Monday 03 October 2022 12:04 PM IST : By സ്വന്തം ലേഖകൻ

‘ഒരാൾക്ക് പെട്ടെന്ന് അധികാരം നഷ്ടപ്പെട്ട പോലെയായി എന്ന തോന്നൽ ഉണ്ടാക്കുന്ന നിരാശ ചെറുതല്ല’; വാർധക്യം എന്ന യാഥാർഥ്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍, കുറിപ്പ്

najeeb-old-age66788

"വീടിനകത്തായാലും വൃദ്ധസദനങ്ങളിൽ ആയാലും വയോജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം തങ്ങളോട് മിണ്ടാൻ ആരുമില്ല എന്നതാണ്. ഔപചാരികമായ കുശാലാന്വേഷങ്ങളും ചിലപ്പോൾ കുറ്റപ്പെടുത്തലുകളും അല്ലാതെ അവർക്കായി നീക്കിവെക്കാൻ അവരെ കേട്ടിരിക്കാൻ ആരുമില്ല എന്നതാണ് പലരെയും വിഷാദങ്ങളിലും സങ്കടങ്ങളിലും ഒറ്റപ്പെടലുകളിലും തള്ളി വിടുന്നത്. ഇത്രകാലം വീടിന്റെ, കുടുംബത്തിലെ അവസാനവാക്കായിരുന്ന ഒരാൾക്ക് പെട്ടെന്ന് അധികാരം നഷ്ടപ്പെട്ട  പോലെ ആയി എന്ന തോന്നൽ-മറ്റുള്ളവർ അങ്ങനെ ഉദ്ദേശിച്ചില്ലെങ്കിലും- ഉണ്ടാക്കുന്ന നിരാശ ചെറുതല്ല."- അന്താരാഷ്ട്ര വയോജന ദിനത്തില്‍ നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;

മനസ്സെത്തുന്നേടത്ത് ശരീരം എത്താതാവുമ്പോഴാണ് പലരും വാർദ്ധക്യം എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ട് തുടങ്ങുന്നത്. ശരീരത്തേക്കാളേറെ മനസ്സ് തളർന്നു തുടങ്ങുന്നത് അപ്പോഴാണ്. ആരുടെയും സഹായമില്ലാതെ എന്തും ചെയ്യാൻ കഴിഞ്ഞിരുന്ന, എങ്ങോട്ടും പോകാൻ കഴിഞ്ഞിരുന്ന അവസ്ഥയിൽ നിന്നും ചെറുതായെങ്കിലും പരസഹായം വേണ്ടി വരുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥത. 

"അച്ഛനിനി പുറത്തൊന്നും പോകണ്ട"

"ഉമ്മ ഇനി അടങ്ങി ഒരിടത്തിരുന്നാൽ മതി"

എന്നൊക്കെ മക്കൾ പറയുന്നത് സ്നേഹം കൊണ്ടാണെങ്കിലും ഇത്രകാലവും അവനവനു/ അവളവൾക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ഓടിനടന്ന മനുഷ്യർക്ക് ഇതുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. 

എവിടെയെങ്കിലും തട്ടിതടഞ്ഞു വീണാൽ, പുറത്തിറങ്ങി എന്തെങ്കിലും പറ്റിയാൽ അയാളും ഉറ്റവരും അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ ഓർത്തു തന്നെയാണ് പ്രിയപ്പെട്ടവർ 'എങ്ങോട്ടും പോവേണ്ട' 'ഒന്നും ചെയ്യേണ്ട' എന്ന് കരുതൽ കാണിക്കുന്നതെങ്കിലും ഒറ്റയടിക്ക് അങ്ങനെ ഒരു അവസ്ഥയുമായി പൊരുത്തപ്പെടുക അത്ര എളുപ്പമല്ല. രോഗമോ അവശതയോ മൂലം കിടപ്പിലായിപ്പോവുക കൂടി ചെയ്താൽ അതിലേറെ പ്രയാസമാവും കാര്യങ്ങൾ. ചിലരെങ്കിലും ഇത്തരം അവസ്ഥയിൽ വല്ലാതെ ദേഷ്യവും വാശിയും കാണിക്കുകയും അത് വീട്ടിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. 

പഴയപോലെ തന്നെ പരിഗണിക്കുന്നില്ല, അഭിപ്രായങ്ങൾ അംഗീകരിക്കുന്നില്ല എന്ന തോന്നൽ (ചിലപ്പോൾ യാഥാർഥ്യവും ആവാം) വയോജനങ്ങളിൽ വാശിയും നിരാശയുമൊക്കെ ഉണ്ടാക്കും. ശാരീരികമായ അവശതയും ഉറക്കമില്ലായ്മയുമൊക്കെ കൂടുതൽ ഒറ്റപ്പെടലും സങ്കടങ്ങളുമായി മാറും. 

വീടിനകത്തായാലും വൃദ്ധസദനങ്ങളിൽ ആയാലും വയോജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം തങ്ങളോട് മിണ്ടാൻ ആരുമില്ല എന്നതാണ്. ഔപചാരികമായ കുശാലാന്വേഷങ്ങളും ചിലപ്പോൾ കുറ്റപ്പെടുത്തലുകളും അല്ലാതെ അവർക്കായി നീക്കിവെക്കാൻ അവരെ കേട്ടിരിക്കാൻ ആരുമില്ല എന്നതാണ് പലരെയും വിഷാദങ്ങളിലും സങ്കടങ്ങളിലും ഒറ്റപ്പെടലുകളിലും തള്ളി വിടുന്നത്. ഇത്രകാലം വീടിന്റെ, കുടുംബത്തിലെ അവസാനവാക്കായിരുന്ന ഒരാൾക്ക് പെട്ടെന്ന് അധികാരം നഷ്ടപ്പെട്ട  പോലെ ആയി എന്ന തോന്നൽ-മറ്റുള്ളവർ അങ്ങനെ ഉദ്ദേശിച്ചില്ലെങ്കിലും- ഉണ്ടാക്കുന്ന നിരാശ ചെറുതല്ല. 

പ്രിയപ്പെട്ടവരാൽ അവഗണിക്കപ്പെടുന്നില്ല എന്ന തോന്നൽ, പരിഗണിക്കപ്പെടുന്നു എന്ന വിശ്വാസം  വാർദ്ധക്യം ഒരു ഭാരമാണ് എന്ന ചിന്തയും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഇല്ലാതാക്കും.

പുതുവസ്ത്രങ്ങളോ മികച്ച ഭക്ഷണമോ യാത്രകളോ ഒന്നുമല്ല ബഹുഭൂരിപക്ഷം വയോജനങ്ങളും ആഗ്രഹിക്കുന്നത് തങ്ങളെ പരിഗണിക്കുന്ന തങ്ങളോടൊപ്പം ഇരിക്കാനും കേൾക്കാനും സംസാരിക്കാനും മനസ്സുള്ള ഉറ്റവരെയാണ്. പലവട്ടം കേട്ടതോ നമുക്ക് നിസ്സാരമായി തോന്നുന്നതോ ആയ കാര്യമായിരിക്കും അവർക്ക് ചിലപ്പോൾ പറയാനുണ്ടാവുക. പിടിച്ചിരുത്തി വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് അത്ര നേരം കൂടെയുണ്ടാവാൻ വേണ്ടി കൂടിയാണ്. ഒറ്റപ്പെടലിൽ നിന്നും രക്ഷപെടാനാണ്. 

വാർധക്യത്തിന്റെ ഒറ്റപ്പെടൽ വല്ലാത്തൊരു നിസ്സഹായാവസ്ഥയാണ്. ജീവിതപങ്കാളി നേരത്തെ പോയവരെ അപേക്ഷിച്ചു വിശേഷിച്ചും. ഒറ്റയ്ക്കല്ല എന്ന തോന്നൽ ഉണ്ടാക്കാൻ കഴിയുക എന്നതാണ് പ്രിയപ്പെട്ടവർക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നന്മ. ഇന്നു ഞാൻ നാളെ നീ എന്നോർത്തെങ്കിലും. 

Tags:
  • Spotlight
  • Social Media Viral