Monday 08 February 2021 12:55 PM IST

'ആരുടെ മുന്നിലും കൈനീട്ടേണ്ട, എന്റെ കല്യാണം ഞാന്‍ നടത്തും': കല്യാണക്കുറി മുതല്‍ പൊന്നുവരെ സ്വരുക്കൂട്ടി: ആണ്‍തുണയില്ലാതെ മിഥിലയുടെ മിന്നുകെട്ട്

Binsha Muhammed

midhila-cover

'ആര്‍ക്കു മുന്നിലും കൈ നീട്ടേണ്ട അമ്മേ...എന്റെ കല്യാണം നടത്താന്‍ അമ്മ ആരുടെ മുന്നിലും കൈനീട്ടേണ്ട. ഒരു രൂപ പോലും വേണ്ട. നമ്മളെ സ്‌നേഹിക്കുന്നവര്‍... എന്നെ അനുഗ്രഹിക്കാന്‍ മനസുള്ളവര്‍ വരട്ടെ.'

വിധി പെരുമഴ കണക്കെ പെയ്തിറങ്ങിയപ്പോള്‍ ഒറ്റപ്പെട്ടു പോയവളാണ്. അച്ഛന്റെ തുണയില്ലാതെ അമ്മത്തണലില്‍ വളര്‍ന്ന പെണ്ണാണ്. തീരുമാനം എടുക്കേണ്ടവരും കരുതലാകേണ്ടവരും കൈമലര്‍ത്തിയ ഘട്ടം വന്നപ്പോള്‍ മിഥില മുകുന്ദന്‍ എന്ന ആറാട്ടുപുഴക്കാരി കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന അമ്മയുടെ മുഖത്തു നോക്കി വീണ്ടും ആ വാക്കുകള്‍ ആവര്‍ത്തിച്ചു.

'നമുക്ക് നമ്മളേ ഉള്ളൂ അമ്മേ... എന്റെ കല്യാണം ഞാന്‍ നടത്തും.'

കയറി താമസിക്കാന്‍ ഒരു വീടുപോലും ഇല്ലാത്ത മിഥിലയെ കൊണ്ട് അത് പറയിച്ചത് വെറും ചങ്കൂറ്റം മാത്രമായിരുന്നില്ല. കണ്ണീരും കദനവും കൂരിരുള്‍ പടര്‍ത്തിയജീവിതാനുഭവങ്ങള്‍ കൂടിയായിരുന്നു. സ്വന്തം കല്യാണം സ്വന്തമായി പ്ലാന്‍ ചെയ്ത് നടത്തിയ പെണ്ണ് കുടുംബക്കാര്‍ക്കിടയില്‍ തന്റേടി ആയിരുന്നു. ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ഇറങ്ങിത്തിരിച്ച അമ്മയുടെ മകളെ മതിലു ചാട്ടക്കാരി എന്ന് പറഞ്ഞവരും ഏറെ.  അപസ്വരങ്ങളെ അസ്ഥാനത്താക്കി വിധിച്ചു ജയിച്ചു കയറാന്‍ ഇറങ്ങിത്തിരിച്ച ഈ 25കാരി ടീച്ചര്‍ ജീവിതത്തിന്റെ പരീക്ഷയിലും ഫസ്റ്റ് ക്ലാസോടെ പാസായകഥ മാത്രമല്ലിത്. .  ചിപ്പിക്കുള്ളിലെ മുത്തുപോലെ പെണ്‍മക്കളെ ചേര്‍ത്തു നിര്‍ത്തിയ അമ്മയുടെ കൂടി കഥയാണ്. മിഥില പറഞ്ഞു തുടങ്ങുകയാണ് വിധിയെ കരളുറപ്പ് കൊണ്ട് ജയിച്ച ആ ജീവിത കഥ..

നമുക്ക് നമ്മളേ ഉള്ളൂ...

അച്ഛന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ തലകറങ്ങി വീണത് ഇന്നും എനിക്കോര്‍മ്മയുണ്ട്. അന്ന് ആ നിമിഷം ഭൂമി എനിക്കു ചുറ്റും കീഴ്‌മേല്‍ മറിയുകയായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് ഞങ്ങള്‍ ആരുമില്ലാതെ അനാഥരായി പോയ നിമിഷങ്ങള്‍. കണ്ടതും കാണാത്തതുമായി ഒരുപാട്ബന്ധുക്കള്‍. ആ വലിയ വീട്ടില്‍ ഞാനും അനിയത്തിയും ഒറ്റയ്ക്ക്. ഇന്നെനിക്ക് ഇരുപത്തിയഞ്ചു വയസാകുന്നു. പക്ഷേ അച്ഛനില്ലാണ്ടായ ആ 13കാരിയുടെ മനസാണ് ഇപ്പോഴും എനിക്ക്- കണ്ണുനീരിനെ പുഞ്ചിരി കൊണ്ട് മറച്ച് മിഥില പറഞ്ഞു തുടങ്ങുകയാണ്. 

ഇന്നത്തേത് പോലെയായിരുന്നില്ല. ഉണ്ണാനും ഉടുക്കാനും ആവോളമുണ്ടായിരുന്നു. തൃശൂര്‍. പൂരവും  പള്ളിപെരുന്നാളും പെരുന്നാളും ഉത്സവവുമെല്ലാം ഞങ്ങള്‍ക്ക് ആഘോഷങ്ങളുടേതായിരുന്നു. ഒന്നിനും ഒരു കുറവില്ല, എല്ലാത്തിനും ഞങ്ങളുടെ അച്ഛനുണ്ടല്ലോ എന്ന അഹങ്കാരമായിരുന്നു. ഞങ്ങളെ ലാളിച്ചു വഷളാക്കി എന്നു വേണമെങ്കില്‍ പറയാം. അച്ഛന്‍ കോണ്‍ട്രാക്ടറായിരുന്നു. ദൈവം അനുഗ്രഹിച്ച് അത്യാവശ്യംകാശൊക്കെഉണ്ടായിരുന്നു അന്ന്. എന്ത് ആഗ്രഹവും സാധിച്ചുതരും. എവിടെയുംകൊണ്ടു പോകും. 

അച്ഛന്‍ മുകുന്ദനും അമ്മ സൂരജയും സ്‌നേഹിച്ച് വിവാഹം കഴിച്ചതാണ്. അതിന്റെ പിണക്കമൊക്കെ ആദ്യം ഇരുവീട്ടുകാര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ പിണക്കങ്ങളൊക്കെ പതിയെ പതിയെ മാറി. എല്ലാവരും വലിയസന്തോഷത്തിലായി. പക്ഷേ ഞങ്ങളുടെ സന്തോഷം കണ്ട്‌ ദൈവത്തിന് അസൂയ തോന്നി കാണും. ഒരു ദിവസം എന്നന്നേക്കുമായി ഞങ്ങളുടെഅച്ഛനെ ദൈവം അങ്ങ് തിരിച്ചെടുത്തു. അന്നെനിക്ക് പതിമൂന്ന് വയസാണ്. അനിയത്തി മീതു അഞ്ചോ ആറോ വയസുള്ള കുഞ്ഞും.

ആറാട്ടുപുഴയിലെ വീടിന്അടുത്തുള്ള അമ്പലത്തില്‍ ഉത്സവമായിരുന്നു അന്ന്. അനിയത്തിയുടെ കൈപിടിച്ച് നടന്നു വരികയായിരുന്ന അച്ഛന്‍ സമീപത്ത് പണി നടക്കുന്ന ഏതോ വീടിനോട് ചേര്‍ന്നുള്ള കിണറിലേക്ക് വീണു. അനിയത്തി അണുവിട വ്യത്യാസത്തില്‍ കുഴിയില്‍ വീഴാതെ അകന്നു മാറി പോയി. കിണറിലെ റിങ്ങിലാണ് അച്ഛന്റെ തലയുടെ പിന്‍ഭാഗം വന്നിടിച്ചത്. അന്ന് ആശുപത്രിയിലേക്ക് ഓടുമ്പോഴും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു, അച്ഛന്‍തിരികെ വരുമെന്ന്. പക്ഷേ വിധി മറ്റൊന്നായി. അച്ഛന്‍ ഞങ്ങളെ വിട്ടു പോയി. മരണവുമായി അച്ഛന്‍ മല്ലിടുമ്പോള്‍, ആശുപത്രി ബില്‍ ആര് കൊടുക്കുമെന്ന ഘട്ടം വന്നപ്പോള്‍ മുഖത്തോട് മുഖം നോക്കി നിന്ന ബന്ധുക്കളെ എനിക്കോര്‍മ്മയുണ്ട്. അതൊരു തിരിച്ചറിവായിരുന്നു. ഞാന്‍ ആദ്യം പറഞ്ഞപോലെ നമുക്ക് നമ്മളേ കാണൂ... എന്ന വലിയ ചിരിച്ചറിവ്. സ്‌നേഹം നടിച്ചവരേയും ജീവിതത്തില്‍ അഭിനയിക്കുന്നവരേയും അന്ന് കാണാന്‍പറ്റി. 

ആ വലിയ വീട്ടില്‍ ഒറ്റയ്ക്ക്

അച്ഛന്റെ മരണാനന്തര ചടങ്ങുകളുടെ സമയത്ത് അമ്മയ്ക്ക് പീരീഡ്‌സായിരുന്നത് കൊണ്ട് വീട്ടുകാര്‍ വന്ന് കൂട്ടിക്കൊണ്ടു പോയി. പിന്നെ കുറേ ദിവസങ്ങള്‍ മരണം നടന്ന ആ വീട്ടില്‍ ഞാനും അനിയത്തിയും ഒറ്റയ്ക്കായി. മരണം നടന്ന് 41 ദിവസം വരെ എല്ലാവരും ഉണ്ടായിരുന്നു. എന്നെയും അനിയത്തിയേയും ലാളിക്കാനും സ്‌നേഹിക്കാനുംഒക്കെ. പക്ഷേ അതും പതിയെ പതിയെ ഇല്ലാണ്ടായി. കുഞ്ഞായിരുന്നത് കൊണ്ട് അനിയത്തിയെ എല്ലാവരും എടുത്ത് കൊണ്ടൊക്കെ നടന്നു. പക്ഷേ ഞാന്‍ മാത്രം ഒറ്റയ്ക്കായി. സങ്കടം കൊണ്ട് തളര്‍ന്നു പോയി. അച്ഛന്റെ ബലി ചടങ്ങുകള്‍ നടക്കുമ്പോള്‍  ബോധംകെട്ട് വീണത് ഇന്നും ഓര്‍മ്മയായി മനസിലുണ്ട്.  

അമ്മ നഴ്‌സായിരുന്നു. പക്ഷേജോലിക്ക് പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ജോലിക്ക് വിട്ടില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. അച്ഛന്‍ മരിച്ചതോടെ ഞങ്ങള്‍ അമ്മയും മക്കളും പൂര്‍ണമായി ഒതുങ്ങി. ഞങ്ങളുടെ സംരക്ഷണത്തിന് വല്യച്ഛന്റെ മകനെ വിട്ടു നല്‍കുക എന്നത്  കുടുംബത്തിന്റെ പൊതുതീരുമാനമായിരുന്നു.പക്ഷേ അത് ഉപകാരത്തിനേക്കാള്‍ വലിയ ഉപദ്രവമായിരുന്നു. കണ്ടതിനു കേട്ടതിനും എല്ലാം എന്നെയും അനിയത്തിയേയും അയാള്‍ വഴക്കു പറയും. തൊടുന്നതും പിടിക്കുന്നതും എല്ലാംകുറ്റം. ഞങ്ങള്‍ചിരിക്കുന്നതു പോലും അയാള്‍ക്ക് ഇഷ്ടമല്ലായിരുന്നു. എപ്പോഴും തല്ല്, വഴക്ക്...ശകാരം. ഒരിക്കല്‍ പള്ളി പെരുന്നാളിന് പോയിഎന്ന കുറ്റത്തിന് അയാള്‍ അമ്മയുടെ നേരെ കുതിച്ചുചാടി. മക്കളെ ഇങ്ങനെ  അഴിഞ്ഞാടാന്‍ കണക്കിനാണോ വളര്‍ത്തുന്നതെന്ന് ചോദിച്ച് അലറി. അമ്മയെ ആഞ്ഞടിച്ചു. അന്ന് അയാളെ വീട്ടില്‍ നിന്ന് പുറത്താക്കിയതാണ്. ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കാമെന്ന് തീരുമാനം എടുത്തു.

അടുത്തുള്ളൊരു വീട്ടില്‍ സ്വര്‍ണ പണിക്ക് അമ്മ പോയിതുടങ്ങിയതാണ് ജീവിതത്തോടുള്ള ആദ്യ പോരാട്ടം. സ്വര്‍ണ പണി എന്തെന്ന് പോലും അറിയാത്ത അമ്മ ഞങ്ങളെ പോറ്റാന്‍ വേണ്ടി അത് പഠിച്ചെടുത്തു. അവിടുന്ന് കിട്ടിയതുച്ഛമായ വരുമാനവും അച്ഛന്‍ ബാക്കിയാക്കി പേയകുറച്ച് കാശും സ്വര്‍ണവും വച്ച് അമ്മ ഞങ്ങളെ അന്തസായി പഠിപ്പിച്ചു. ടിടിസി കഴിഞ്ഞ് ബിഎ മ്യൂസിക്കിന് അഡ്മിഷന്‍കിട്ടിയതാണ്. പക്ഷേ അമ്മയ്ക്ക് ഒരു നെഞ്ചുവേദന വന്നതില്‍ പിന്നെ ആ വഴി തിരിഞ്ഞില്ല. പകരം അടുത്തുള്ള സ്വകാര്യ കോളജില്‍ മലയാളം ബിഎയ്ക്ക് ചേര്‍ന്നു. അതാകുമ്പോ ഉച്ച വരെയെ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. ബാക്കി സമയം അമ്മയുടെഅടുത്തും, എന്തെങ്കിലും ജോലിക്കുമൊക്കെ പോകാമായിരുന്നു. പഠിക്കുന്ന നാളില്‍ തന്നെ കുട്ടികള്‍ക്ക് ട്യൂഷനെടുപ്പും ട്യൂട്ടോറിയല്‍ കോളജിലെ അധ്യാപനവും കണ്ടെത്തിയത് ആശ്വാസമായി. അതെല്ലാം സമ്പാദ്യങ്ങളായിരുന്നില്ല. ജീവിക്കാനുള്ള മൂന്ന് ആത്മാക്കളുടെ തത്രപ്പാടായിരുന്നു. 

midhila-2

ആണ്‍തുണയില്ല... പെണ്ണിന്‍റെ ചുണ

ജീവിതം തട്ടിയും മുട്ടിയും മുന്നോട്ടു പോകുന്നതിനിടയ്ക്ക് എന്നെ കെട്ടിച്ച് ബാധ്യത ഒഴിപ്പിക്കാനും ശ്രമങ്ങളുണ്ടായി. അമ്മ പോലും വീട്ടിലില്ലാത്ത സമയത്ത് എന്നെ കാണാന്‍ ഏതോ ഒരു വ്യക്തിയെ പെണ്ണുകാണാന്‍ വിളിച്ചു വരുത്തി. അവരോടൊക്കെ എനിക്ക് പഠിക്കണംഎന്ന് മാത്രമാണ് പറഞ്ഞത്. നീയൊക്കെ പഠിച്ചാല്‍ രക്ഷപ്പെടുമോ, അതിനൊക്കെ കാശുണ്ടോ? എന്നൊക്കെയാണ് അവര്‍ എന്നോട് ചോദിച്ചത്. കാശ് വേണ്ട പഠിക്കാന്‍ വിട്ടാല്‍ മതി എന്നാണ് അവരോടൊക്കെ അന്ന് പറഞ്ഞത്.  ആ വാക്കുകള്‍ വെറും വാക്കായില്ല, അന്തസായി പഠിച്ചിറങ്ങി. ബിഎഡ് പാസായി. െഹൈദരാബാദിലെ ഒരു സുഹൃത്താണ് അവിടെ ജോലിക്ക് ഇന്റര്‍വ്യൂവിന് ക്ഷണിച്ചത്. നിനക്ക് കഴിവുണ്ടെങ്കില്‍ വന്ന് അറ്റന്‍ഡ് ചെയ്യൂ എന്ന് പറഞ്ഞത്. ഭാഷ പോലും അറിയാത്ത നാട്ടില്‍ പോയി ജോലി മേടിച്ചത് കഴിവ് മാത്രം കൊണ്ടായിരുന്നില്ല, കുറച്ച് വാശി കൊണ്ട് കൂടിയായിരുന്നു. ജീവിക്കാനുള്ള വാശി. 

ആഗ്രഹിച്ച ജീവിതം

റാം ആത്മരാജ് എന്റെ സുഹൃത്താണ്. ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത് കക്ഷി എന്നെ അതിവേഗം മനസിലാക്കുന്ന ഒരു വ്യക്തി കൂടി ആയതു കൊണ്ടാണ്. ഇഷ്ടം പറയുമ്പോള്‍ ആദ്യം എതിര്‍ത്തത് ഞാനാണ്. ഒരാളെ സനേഹിക്കാനും ‌വിവാഹം കഴിക്കാനുമുള്ള അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍. പക്ഷേ എന്നെ മനസിലാക്കി റാം കൂടെ നിന്നു. വീട്ടുകാര്‍ക്കൊപ്പം വന്ന് ആലോചിച്ചു. എന്‍റെ ഇഷ്ടത്തിന് അമ്മയും എതിരു നിന്നില്ല. 

പക്ഷേ മുന്നിലുണ്ടായിരുന്ന തടസം വീടായിരുന്നു. അച്ഛനുണ്ടാക്കിയ വീടിന് തെളിവില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ സമ്മര്‍ദ്ദത്തിലാക്കി. വേണമെങ്കില്‍ തറവാടിനോടുചേര്‍ന്നുള്ള മൂന്ന് സെന്റ് തരാമെന്നായി. വിവാഹോലചനയുടെ സമയത്ത് സ്വന്തമായി വീടില്ലെന്ന് ആലോലിച്ച് വിഷമിച്ചു. വിവാഹം കഴിയും വരെ ഒരു വാടക വീട്ടിലേക്ക് മാറാമെന്ന് ചിന്തിച്ചത് അങ്ങനെയാണ്. ആരുടെയുംസഹായമില്ലാതെ, സ്വന്തമായി നല്ലൊരു വീടില്ലാതെ എങ്ങനെ വിവാഹം നടത്തും എന്നതായിരുന്നു അമ്മയുടെ ടെന്‍ഷന്‍. ആരുടെയും ചില്ലിക്കാശ് വേണ്ടെന്നും തലകുനിക്കാതെ അന്തസായി നടത്തുമെന്നും അമ്മയ്ക്ക് വാക്കു കൊടുത്തത് ഞാനാണ്.

എല്ലാം കൃത്യമായ പ്ലാനിങ്ങായിരുന്നു. എന്റെ രണ്ടു വര്‍ഷത്തെ ടീച്ചിംഗ് സമ്പാദ്യവും കയ്യിലും കഴുത്തിലുമുണ്ടായിരുന്ന പഴയ സ്വര്‍ണവും എല്ലാം ചേര്‍ത്ത് കല്യാണത്തിനുള്ള തുക സ്വരുക്കൂട്ടി. കുറച്ചു കാശ് ചേര്‍ത്ത് നല്ലൊരു നെക്ലെസ് വാങ്ങി. കല്യാണക്കുറി പോലും എണ്ണത്തില്‍ ചുരുക്കി. ഓഡിറ്റോറിയം ഒഴിവാക്കി വാടക വീട്ടിലേക്ക് ഞങ്ങള്‍ മാറി. അനിയത്തി മീതു എംബിഎ കഴിഞ്ഞജോലിക്ക് കയറിയ സമയമായിരുന്നു. അവളുംകുറച്ച് ലോണ്‍തുക തരപ്പെടുത്തിതന്നു. വായ്പ തിരിച്ചടവില്‍ ഞാനും പങ്കാളിയായി. വിവാഹത്തിന്റെ രജിസ്‌ട്രേഷനും കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും അനുവാദം വാങ്ങാനും ഒക്കെ കല്യാണപ്പെണ്ണായഞാന്‍ തന്നെ ഓടിയെത്തി. കല്യാണപ്പെണ്ണ് എവിടെ എന്ന് ചോദിച്ച പഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥന്‍ വിയര്‍ത്ത് കുളിച്ചു നിന്ന എന്നെ കണ്ടതും അന്തംവിട്ടതുമെല്ലാം ഈ നെട്ടോട്ടത്തിനിടയിലെ കാഴ്ചയായിരുന്നു. അങ്ങനെ ആരുടെയുംതുണയില്ലാതെ, ആണുങ്ങളുടെ ചുണയില്ലാതെആരുടെയും മുന്നില്‍ കൈനീട്ടാതെ എന്റെ കല്യാണം അന്തസായി ഞാനും എന്റെ അമ്മയും അനിയത്തിയും ചേര്‍ന്ന് നടത്തി. കുറുമ്പിലാവ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് റാം എന്റെ കഴുത്തില്‍ താലിചാര്‍ത്തി. 

midhila-mom മിഥില അമ്മയോടൊപ്പം

ഇതൊക്കെ ആരെയും ബോധിപ്പിക്കാനോ ജയിച്ചെന്ന് വരുത്തിതീര്‍ക്കാനോ അല്ല. തോറ്റുപോയിട്ടില്ല എന്ന് ഞങ്ങളോട് തന്നെ പറയുന്നതാണ്. ഒന്നുറപ്പാണ്, ഇതെല്ലാം കണ്ട് അച്ഛന്‍ മുകളിലിരുന്ന് ഞങ്ങളെ അനുഹ്രഹിക്കുന്നുണ്ടാകും.

ഞങ്ങള്‍ ഇപ്പോ ചെന്നൈയില്‍ സെറ്റില്‍ ആയി ആയി.  ജൂണ്‍ തൊട്ടു ഞാന്‍ വീണ്ടും ജോലിക്ക് കേറും ഇവിടെഒരു ഫ്‌ലാറ്റ് വാങ്ങാന്‍ നോക്കി വെച്ചിട്ടുണ്ട്.  അമ്മയും അനിയത്തിയും നാട്ടില്‍ ആണെങ്കിലും ഒര് വീട് അവര്‍ക്കു വേണം. പഞ്ചായത്തില്‍ നിന്നു കിട്ടും എന്നു പറയുന്നു. ഞാനും അതിനു വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്.  മൂന്ന് നാലു വര്‍ഷം കഴിഞ്ഞു അനിയത്തിയുടെ കല്യാണം സ്വന്തം വീട്ടില്‍ നടത്തണം ഇതിനേക്കാള്‍ ഭംഗിയില്‍.  അമ്മയെ ജോലിക്ക് വിടാതെ വീട്ടില്‍ ഇരുത്തണം ഇതൊക്കെയാണ്ണ് ഇനിയുള്ള ആഗ്രഹം- മിഥില പറഞ്ഞു നിര്‍ത്തി.