Monday 20 February 2023 11:43 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് ഒറ്റയ്ക്കിരിക്കാൻ പേടിയാണെന്ന് അറിയില്ലേ, എന്നെക്കൂടി കൊണ്ടുപോകൂ...’; കണ്ടുനിന്നവരുടെ ‍ഹൃദയം തകര്‍ത്ത് ഷഹ്ന, പ്രണവ് യാത്രയായി

thrissur-shahana.jpg.image.845.440

‘‘എനിക്ക് ഒറ്റയ്ക്കിരിക്കാൻ പേടിയാണെന്ന് അറിയില്ലേ... എന്നെക്കൂടി കൊണ്ടുപോകൂ... എനിക്ക് എനിക്ക് സഹിക്കാൻ കഴിയുന്നില്ല..’’ -- പ്രണവിന്റെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോൾ അലമുറയിട്ടു കരയുന്ന ഷഹ്നയുടെ ചിത്രം കണ്ടുനിന്നവരുടെ മനസ്സ് തളർത്തുന്നതായിരുന്നു. കഴുത്തിന് താഴെ തളർന്ന പ്രണവിനെ ഹൃദയം തകർന്ന വേദനയോടെയാണ് ഷഹ്ന യാത്രയാക്കിയത്. പ്രണയത്തിന് പുതിയ ഭാവം നൽ‌കിയ ഇരുവരുടെയും മൂന്നാം വിവാഹ വാർഷികമാണ് മാർച്ച് 3ന്.

വാഹനാപകടത്തെത്തുടർന്ന് വീൽചെയറിൽ കഴിയുന്ന പ്രണവിന്റെ വിഡിയോകൾ സമൂഹമാധ്യമത്തിലൂടെ കണ്ട ഷഹ്ന പിന്നീട് പ്രണവിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രണവിന്റെ ഇഷ്ടങ്ങൾക്കു കൂട്ടായി ഷഹ്ന 3 വർഷത്തോളം ഒപ്പം ജീവിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഉത്സവങ്ങളും പെരുന്നാളുകളും അവർ ആഘോഷമാക്കി. ബീച്ചുകളും വിനോദകേന്ദ്രങ്ങളും പ്രണവിന് അന്യമായില്ല. കഴിഞ്ഞ 30ന് ജന്മദിനവും തുമ്പൂർ അയ്യപ്പൻകാവിലെ ഉത്സവവും വരെ ആഘോഷമാക്കിയാണ് പ്രണവ് വിടപറഞ്ഞത്.

കഴിഞ്ഞ ദിവസം നടത്തിയ കഴുത്തിലെ ശസ്ത്രക്രിയയ്ക്കുശേഷം വായിലൂടെ ഭക്ഷണം കഴിച്ചു തുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു പ്രണവ്. വർഷങ്ങൾക്കുശേഷമാണ് വായിലൂടെ ഭക്ഷണം കഴിച്ചത്.  എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അന്ത്യം. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. മന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഷഹ്നയെ നെഞ്ചിൽ വരച്ച് പ്രണവ് 

‘ഒരു ടാറ്റൂ അടിച്ച് പൊണ്ടാട്ടിക്ക് ഞാൻ‌ ഒരു സർപ്രൈസ് കൊടുത്തു.’- ഷഹ്ന അറിയാതെ ഷഹ്നയുടെ ചിത്രം തന്റെ നെഞ്ചിൽ ടാറ്റൂ ചെയ്ത പ്രണവ് കഴിഞ്ഞ 29ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലെ കുറിപ്പാണിത്. പ്രണവിന്റെ  നെഞ്ചിൽ വരച്ച ചിത്രം കണ്ട് ഷഹ്ന ആശ്ചര്യപ്പെടുന്നതായിരുന്നു വിഡിയോ. 30ന് തന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രണവ് അതിനു തലേന്ന് ഷഹ്നയെ ഞെട്ടിച്ചത്. അപകടത്തെത്തുടർന്ന് ചക്രക്കസേരയിലായ തനിക്ക് പ്രണയം പകുത്തുനൽകിയ ഷഹ്നയ്ക്ക് ഇടനെഞ്ചിലാണ് സ്ഥാനമെന്ന് കാണിച്ചാണ് പ്രണവ് വിടവാങ്ങിയത്.

ആദരാഞ്ജലി അർപ്പിച്ച് മോട്ടർ വാഹനവകുപ്പും

പ്രണവിന് ആദരാഞ്ജലിയർപ്പിച്ച് സംസ്ഥാന മോട്ടർ വാഹന വകുപ്പും. മോട്ടർ വാഹന വകുപ്പിന്റെ പ്രാദേശിക റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്നു പ്രണവ്. റോഡിൽ നിയമം പാലിക്കേണ്ടതിനെക്കുറിച്ചും അപകടങ്ങൾ ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചാണ് പ്രണവ് വിദ്യാർഥികൾ അടക്കമുള്ളവരെ ബോധവൽക്കരിക്കാൻ ശ്രമിച്ചത്.

പ്രണവിന്റെ വിഡിയോകൾ മോട്ടർ വാഹന വകുപ്പ് ക്ലാസുകളിൽ പ്രദർശിപ്പിച്ചിരുന്നു. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണറും റോഡ് സേഫ്റ്റി കമ്മിഷണറുമായ എസ്. ശ്രീജിത്തിന്റെ നിർദേശപ്രകാരം എറണാകുളം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ പ്രണവിന്റെ വീട്ടിലെത്തി പുഷ്പചക്രം അർപ്പിച്ചു.

Tags:
  • Spotlight
  • Love Story