Wednesday 02 February 2022 12:53 PM IST

ജീവൻ തുടിക്കുന്ന ശിൽപങ്ങൾ, കിണറിലും കലയുടെ കരവിരുത്: കോവിഡ് നാളുകൾ മനോജിന് നിലനിൽപ്പിന്റെ പോരാട്ടകാലം

Rakhy Raz

Sub Editor

manoj

കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് കലാകാരന്മാരെ ആയിരിക്കും. കല എന്ന ജീവിത മാർഗം ഉപേക്ഷിച്ചു മറ്റു മാർഗങ്ങൾ തേടേണ്ടി വരുന്നു എന്നതാണ് കലാകാരന്മാർ കോവിഡ് കാലത്തു നേരിടേണ്ടി വരുന്ന വെല്ലുവിളി. സിമന്റിലും ചുവരിലും കാലവിസ്മയം തീർക്കുന്ന എറണാകുളം ജില്ലയിലെ ശ്രീമൂലനഗരത്തു നിന്നുള്ള മനോജിന്റെ ജീവിതത്തിൽ ശിൽപ കല മാറി നിന്നത് കോവിഡിന്റെ വരവോടെയാണ്.

manoj-3

പതിനാലു വർഷമായി കൂടെകൂട്ടിയ ശില്പകലയെ ആണ് മനോജിന് മാറ്റി വയ്‌ക്കേണ്ടി വന്നത്. ശിൽപകലയിൽ ഔദ്യോഗിക പഠനം നടത്തിയിട്ടില്ലെങ്കിലും മനോജ് ചെയ്ത ശില്പങ്ങൾ പറയും ഈ യുവാവിന്റെ പ്രതിഭ. 'ചെറുത്തിലേ സ്കൂൾ കലാ മത്സരങ്ങളിൽ സജീവമായിരുന്നു. ചിത്രരചനയും ശിൽപകലയും ചെയ്തിരുന്നു. കലാപഠനം ആഗ്രഹിച്ചെങ്കിലും നടന്നില്ല. പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞു വീടിന് താങ്ങും തണലും ആകാൻ പെയിന്റിങ് തൊഴിലിലേക്ക് ഇറങ്ങേണ്ടി വന്നു. ആ സമയത്താണ് സാമുവൽ എന്ന വ്യക്തിയുടെ പിന്തുണയോടെ ശില്പങ്ങൾ ചെയ്യാൻ അവസരം ലഭിച്ചത്.

manoj-4

" കേരളത്തിലും ബാംഗ്ലൂർ, ചെന്നൈ, മൈസൂർ പോലുള്ള വമ്പൻ നഗരങ്ങളിലും ശില്പങ്ങൾ പോയി ചെയ്യാൻ അവസരം വന്നു. അസം പോലുള്ള വിദൂര സംസ്ഥാനങ്ങളിൽ നിന്നു പോലും അവസരങ്ങൾ കിട്ടിയ നല്ല കാലം ആയിരുന്നു." പക്ഷെ കോവിഡ് രാജ്യത്തു പിടി മുറുക്കിയതോടെ യാത്രകൾ ബുദ്ധിമുട്ട് ആയി. വീടുകളിൽ ചെന്ന് ജോലി ചെയ്യുന്നതിനും. ഇപ്പോൾ കോവിഡിനൊപ്പം ജീവിതം നമ്മൾ ശീലിച്ചെങ്കിലും ശിൽപകലയിലേക്ക് തിരിച്ചെത്താൻ അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ് മനോജിനെ വിഷമിപ്പിക്കുന്നത്.

manoj-1

"ജീവിക്കാൻ ഏതു തൊഴിലും ചെയ്യാൻ ഞാൻ സന്നദ്ധൻ ആണ്. എന്നാൽ ശിൽപ്പകല രക്തത്തിൽ അറിഞ്ഞ കഴിവ് ആണ്. അത് ചെയ്യാൻ കഴിയണം എന്നാണ് ആഗ്രഹം " മനോജ് പറയുന്നു. ഭാര്യ ആശ, മക്കൾ ധ്യാൻ, ദക്ഷ് മനോജിന്റെ കല വളരാനും കൂടുതൽ ആളുകളിലേക്ക് ഏത്താനും ആണ് ഇഷ്ടം. സാവധാനം അവസരങ്ങൾ തിരികെ എത്തും എന്ന പ്രതീക്ഷയിൽ ആണ് മനോജ്.

manoj-5