Thursday 15 July 2021 04:52 PM IST

ശരീര ഭാഗങ്ങൾ കാണിച്ച് ‘ഷെയിം ഷെയിം’ എന്ന് മക്കളോട് പറയേണ്ട: അവരെ പഠിപ്പിക്കേണ്ടത് സ്വകാര്യത

Shyama

Sub Editor

sex-edu

ഞാനെങ്ങനെയുണ്ടായി എന്നു മകനോ മകളോ ചോദിച്ചാൽ വിളറിപ്പോകുന്ന മാതാപിതാക്കളുടെ കാലം ഏതാണ്ട് അവസാനിച്ച മട്ടാണ്. മുതിര്‍ന്നു വിവാഹം കഴിഞ്ഞ്, ഭാര്യയും ഭര്‍ത്താവും ഇണ േചരുന്നതിലൂെടയാണ് അടുത്ത തലമുറയുണ്ടാകുന്നതെന്നും ഇതു വളരെ സ്വാഭാവികമായ കാര്യമാണെന്നും നീയുണ്ടായതും അതുപോലെ തന്നെയാണെന്നും കാര്യഗൗരവത്തോടു കൂടി പറഞ്ഞു കൊടുക്കുന്നവരാണ് പുതുതലമുറയിലെ മിക്ക മാതാപിതാക്കളും.

എന്നിരുന്നാലും കുട്ടികൾക്ക് സെക്സ് എജ്യൂക്കേഷൻ അഥവാ ലൈംഗിക വിദ്യാഭ്യാസം നൽകുമ്പോൾ മാതാപിതാക്കൾ വരുത്തുന്ന ചില തെറ്റുകൾ ഉണ്ട്. അറിഞ്ഞും അറിയാതെയും സംഭവിക്കുന്നത്. അത്തരം തെറ്റുകൾ തിരിച്ചറിഞ്ഞ് അവ കൂടി തിരുത്തി നമുക്കു മുന്നോട്ടു പോകാം.

കൺസെന്റ് എജ്യൂക്കേഷൻ കൃത്യമായി ചെയ്യുക

ലൈംഗിക വിദ്യാഭ്യാസത്തിലെ പ്രധാന വിഭാഗം തന്നെയാണ് കൺസെന്റ് എജ്യൂക്കേഷൻ. അതിൽ നമ്മൾ കുട്ടിയോട് പറയുന്നത് ‘നീയാ ണ് നിന്റെ ശരീരത്തിന്റെ ഉടമ. അതുകൊണ്ട് ത ന്നെ മോശമായ സ്പർശമോ പെരുമാറ്റമോ ഉണ്ടായാൽ ‘നോ’ പറയാൻ നീ ഭയക്കേണ്ടതില്ല’ എന്നാണ്.

എന്നാൽ ആറു മാസത്തിൽ കുഞ്ഞിന് ചോറു കൊടുക്കുന്നതു മുതൽ ഈ കൺസെന്റ് എജ്യൂക്കേഷൻ ആരംഭിക്കുന്നു എന്ന് പലരും മറക്കുന്നു. കുട്ടി കഴിച്ചു കഴിഞ്ഞ് വേണ്ട/മതി എന്നൊക്കെ പറയുമ്പോൾ നമ്മള്‍ അതിനെ ബ ഹുമാനിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. കുട്ടി ‘മതി’ എന്നു പറഞ്ഞിട്ടും പേടിപ്പിച്ച് കഴിപ്പിക്കുകയോ മറ്റു കാര്യങ്ങൾ കാണിച്ച് പറ്റിച്ച് കഴിപ്പിക്കുകയോ ഒക്കെ ചെയ്യുമ്പോൾ കുട്ടികളെ മാനിപ്പുലേറ്റഡ് ആക്കുന്നതും നമ്മൾ തന്നെ പഠിപ്പിക്കുന്നു. കുട്ടിയുടെ ‘നോ’ മാതാപിതാക്കൾ ബഹുമാനിക്കുന്നില്ലെങ്കിൽ. ‘എന്റെ എതിർപ്പിന് ഒരു വിലയുമില്ല’ എന്ന് കുട്ടി വിചാരിക്കും. ഇത്തരം കാര്യങ്ങൾ മാതാപിതാക്കളും ശ്രദ്ധിക്കണം.

എത്ര കഴിച്ചു, വയർ നിറഞ്ഞോ എന്നതൊക്കെ കുട്ടിയുടെ ശരീരം കുട്ടിയോട് പറയുന്ന കാര്യങ്ങളാണ്. നമ്മൾ അത് മനസ്സിലാക്കുന്നതിനു പകരം ‘ഹേയ്, ഈ പ്രായത്തി ൽ ഇത്രയൊന്നും കഴിച്ചാൽ പോരാ. കുറച്ചൂടെ കഴിക്കാൻ പറ്റും എന്ന് സ്നേഹത്തോടെ പറഞ്ഞാലും ദേഷ്യത്തോടെ പറഞ്ഞാലും അത് കുട്ടിയുടെ നോ’യ്ക്ക് എതിരാണ്.

കുട്ടിയുടെ വിശപ്പ് കൂടി പരിഗണിച്ച് വേണം ഭക്ഷണം കൊടുക്കാൻ. അല്ലാതെ മാതാപിതാക്കൾ നിശ്ചയിക്കുന്ന അളവുകൾ പ്രകാരമല്ല. ഭക്ഷണക്കാര്യത്തിൽ ആയാൽ പോലും കുട്ടിയുടെ ‘നോ’ നിങ്ങൾ ബഹുമാനിക്കുക, അപ്പോൾ മാത്രമേ നിങ്ങളുടെ ‘നോ’ കുട്ടിയും ബഹുമാനിക്കൂ. പല മുതിർന്നവരും അപകടകരമായ അവസ്ഥകളിൽ പോലും ‘നോ’ പറയാൻ പറ്റാതെ കുഴങ്ങുന്നതിന് കാരണം ചെറുപ്പത്തിൽ നേരിട്ട സാഹചര്യങ്ങളാകാം.

അഞ്ച്–ആറ് വയസ്സിലാണ് സെക്സ് എജ്യൂക്കേഷൻ തുടങ്ങേണ്ടത് എന്നു വിചാരിക്കുന്നവർ ഓർക്കുക, ഇക്കാലയളവിനുള്ളിൽ തന്നെ കുട്ടി നമ്മളിൽ നിന്നും ചുറ്റുപാടിൽ നിന്നുമൊക്കെ പല കാര്യങ്ങളും പഠിച്ചെടുക്കുന്നുണ്ട്.

ഇമോഷൻസ് അടക്കി വയ്ക്കാൻ പഠിപ്പിക്കരുത്

ഏഴുവയസ്സു വരെ കുട്ടിയുടെ വളർച്ചാ കാലഘട്ടത്തിലെ നിർണായക കാലഘട്ടമാണ്. തലച്ചോറിന്റെ വൈകാരിക കേന്ദ്രമായ ലിംബിക് സിസ്റ്റം രൂപപ്പെടുന്ന സമയം. ഈ കാലഘട്ടത്തിൽ കുട്ടികൾ ധാരാളം വൈകാരിക പ്രകടനങ്ങളും വാശികളും ആവശ്യമില്ലാത്ത കരച്ചിലും (അവർക്ക് ആവശ്യ മാണ് താനും) ഒക്കെ കാണിക്കാറുണ്ട്.

പല മാതാപിതാക്കളും കുട്ടി കരയുന്നതിനോട് പൊരുത്തപ്പെടാൻ പറ്റാത്തവരാണ്. മിക്കവാറും തന്നെ ആളുകൾ ‘മിണ്ടാതിരിക്ക്, കരയാതിരിക്ക്, ആയ്യോ കരയാൻ പാടില്ല’ എന്നൊക്കെ പറഞ്ഞ് കരച്ചിൽ അടക്കി വയ്ക്കാനാണ് പഠിപ്പിക്കുന്നത്. കരച്ചിൽ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. എന്നാലേ മുതിരുമ്പോൾ വികാരങ്ങൾ വേണ്ടവിധത്തിൽ പ്രകടിപ്പിക്കാൻ അവർക്ക് കഴിയൂ. ഇമോഷൻസും സെക്സ് എജ്യൂക്കേഷനിൽ ഉൾപ്പെടുന്നു എന്നു പോലും പലരും മനസ്സിലാക്കാറില്ല.

ശരീരത്തെ അപമാനിക്കരുത്

ശരീരത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരങ്ങൾ വീട്ടിൽ ഉണ്ടാകാതിരിക്കാൻ നോക്കുക. ശരീര ഭാഗങ്ങൾ കാണിച്ച് ‘ഷെയിം ഷെയിം’ എന്നൊന്നും പ റയാതിരിക്കുക. ശരീരത്തെ ഒരിക്കലും മോശമായി ചിത്രീകരിക്കരുത്.

നഗ്നത തെറ്റല്ലെന്നും എന്നാൽ എവിടെയൊക്കെ നഗ്നതയാകാം, എവിടെ ആകരുത് എന്നുമാണ് പഠിപ്പിച്ചുകൊടുക്കേണ്ടത്. സ്വകാര്യത, സ്വകാര്യ ഇടങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. കുളിമുറിയും കിടപ്പറയുമാണ് സ്വകാര്യ ഇടങ്ങൾ എന്നൊക്കെ കുട്ടിയോട് പറയാം.

ഇതൊന്നും പറയാത്ത കുട്ടി ലിവിങ് റൂമിലും തുണിയുടുക്കാതെ വന്നേക്കാം. അപ്പോൾ പോലും കളിയാക്കരുത്. പകരം കാര്യങ്ങൾ മനസ്സിലാക്കുക. മറിച്ച് നിങ്ങൾ ശരീരത്തിൽ നോക്കി പരിഹസിച്ചാൽ കുട്ടി സ്വന്തം ശരീരത്തോട് മതിപ്പില്ലാത്ത അവസ്ഥയിലെത്തിയേക്കാം.

വളർന്നു കഴിഞ്ഞ് സ്വന്തം പങ്കാളിക്ക് മുന്നിൽ പോലും അപകർഷത കാരണം ശരീരം വെളിച്ചത്തിൽ കാണിക്കാൻ പറ്റാത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശരിയായ ലൈംഗിക വിദ്യാഭ്യാസം ചെറുപ്പത്തിലേ നൽകണം.

വിവരങ്ങള്‍ക്ക് കടപ്പാട്: സ്വാതി ജഗ്തീഷ്,

(മായാസ് അമ്മ– ഇൻസ്റ്റഗ്രാം) ലാക്റ്റേഷൻ കൗൺസലർ, സെക്സ് എജ്യൂക്കേറ്റർ