Saturday 31 July 2021 03:17 PM IST

‘ഈ ഭ്രാന്തിനെ ഇനി ആരും പ്രണയം എന്ന പേരു ചേർത്തു വിളിക്കരുത്’; എന്താണ് ആരോഗ്യകരമായ പ്രണയം? അറിയാം

Rakhy Raz

Sub Editor

loveeee44555despperr

അച്ഛനമ്മമാർ നെഞ്ചോട് ചേർത്തു വളർത്തിയ പെൺമക്കളെ നടുറോഡിൽ, വീട്ടിനുള്ളിൽ, അർധരാത്രിയിൽ, പട്ടാപ്പൽ, കുത്തി വീഴ്ത്തിയും ചുട്ടെരിച്ചും കൊന്നുകളഞ്ഞത് അവരെ ലോകത്തെ മറ്റെന്തിനെക്കാളും പ്രണയിക്കുന്നു എന്നു പറഞ്ഞ കാമുകന്മാരാണ്.

‘എത്ര കണ്ടാലും ഈ പെൺപിള്ളേർ പഠിക്കില്ല’, ‘തേയ്ക്കാൻ പോകുമ്പോൾ ഓർക്കണമായിരുന്നു’, എന്നെല്ലാം വാക്കുകൾ തൊടുത്തു വിടുന്നവരറിയണം ഇത് കൊള്ളുന്നത് മൃതപ്രായമായ മനസ്സുമായി ജീവിക്കുന്ന പാവം അച്ഛനമ്മമാരുടെ നെഞ്ചിലാണെന്ന്.

സഹജീവിയോട് കാരുണ്യത്തോടെ പെരുമാറാൻ പോലും കഴിയാത്ത ഇവരുടെ ‘ഭ്രാന്തി’നെ ഇനി ആരും പ്രണയം എന്ന പേരു ചേർത്തു വിളിക്കരുത്.

പ്രണയം തിരഞ്ഞെടുക്കുമ്പോൾ

പ്രണയിച്ചു എന്നതല്ല, രോഗാതുരമായ മാനസികാവസ്ഥയിലുള്ളവരുമായാണ് സൗഹൃദത്തിലാകുകയും പ്രണയത്തിലാകുകയും ചെയ്തത് എന്നതാണ് ഈ പെൺകുട്ടികളെ അപകടത്തിലാക്കിയത്. പ്രണയത്തെ വിലക്കുകയല്ല, പ്രണയത്തിലേക്ക് കടക്കും മുൻപ് വ്യക്തിയുടെ പ്രണയരീതി എങ്ങനെയായിരിക്കും എന്നു മനസ്സിലാക്കി പ്രണയത്തിലേക്ക് കടക്കുകയാണ് പരിഹാരം.

വളർത്തപ്പെടുന്ന സാഹചര്യങ്ങളും അനുഭവങ്ങളും ഒരു വ്യക്തിയുടെ സാമൂഹിക കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നതു പോലെ പ്രണയ സ്വഭാവത്തെയും സ്വാധീനിക്കുന്നുണ്ട്. പ്രണയം നിഷേധിച്ചുവെന്നതോ, പ്രണയത്തിൽ നിന്നു പെൺകുട്ടി പിന്മാറിയെന്നതോ അല്ല ഇത്തരം അക്രമങ്ങളുടെ കാരണം. അരക്ഷിതബോധം മനസ്സിൽ പേറുന്ന വികലമായ വ്യക്തിത്വത്തിനുടമകളാണ് ഈ കാമുകന്മാർ എന്നതാണ്.

മക്കളുടെ പ്രണയ തിരഞ്ഞെടുപ്പിലും പ്രണയ നഷ്ടം സംഭവിക്കുമ്പോഴുള്ള പ്രതികരണത്തിലും പ്രധാനമാകുന്ന ഒന്നാണ് മാതാപിതാക്കളുമായുള്ള അവരുടെ അടുപ്പം. കുട്ടികൾ എങ്ങനെ പെരുമാറുന്നു, ഏതു തരം തീരുമാനങ്ങൾ എടുക്കുന്നു തുടങ്ങിയ കാര്യങ്ങളെയെല്ലാം ഈ ഇഴയടുപ്പം നിർണയിക്കുന്നുണ്ട്. പുറത്തു നിന്നുള്ള ഘടകങ്ങൾ വളരെ ചെറിയ രീതിയിൽ മാത്രമേ ഇതിൽ പ്രതിഫലിക്കുന്നുള്ളു.  

മാതാപിതാക്കൾ മക്കളെ ഏറെ സ്നേഹിക്കുന്നുണ്ടാകാം, പക്ഷേ, അവരുടെ വ്യക്തിത്വ രൂപീകരണത്തിൽ അറിയാതെ പിഴവുകൾ സംഭവിക്കുന്നുമുണ്ടാകും.

പ്രണയമോ സൗഹൃദമോ?

ഒരു പ്രത്യേക വ്യക്തിയോട് തോന്നുന്ന അഗാധമായ അടുപ്പത്തെയാണ് പ്രണയം എന്നു പറയുന്നത്. പല തീവ്രതയിലാണ് ഇത് പലർക്കും അനുഭവപ്പെടുക. പ്രണയിക്കപ്പെടുന്നയാൾ അരികിലെത്തുമ്പോഴോ അവരെക്കുറിച്ച് ചിന്തിക്കുമ്പോഴോ ഹൃദയമിടിപ്പ് കൂടുക, കൈകൾ വിയർക്കുക, അമിതമായ ആഹ്ലാദം തോന്നുക, അനിയന്ത്രിതമായ വൈകാരിക ചേഷ്ടകൾ കാണിക്കുക, ലൈംഗിക ഉണർവ് തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും.

ഇതൊക്കെയാണ് സൗഹൃദത്തെയും പ്രണയത്തെയും  തമ്മിൽ തിരിച്ചറിയാനുള്ള വഴി. സൗഹൃദമാണ് എന്ന് വാദിക്കുന്ന പ്രണയങ്ങളെ വരെ തിരിച്ചറിയാൻ കഴിയുന്നത് ഇത്തരം ചില വെളിപ്പെടലുകളിലൂടെയാണ്.

മാതാപിതാക്കളുമായുള്ള ഇഴയടുപ്പം

വളരെ ചെറു പ്രായത്തിൽ മാതാപിതാക്കളുമായുള്ള വൈകാരിക അടുപ്പത്തിന്റെ സ്വഭാവവും പ്രത്യേകതകളും കുട്ടികളുടെ സ്വഭാവത്തിൽ  പ്രകടമാകും.  മാതാപിതാക്കളുമായുള്ള മക്കളുടെ ഇഴയടുപ്പം നാലു വിധത്തിലാണ് കാണുന്നത്.

സുരക്ഷിത ബോധത്തിലൂന്നിയ അടുപ്പം (Secure Attachment)

ഏറ്റവും ആരോഗ്യകരമായ, സുരക്ഷിത ബോധത്തിലൂന്നിയ ഇഴയടുപ്പം ഉള്ള കുഞ്ഞുങ്ങളുടെ ഭാവിയിലെ പ്രണയ തിരഞ്ഞെടുപ്പ് ആരോഗ്യകരമായിരിക്കും. ഇത്തരം കുഞ്ഞുങ്ങൾ അവരുടെ രക്ഷിതാക്കളിൽ ഒരാളുടെയെങ്കിലും സാന്നിധ്യത്തിൽ പ്രസന്നതയുള്ളവരും ജിജ്ഞാസയോടെ ചുറ്റുപാടും ഉള്ളതിനെ വീക്ഷിക്കുന്നവരും, കാര്യങ്ങളെ കണ്ടും കേട്ടും അറിഞ്ഞും പരിചയിക്കാൻ ശ്രമിക്കുന്നവരും ആയിരിക്കും.  

loveefaillyyrt

വീട്ടിലെത്തുന്നവരോട് മടി കൂടാതെ ഇടപഴകുകയും അപരിചിതരായവർ എന്തെങ്കിലും കാര്യങ്ങൾ ചോദിച്ചാൽ കൃത്യമായി പ്രതികരിക്കുകയും വേണ്ട അകലം പാലിക്കുകയും ചെയ്യും. അച്ഛനമ്മമാരുടെ അസാന്നിധ്യം അവരെ സങ്കടപ്പെടുത്തുകയും അവർ വീട്ടിലേക്ക് തിരിച്ചെത്തുന്നത് സന്തോഷിപ്പിക്കുകയും ചെയ്യും.

അവഗണനാ മനോഭാവത്തിലൂന്നിയ അടുപ്പം (Avoidant Attachment)

ഇത്തരം അടുപ്പമുള്ള കുട്ടികൾ കാര്യം കണ്ടും കേട്ടും അറിയുന്ന സ്വഭാവം തീരെ കാണിക്കില്ല. അവർക്ക് എല്ലാത്തിനോടും താൽപര്യം കുറവായിരിക്കും. അപരിചിതരിൽ നിന്നും പാടേ ഒഴിഞ്ഞു നിൽക്കും. രക്ഷിതാക്കൾ കൂടെയുണ്ടെങ്കിലും സാമൂഹിക ഇടപെടലുകൾക്ക് മടിക്കും. രക്ഷിതാക്കളുടെ അസാന്നിധ്യം അവരെ കൂടുതൽ സമ്മർദത്തിലാക്കുകയും ചെയ്യും. ഇത്തരം കുട്ടികൾ ഭാവിയിൽ വാശിക്കാരും കടുത്ത ദേഷ്യം പ്രകടിപ്പിക്കുന്നവരും തന്റേതായ രീതികളിൽ നിന്നു വ്യതിചലിക്കാത്തവരും ആയിരിക്കും.

ചാഞ്ചാട്ട പ്രകൃതത്തിലൂന്നിയ അടുപ്പം (Ambivalent Attachment)

ഇത്തരത്തിലുള്ള ഇഴയടുപ്പമാണ് രൂപപ്പെട്ടിട്ടുള്ളതെങ്കിൽ കുഞ്ഞുങ്ങൾ രക്ഷിതാക്കളോട് പല സമയത്ത് പല രീതിയിലാകും പെരുമാറുന്നത്. സുസ്ഥിരമായ ഒരു സമീപനവും പെരുമാറ്റവും അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാറില്ല. മാതാപിതാക്കളുടെ അസാന്നിധ്യം അവരെ ഒരുപാട് വിഷമിപ്പിക്കുമെങ്കിലും അവർ തിരിച്ചു വീട്ടിൽ എത്തുമ്പോൾ പ്രത്യേകിച്ച് ഒരു സന്തോഷവും  കാണിക്കുകയില്ല.

അസംഘടിത പ്രകൃതത്തോടെയുള്ള അടുപ്പം (Disorganised Attachment)

യാതൊരു പ്രത്യേക വൈകാരിക പ്രകടനങ്ങളോ, ബന്ധങ്ങളിലെ ഇഴയടുപ്പമോ ഇവരിൽ ഉണ്ടാവില്ല. മറ്റുള്ളവരെ സമീപിക്കാൻ മടിയുള്ള ഇവർ കടുത്ത ഉൾവലിവ് കാണിക്കുന്നവരായിരിക്കും. മനോരോഗ ജന്യമായ ഒരു പ്രകൃതം കൂടിയാണിത്

പലതരം ഇഴയടുപ്പ രീതികളുള്ള കുട്ടികൾ ഭാവിയിൽ വ്യത്യസ്ത പ്രണയങ്ങളിൽ ആണ് ഏർപ്പെടുന്നത്. അതുകൊണ്ടു തന്നെ അവരുടെ പ്രണയം ശരിയോ തെറ്റോ എന്ന് വിധിക്കാനാകില്ല. എട്ട്–ഒൻ‌പത് ക്ലാസിൽ പഠിക്കുന്ന കൊച്ചുകുട്ടികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഫോൺ വഴിയോ സോഷ്യൽ മീഡിയ വഴിയോ പരിചയപ്പെട്ട് പ്രണയിക്കുന്നത് നിസ്സംശയം എതിർക്കേണ്ടതും വിലക്കേണ്ടതുമാണ്. കാരണം കുട്ടികൾ ഒളിച്ചോടുന്നതും  സെക്സ് മാഫിയകളിൽ പെടുന്നതും മറ്റും നിരന്തരം കാണുന്ന കാര്യമാണ്.

സുരക്ഷിത ബോധത്തിലൂന്നിയ ഇഴയടുപ്പം അനുഭവിക്കുന്ന കുഞ്ഞുങ്ങൾ പക്വമായ പ്രണയത്തിലാണ് ഏർപ്പെടാൻ സാധ്യത കൂടുതൽ. അത്തരം  പ്രണയങ്ങളെ രക്ഷിതാക്കൾ അംഗീകരിക്കുകയാണ് നല്ലത്.

തെറ്റായ രീതിയിലുള്ള പ്രണയങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നുവെങ്കിൽ അതിൽ തങ്ങളുടെ  ഉത്തരവാദിത്തം രക്ഷിതാക്കൾ ഓർക്കേണ്ടതാണ്. പ്രണയത്തെ  എതിർക്കുന്നതിനെക്കാൾ  പ്രണയം തിരഞ്ഞെടുക്കുമ്പോൾ തെറ്റു പറ്റാതിരിക്കാ ൻ മക്കളെ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടത്. തെറ്റു പറ്റിയാൽ  കുറ്റപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യാതെ പറഞ്ഞു തിരുത്തുക.

മാനസിക വിദഗ്ധന്റെ സഹായത്തോടെ നല്ലൊരു തീരുമാനത്തിലേക്ക് എത്തിക്കുക. ഇത് സാധിക്കുന്നില്ലെങ്കിൽ ശിക്ഷിക്കുകയോ, പക വീട്ടുകയോ ചെയ്യാതെ അവരെ വെറുതേ വിടുകയാണ് വേണ്ടത്. കാരണം ഒരു വ്യക്തി എന്ന നിലയിൽ മക്കൾക്ക് അവകാശങ്ങളുണ്ടെന്ന് മറക്കാതിരിക്കുക.

അച്ഛനമ്മമാരെ അനുസരിക്കാം

മക്കൾ തങ്ങളുടെ നിയന്ത്രണത്തിൽ നിന്നും പോകുന്നു എന്ന തോന്നലും, മാതാപിതാക്കൾ തങ്ങളെ മനസ്സിലാക്കുന്നില്ല എ ന്ന തോന്നലുമാണ് പ്രണയികളായ മക്കളെയും അവരുടെ മാതാപിതാക്കളെയും രണ്ട് തട്ടിലാക്കുന്നത്.  മറ്റൊന്ന് കുടുംബത്തിന് തീരെ യോജിക്കാത്ത ബന്ധങ്ങളാണ്.  

പ്രണയം ഒരു തെറ്റല്ലെങ്കിലും തീർത്തും യോജിക്കാത്ത സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നുള്ളവർ തമ്മിലുള്ള ബന്ധങ്ങൾ ആദർശവൽകരിക്കപ്പെട്ടാലും ജീവിതത്തിൽ വിജയിക്കണമെന്നില്ല. അല്ലെങ്കിൽ ഇത്തരം വ്യത്യാസങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ മാത്രം ഹൃദയവിശാലതയും പക്വതയും പ്രണയിക്കുന്നവർ നേടണം. നിർഭാഗ്യവശാൽ അത്തരം മാനസിക ഉയർച്ച പലർക്കും സാധ്യമാകാറില്ല. അതിനാൽ തന്നെ എതിർപ്പുകളെ പാടേ തള്ളിക്കളയാനാകില്ല.

ജീവിതാനുഭവങ്ങൾ കൊണ്ട് പല കാര്യങ്ങളും മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യനുണ്ട്. മാതാപിതാക്കളുടെ ഉപദേശങ്ങൾ നേരമ്പോക്കോ, ശല്യമോ ആയി വിചാരിക്കാതെ മനസ്സിലാക്കാൻ മക്കൾക്കും കഴിയണം. സ്വന്തം പ്രണയത്തെ വിലയിരുത്തുക, അപാകതകളുണ്ടെങ്കിൽ സ്വന്തം വ്യക്തിത്വത്തെ മാനസിക വിദഗ്ധന്റെ സഹായത്തോടെ തിരുത്തുക. മാതാപിതാക്കളുടെ വിലക്കുകൾ തങ്ങളുടെ നന്മയ്ക്കാണെന്ന് മനസ്സിലാക്കി ആവശ്യമെങ്കിൽ പ്രണയത്തെ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ജീവിതത്തിന്റെ വിജയത്തിനായി കുട്ടികളും സ്വീകരിക്കുക.  

toccvvv553333

പിന്മാറൽ എല്ലാം തേപ്പ് അല്ല

പ്രണയപ്പകയ്ക്ക് ഇരയായ പല പെൺകുട്ടികളും  മാതാപിതാക്കളുടെ വാക്കു കേട്ട് അനാരോഗ്യകരമായ പ്രണയത്തിൽ നിന്നും പിന്മാറിയവരാണ്.  എന്നാൽ അവരുടെ തിരഞ്ഞെടുപ്പ് തികച്ചും തെറ്റിപ്പോയതിനാലാണ് അപകടത്തിലേക്ക് എത്തിപ്പെട്ടത്. ഓരോ വ്യക്തിയും മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ തന്നെ പ്രണയത്തിനും മാറ്റം സംഭവിക്കുക സ്വാഭാവികം. ഈ മാറ്റത്തെ അംഗീകരിക്കാൻ പ്രണയികൾക്ക് ആകണം. പിടിച്ചെടുക്കാനും ശിക്ഷ വിധിക്കാനുമുള്ള അവകാശം തനിക്കില്ലെന്ന തിരിച്ചറിവ് ഉണ്ടാകണം.

ഹൃദയമിടിപ്പ് കൂടുക, അമിതാഹ്ലാദം തോന്നുക, ഇവയെല്ലാമുള്ള പ്രണയാവസ്ഥ ശരാശരി മൂന്നു വർഷത്തോളമേ നീളുകയുള്ളു എന്നാണ് പഠനങ്ങൾ പറയുന്നത്. ലൈംഗികമായ ആഗ്രഹ പൂർത്തീകരണവും ഇപ്പറഞ്ഞ രീതിയിലുള്ള വൈകാരികാവസ്ഥ കുറയാൻ ഇടയാക്കും. എന്നാൽ അതോടെ  പ്രണയം അവസാനിക്കണമെന്നില്ല. കുട്ടികൾ, കുടുംബം, വീട്, നേട്ടങ്ങൾ തുടങ്ങിയ സംയുക്തമായ മറ്റു ഘടകങ്ങളിലേക്ക് പ്രണയം മാറും. അതാണ് ആരോഗ്യകരമായ പ്രണയം.

നിങ്ങളുടെ പ്രണയത്തിന്റെ സ്വഭാവമെന്ത് ?

ആറു വിധത്തിലാണ് പ്രണയത്തിന്റെ സ്വഭാവം. അനാരോഗ്യകരമായ പ്രണയത്തെ അകറ്റാനും പ്രണയത്തിലെ തകർച്ചകളെ അതിജീവിക്കാനും പ്രണയത്തിന്റെ സ്വഭാവം  മനസ്സിലാക്കണം. എല്ലാ പ്രണയവും ഒന്നല്ല. ആരോഗ്യകരവുമല്ല. എങ്കിൽ എന്താണ് ആരോഗ്യകരമായ പ്രണയം?

ഇറോസ്:  ശാരീരികവും മാനസികവും ആയ ഘടകങ്ങൾ ഉൾപ്പെടുന്ന കടുത്ത, കാൽപനിക പ്രണയം. ആനന്ദത്തിൽ അധിഷ്ഠിതമായിരിക്കും ഇത്.

ലുഡോസ് :  പ്രണയം ഒരു ‘ഗെയിം’ അല്ലെങ്കിൽ ‘സ്പോർട്സ്’ പോലെയാണിവർക്ക്.  മത്സരബുദ്ധി ഇവരിലുണ്ടാകും. ഇത്തരം ആളുകൾക്ക് ഒന്നിലധികം പ്രണയങ്ങൾ ഒരേ സമയം ഉണ്ടായിരിക്കും.

സ്റ്റോർജ്:   സ്നേഹം, സൗഹാർദം, പാരസ്പര്യം  എന്നിവയിലൂന്നിയ പക്വമായ പ്രണയം. ദീർഘകാലം സുഹൃത്തുക്കൾ ആയിരുന്ന് വിവാഹിതരാകുന്നത് ഇക്കൂട്ടരാണ്.

പ്രാഗ്മ: ബുദ്ധിപരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവർ. ബുദ്ധിയുണ്ട് എന്ന് അവർക്ക് തോന്നുന്നവരോട് മാത്രമേ ഇവർക്ക് പ്രണയം തോന്നൂ. പ്രായോഗികത കുറവുള്ള പ്രണയമാണിത്.

മാനിയ: അപകടകരമായ, അമിതമായ സ്നേഹം. അഭിനിവേശം, കടുത്ത അസൂയ, പൊസസീവ്നെസ്, അക്രമ സ്വഭാവം,  മൂഡ് വ്യതിയാനങ്ങൾ എന്നിവ പ്രണയത്തിൽ ദൃശ്യമാകും. അനാരോഗ്യകരമായ പ്രണയമാണിത്.

അഗാപേ: നിസ്വാർഥ പ്രണയം. മറ്റേയാളുടെ നന്മയും സന്തോഷവും ലക്ഷ്യം. ആത്മീയതലത്തിലൂന്നിയ ഇത്തരം പ്രണയങ്ങളിൽ പരിഗണനയും പ്രായോഗികതയും കൂടും.

വിവരങ്ങൾക്ക് കടപ്പാട്: സൈലേഷ്യ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മിത്ര ക്ലിനിക്, കൊച്ചി

Tags:
  • Spotlight