Saturday 11 July 2020 12:21 PM IST : By സ്വന്തം ലേഖകൻ

ജപ്തി നടപടി ഒഴിവാക്കിയില്ലെങ്കിൽ കിടപ്പിലായ അമ്മയെയും കൊണ്ട് തെരുവിലിറങ്ങണം; ദുരിതക്കടലില്‍ രതീഷ് കുമാര്‍!

ernakulam-family-in-misery

എന്തൊക്കെ സംഭവിച്ചാലും തളർന്നു കിടക്കുന്ന അമ്മ ദാക്ഷായണിയെ അനാഥാലയത്തിലാക്കില്ലെന്ന നിർബന്ധമുണ്ട് രതീഷ്കുമാറിന്. മാതാപിതാക്കൾ അധികപ്പറ്റായി മാറുന്ന ഇക്കാലത്ത് ഇടിഞ്ഞു വീഴാറായ വീട്ടിലെ അർധ പട്ടിണിയിലും 73 വയസ്സുകാരിയായ അമ്മയെ സംരക്ഷിക്കുന്ന ഈ മകൻ മാതൃകയാണ്. കുമ്പളം നോർത്ത് തറമശേരി റോഡ് റെയിൽവേ പാളത്തിനോടു ചേരുന്ന ഭാഗത്താണു മഴയിൽ ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ ഈ അമ്മയും മകനും കഴിയുന്നത്. ഈ വീടും കൈവിട്ടു പോകുന്ന സ്ഥിതിയാണ്.

1996 ൽ പിതാവ് ആന്റണി ആധാരം പണയം വച്ചു മത്സ്യബന്ധന ആവശ്യത്തിന് ഒരു ലക്ഷം രൂപ പനങ്ങാട് സർവീസ് സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്തു. അന്നു രതീഷിന് 13 വയസ്സ്. കായലിൽ മീൻ കുറവായതോടെ തിരിച്ചടവ് മുടങ്ങി. 10 വർഷം മുൻപു പിതാവ് മരിച്ചതോടെ കുടുംബ ഭാരം രതീഷിന്റെ ചുമലിലായി. ഒരു ലക്ഷം രൂപ വായ്പ ഇപ്പോൾ പലിശയടക്കം 3 ലക്ഷമായി.  24 മണിക്കൂറും അമ്മയെ ശുശ്രൂഷിക്കുന്ന രതീഷിന് ഇതു വലിയ സംഖ്യ തന്നെയാണ്. 8 വർഷം മുൻപാണ് അമ്മ ദാക്ഷായണി ശരീരം തളർന്നു കിടപ്പിലായത്.

അര സെന്റ് റോഡിനായി വിട്ടു കൊടുത്തതിനു ശേഷമുള്ള 3 സെന്റിലാണു വീട്. സാമ്പത്തിക ബുദ്ധിമുട്ടും അറിവില്ലായ്മയും കൊണ്ടു പിതാവ് ആധാരം പോക്കുവരവ് നടത്താതിരുന്നതിനെപ്പറ്റി ജപ്തി നടപടിയുമായി ബന്ധപ്പെട്ടു ബാങ്കിൽ എത്തിയപ്പോഴാണ് അറിയുന്നത്. കുമ്പളം പഞ്ചായത്തിൽ വീടിന് അർഹരായിരുന്നിട്ടും ആധാരം ബാങ്കിൽ ആയതും പോക്കുവരവ് നടത്താത്തതും വിലങ്ങുതടിയായി. സ്ഥലമുണ്ടായിട്ടും ശുചിമുറി ആനുകൂല്യം കിട്ടിയില്ല. വാട്ടർ കണക്‌ഷൻ അപേക്ഷയും റദ്ദായി.

മൂന്നു ലക്ഷം രൂപ നൽകി ജപ്തി നടപടി ഒഴിവാക്കിയില്ലെങ്കിൽ തെരുവിൽ ഇറങ്ങേണ്ട ഗതികേടിലാണിവർ. ദാക്ഷായണിയുടെ സഹോദരി ബേബിയുടെ സഹായത്തോടെയാണിപ്പോൾ വീട്ടു ചെലവു നടത്തുന്നത്. പാലിയേറ്റീവ് കെയറും സന്നദ്ധ സംഘട‌നകളും സഹായിക്കാറുണ്ട്. മുൻഗണനാ വിഭാഗത്തിൽ റേഷൻ കാർഡ് ഉള്ളതും ആശ്വാസം. ആധാരം തിരിച്ചെടുക്കണം. അ‌‌‌ടച്ചുറപ്പുള്ള വീടു വേണം, അമ്മയെ നന്നായി ശുശ്രൂഷിക്കണം ഇതാണ് രതീഷിന്റെ ആഗ്രഹം.

"ഒറ്റത്തവണ തീർപ്പാക്കൽ സമയത്ത് സർക്കാർ നിർദേശിക്കുകയാണെങ്കിൽ പ്രത്യേക പരിഗണന നൽകി ഇവരുടെ പലിശയിൽ ഇളവ് നൽകാനാകും. വായ്പ എഴുതി തള്ളാൻ നിയമം അനുവദിക്കുന്നില്ല." -കെ.എം. ദേവദാസ്, പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പറയുന്നു. 

Tags:
  • Spotlight