Saturday 21 November 2020 04:09 PM IST

മാനസിക സങ്കർഷങ്ങളെ അനിമേഷൻ രൂപത്തിലാക്കി ‘കാഞ്ച്’.

Shyama

Sub Editor

praveen-fb-


മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ ഒരൂന്നൽ കൂടി നൽകുകയാണ് ‘കാഞ്ച്’ എന്ന് അഞ്ചു മിനിറ്റ് നേരമുള്ള ഷോട്ട് ഫിലിം. എപ്പോഴും സങ്കടപ്പെടുന്നവർക്ക് മാത്രമല്ല മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ദൈനംദിന കാര്യങ്ങൾ ചെയ്യുമ്പോഴും വളരെ നോർമലെന്ന് നമ്മൾ ധരിക്കുന്നവർക്കും ഒക്കെ പല തരത്തിലുള്ള മാനസിക പിരിമുറുക്കങ്ങൾ വരാം. നമുക്കൊക്കെ പരിചയമുള്ള മുടിവെട്ടുകാരൻ എന്നൊരു കഥാപാത്രത്തെയെടുത്ത് അയാൾക്കുള്ളിൽ നടക്കുന്ന യുദ്ധങ്ങളാണ് ഈ ഷോട്ട് ഫിലിം മുഖ്യമായി കാണിക്കുന്നത്. നാഷ്ണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഡിസൈനിൽ വച്ച് ചെയ്തൊരു ഗ്രൂപ്പ് പ്രോജക്റ്റായി ഉരുത്തിരുഞ്ഞ് വന്ന ഐഡിയയാണ് ഹ്രസ്വ ചിത്രമായിരിക്കുന്നത്.

‘‘സാധാരണ അനിമേഷൻ എന്നു പറയുമ്പോൾ പലരും പറയുന്നതും ചിന്തിക്കുന്നതും അത് കുട്ടികൾക്ക് കാർട്ടുൺ ഉണ്ടാക്കാനുള്ള മീഡിയം എന്ന തരത്തിലാണ്. അതല്ല, അതിനുമപ്പുറം അനിമേഷൻ കൊണ്ട് സീരിയസ് ആയ പല വിഷയങ്ങൾ പോലും കൈകാര്യം ചെയ്യാൻ പറ്റും എന്ന് പറയുക കൂടിയാണ് ഈ ചിത്രം. പല പല ആശയങ്ങൾ വന്ന് അതൊക്കെ പരിണമിച്ചാണ് ചിത്രം ഈ കാണുന്ന രൂപത്തിലായത്. ഇതിനായി പല സൈക്കോളജിസ്റ്റുകളേയും സൈക്യാട്രിസ്റ്റുകളേയും കണ്ടിരുന്നു.

ഈ കഥാപാത്രം യഥാർതത്തിൽ ആരേയും കൊല്ലുന്നില്ല, അയാൾക്കുള്ളിൽ നടക്കുന്ന പല തരത്തിലുള്ള മാനസിക സംഘർഷങ്ങളാണ് മറ്റൊരു പ്രതിഭലനമായി കാണിക്കുന്നത്. അതാണ് കണ്ണാടി എന്ന് അർത്ഥം വരുന്ന ‘കാഞ്ച്’ എന്ന പേര് കൊടുത്തത്. മാനസിക സമ്മർദ്ദത്തിന്റെ കണക്കെടുത്താൽ ലോകത്ത് തന്നെ മുൻപന്തിയിൽ നിൽക്കുന്നൊരു നാടാണ് ഇന്ത്യ എന്നാണ് ഞങ്ങളോട് സംസാരിച്ച ഡോക്ർമാർ തന്നെ പറയുന്നത്. നമുക്ക് തൊട്ടരികിൽ ബുദ്ധിമുട്ട് അനുഭവനിക്കുന്നൊരാളുണ്ടെങ്കിലും പലപ്പോഴും നമ്മൾ അറിയാറുകൂടിയില്ല എന്നതാണ് വാസ്തവം. അതാണ് ഞങ്ങൾ ഇതിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്. പണ്ട് മുതൽ ബാർബർ ഷോപ്പ് എന്നത് ചർച്ചകളും കൂട്ടങ്ങളും ഒക്കെ ഉള്ള എല്ലാവർക്കും പരിചിതമായ ഇടമാണ്. അത്തരം ഇടങ്ങളിൽ പോലും പുറമേ പ്രശ്നങ്ങളൊന്നും തോന്നാത്തവരുടെ ഉള്ളിൽ പോലും പല പൊട്ടിത്തെറികളും ഉണ്ടാകുന്നുണ്ട് എന്നാണ് പറയാൻ ശ്രമിച്ചത്. ജോലി ഒക്കെ കൃത്യമായി ചെയ്യുന്നവർ പോലും ചിലപ്പോൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടാകാം. അതുപോലെ മനുഷ്യന്റെ ചിന്തകൾ എന്ത് വ്യാപ്തിയിലും വേഗത്തിലും ഒക്കെ നിമിഷ നേരം കൊണ്ട് സഞ്ചരിക്കുന്നു എന്നും അനിമേഷൻ എന്ന മാധ്യമം ഉപയോഗിച്ച് കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ വളരെ നല്ല റെസ്പോൺസാണ് കിട്ടുന്നത്.

ഞങ്ങൾ നാലു പേരാണ് ഇതിൽ പ്രധാനമായും ജോലി ചെയ്തത്. പ്രഫുൽ കുമാർ, പാർഥാ മഹന്താ, സിദ്ധാർഥ് ഗീത് എന്നിവരാണ് എനിക്കൊപ്പമുണ്ടായിരുന്നത്. 2ഡി– 3ഡി അനിമേഷൻ ഇടകലർത്തിയാണ് സിനിമ ചെയ്തിരിക്കുന്നത്. ഒരു വർഷമെടുത്തു മുഴുവനാക്കാൻ. സൗണ്ട് ചെയ്തത് ട്രോയ് വസന്ത് ആണ്. ഞങ്ങളുടെ സീനിയറായിരുന്നു കക്ഷി, അദ്ദേഹത്തെ ഇതിനു വേണ്ടി ഹയർ ചെയ്യുകയായിരുന്നു. ശബ്ദത്തെ കുറിച്ചും വളരെയധികം ഫീഡ്ബാക്സ് കിട്ടുന്നുണ്ട്. ഇതിനോടകം പല ഫെസ്റ്റിവൽസിനും ആയച്ചിട്ടുണ്ട്. ഇനിയും അനിമേഷന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയുള്ള പുതിയ പരീക്ഷണങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.