ്യുമൊക്കെയായി മാറ്റും. ഇന്നിപ്പോ ദേ, കാച്ചി വച്ച പാൽ വരെ എടുത്തു കൊണ്ടുപോയി.’’ ആദ്യമായി അമ്മച്ചിയുടെ മുഖത്ത് പാൽനിലാ പുഞ്ചിരി വിടർന്നു. ആ വാതോരാ വർത്തമാനം കേട്ട് വീട്ടു തിണ്ണയിൽ ഇരിപ്പുറപ്പിച്ചു ജോമോനും അപ്പച്ചനും.

കഷ്ടപ്പാടാണേലും ഇത് സന്തോഷം

‘‘വീടുകളിൽ പാലു കൊടുക്കൽ ഒരു പണിയാ. പാൽകുപ്പികളെല്ലാം ചുടുവെള്ളം  ഉപയോഗിച്ചു കഴുകിയെടുക്കണമെങ്കിൽ തന്നെ സമയം വേണം. പിന്നെ ഓരോ കുപ്പിയിലും പാൽ നിറച്ച്, ഓരോ വീട്ടിലും കൊണ്ടുക്കൊടുത്ത് തിരിച്ചെത്തി കണക്കെഴുതുമ്പോഴേക്കും വയ്യാതാകും.

കാൽമുട്ടിനു വേദന അധികമാകുമ്പോൾ ഈ പണി നിർത്തിയാലോ എന്നു ചിന്തിക്കും. നമുക്ക് വല്ല അനാഥമന്ദിരത്തിലും  പോയി നിന്നാലോ എന്നു പറഞ്ഞാൽ അപ്പച്ചനും മോനും അമ്പിനും വില്ലിനും അടുക്കുകേലാ. കറവ വറ്റാറായ പശുവിനെ കൊടുക്കാനും സമ്മതിക്കുകേലാ. ‘അതവിടെ നിന്നോട്ടെ’ എന്നാണ് പറച്ചിൽ.’’ അമ്മച്ചിയുടെ ആ വർത്തമാനം അപ്പച്ചനും മോനും പിടിച്ചില്ല.

‘‘ കഷ്ടപ്പാടാണ്. എന്നാലും അതു തരുന്നൊരു സന്തോഷമുണ്ടല്ലോ. പശുക്കൾക്കും നമ്മളോട് സ്നേഹമാണ്. ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. പരിമിതികൾ അറിഞ്ഞു ഇണങ്ങി നിൽക്കും.’’ അപ്പച്ചൻ പശുക്കളെ സപ്പോർട്ടു ചെയ്തു.

‘‘ആ, ആവുന്നോടത്തോളം കൊണ്ടുപോകാം. ഏഴു പേരടങ്ങുന്ന കുടുംബം  ഇതോണ്ടു തന്നെയാ ജീവിച്ചു പോകുന്നത്. വല്യ ആഡംബരത്തിനൊന്നും ഞങ്ങൾ പോകാറില്ല. അതുകൊണ്ടെന്താ, അഞ്ചു പൈസ കടമില്ല...’ വീടൊന്നു പുതുക്കി പണിയണമെന്നുണ്ട്. പക്ഷേ...’ അമ്മച്ചി പകുതിയിൽ നിറുത്തി.

രാത്രി കിടക്കുന്നേനു മുന്നേ പശുക്കൾക്ക് വെള്ളം കൊടുത്ത് കയ്യോ കാലോ കയറിൽ കുരുങ്ങിക്കിടക്കുന്നുണ്ടോ എന്നു നോക്കിയിട്ടേ ജോമോൻ ഉറങ്ങാൻ പോകൂ.

‘‘ഞാൻ ഓരോരുത്തരെയായി പേരു വിളിക്കും. ഉത്തരമായി അവ ചെറുതായൊന്നു ചിണുങ്ങും. അതുകേട്ടാലേ എനിക്കു സമാധാനമാകൂ.’’ ജോമോൻ ചെറുചിരിയോടെ പറഞ്ഞു.

‘‘ഒരു ദിവസം രാത്രി മണിക്കുട്ടിയെ ആരോ അഴിച്ചു കൊണ്ടുപോകാൻ നോക്കി. ബാക്കിയെല്ലാ പശുക്കളും കൂടി കരച്ചിലായി. അതുകേട്ടു ലൈറ്റിട്ട് വാതിൽ തുറന്നപ്പോഴേക്കും കള്ളൻ ഓടിപ്പോയി. നോക്കിയപ്പോഴുണ്ടല്ലോ മണിക്കുട്ടി വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിൽക്കുന്നു.’’ അമ്മച്ചിയുടെ സ്വരത്തിൽ ആശ്വാസം നിറഞ്ഞു.

പൈക്കളുടെ മനസ്സറിയുന്നവർ

‘‘പശുക്കൾക്ക് എന്തു ഏനക്കേടുണ്ടേലും എനിക്കും അപ്പച്ചനും മനസിലാവും. ഏതേലും പശു വെള്ളം കുടിച്ചില്ലെങ്കിൽ അപ്പച്ചൻ എന്നോടു പറയും. വയറ് തപ്പിനോക്കിയാൽ വായു കേറി കനത്തതാണെങ്കിലൊക്കെ അറിയാൻ പ റ്റും. അത്യാവശ്യം നാട്ടു മരുന്നൊക്കെ  ഞങ്ങളുടെ കയ്യിലുണ്ട്.’’ ഏതോ പശു കരയുന്നതു കേട്ട് ജോമോൻ നോക്കാൻ പോയി.

‘‘ജോമോളുടെ  മക്കളുമായി നല്ല കൂട്ടാണ് ജോമോൻ. മൂത്തയാൾ ജിഷാൽ പ്ലസ് വണ്ണിനു പഠിക്കുന്നു. വെറ്ററിനറി ഡോക്ടറാകണമെന്നതാണ് ആഗ്രഹം. ഇളയവൾ അനുഷാൽ ഏഴാം ക്ലാസിലും.

വീടിനകത്തു അപ്പനും മകനും ഒരു തടസ്സവും കൂടാതെ നടക്കും. ചിലപ്പോൾ രണ്ടുപേരും കൂട്ടിയിടിക്കും. അതു കാണുമ്പോൾ വല്ലാത്ത മനപ്രയാസാണ്.

ആളുകൾ സഹതാപവുമായി വന്നാലും അവനു വിഷമമാണ്. രണ്ടുവർഷം മുൻപ് അവൻ പഠിച്ച സ്കൂളിൽ ഒരു പരിപാടിയുണ്ടായിരുന്നു. കൂട്ടുകാര് വന്നു കൊണ്ടുപോയി. മോനെ ആദരിക്കുകയൊക്കെ ചെയ്തു. പശൂനെ കറക്കാൻ നേരമായപ്പോൾ ആള് തിരക്കു കൂട്ടി വീട്ടിലെത്തി.   

പൈക്കൾ പ്രസവിക്കുന്ന ദിവസം ജോമോനു നല്ല തിട്ടമാണ്. കുഞ്ഞുമറിയ എന്നു വിളിക്കുന്ന പശു നിന്നേ പ്രസവിക്കത്തുള്ളൂ. ഒരിക്കൽ ജോമോന്റെ  കയ്യിലേക്കാണ് പശുക്കിടാവ് പ്രസവിച്ചു വീണത്.’’  

ഒരിക്കൽ ജോമോനൊരു ചെടി കുഴിച്ചു വച്ചു. വളർന്നു പൂവുണ്ടായി. അത് പറഞ്ഞപ്പോൾ എന്നോടു മെല്ലെ ചോദിച്ചു. ‘എന്താ ആ പൂവിന്റെ നിറം.’ ആ കഥ പറഞ്ഞതും അമ്മച്ചിയുടെ മുഖത്ത് ചെറിയൊരു നൊമ്പരം പടർന്നു.   

Tags:
  • Spotlight