Thursday 29 March 2018 12:50 PM IST

നിങ്ങൾക്കും പട്ടം പറത്തണോ? ഐഡിയ മിനി പറഞ്ഞുതരും

Vijeesh Gopinath

Senior Sub Editor

kite-woman1 ഫോട്ടോ അസീം കൊമാച്ചി

മലയാളിക്ക് പട്ടം നൊസ്റ്റാൾജിയയുടെ നേർത്ത നൂലാണ്. കാലം എത്ര വേഗത്തില്‍ വീശിയാലും കുരുക്കു വീഴാെത, ഒാർമനൂലു പൊട്ടാതെ മനസ്സിലങ്ങനെ പാറിക്കളിക്കുന്നുണ്ടാകും.  കൊയ്ത്തു കഴിഞ്ഞ വയലു കണ്ടാൽ, കടപ്പുറത്തു പാറിക്കളിക്കുന്ന പട്ടക്കൂട്ടങ്ങൾ കണ്ടാൽ മതി, പണ്ട് വള്ളിനിക്കറിട്ട അല്ലെങ്കില്‍ പെറ്റിക്കോട്ടിട്ട കാലത്തു പറത്തിയ പട്ടങ്ങൾ മനസ്സിലിങ്ങനെ  പറന്നു തുടങ്ങും.

കോഴിക്കോട് വടകര മേപ്പയിലെ മിനി പിഎസ് നായർ എന്ന റേഡിയോ ‍ജോക്കിക്കും അതു തന്നെയായിരുന്നു ഏറെ നാൾ പട്ടം. തിരക്കിട്ടോടുന്നതിനിടയിൽ ഒാർമയിൽ കാറ്റു പിടിക്കുമ്പോൾ മാത്രം പാറിത്തുടങ്ങുന്ന ഒന്ന്. പിന്നീടെപ്പോഴോ പട്ടംപറത്തൽ മനസ്സിൽ ആവേശമായി. സ്പോർട്സ് കൈറ്റ് പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയിരിക്കുന്നു മിനി. ഫെസ്റ്റിവൽ ഗ്രൗണ്ടിൽ പവർ ൈകറ്റും സ്റ്റണ്ട് കൈറ്റും പറത്തുന്ന മിനി പട്ടങ്ങൾക്കിടയിലെ താരമാണ്.

കുട്ടിക്കാലത്തു കണ്ട പട്ടങ്ങൾ

ഗോവൻ പട്ടം പറത്തൽ ഉത്സവം. അവിടെ വച്ചാണ് റഷ്യക്കാരിയായ അന്ന എന്ന എഴുപതു വയസ്സുകാരി മിനിയോടു ചോദിച്ചത് ‘എന്താണ് നിന്റെ നാട്ടിൽ നിന്ന് പട്ടം പറത്താനായി സ്ത്രീകളെത്താത്തത്?’ അതിനുള്ള ഉത്തരമായി മിനി പറഞ്ഞത് സ്വന്തം ജീവിതം തന്നെയായിരുന്നു.

‘‘പെറ്റിക്കോട്ടിട്ട് ഏട്ടനൊപ്പം പാ‍ഞ്ഞ പാടങ്ങളാണ് പട്ടം പ‌റത്തലിനെക്കുറിച്ചു പറയുമ്പോൾ ആദ്യം ഒാർമ വരുന്നത്. കൊയ്ത്തു കഴിഞ്ഞെത്തുന്ന  അവധിക്കാലത്താണ് പട്ടം പറത്തലിന്റെ ആവേശത്തിലേക്കു  വീണു പോകുന്നത്. ആൺകുട്ടികളാണ് സാധാരണയായി അതിനു മുന്നിൽ നിന്നിരുന്നത്. ഞാൻ ഏട്ടന്റെയും കൂട്ടുകാരുടെയും ഒപ്പം കൂടി.
എനിക്കും പറപ്പിക്കണം എന്നു പറഞ്ഞ് വാശി പിടിക്കുമ്പോള്‍ ആരെങ്കിലും പട്ടച്ചരട് കൈയില്‍ തരും. ചരട് പതുക്കെ അയച്ചു കൊടുക്കണം, മരച്ചില്ലയിൽ കുരുങ്ങാതെ നോക്കണം. ഇതൊക്കെയാണ് പട്ടം പറത്തലിന്റെ ‘അംഗനവാടി പാഠങ്ങൾ’. ചിലപ്പോൾ ചില്ലയിൽ കുടുങ്ങിപ്പോകും. അപ്പോള്‍ പത്തൊമ്പതാമത്തെ അടവെടുക്കും, നല്ല ഉറക്കെയുള്ള കരച്ചിൽ. ആരെങ്കിലും  മരത്തില്‍ വലിഞ്ഞു കയറി എടുത്തു തരും. ഇല്ലെങ്കിൽ നമുക്കു വേറെ പട്ടമുണ്ടാക്കാമെന്നു പറഞ്ഞ് ആശ്വസിപ്പിക്കും.

അവരിൽ നിന്നാണ് ഈർക്കിലും പേപ്പറുമൊക്കെ വച്ച് പട്ടമുണ്ടാക്കാന്‍ പഠിച്ചത്. വലിയ കെട്ടിടങ്ങളും പാലങ്ങളും ഉണ്ടാക്കാൻ പ്ലാൻ ചെയ്യുന്നതു പോലെയാണ് ‘ആ നിർമാണം.’ ഒരിഞ്ച് പാളിയാല്‍ പട്ടം പറക്കില്ല.  കൂട്ടത്തില്‍ കളർപട്ടങ്ങ ളായിരുന്നു സൂപ്പർസ്റ്റാറുകൾ. അതുണ്ടാക്കാൻ തുണിക്കടയി ൽ നിന്നു കിട്ടുന്ന കലണ്ടറിന്റെ പേജു കീറും. ‌പട്ടം മനോഹരമാക്കാൻ അങ്ങനെ പലതരം പരിപാടികൾ ഉണ്ടായിരുന്നു. കടലാസ് തോരണം കൊണ്ടു വാലു വയ്ക്കും. അല്ലെങ്കിൽ കസറ്റിന്റെ റീല് മുറിച്ച് ഒട്ടിച്ചു വയ്ക്കും. റീലു നൂ ലിൽ മിഠായിക്കടലാസ് കോർത്തു വയ്ക്കും. അത്തരം പട്ടങ്ങ ളുണ്ടാക്കുന്ന ദിവസം നമ്മളായിരിക്കും പാടത്തെ പറക്കും  താ രം..’’ മിനി ഒാർമപ്പട്ടത്തിന്റെ ചരടു പിടിച്ചു.

പെറ്റിക്കോട്ടിട്ടു പട്ടം പറത്തിയ പെൺകുട്ടി യുപി ക്ലാ സുകളിലേക്കു പോയതോടെ ആ ചരടങ്ങു പൊട്ടിപ്പോയി. പഴയ വയലുകൾ നികന്നു വീടുകൾ വന്നു. പാടത്തെ തുമ്പി‌കൾ തിരിച്ചു വരാത്ത പോലെ പാറിപ്പോയി.  മിനി പഠനം കഴിഞ്ഞ് വടകര മെഴ്സി കോളജിലെ ഇംഗ്ലിഷ് അധ്യാപികയായി. പിന്നീട് കേരളത്തിലെ പ്രധാന റേഡിയോ സ്റ്റേഷനുകളിൽ റേഡിയോ ജോക്കിയും പ്രോഗ്രാമിങ് ഹെഡുമൊക്കെയായി. അപ്പോഴും ആകാശത്ത് പട്ടത്തിന്റെ ഒരു പൊട്ടു പോലും വന്നില്ല.

പിന്നൊരു ദിവസം സ്വപ്നം പോലെ മിനി കാപ്പാട് കടപ്പുറത്ത് ആ കാഴ്‍ച കണ്ടു. അസ്തമയ സൂര്യന്റെ അടുത്തേക്കു പാറിപ്പോകുന്ന പട്ടങ്ങൾ. അത് പണ്ടു കടലാസു കൊണ്ടുണ്ടാക്കിയതൊന്നുമല്ല. പല നിറങ്ങളിൽ പല രൂപത്തിലുള്ള പ ട്ടങ്ങൾ.  കടലു കാണാൽ വന്ന മിനിയും  മകൻ അനന്തപദ്മ നാഭനും അന്നു പട്ടം പറക്കുന്നതു മാത്രമേ കണ്ടുള്ളൂ.
‘‘ഇന്റർനാഷനൽ കൈറ്റ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന പട്ടം പറത്തലായിരുന്നു അന്നവിടെ കണ്ടത്. പല രാജ്യങ്ങളിൽ നിന്നു വന്നവർ.  ലോകമഹാദ്ഭുതം കാണുന്നതു പോലെയായിരുന്നു അത്. കാറ്റു കയറിയാൽ പറക്കുന്നവ മുതൽ പല വലുപ്പത്തിലും നിറത്തിലുമുള്ള പട്ടങ്ങൾ.  അന്നാണ് കടലാസിൽ മാത്രമല്ല ഇങ്ങനെയുള്ളതും ഈ ലോകത്തുണ്ടെന്നു മനസ്സിലായത്.’’ ആ കാഴ്‍ച പഴയ കാലത്തെ മധുരനുളളു കൊടുത്തുണർത്തിയെങ്കിലും  ജോലിത്തിരക്കിൽ അതെല്ലാം മറന്നു പോയെന്ന് മിനി.  

പിന്നീടൊരു ദിവസം  റേഡിയോ സ്റ്റേഷനിൽ കോഴിക്കോട്ടെ വൺ ഇന്ത്യാ കൈറ്റ്  ടീമിലെ  അബ്ദുള്ള എത്തുന്നു. കോഴിക്കോടു കടപ്പുറത്തു നടക്കുന്ന പട്ടംപറത്തലിനെ കുറിച്ചൊരു പ്രോഗ്രാം എഫ് എമ്മിൽ ചെയ്യാനായിരുന്നു അബ്ദുള്ളയും സുഹൃത്തുക്കളും എത്തിയത്. ആ സൗഹൃദമാണ് വീണ്ടും പ ട്ടങ്ങളുടെ ലോകത്തേക്ക് മിനിയെ എത്തിച്ചത്.
വീണ്ടും ആകാശ നിറങ്ങളിലേക്ക്...

പട്ടങ്ങളോടുള്ള താൽപര്യമറിഞ്ഞ അബ്ദുള്ള അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മിനിെയയും ചേർത്തു. ആ ഗ്രൂപ്പിലെ ഒരേയൊരു പെൺതരി. കുട്ടിക്കളിയല്ല പട്ടംപറത്തലെന്ന് തിരിച്ചറിഞ്ഞത്  ആ ഗ്രൂപ്പിൽ വച്ചാണ്.

‘‘പറത്തുന്നതിലും ഒരു സയൻസ് ഉണ്ടെന്ന് അവി‍ടെ നി ന്നാണ് തിരിച്ചറിഞ്ഞത്. ലക്ഷങ്ങൾ വിലയുള്ള പട്ടങ്ങൾ. മുള കൊണ്ടും കമ്പികൊണ്ടുമൊക്കെ ഉണ്ടാക്കുന്നവ. സാറ്റിൻ തു ണിയുടെ തൊങ്ങലുകൾ തുന്നിച്ചേർത്തവ. ശരിക്കും ഒരദ്ഭുത ലോകം.  അപ്പോഴും സ്ത്രീകൾ  പട്ടം പറപ്പിക്കാനായി വരാറില്ല. ബീച്ചിലെ വെയിലുകൊള്ളാന്‍ താൽപര്യമില്ലാത്തതാകും കാരണം. വൺ ഇന്ത്യാ കൈറ്റ് ടീമിനൊപ്പം  നിൽക്കുമ്പോഴാണ് സ്ത്രീകൾക്കു വേണ്ടി ഒരു കൂട്ടായ്മ എന്ന സ്വപ്നത്തിലേക്ക് എത്തുന്നത്. അങ്ങനെ ‘ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന വനിതാ കൈറ്റ്  ടീം ഉണ്ടായി.

ആ സംഘത്തിനൊപ്പമാണ് ആദ്യമായി പട്ടംപറത്തൽ ഉത്സവത്തിൽ പങ്കെടുക്കാൻ ഗുജറാത്തിലേക്കു പോകുന്നത്, രണ്ടു വർഷം മുമ്പ്. കേരളം വിട്ടു പുറത്തു പോകുന്നതു തന്നെ ആദ്യമായിട്ടാണ്. അപ്പോൾ എന്റെ ആകാംക്ഷ എത്രയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. അഹമ്മദാബാദിലായിരുന്നു ആ ഉത്സവം. മുപ്പതു രാഷ്ട്രങ്ങളിലുള്ള പട്ടം പറത്തലുകാർ പങ്കെടുത്തു. അന്ന് യൂണിഫോമിൽ അണിനിരന്നത് ഞങ്ങൾ മാത്രമായിരുന്നു. വല്ലാത്ത അനുഭവമായിരുന്നു അത്.  ഒളിംപിക്സിലൊക്കെ പങ്കെടുക്കും പോലെ അഭിമാനം. അവിടെ വച്ച് കൈറ്റ് എക്സലെൻസ് അവാർഡും സ്വന്തമാക്കി.

കാറ്റാണ് ഒാരോ ദിവസവും എങ്ങനെ  വേണമെന്നു തീരുമാനിക്കുന്നത്, കാറ്റുണ്ടെങ്കില്‍ രാവിലെ മുതല്‍ പട്ടം പറത്തൽ തുടങ്ങും.  ഇല്ലെങ്കില്‍ നിരാശ പരക്കും. രാത്രിയായാൽ എൽഇഡി ലൈറ്റുകള്‍ പിടിപ്പിച്ച പട്ടങ്ങൾ പാറിത്തുടങ്ങും. പലരും ഇതു പട്ടം പറത്തൽ മത്സരം എന്നാണു തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇതിൽ മത്സരമോ കപ്പു നേടലോ ഒന്നുമില്ല. ഇതിൽ പങ്കെടുക്കാനുള്ള അംഗീകാരം നേടുന്നതു തന്നെ വലിയ വിജയമാണ്.

ആ ഗ്രൗണ്ടിൽ ഒാരോ രാജ്യക്കാരുടെയും സ്റ്റാളുകൾ ഉണ്ടാകും. ചിലർ പട്ടങ്ങളുടെ വിൽപന നടത്തും. ലക്ഷങ്ങൾ വരെ വിലയുണ്ട്.  പട്ടം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്ന ഒരു ചിത്രവും ആകൃതിയുമില്ലേ? അതെല്ലാം ഇവിടെയെത്തുമ്പോൾ തെറ്റും. വട്ടത്തിലും നീളത്തിലും ഒക്കെയാണ് പട്ടങ്ങൾ. അവിടെ വച്ചാണ് പട്ടം പറത്തുന്ന ആളുകളുടെ തൊപ്പിയിലുള്ള ചില തൊങ്ങലുകളെ കുറിച്ച് അറിയുന്നത്. ഇതു പോലുള്ള ഒാരോ പട്ടം പറത്തൽ മേളകളിൽ പങ്കെടുക്കുമ്പോള്‍ കിട്ടുന്ന ഒാർമപ്പതക്കങ്ങളാണ് അവയെല്ലാം.’’സ്വന്തം ഹാറ്റിലെ ബാൻഡുകൾ കാണിച്ച് മിനി പറയുന്നു.   

kite-woman2

പട്ടങ്ങളുടെ ലോകത്തേക്ക്

ആ യാത്രയോടെ മിനി ഒന്നുറപ്പിച്ചു. പട്ടങ്ങൾക്കൊപ്പം പറക്കണം. എഫ് എം ലോകത്തു നിന്നിറങ്ങി കഴിഞ്ഞ് ക്രീഡ എന്ന ഫീമെയിൽ ഫിറ്റ്നസ് സെന്റർ വടകരയിൽ ആരംഭിച്ചു. പിന്നീടാണ് സ്വന്തമായി പട്ടം ഉണ്ടാക്കാൻ പഠിക്കാൻ തീരുമാനിച്ചത്.

‘‘സ്വന്തമായി പട്ടം ഉണ്ടാക്കുമ്പോഴേ ഈ മേഖലയിൽ സ്വതന്ത്രരാവുകയുള്ളൂ. അങ്ങനെ കൊച്ചിയിലെ രാജേഷ് നായരെ പരിചയപ്പെട്ട് പട്ടം നിർമാണത്തിലേക്ക് കടന്നു. 7000 രൂപയുടെ പട്ടമാണ് ആദ്യം ഉണ്ടാക്കിയത്. രണ്ടാഴ്ച കൊണ്ടതു പൂർത്തിയാക്കി. അതോടെ ക്രീഡയുടെ േപരിൽ കൈറ്റ് ക്ലബ് ഉണ്ടാക്കി.

ഗോവയിലെ കൈറ്റ് ഫെസ്റ്റിവലിലാണ് സ്വന്തമായുണ്ടാക്കിയ പട്ടം പറപ്പിക്കുന്നത്. അങ്ങനെ ഞാനും മോനും ഗോവയിലേക്കു പോയി.  ആകെ മൂന്നു വനിതകളെ അതിലുണ്ടായിരുന്നുള്ളൂ. വിദേശികൾ പട്ടത്തിനോടു കാണിക്കുന്ന ആവേശം അദ്ഭുതപ്പെടുത്തും. അവർക്ക് പട്ടം പറത്തൽ ജീവിതത്തിന്റെ ഭാഗമാണ്. ദിവസത്തിൽ ഒരിക്കലെങ്കിലും ചെയ്തിരിക്കും.

കേരളത്തിൽ പട്ടം പറപ്പിക്കുന്നതിന് ഒരുപാടവസരങ്ങളുണ്ട്. അത്ര വലിയ കടൽ തീരങ്ങളുണ്ട് ഇവിടെ. പ്രതിഫലത്തിനായും പട്ടം പറത്തൽ ഉപയോഗിക്കാം. ഒരുൽപന്നത്തിന്റെയോ സ്ഥാപനത്തിന്റെയൊക്കെയോ പ്രമോഷൻ ജോലിക്കു വേ ണ്ടി, പരസ്യത്തിന്റെ രൂപത്തിൽ പട്ടം പറത്തലിനെ വിദേശത്തു കാണുന്നുണ്ട്. ഇത് കേരളത്തിലും പരീക്ഷിക്കാം
ബിസിനസ്സിന്റെ തിരക്ക് കാരണം കഴിഞ്ഞ വർഷം ചൈന യിലെ പട്ടം പറത്തൽ ഉത്സവത്തിനു പോകാൻ പറ്റിയില്ല. ഇ പ്രാവശ്യം ഉറപ്പായും പോണം. അതൊരു സ്വപ്നമാണ്. പട്ട നിർമാണം കുട്ടികളിലേക്കെത്തിക്കാൻ വർക്ക്ഷോപ്പുകൾ സം ഘടിപ്പിക്കാറുണ്ട്.’’ മിനി പറയുന്നു. മകന്‍ അനന്തപദ്മനാഭനാണ് ഇപ്പോൾ പട്ടത്തിനു കൂട്ടായി മിനിക്കൊപ്പം യാത്ര ചെയ്യാറുള്ളത്, ഒപ്പം പിന്തുണയുമായി അമ്മ പത്മിനിയും.

ഫോട്ടോ എടുക്കാൻ വടകര സാന്റ്ബാങ്ക് ബീച്ചിൽ പോയപ്പോൾ ആളുകൂടി. കാറ്റുകയറിയാൽ പറക്കുന്ന തരം പട്ടത്തിന്റെ ചരടു പിടിച്ചപ്പോൾ മിനിക്കു മുന്നിലേയ്ക്ക് ഒരു കൊട്ട ചോദ്യങ്ങൾ വന്നു വീണു, എന്തിനാണിങ്ങനെ പട്ടം പറത്തുന്ന തെന്നു തുടങ്ങി ‘ഇതെന്തു ജാതി’ പട്ടമാണെന്നു വരെ. കാറ്റിന്റെ കൈയിൽ മുറുകെ പിടിച്ച് പട്ടം നൃത്തം തുടങ്ങി. കെട്ടിപ്പിടിച്ച്, പാഞ്ഞുകയറി മാനത്തിന്റെ അറ്റത്തേക്ക് പറന്നു പൊങ്ങി. ആ ന‍‍ൃത്തത്തിന്  ചരടു കൊണ്ട് താളമിട്ട് മിനി മണ്ണിൽ നിൽക്കുന്നതു കണ്ടപ്പോൾ കാണികൾക്ക് ഒരു കാര്യം മനസ്സിലായി– പട്ടം പറത്തൽ ഒരു  കലയാണ്....‌

പട്ടം റെഡി

അവധിക്കാലം ആഘോഷിക്കാൻ പട്ടം പറപ്പിക്കുന്നതിനേക്കാൾ രസമുള്ള വേറേത് വിനോദം? കടയില്‍ പോയി പട്ടം വാങ്ങി പണം  പാഴാക്കാതെ, രസികനൊരു പട്ടം സ്വന്തമായി ഉണ്ടാക്കാനുള്ള എളുപ്പവഴി ഇതാ.

1. രണ്ട് അടി നീളവും രണ്ട് അടി വീതിയും ഉള്ള  സമചതുരത്തിൽ കടലാസ് വെട്ടിയെടുക്കുക. (അളവ് ഏതുമാകാം – സമചതുരമാകണം.)  കളർ പേപ്പറോ  പെയിന്റ് ചെയ്ത  പേപ്പറോ തിരഞ്ഞെടുക്കാം.

2. രണ്ട് ഉണങ്ങിയ ഈർക്കിൽ (സമചതുരത്തിന്റെ) വികർണത്തിന്റെ നീളം കണക്കാക്കി മുറിച്ചെടുക്കുക.

3. ഒരു ഈർക്കിലിന്റെ വണ്ണം കൂടിയ ഭാഗവും  അടുത്ത  ഈർക്കിലിന്റെ വണ്ണം കുറഞ്ഞ ഭാഗവും ചേർത്തു വയ്ക്കുക. (ഭാ രം ബാലൻസ് ചെയ്യാനാണിത്.) കോട്ടൻ നൂലെടുത്ത് ഈർ ക്കിലിന്റെ ഒരറ്റത്തു കെട്ടി മറ്റേ അറ്റം വരെ ചുറ്റിയെടുക്കുക.

4. നൂലു ചുറ്റിയെടുത്ത ഈർക്കിൽ പട്ടത്തിന്റെ വികർണമായി വയ്ക്കുക.  

5. മൂന്നാമത്തെ പോയന്റിൽ‌ പറഞ്ഞിരിക്കുന്നതു പോലെ വീണ്ടും രണ്ട് ഈർക്കിലിൽ നൂലു ചുറ്റിയെടുക്കുക. ഈ ഈർക്കിലിന് നേരത്തെ എടുത്ത ഈർക്കിലിനെക്കാളും 3 ഇഞ്ച് നീളം അധികം വേണം. ഈർക്കിലിെന്റ ഒരറ്റത്തു നൂലുകൊണ്ട് കെട്ടിട്ട് മറ്റേ അറ്റത്തേക്ക് വില്ലു പോലെ വളച്ചു കെട്ടുക.
ഈ വില്ല് സമചതുരത്തിന്റെ ഒരു കോണിൽ നിന്നും മറ്റേ കോണിൽ എത്തി നിൽക്കുന്ന തരത്തിൽ വേണം വയ്ക്കാൻ.

6. ഇനി വില്ല് ആദ്യം വച്ച ഈർക്കിലിനു മീതെ വയ്ക്കുക.    നൂൽ ആദ്യത്തെ ഈർക്കിലിന്റെ അടിയിലും വില്ല് ആദ്യത്തെ ഈർക്കിലിന്റെ മുകളിലും വരണം.

7. CT എന്നു കാണിച്ച സ്ഥലങ്ങളിൽ ചെറിയ കഷണം സെല്ലോ ടേപ്പ് ഒട്ടിക്കുക.

8. ചിത്രത്തിലേതുപോലെ ദ്വാരമിടുക.W1 & W2, W3 & W4.

9. ഒന്നാമത്തെ ഈർക്കിലിന്റെ ഒന്നര ഇരട്ടി നീളം വരുന്ന കട്ടി നൂൽ മുറിച്ചെടുത്ത് രണ്ടായി മടക്കി രണ്ടറ്റവും ചേർത്തു കെട്ടുക.

10. പട്ടം തിരിച്ചു പിടിച്ച് 8–ാമത്തെ സ്റ്റെപ്പിൽ കാണിച്ച W1 എന്ന ദ്വാരത്തിലൂടെ നൂല് കയറ്റി W2 വിലൂടെ പുറത്തേക്കെടുത്ത് നൂലിന്റെ  ഉള്ളിലൂടെ എടുത്താൽ ലോക്ക് ആകും.  മറ്റേ അറ്റം വീണ്ടും  W3യിലൂടെ  കയറ്റി W4 ലൂടെ പുറത്തേക്കെടുത്ത് നൂലുകൾ തമ്മിൽ കെട്ടുക.  പട്ടത്തിന്റെ ബ്രൈഡിൽ റെഡി.

11. ഇനി പട്ടത്തിന്റെ വാൽ– രണ്ട് ഷീറ്റ് ഗ്ലിറ്റർ പേപ്പർ എടുത്ത്, നല്ല നീളത്തിൽ നേരിയതാക്കി   മുറിച്ചെടുത്ത് ഒരു കഷണം T1ൽ, മറ്റേ കഷണം T2വിലും സെല്ലോ ടേപ്പ് വച്ച് ഒട്ടിക്കുക.

12. Bridle ന്റെ നടുവിൽ റീൽ നൂല് കെട്ടിയാൽ പട്ടം റെഡി.