Friday 20 November 2020 04:34 PM IST

‘വണ്ണമുള്ള പെണ്ണുങ്ങളെ ഡാൻസിന് കൊള്ളില്ല’; തടിയുടെ പേരിൽ അവഗണന; 85ൽ നിന്നും 55ലേക്ക് പറന്നെത്തി നിജിഷയുടെ പ്രതികാരം

Binsha Muhammed

nijisha-weight-loss

‘എടീ... ഗുണ്ടുമാങ്ങേ..’

‘ഇറുകിയ ഡ്രസുമിട്ട് കോളജിന്റെ ഗേറ്റ് കടക്കുമ്പോഴേ കൂട്ടുകാർ ആ പേരു വിളിക്കും. മെലിഞ്ഞിരിക്കുന്ന കൂട്ടുകാർക്കിടയിലെ തടിയുള്ള ഒരേ ഒരു പെൺതരി! അത് ഞാനായിരുന്നു. കളിയാക്കിയവരോടും കുറ്റം പറഞ്ഞവരോടും അന്നെനിക്ക് പിണക്കമൊന്നും ഉണ്ടായിരുന്നില്ല. എല്ലാം കേട്ട് ചിരിച്ച് തള്ളുന്ന പാവം പെണ്ണ്. പക്ഷേ തടിയുടെ പേരിൽ പലയിടങ്ങളിലും എന്നെ അവഗണിച്ചത്... മാറ്റിനിർത്തിയത് വേദനിപ്പിച്ചു. അന്നെടുത്ത ദൃഢനിശ്ചയമാണ്. കളിയാക്കിയവരുടേയും പരിഹസിച്ചവരുടേയും കണ്ണുതള്ളിച്ച എന്റെ മാറ്റം അവിടെ തുടങ്ങുകയായി. ഇതാ പുതിയ ഞാൻ...’

85 കിലോ ഭാരം വീർപ്പുമുട്ടിച്ച ആ പഴയ രൂപത്തിൽ നിന്നും 55 കിലോ എന്ന സുരക്ഷിത ഫിറ്റ്നസിലേക്ക് പറന്നെത്തിയ കഥ പറഞ്ഞു തുടങ്ങുമ്പോൾ നിജിഷയുടെ കണ്ണുകളിൽ  ആത്മവിശ്വാസമുണ്ടായിരുന്നു. ‘ഛബ്ബി ഗേൾ’ എന്ന ദീർഘകാല മേൽവിലാസത്തിൽ നിന്നും ഫിറ്റ്നസിലേക്ക് തിരികെയെത്തിയ കാലം. അതിനിടയിൽ കേട്ട കളിയാക്കലുകൾ... കുത്തുവാക്കുകൾ... അവഗണനകൾ, എല്ലാം ഒരു ഫ്രെയിമിലെന്ന പോലെ മുന്നിൽ തെളിയും. അവിശ്വസിനീയമായ ഈ മാറ്റത്തിലേക്ക് എങ്ങനെ എത്തി എന്ന് ചോദിച്ചാൽ ഈ കണ്ണൂർക്കാരി ഇങ്ങനെ പറയും.

തടി കുറച്ചതിന്റെ ക്രെഡിറ്റിന് അവകാശികൾ ഏറെയാണ്. ഡയറ്റ്, ജിം, സൂംബ തുടങ്ങി എല്ലാം അങ്ങ്ട് പാകത്തിലായപ്പോൾ പുതിയ ഞാൻ പിറവിയെടുത്തു. ഫിറ്റ്നസ് ഫ്രീക്കുകളുടെ കണ്ണുതള്ളിച്ച മാറ്റം വെറും മാസങ്ങൾ കൊണ്ട് നേടിയെടുത്ത കഥ ‘വനിത ഓൺലൈനോട്’ പറയുകയാണ് നിജിഷ.

85 കിലോ നോട്ട് ഔട്ട്’

പത്താം ക്ലാസ് കഴിഞ്ഞതോടെയാണ് തടി പിടിവിട്ടു പോയത്. അൻപതിൽ നിന്നും അറുപതിലേക്ക്. പ്ലസ്ടു പാസാകുമ്പോൾ 70 കിലോ പൂർത്തിയാക്കി ‘പൊണ്ണത്തടിയും പാസായി’. അവിടുന്നങ്ങോട്ട് കോളജിലേക്കെത്തുമ്പോൾ ഞാൻ അടിമുടി ഗുണ്ടുമണിയായി എന്നു പറഞ്ഞാൽ മതിയല്ലോ?– നിജിഷ പറഞ്ഞു തുടങ്ങുകയാണ്.

പിടിച്ചാൽ കിട്ടാത്ത വിധം തടി കൂടുകയാണെന്ന സൂചന ഡ്രോയറിലെ വസ്ത്രങ്ങളാണ് ആദ്യം നൽകിയത്. കോഴിക്കോട് ഫറോക്ക് കോളജിൽ ഡിഗ്രിക്ക് ചേർന്ന് മാസങ്ങൾ കടന്നപ്പോഴേക്കും ഒരൊറ്റ ഡ്രസ് പോലും ശരീരത്തിലോട്ട് കേറുന്നില്ല. എല്ലാം ആശിച്ചു സ്വന്തമാക്കിയ കലക്ഷനുകൾ. 70 കടന്ന തടി 85ലെത്തിയാണ് ഇടിച്ചു നിന്നത്. ആ മാറ്റം പുതിയ ചില പേരുകൾ കൂടി എനിക്കു തന്നു. തടിച്ചിപ്പാറുവെന്ന വിളി കുറച്ചു കൂടി പരിഷ്കരിച്ച് ചിലർ ഗുണ്ടുമാങ്ങ എന്ന് വിളിക്കാൻ തുടങ്ങി. കോളജ് പിള്ളേരുടെ കാര്യം പോട്ടെ. വീട്ടിൽ നിന്നും ഫങ്ഷനുകൾക്കൊന്നും പോകാൻ വയ്യാത്ത അവസ്ഥ. തടിച്ച് തടിച്ച് ഇതെങ്ങോട്ടാണ് പോകുന്നത്? വീട്ടിലുള്ളവർക്കൊന്നും തിന്നാൻ കൊടുക്കാറില്ലേ എന്നിങ്ങനെ ചോദ്യങ്ങൾ. അതെല്ലാം ആ തമാശയോടെ തന്നെ കേട്ടു കളഞ്ഞു. എന്റെ അച്ഛൻ ജിനചന്ദ്രനും അമ്മ പ്രീതയ്ക്കും എന്റെ തടി ഒരു പ്രശ്നമേ അല്ലായിരുന്നു.

പക്ഷേ ശരിക്കും സങ്കടം തോന്നിയത് മറ്റൊരു അവസരത്തിലാണ്. നാട്ടിൽ ഒരു സാംസ്കാരിക പരിപാടി വന്നപ്പോൾ തിരുവാതിര അവതരിപ്പിക്കാനായി തയ്യാറായി. ഡാൻസർ കൂടിയായ ഞാൻ ആത്മവിശ്വാസത്തോടെയാണ് അതിൽ പങ്കെടുക്കാനെത്തിയത്. പക്ഷേ തടിയുടെ പേരിൽ അവസാന നിമിഷം എന്നെ മാറ്റിനിർത്തി. മെലിഞ്ഞുണങ്ങിയ കുട്ടികൾക്കിടയിൽ ഞാൻ ഫിറ്റാകുന്നില്ലത്രേ. മുൻപ് കോളജിൽ പഠിക്കുമ്പോള്‍ ഇതേ തടിയുടെ പേരില്‍  നാടകത്തിൽ നിന്നും എന്നെ മാറ്റിനിർത്തിയിരുന്നു. പക്ഷേ അന്നൊന്നും ഇത്ര സങ്കടം തോന്നിയിട്ടില്ല.

nijisha-1

മിഷൻ വെയ്റ്റ്ലോസ്

2019ൽ ഡിഗ്രി പൂർത്തിയാക്കി കോളജിനോട് ഗുഡ്ബൈ പറഞ്ഞ് ഇറങ്ങിയതോടെയാണ് തടി കുറയ്ക്കണം എന്ന ആത്മാർത്ഥമായി ആഗ്രഹിച്ചത്. പട്ടിണി കിടന്നാൽ തടി കുറയും എന്ന വ്യാമോഹവുമായി കട്ടയ്ക്ക് തടിയോട് പൊരുതി നോക്കി. കുറേ നാൾ അങ്ങനെ പോയെങ്കിലും വെറും 2 കിലോ മാത്രമാണ് അന്ന് ശരീരത്തിൽ നിന്നും ഉരുകിയിറങ്ങിയത്. ഫ്രൂട്ട്സും വെജ്ജീസും മാത്രം കഴിച്ച് തടി കുറയ്ക്കാനായി അടുത്ത ശ്രമം. ആ ശ്രമവും പരാജയപ്പെട്ടു. അതിൽ പിന്നെയാണ് വെറുതെ പട്ടിണി കിടക്കൽ അല്ല, ഹെൽതി ഫുഡ‍് ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുത്തി വേണം തടി കുറയ്ക്കേണ്ടത് എന്ന ബോധോദയം ഉണ്ടായത്. ചോറ് പാടെ ഒഴിവാക്കി, ഓട്സിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. പിന്നെ വെജ്ജീസ് ഒഴിവാക്കി കുറച്ചു ഗോതമ്പും ഡയറ്റിന്റെ ഭാഗമാക്കി. ആദ്യമൊക്കെ കർശനമായ ഡയറ്റ് പിന്തുടരുക എന്നത് കഷ്ടം തന്നെയായിരുന്നു. പതിയെ പതിയെ അത് ശീലിച്ചു.

എന്റെ നാടായ കുറ്റ്യാട്ടൂർ തനി നാട്ടിൻപുറമാണ്. പട്ടണത്തിലേതു പോലെ ജിം ഒന്നും അധികം ഇല്ല. പക്ഷേ ഞങ്ങളുടെ നാടായ വെയിലിൽ ഒരു ജിം ആരംഭിച്ചു എന്ന് സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു. അവിടെ ചെന്ന് അഡ്മിഷൻ എടുക്കുന്നതോടെയാണ് അടുത്ത നാഴികക്കല്ല് ആരംഭിക്കുന്നത്. അവിടെയെത്തി കാർഡിയോ വ്യായാമങ്ങളും മെഷീൻ എക്സർസൈസുകളും കൂടുതൽ സമയമെടുത്ത് ചെയ്തു. ട്രെയിനറായ ഷമൽ ചന്ദ്രയാണ് എന്റെ ലക്ഷ്യം മനസിലാക്കി എനിക്കൊപ്പം സഹായവുമായി നിന്നത്. കൂട്ടത്തില്‍ സൂംബ ഡാൻസും കൂടി ആയതോടെ പാക്കേജ് പൂർണം. സൂംബ ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റൊക്കെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അത് ശരിക്കും ഉപയോഗപ്പെട്ടത് അപ്പോഴായിരുന്നു.

nijisha-2

ആറേ ആറ് മാസം, എന്റെ ശരീരത്തിൽ നിന്നും തടി ഉരുകിയിറങ്ങുന്നത് ഞാൻ മനസിലാക്കി. ഡയറ്റും മുറതെറ്റാതെയുള്ള ജിം വ്യായാമങ്ങളും എന്നെ പുതിയ ഒരാളാക്കി. ശരിക്കും പറഞ്ഞാൽ കളിയാക്കിയവർക്ക്  പോലും എന്നെ തിരിച്ചറിയാൻ  പ്രയാസമായിരുന്നു. പലരും മാറ്റം കണ്ട് അന്തംവിട്ടു. 85ൽ നിന്നും 60ലേക്ക് ആദ്യമൊരു സേഫ് ലാൻഡിങ്ങ്. അപ്പോഴും ഉഴപ്പാതെ ഡയറ്റും എക്സർസൈസും കട്ടയ്ക്ക് കൂടെ നിർത്തി 55 ലേക്ക് എത്തി. ഇന്ന് കളിയാക്കലുകളില്ല, പരിഹാസങ്ങളില്ല. ഏറ്റവും സന്തോഷമെന്തെന്നാൽ ഇഷ്ടത്തോടെ വാങ്ങിയ ഡ്രസുകൾ എനിക്ക് നന്നായി ഇണങ്ങുന്നു എന്നതാണ്. തടി കുറച്ച് ആത്മവിശ്വാസത്തോടെ നിൽക്കുമ്പോൾ രണ്ട് സ്വപ്നങ്ങളാണ് മുന്നിലുള്ളത്. ഒന്ന്, ഒരു കോളജ് അധ്യാപികയാകുക. രണ്ട് ഒരു അംഗീകൃത ഫിറ്റ്നസ് ട്രെയിനറാകുക. ഇഗ്നോവിൽ പിജി രണ്ടാം വർഷ വിദ്യാർത്ഥിയായ ഞാനിപ്പോൾ ആ സ്വപ്നങ്ങൾക്കു പിന്നാലെയാണ്– നിജിഷ പറഞ്ഞു നിർത്തി.

nijisha-4