Thursday 23 April 2020 04:02 PM IST : By Shyama

വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് മുറിവിന്റെയും പൊള്ളലിന്റെയും പാടുകൾ മാറ്റാം; നാട്ടുവൈദ്യം ഇതാ...

shyama-scar

ലോക്ക്ഡൗൺ കാലമാണ്, ഇഷ്ടം പോലെ സമയമുണ്ട് അത്‌ നല്ല രീതിയിൽ തന്നെ ഉപയോഗിക്കാം എന്ന് കരുതി ധാരാളം പേർ കൃഷിയും പാചക പരീക്ഷണങ്ങളും ഒക്കെ ചെയ്യുന്നുണ്ട്. നല്ല കാര്യം... എന്നാൽ മുൻപ് ചെയ്ത് ശീലമുള്ളവരേക്കാൾ പുതിതായി ചെയ്യുന്നവർക്ക് മുറിവുകളും പൊള്ളലുകളും ചതവുകളും കൂടാൻ സാധ്യതയുണ്ട്. അതിനൊക്കെ വീട്ടിൽ ചെയ്യാവുന്ന ചില പരിഹാരങ്ങളാണ് താഴെ പറയുന്നത്.

* ചെറിയ മുറിവുകൾ വന്നാൽ ഉടൻ തന്നെ തണുത്ത വെള്ളത്തിൽ അത്‌ കഴുകി അഴുക്കും രക്തവും കളഞ്ഞ ശേഷം വൃത്തിയുള്ള തുണികൊണ്ട് നന്നായി വെള്ളം ഒപ്പി കളയുക. വീണ്ടും ഒരു ഉണങ്ങിയ തുണി കൊണ്ട് തുടച്ച ശേഷം മുറിവിൽ മഞ്ഞൾ പൊടിയോ ചെറുതേനോ വെളുത്തുള്ളി ചതച്ചതോ വെച്ച് കെട്ടാം. ഇവയൊക്കെ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ളവയാണ്.

* തൊട്ടാവാടിയുടെ നാമ്പ് ചതച്ചിടുന്നതും മുറിവ് കരിയാൻ നല്ലതാണ്.

* തേക്കിന്റെ കൂമ്പിലയും ഉള്ളിയും കടുകും(സമാസമം) കൂടി ചതച്ചത് ചേർത്ത് വെളിച്ചെണ്ണയിൽ കാച്ചി വെക്കാം. 50 മില്ലി ഒക്കെ ഉണ്ടാക്കി വെച്ചാൽ മതിയാകും. എണ്ണ കനച്ച മണം വന്നാൽ പിന്നെ ഉപയോഗിക്കാൻ പറ്റില്ല എന്നോർക്കണം. ഈ എണ്ണ ചെറു മുറിവുകളിൽ തേക്കുന്നത് നല്ലതാണ്.

* മുറികൂടി/മുറിക്കൂട്ടി എന്ന പച്ചില അരച്ച് മുറിവിലിടുന്നതും നല്ലതാണ്. മുറിവുകൾ വേഗം ഉണങ്ങാൻ ഇത് സഹായിക്കും.

*കറ്റാർവാഴയുടെ ജെൽ മുറിവിന്റെ പാടുകളിൽ ഇടയ്ക്കിടക്ക് പുരട്ടി കൊടുക്കുന്നത് നല്ലതാണ്. പാടുകൾ എളുപ്പം മാറി ചർമം പഴയപടിയാകും.

* ലാക്ടോകലാമൈൻ ലോഷൻ കറ്റാർവാഴ ജെൽ എന്നിവ തുല്യമായി ചേർത്ത് പുരട്ടുന്നതും ചെറിയ മുറിവ് കൊണ്ടുണ്ടായ പാടുകൾ മാറാൻ നല്ലതാണ്.

* ചെറിയ പൊള്ളലുണ്ടായാൽ പേസ്റ്റ് ഇടുക എന്ന രീതി അത്ര നല്ലതല്ല. പേസ്റ്റിൽ എന്തൊക്ക രാസപദാർത്ഥങ്ങൾ ഉണ്ടെന്ന് നമുക്കറിയില്ല അത്‌ പൊള്ളലിനോട്‌ എങ്ങനെ പ്രവർത്തിക്കും എന്നും പറയാൻ പറ്റില്ല. ചെറിയ പൊള്ളലുണ്ടായാൽ ഉടൻ ചെറുതേൻ പുരട്ടുക.

* പൊള്ളിയാൽ അതികം താമസിക്കാതെ അതിൽ തൈരും മഞ്ഞളും ചേർത്ത മിശ്രിതം ഇടയ്ക്കിടെ ഇടുക. പൊള്ളിയ പാട് എളുപ്പത്തിൽ മാറും.

* ചൊറിയാൻ പുഴു ദേഹത്ത് കേറി തടിച്ചു പൊങ്ങുന്നത് കുറയ്ക്കാൻ വാളൻപുളിയും ഉപ്പും (പുളിയുടെ പകുതി ഉപ്പ് എന്ന തോതിൽ) കട്ടിയായി കുഴമ്പ് രൂപത്തിൽ അരച്ചിടാം.

* ചതവ് പറ്റിയാൽ ഉടനെ ഐസ് ക്യൂബ്സ് വെച്ച് കൊടുക്കാം.

* മുട്ടയുടെ വെള്ളയും ചെന്നിനായകവും ചേർത്തരച്ച് ചതവ് പറ്റിയ സ്ഥലത്ത് ഇടുന്നതും വളരെ നല്ലതാണ്.

* വാളൻപുളിയുടെ ഇല അരച്ച് ചതവിന് മുകളിൽ ഇടുന്നതും ഗുണം ചെയ്യും.

കടപ്പാട്: ഡെന്നിസ് ബാബു,

എക്സൽ ബ്യൂട്ടിപാർലർ, തൃപ്പൂണിത്തുറ.

Tags:
  • Spotlight