Saturday 27 November 2021 10:43 AM IST : By സ്വന്തം ലേഖകൻ

2479 രൂപ കുടിശിക, ഉടമ അഭ്യർഥിച്ചെങ്കിലും കെഎസ്ഇബി കേട്ടില്ല; ‘ഫ്യൂസൂരി’യ പേപ്പർ ബാഗ് നിർമാണ സ്ഥാപനത്തിലെ യന്ത്രം കേടായി

thrissur-paper-bag-manufacturing-company-machine-damage.jpg.image.845.440

2479 രൂപയുടെ വൈദ്യുതി ബിൽ കുടിശികയെത്തുടർന്ന് കെഎസ്ഇബി വൈദ്യുതി വിഛേദിച്ച പേപ്പർ ബാഗ് നിർമാണ ശാലയിലെ യന്ത്രം തകരാറിലായി. പ്രിന്റ് ചെയ്യുന്ന യന്ത്രത്തിലെ മഷി നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന് സമയം അനുവദിക്കണമെന്ന ഉടമയുടെ ആവശ്യം കെഎസ്ഇബി ജീവനക്കാർ നിരാകരിച്ചിരുന്നു. ഇരിങ്ങാലക്കുട പടിയൂർ സ്വദേശി മുടവങ്കാട്ടിൽ ഫിറോസിന്റെ വളവനങ്ങാടിയിലെ ‘ക്വാളിറ്റി ആൻഡ് ക്വാൻഡിറ്റി ബാഗ്സ്’ എന്ന സ്ഥാപനത്തിലെ വൈദ്യുതി കണക്‌ഷനാണ് കഴിഞ്ഞ ദിവസം കെഎസ്ഇബി ജീവനക്കാർ വിഛേദിച്ചത്.

സ്ഥാപനം പ്രവർത്തിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. ബാഗിന്റെ വിൽപനയ്ക്കായി എറണാകുളത്ത് പോയിരുന്ന ഫിറോസ് മഷി നീക്കാതിരുന്നാൽ യന്ത്രം തകരാറിലാവുമെന്നും ഒരു ദിവസം കൂടി സമയം അനുവദിക്കണമെന്നും ഫോണിൽ അഭ്യർഥിച്ചെങ്കിലും കേട്ടില്ലെന്നാണു പരാതി. ഇന്നലെ കുടിശിക അടച്ച് വൈദ്യുതി പുനഃസ്ഥാപിച്ച ശേഷം നോക്കിയപ്പോഴാണ് യന്ത്രം തകരാറിലായെന്നു മനസ്സിലായത്. മഷി ഉറച്ചുപോയതാണ് പ്രശ്നമായത്.

സാങ്കേതിക വിദഗ്ധരെത്തി അറ്റകുറ്റപ്പണി നടത്തിയെങ്കിലും വൈകിട്ട് അഞ്ചോടെയാണ് പ്രവർത്തനക്ഷമമായത്. യന്ത്രത്തകരാർ പരിഹരിക്കാൻ മാത്രം 4000 രൂപ ചെലവായി. ഇന്നലെ സ്ഥാപനം പ്രവർത്തിക്കാൻ കഴിയാതിരുന്നതിനാൽ ഓർഡറുകൾ കൊടുക്കാൻ കഴിഞ്ഞില്ല. കോവിഡ് മൂലം 6 മാസത്തോളം അടച്ചിട്ട സ്ഥാപനം 3 ആഴ്ച മുൻപാണ് തുറന്നത്.

Tags:
  • Spotlight