Wednesday 24 June 2020 04:11 PM IST

വാക്കുതർക്കത്തിൽ ഏർപ്പെട്ടു, പിന്നാലെ നെഞ്ചുവേദനയും ജന്നിയും; കൺമുന്നിൽ ജീവന്‍ പിടഞ്ഞ നിമിഷം

Sruthy Sreekumar

Sub Editor, Manorama Arogyam

nurse-life

ജീവൻ രക്ഷിക്കുക എന്നത് നഴ്സുമാർക്ക് അവരുടെ ചുമതലയാണ്. ആത്മാർത്ഥമായി തന്നെ അവർ അതു നിർവഹിക്കുന്നുമുണ്ട്. മാർച്ച് നാലാം തീയതി തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കെ എസ് ആർ ടി സി യുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വീട്ടിൽ എത്താനാകാതെ ബസ് സ്റ്റോപ്പിൽ കുടുങ്ങി പോവുകയും തുടർന്ന് ഹൃദയാഘാതം വന്ന് കടകംപള്ളി സ്വദേശിയായ 64കാരൻ സുരേന്ദ്രൻ മരിക്കുകയും ചെയ്ത സംഭവം വാർത്തയായിരുന്നു. സുരേന്ദ്രന് ഹൃദയാഘാതം വന്നപ്പോൾ ഉടൻ തന്നെ സിപിആർ കൊടുക്കാൻ ഒരു യുവതി മുന്നോട്ട് വന്നു. സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആ സംഭവത്തിനു ശേഷം എല്ലാവരും തിരഞ്ഞത് സിപിആർ നൽകിയ യുവതിയെയാണ്. തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിലെ സീനിയർ സ്റ്റാഫ് നഴ്സായ രഞ്ജു ആയിരുന്നു അത്. .

അപ്രതീക്ഷിത സമരം

മാർച്ച് നാല്. ഭർത്താവിന് ഫിസിയോതെറപ്പി കഴിഞ്ഞ് നെട്ടയത്തുള്ള വീട്ടിലേക്ക് പോകാനായി കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു. അവിടെ എത്തിയപ്പോഴാണ് കെഎസ്ആർ ടിസി മിന്നൽ പണിമുടക്ക് ആണെന്ന് അറിയുന്നത്. അവിടെ ആകെ ആൾക്കൂട്ടം. ഞങ്ങൾ സ്റ്റാൻഡിനുള്ളിൽ കൂടി നടക്കുമ്പോഴാണ് പെട്ടെന്നു ഒരാൾ തറയിൽ വീഴുന്നത്. അയാൾ തനിയെ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്. ഇതു ഞാൻ ഭർത്താവിനു കാണിച്ചു കൊടുത്തു. മദ്യപിച്ചിട്ടുണ്ടോ എന്ന് ആദ്യം സംശയിച്ചു. പക്ഷേ അയാൾ തനിയെ എഴുന്നേറ്റ് കസേരയിൽ ഇരുന്നു. എന്നിട്ട് പോക്കറ്റിൽ കൈ ഇട്ട് എന്തോ തിരയുന്നുമുണ്ട്. ഇൻഹേലർ ആണോ എന്ന് നോക്കി. അതല്ല. അപ്പോഴെക്കും എനിക്ക് മനസ്സിലായി ഇതു മദ്യപിച്ചിട്ട് വീണതല്ല എന്ന്. ഷുഗർ കുറഞ്ഞിട്ടാണോ എന്നു സംശയിച്ച് ചിലർ അടുത്തുള്ള കടയിൽ നിന്ന് ജ്യൂസ് വാങ്ങി കൊടുത്തു. അതു കുടിച്ചോണ്ടിരിക്കെ തന്നെ ജന്നി പോലെ വന്നു. അതു കണ്ടപ്പോൾ തന്നെ ഹൃദയാഘാതമാണെന്ന് മനസ്സിലായി. പെട്ടെന്ന് തന്നെ അദ്ദേഹത്തെ അവിടെയുള്ളവരുടെ സഹായത്തോടെ തറയിൽ കിടത്തി. ചെസ്റ്റ് കംപ്രഷൻ കൊടുക്കാൻ തുടങ്ങി. പെട്ടെന്നു തന്നെ ആംബുലൻസ് എത്തി . അദ്ദേഹത്തെ അതിലേക്കു മാറ്റി. ആംബുലൻസ് പോയിക്കഴിഞ്ഞപ്പോൾ തന്നെ വീട്ടിലേക്കുള്ള പ്രൈവറ്റ് ബസ് വന്നു. ഞാനും ഭർത്താവും അതിൽ കയറി തിരി ച്ചു. ഞാൻ സിപിആർ കൊടുക്കു മ്പോൾ ചാനലുകാരൊക്കെ അവിടെ ഉണ്ടായിരുന്നു. വീട്ടിൽ എത്തി ഉടൻ ടിവിയിൽ ന്യൂസ് കണ്ടു. അപ്പോഴാണ് അദ്ദേഹം മരിച്ച വിവരം അറിയുന്നത്. ഭയങ്കര വിഷമമായി. രക്ഷപ്പെടുമെന്നാണ് കരുതിയത്.

nurse-1
രഞ്ജു, ഭർത്താവ് വിനു, മക്കളായ ആഗ്േനയ്, അക്ഷിത

വാർത്തയാകുന്നു...

രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭാര്യയെയും മക്കളെയും കണ്ടു. അപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിയുന്നത്. അദ്ദേഹം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന വ്യക്തിയായിരുന്നു. മരുന്നും ഭക്ഷണവുമെല്ലാം കൃത്യസമയത്ത് കഴിക്കുമായിരുന്നു. അന്നേ ദിവസം അദ്ദേഹവും ഭാര്യയും കൂടിയാണ് നഗരത്തിൽ വന്നത്. ഭാര്യ നേര ത്തെ തിരിച്ചു പോയപ്പോൾ മരുന്നു വാങ്ങാനാണ് അദ്ദേഹം നഗരത്തിൽ തങ്ങിയത്. പണിമുടക്ക് നടത്തുന്ന ആൾക്കാരുമായി അദ്ദേഹം വാക്കുതർക്കത്തിലും ഏർപ്പെട്ടുവത്രേ. അതിന്റെയെല്ലാം സമ്മർദം കൊണ്ടാവാം ഹൃദയാഘാതം ഉണ്ടായത്.

സംഭവം നടന്ന അന്ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് പോയി. രാത്രി തന്നെ ഹോസ്പിറ്റലിലെ ജി എം വിളിച്ചു. ഞാൻ സിപിആർ കൊടുത്തു കഴിഞ്ഞ് നിൽക്കുമ്പോൾ ഞാൻ ആരാണ് എന്ന് ചിലർ ചോദിച്ചിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണെന്ന് പറഞ്ഞിരുന്നു. അതു മീഡിയക്കാർ അറിഞ്ഞിരുന്നു. അവർ എന്റെ പടമെടുത്ത് നഗരത്തിലെ സ്വകാര്യ ആശുപത്രികളിലേക്ക് അയച്ചിരുന്നു. ആരാണെന്ന് അറിയാൻ. അതു കണ്ടിട്ടാണ് ജി എം എന്നെ വിളിച്ചത്. രാത്രി ഒക്കെ ഫോണിലേക്ക് ഒരുപാട് വിളികൾ വന്നു. അടുത്ത ദിവസം രാവിലെ പത്രത്തിലും വാർത്ത വന്നു. ആശുപതി അധികൃതരും ഡോക്ടർമാരും സഹപ്രവർത്തകരും അഭിനന്ദിച്ചു. ഗവർണർ കാണണമെന്ന് അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നേരിൽ പോയി കണ്ടു. പക്ഷേ ഇതെല്ലാം ആണെങ്കിലും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഒരിക്കലും പോകില്ല. മകളുടെ പ്രായമുള്ള ഒരു കുട്ടി ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചല്ലോ, അതു തന്നെ വലിയ കാര്യമാണ് എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ എന്നോടു പറഞ്ഞത്.

ഇതു പോലെ മറ്റൊരു അനുഭവവും ഉണ്ടാ യിട്ടുണ്ട്. 15 വർഷം മുൻപാണ്. ആറ്റുകാൽ അമ്പലത്തിൽ തൊഴുതു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മുറ്റത്ത് ഒരാൾക്കൂട്ടം. നല്ല പ്രായമുള്ള ഒരു ആൾ വീണു കിടക്കുന്നു. എല്ലാവരും ചുറ്റും കൂടി നിൽപ്പുണ്ട്. പെട്ടെന്ന് ഞാൻ ചെന്ന് സി പിആർ കൊടുത്തു. പിന്നെ അവിടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലാക്കി.

ഞാൻ വർഷങ്ങളായി ഐസിയുവിൽ തന്നെയാണ് ഡ്യൂട്ടി നോക്കുന്നത്. ഒരുപാട് പേരുെട ജീവൻ രക്ഷിക്കുന്നതിൽ പങ്കാളിയായിട്ടുണ്ട്. എന്നെ കുറിച്ചുള്ള വാർത്തകൾ വന്നപ്പോൾ അതു കുറച്ചു പേർക്കെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രചോദനമാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു...