Friday 14 August 2020 12:27 PM IST

ആ പതിനൊന്നു പേരിൽ ഒരേയൊരു സ്ത്രീ; വെല്ലുവിളികളിൽ ഇടറാത്ത ചുവടുകളുമായി വിജയം നേടിയ ശാലിനി വാരിയർ!

Vijeesh Gopinath

Senior Sub Editor

top10hhhgf

ബാങ്കിങ് മേഖലയിൽ മൂന്നു പതിറ്റാണ്ടിനടുത്ത് അനുഭവ സമ്പത്തുണ്ട് ശാലിനി വാരിയർക്ക്. ഈ കാലത്തെല്ലാം നേട്ടത്തിന്റെ പടവുകൾ കയറി ചരിത്രമെഴുതിയ വ്യക്തിത്വം. ഇപ്പോൾ ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ. ചീഫ് ഓപ്പറേറ്റിങ് ഒാഫിസറും റീട്ടെയ്ൽ ബിസിനസ് വിഭാഗം മേധാവിയും കൂടിയാണ് ശാലിനി വാരിയർ. 

കേരളത്തിൽ പലപ്പോഴും പുരുഷന്മാർ കുത്തകയാക്കി വച്ചിരുന്ന ബാങ്കിങ് മേഖലയിലെ നിർണായക പദവിയിലെത്തുന്ന ആദ്യ മലയാളി വനിതയാണ് ശാലിനി. കേരളം ആസ്ഥാനമായ ഒരു ബാങ്കിന്റെ ഏറ്റവും ഉന്നത സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ശാലിനിയാണ്. പാലക്കാടാണ് തറവാടെങ്കിലും പുണെയിലും ചെന്നൈയിലും ബെംഗളൂരുവിലുമായിരുന്നു ശാലിനിയുടെ പഠനം. 

ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാം റാങ്ക് നേടിയതു മുതൽ തുടങ്ങുന്നു വിജയയാത്രകളുടെ തുടക്കം. തുടർന്ന് സ്റ്റാന്റേർഡ് ചാർട്ടേഡ് ബാങ്കിലേക്ക്. മാനേജ്മെന്റ് ട്രെയിനി ആയി  ആദ്യ നിയമനം. പതിനൊന്നു പേർ ജോയിൻ ചെയ്തതിൽ ഒരേയൊരു സ്ത്രീ. തുടക്കകാലഘട്ടങ്ങളിൽ വെല്ലുവിളികൾ നിറഞ്ഞ ഒരുപാടു മുഹൂർത്തങ്ങളിലൂടെ കടന്നു പോവുമ്പോഴും ഇടറാത്ത ചുവടുകളുമായി വിജയത്തിലേക്ക് പറന്നു കയറി. 

അനുഭവ പാഠങ്ങൾ 

ഇന്ത്യയ്ക്കു പുറത്തുള്ള ശാലിനിയുടെ ആദ്യ നിയമനം ബ്രൂണെയ്‍യിലായിരുന്നു. അന്ന് ആ നാട്ടിലെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു. മൂന്നു ലക്ഷത്തിനടുത്ത് ആളുകൾ മാത്രം താമസിക്കുന്ന ചെറിയ രാജ്യമാണ് ബ്രൂണെയ്. സമ്പന്ന രാഷ്ട്രം. പക്ഷേ, ആദ്യമായൊരു വനിത ഈ  പദവിയിൽ എത്തുന്നത് തുടക്കത്തിൽ അകൽച്ചയുണ്ടാക്കി. ആ നാടിന്റെ സംസ്കാരവും രീതികളും  പഠിച്ചെടുത്ത ശാലിനി വേഗത്തിൽ സർക്കാരിന്റെയും ജനങ്ങളുടെയും ഹൃദയം കീഴടക്കി. 

അടുത്ത നിയമനം ഇന്തോനീഷ്യയിലായിരുന്നു. ബ്രൂണെയ്ക്ക് നേർവിപരീതമായിരുന്നു അവിടം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിറയെ ആളുകളുള്ള നഗരം. ഒരുപാടു ബാങ്കുകൾ, ആളുകൾ സംസാരിച്ചിരുന്ന ബഹാസ ഭാഷ ശാലിനി പഠിച്ചെടുത്തു. അതോടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനും സാധിച്ചു. പിന്നീട് യുഎഇ, ആഫ്രിക്ക, സിംഗപ്പൂർ... തുടങ്ങിയ രാജ്യങ്ങളിലേക്ക്. നൈജീരീയയിലും ഘാനയിലും കലാപങ്ങളും ആഭ്യന്തര കലഹങ്ങളും രൂക്ഷമായ കാലത്തും ജോലി ചെയ്തു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമായി കാൽ നൂറ്റാണ്ടോളം ജോലി ചെയ്ത ശേഷം കേരളത്തിലേക്ക് ശാലിനി തിരിച്ചെത്തി. 

പുതിയ സ്വപ്നങ്ങൾ

വിവര സാങ്കേതിക വിദ്യയുടെ പുതിയ ലോകത്ത് ഉപയോക്താക്കളിലേക്ക് ബാങ്കിന്റെ സേവനങ്ങളെ കൂടുതലെത്തിക്കാനുള്ള സ്വപ്നത്തിലാണ് ശാലിനി വാരിയർ. ഒപ്പം മത്സരങ്ങൾ നിറഞ്ഞ ഈ കാലത്ത് ബാങ്കിന്റെ വളർച്ചയും അതിനു വേണ്ടിയുള്ള ഭാവിപദ്ധതികൾ ഒരുക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ബാങ്കിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് നിരവധി വേദികളിലും സജീവ സാന്നിദ്ധ്യമാണ്. 

Tags:
  • Spotlight
  • Inspirational Story