Thursday 28 January 2021 11:44 AM IST : By സ്വന്തം ലേഖകൻ

ലേഹ്യം വാങ്ങി കുടിക്ക്, പെങ്കൊച്ചുങ്ങൾക്ക് ഇത്തിരി കവിളും തടിയുമൊക്കെ വേണം: പെണ്ണുങ്ങളുടെ വണ്ണം അളക്കുന്നവരോട്: കുറിപ്പ്

rani-fb-bodyshame

സ്വന്തം ആരോഗ്യത്തേക്കാൾ മറ്റുള്ളവരുടെ ആകാരവടിവിൽ കണ്ണുംനട്ടിരിക്കുന്ന ഒരുകൂട്ടമുണ്ട്. തടികൂടിയാലും മെലിഞ്ഞിരുന്നാലും ബോഡിഷെയ്മിങ്ങിൽ ചാലിച്ച ഉപദേശങ്ങളുമായി അവർ രംഗപ്രവേശം ചെയ്യും. അരോചകമാകമാകുന്ന അത്തരം ഉപദേശങ്ങളെ കാറ്റിൽപ്പറത്തി ബോഡി ഷെയ്മിങ്ങുകാർക്ക് മറുപടി നൽകുകയാണ് സാമൂഹ്യപ്രവർത്തക കൂടിയായ റാണിനൗഷാദ്.  ഒരു പെൺകുട്ടിയുടെ ബോഡി മാസ്സ് ഇൻഡക്സ് എത്രയായാൽ ഈ ഉപദേശകർക്കെന്താ എന്ന ആമുഖത്തോടെയാണ് റാണിയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

അല്ല എനിക്കറിയാൻ മേലാത്തോണ്ട് ചോദിയ്ക്കുവാ..???
നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ആരോഗ്യത്തിലും, സൗന്ദര്യത്തിലും,
ആകാര വടിവിലുമൊക്കെ ഇങ്ങനെ വ്യാകുലപ്പെടുന്നത്...!
അല്ലെങ്കിൽ നിങ്ങൾ തന്നെ പറയൂ ഒരു പെൺകുട്ടിയുടെ ബോഡി മാസ്സ് ഇൻഡക്സ് എത്ര വരെ ആയാൽ,,
നിങ്ങൾ അവളെ കുറ്റം പറയാതെ വാവ് ബ്യൂട്ടിഫുൾ എന്നു പറയും..??
മെലിഞ്ഞിരുന്നാൽ പറയും, അയ്യോ ഇവൾക്കിതെന്തു പറ്റി...
ഒന്നും കഴിയ്ക്കില്ലേ...??

എന്തൊരു കോലമാ ഇത്...
ഇനി എന്തെങ്കിലും രോഗമാണോ...??
വല്ല ലേഹ്യോം വാങ്ങി കൊടുക്ക്... പെങ്കൊച്ചുങ്ങളായാൽ ഇത്തിരി കവിളും ചന്തിയുമൊക്കെ വേണം.. ഇതൊരുമാതിരി,ആകെ ഉണങ്ങി കറുത്ത് വൃത്തീം കോലോം തിരിഞ്ഞ്, തിന്നാനും കുടിയ്ക്കാനും ഇല്ലാത്ത വീട്ടിലെ കൊച്ചുങ്ങളെപ്പോലെ...
ഇനിയെങ്ങാനും വണ്ണം കൂടി ഇരുന്നാലോ..??
അയ്യോ കണ്ടിട്ട് പേടിയാവുന്നു...
ഇത് മൂന്നാല് പലകയ്ക്ക് അറുക്കാനുണ്ടല്ലോ...!!
ഇത്രയും തടി ഭയങ്കര ബോറാണ്. ചോറ് ഒക്കെ ഒന്ന് കുറച്ച്, ഇറച്ചിയൊന്നും കഴിയ്ക്കാതെ, രാത്രി ചപ്പാത്തി ആക്കി, രാവിലെ നടക്കാനും പോയാൽ ചിലപ്പോൾ കുറഞ്ഞേക്കും...
എന്നാലും ഉറപ്പില്ല...
ഇനി ഒന്നു പ്രസവിക്ക കൂടി ചെയ്താൽ തീർന്നു...
ഇതിന്റെ രണ്ടിരട്ടി വീണ്ടും
കൂടും..
അല്ലയോ മനുഷ്യരേ!!!

നിങ്ങൾ ഇത് പറയുമ്പോൾ, കേൾക്കുന്നവരുടെ മാനസികാവസ്ഥ എന്തായിരിയ്ക്കും എന്ന് ഒരിയ്ക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ...??
നിങ്ങൾ പറയുന്ന ഈ ബോഡി ഷെയ്മിംഗ് നിമിത്തം പാവങ്ങൾ,,
അവർക്ക് അവരോട് തന്നെയുള്ള വിശ്വാസം പൂർണ്ണമായും നഷ്ടമാക്കിക്കൊണ്ട് ഉൾവലിഞ്ഞു പോകുന്നു...
എനിക്ക്,ഇപ്പോൾ വീട്ടിൽ രണ്ടു പെൺകുട്ടികളാണ്. ഒരാൾക്ക് ഇരുപത്തി ഒന്നും,,,
അടുത്തയാൾക്ക് ഇരുപത്തി മൂന്നും...
ഇരുപത്തി മൂന്നുകാരി വീട്ടിലേയ്ക്ക് വന്നിട്ട് കൃത്യം ഒന്നരമാസമേആയിട്ടുള്ളു...(മകന്റെ ജീവിതസഖി)
എന്നാൽ ഇരുപത്തി ഒന്നുകാരി ജനിച്ചപ്പോൾ മുതൽ വീട്ടിൽ തന്നെയാണ്...
അവൾ എത്ര കഴിച്ചാലും മെലിഞ്ഞിട്ടാണ്...

പത്താം ക്‌ളാസിൽ പഠിയ്ക്കുന്ന കാലത്ത് എല്ലാരും അവളോട് ചോദിയ്ക്കും പഠിക്കുന്നത്, അഞ്ചിലോ ആറിലോ വല്ലതും ആണോ എന്ന്...
വീട്ടിൽ വരുന്ന ബന്ധുക്കൾക്കെല്ലാം ഈ കുട്ടി എന്താ ഇങ്ങനെ എന്നല്ലാതെ മറ്റൊന്നും ചോദിയ്ക്കാനില്ലാത്ത പോലെയും
ഇരുപതു വയസിൽ അവളുടെ വെയിറ്റ് വെറും മുപ്പത്തി രണ്ടു കിലോ ആയിരുന്നു...
പക്ഷേ എന്തുകൊണ്ടോ എനിക്കവൾ മെലിഞ്ഞിരിയ്ക്കുന്നു എന്നതിൽ ഒരു വിഷമവും തോന്നിയിട്ടില്ല...
കാരണം നിങ്ങൾ അവളോട് കുശലം ചോദിച്ചു പോയിക്കഴിയുമ്പോൾ ഞാൻ എന്റെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് മെലിഞ്ഞിരുന്നാൽ കിട്ടുന്ന നേട്ടങ്ങളെ ക്കുറിച്ച് സംസാരിച്ച് അവളുടെ തല ഒന്നു നിവർത്തി നിർത്തിയ്ക്കാൻ കഷ്ടപ്പെടുകയായിരിയ്ക്കും...
സ്വയം തരം താഴ്ന്നു പോകുന്ന poor old me syndrome എന്ന എന്നെ ഒന്നിനും കൊള്ളില്ല എന്ന അവസ്ഥ മാറാൻ എന്റെ കുട്ടി ഇട്ട അദ്ധ്വാനം ചെറുതൊന്നുമായിരുന്നില്ല...
കുറച്ചു നാളുകൾക്കു ശേഷം കണ്ടു മുട്ടുന്ന ഒരാളോട് നിങ്ങൾക്ക് ചോദിയ്ക്കാൻ വേറെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട് എന്നിരിയ്ക്കെ,,,
കണ്ടമാത്രയിൽ നീ ഇതെന്തൊരു കോലമാണ്,,

ആകെ കറുത്ത് മെലിഞ്ഞു വല്ലാണ്ടായിപ്പോയല്ലോ എന്നൊക്കെ ചോദിയ്ക്കാതിരിക്കുന്നതും ഒരു സംസ്കാരമാണ്...
തീർച്ചയായും ഇതൊരു ശ്രമമാണ്...
മുന്നിൽ വരുന്ന ആളോട് സുഖമാണോ, സന്തോഷം തന്നെയല്ലേ,,
എന്നു ചോദിയ്ക്കാനും...

അതിനു മറുപടിയായി അയാൾ,,
അതെ സുഖമായും സന്തോഷമായും ഇരിയ്ക്കുന്നു എന്നു പറയാനുള്ള,,,
മര്യാദയുടെ കാണാപ്പാഠങ്ങൾ ഉൾക്കൊള്ളാനും,
അത്തരം ഒരു സംസ്കാരത്തെ പിന്തുടരാനുമുള്ള ശ്രമം...

~റാണി