Thursday 23 May 2019 04:08 PM IST

‘വീട്ടിലൊരു സന്യാസി ഉണ്ടെന്നത് കുറവായി കാണുന്ന സമുദായമാണ് നമ്മുടേത്!’

V R Jyothish

Chief Sub Editor

jnana-thapaswi334
ഫോട്ടോ: ഹരികൃഷ്ണൻ

സംഘർഷം നിറഞ്ഞ ഈ ലോകത്ത് സമാധാനത്തിന്റെ  സൂര്യപ്രകാശമാകുകയാണ് അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ശാന്തിഗിരി ആശ്രമം...

ചേർത്തലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചയാള്‍ എങ്ങനെ ആത്മീയതയുെട ഈ ഉന്നതിയിലേക്കെത്തി എന്നു ചോദിക്കുമ്പോള്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഒന്നു ചിരിക്കുന്നു, പിന്നെ പറയുന്നതൊരു കഥയാണ്. രസകരമായ കഥ.

ഒരിക്കൽ ഒരു രാജാവ് മകളുടെ ഭർത്താവായി ലോകത്തെ ഏറ്റവും ധൈര്യശാലിയായ ആൾ വേണമെന്ന് തീരുമാനിച്ചു. ൈധര്യം പരിശോധിക്കാൻ പരീക്ഷണവും ഏര്‍പ്പെടുത്തി. വലിയൊരു കിടങ്ങിന്‍റെ നടുവിലെ മുറിയിലാണ് രാജകുമാരി. കിടങ്ങ് നിറയെ വിശന്നു വലഞ്ഞ മുതലകളും വിഷപ്പാമ്പുകളുമാ ണ്. കിടങ്ങ് ചാടിക്കടന്നോ നീന്തിക്കടന്നോ എത്തുന്നവന്‍റെ കഴുത്തില്‍ രാജകുമാരി വരണമാല്യം ചാര്‍ത്തും.

പല രാജ്യക്കാർ വന്നു. ചിലര്‍ കിടങ്ങിലിറങ്ങാതെ തന്നെ മടങ്ങി. ചാടിക്കടക്കാന്‍ ശ്രമിച്ചവരെല്ലാം കിടങ്ങിലേക്കു വീണ് മുതലയുെട ഭക്ഷണമായി. പെട്ടെന്നൊരാള്‍ കിടങ്ങിലേക്കു ചാടി. മുതലകളെ െവട്ടിച്ച് നീന്തി, വിഷപ്പാമ്പുകളില്‍ നിന്നു രക്ഷപെട്ട് ഒരുവിധം അയാള്‍ അക്കരയിലെത്തി വിജയിയായി. ‘എവിടെന്നു കിട്ടി ഈ ൈധര്യം’ എന്നു ചോദിച്ചപ്പോൾ അ യാൾ പറഞ്ഞു,  മത്സരം കണ്ടു നിന്നപ്പോൾ ആരോ കിടങ്ങിലേക്ക് തള്ളിയിട്ടു. മരണവെപ്രാളം കൊണ്ടു നീന്തി അക്കരെക്കടന്നതാണ്. അതുപോലെയാണു നമ്മളും ആത്മീയതയിലേക്കെത്തിയത് എന്നു പറഞ്ഞ് സ്വാമി വീണ്ടും ചിരിക്കുന്നു.  

ശാന്തിഗിരി ആശ്രമം അറുപത് വർഷമായി േകരളത്തിന്റെ ആത്മീയ രംഗത്ത് നിലകൊള്ളുന്നു. അതിന്റെ അമരക്കാരൻ എന്ന നിലയിൽ എന്താണു പറയാനുള്ളത്?

ഇന്ത്യയിൽ തന്നെ ആത്മീയരംഗത്തെ വലിയൊരു സാന്നിധ്യമാകാൻ ആശ്രമത്തിനു കഴിഞ്ഞിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ കഴിയുന്ന രീതിയിൽ ഇടപെടുന്നു. ആരോഗ്യരംഗത്ത് ആയുർവേദത്തിന്റെയും സിദ്ധയുടെയും  പ്രചാരകരാ യിട്ട് പതിറ്റാണ്ടുകളായി. കേരളത്തിൽ ഇപ്പോഴും ജാതീയമായ വേർതിരിവുകൾ ഉണ്ട്. മിശ്രവിവാഹങ്ങൾ നടക്കുന്നത് പ്രണയത്തിന്റെ പേരിൽ മാത്രമാണ്. എന്നാൽ ഞങ്ങളുടെ വിശ്വാസികൾ ജാതിമത ചിന്തകൾക്ക് അതീതരായി വിവാഹം കഴിക്കുന്നു. അങ്ങനെയൊരു സമൂഹം കേരളത്തിൽ എവിടെ യെങ്കിലും ഉണ്ടോ എന്ന് അറിഞ്ഞുകൂടാ.

വനിതാശാക്തീകരണത്തിന് ആശ്രമം വലിയ പ്രാധാന്യം നൽകുന്നുണ്ടല്ലോ?

തീർച്ചയായും. ശാന്തിഗിരിയുെട ഗുരുസ്ഥാനീയ വനിതയാണ്. ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനി. ഗുരുവിന്റെ ആദ്യകാല ശിഷ്യയാണ്. ആശ്രമത്തിലെ അവസാനവാക്ക് ശിഷ്യപൂജിതയുടേതാണ്. അതുപോലെ നൂറുകണക്കിന് പെൺകുട്ടികൾ ആശ്രമത്തിലുണ്ട്. വിദ്യാർത്ഥിനികളും സാധാര ണക്കാരും. അവർക്കുവേണ്ടി മാത്രം ചെറുകിട പ്രോജക്റ്റുകൾ ആശ്രമം ഏറ്റെടുത്തു നടത്തുന്നു.

ജീവിതത്തിന്റെ ഏറ്റവും ലളിതമായ മുഖങ്ങളാണ് ആശ്രമങ്ങളിൽ കാണുന്നത്. പണ്ട് രാജാക്കന്മാർ വിദ്യ അഭ്യസിച്ചിരുന്നത് ആശ്രമങ്ങളിലായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ഗുരുകുല വിദ്യാഭ്യാസം സന്ദീപനി മ ഹര്‍ഷിയുെട ആശ്രമത്തിലായിരുന്നു. ഒരു ഭരണാധികാരി ആ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ജീവിതം എന്തെന്ന് അറിയണം. അതിനു വേണ്ടിയാണ് ഇങ്ങനെ േപായി പഠിച്ചത്. ഇതൊന്നും അറിയാത്തതു െകാ ണ്ടാണ് ഭരണാധികാരികള്‍ ഇപ്പോള്‍ സ മൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

ഇന്ത്യൻ സന്യാസ സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തിയത് സ്വാമി വിവേകാനന്ദനാണ്. സന്യാസിമാർ പൊതുകാര്യങ്ങളിൽ ഇടപെടണം എന്ന് അ ദ്ദേഹം പറഞ്ഞു. മതാതീത ആത്മീയതയെക്കുറിച്ച് അദ്ദേഹം ചില സൂചനകൾ നൽകുന്നുണ്ട്. എങ്കിലും അന്നത്തെയും ഇന്നത്തെയും സന്യാസിമാർ തമ്മിൽ കടലും ഒരു കപ്പില്‍ എടുത്തു വച്ച കടല്‍ വെള്ളവും തമ്മിലുള്ള വ്യത്യാസമുണ്ട്.

ഒ.വി. വിജയന്റെ സാന്നിധ്യം ആശ്രമത്തിന് വേറൊരു ബൗ ദ്ധികപരിവേഷം നൽകിയിട്ടുണ്ട്?

അതേ. തന്റെ അറിവിന്റെ സൂക്ഷ്മതലങ്ങളിൽ എവിടെയോ ച ലനങ്ങൾ ഉണ്ടാക്കാൻ ഗുരുവിന് കഴിഞ്ഞു എന്നാണ് ഒ.വി. വി ജയൻ എഴുതിയത്. നിലത്തെഴുത്ത് മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ഗുരുവിന് വിജയനെപ്പോലെയൊരു ഇന്റലക്ച്വലിനെ സ്വാധീനിക്കാൻ കഴിഞ്ഞു. ആ അദ്ഭുതമാണ് പലർക്കും ഉൾക്കൊള്ളാൻ കഴിയാതിരുന്നത്. ആശ്രമത്തിൽ വിജയൻ ചികിത്സയിലായിരുന്നപ്പോൾ ഞാനാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്. അതോർക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു..

സന്യാസിമാർ പൂർവാശ്രമം പറയാറില്ല. എന്നാൽ പൂർവാ ശ്രമം കൂടി ചേർന്നാലേ സന്യാസജീവിതം പൂർണമാകൂ എന്നാണ് എന്‍റെ വിശ്വാസം. ചേർത്തലയിലെ കടക്കരപ്പള്ളിയിലാണ് ജനനം. ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ എം.െക. മണിയൻ നായർ. അമ്മ വീട്ടമ്മയും. അച്ഛന്റെ വരുമാനത്തിൽ ഓടിക്കൊണ്ടിരുന്ന സാധാരണ കുടുംബം. അ ച്ഛൻ ഗൗരവക്കാരനായിരുന്നു. എങ്കിലും മക്കളോട് അലിവുണ്ടായിരുന്നു. കലയോടുള്ള സ്നേഹംകൊണ്ട് കൊച്ചിൻ കലാഭവനിലെ നാട്യശിരോമണി നടരാജൻ മാസ്റ്ററുമായി ചേർന്ന് ബാലെ ട്രൂപ്പ് തുടങ്ങി. ഞാൻ ആറേഴുവർഷം മൃദംഗം പഠിച്ചു. കച്ചേരികൾക്ക് മൃദംഗം വായിക്കുമായിരുന്നു.

അതിനിടയ്ക്ക് അച്ഛൻ വീണുപോയി. അതോടെ കുടുംബഭാരം എന്റെ ചുമലിലായി. പല ജോലികൾ െചയ്തു. മെഡിക്കൽ റെപ്പായി ജോലി ചെയ്യുന്നതിനിടയിലാണ് ശാന്തിഗിരി ആശ്രമത്തിൽ മരുന്നു വിൽപനയ്ക്ക് ഒരാളെ ആവശ്യമുണ്ടെന്ന പരസ്യം കാണുന്നത്. ഞങ്ങൾ കുടുംബത്തോടെ ആശ്രമ വിശ്വാസികളാണ്. ജോലി കിട്ടിയശേഷം ഗുരു പറഞ്ഞ ജോലികൾ കൃത്യമായി െചയ്തതോടെ കൂടുതൽ ഉത്തരവാദിത്തങ്ങളായി. ആശ്രമത്തിന്റെ ആയുർവേദ ഉൽപന്നങ്ങൾ വിറ്റുനടന്നതിനുശേഷമാണ് ആത്മീയതയിലേക്കു തിരിയുന്നത്.

jana88967

ജീവിതത്തിനു മുന്നിൽ അദ്ഭുതത്തോടെ നിന്നിട്ടുണ്ടോ?

രണ്ട് അനുഭവങ്ങളുണ്ട്. രണ്ടും സന്യാസത്തിനു മുൻപാണ്. ഫാക്റ്റിലെ ക്വാര്‍ട്ടേഴ്സില്‍ ഞാനും അച്ഛനും മാത്രം താമ സിക്കുന്ന സമയം. ബാലെയുമായി പോയാൽ ചിലപ്പോൾ ര ണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ അച്ഛന്‍ വരൂ. ഒരു ദിവസം അർധരാത്രി ഞാൻ നല്ല ഉറക്കത്തിലാണ്. വാതിലിൽ ആരോ ശക്തമായി മുട്ടുന്നു. വാതിലിലെ ഓരോ ഇടിയും െനഞ്ചില്‍ കൊള്ളുന്നതു പോലെ എനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്. ഒരു ബന്ധുവാണ് വന്നത്. ‘നമുക്ക് ചേർത്തല വരെ പോകാം.’ എന്നു മാത്രം പറഞ്ഞു. ഞാൻ കൂടെച്ചെന്നു.

അവിടെ ഒരാശുപത്രിയിലെ ഐ.സി.യുവിൽ അച്ഛൻ വെട്ടിയിട്ട വാഴത്തട പോലെ കിടക്കുന്നു. ജീവനുണ്ട് എന്നു മാത്രം. അങ്ങനെയൊരു അവസ്ഥയിൽ അച്ഛനെ സങ്കൽപിക്കാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല. പിന്നീട് കുറച്ചു ദിവസം മാത്രമേ അച്ഛൻ ജീവിച്ചിരുന്നുള്ളു.

രണ്ടാമത്തെ സംഭവം ശാന്തിഗിരിയില്‍ സെയിൽസ് രംഗത്തു ജോലി െചയ്യുമ്പോഴാണ്. കട്ടപ്പനയ്ക്കടുത്തു മാങ്കുളത്തേക്കു പോകും മുൻപ് ഗുരുവിനെച്ചെന്നു കണ്ടു. യാത്ര ചോദിച്ചു. ഗുരു എന്റെ ൈകകൾ കൂട്ടിപ്പിടിച്ചു. പിന്നെ എന്തൊക്കെയോ പ റഞ്ഞു. ശരീരത്തിലൂെട ഒരു വൈദ്യുതിപ്രവാഹം കടന്നുപോകുന്നതുപോലെ എനിക്കു തോന്നി. അതിനുമുൻപ് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.

പാതിരാത്രി കട്ടപ്പനയിലെത്തി. അവിടെ ഒരു കടയിലാണു കിടപ്പ്. അതിരാവിലെ മാങ്കുളത്തു പോകാനാണു പ്ലാന്‍. പക്ഷേ, ഒപ്പം ഉണ്ടായിരുന്നയാള്‍ എന്തോ സ്വപ്നം കണ്ട് ബഹളം കൂട്ടിയതു കാരണം രാത്രി ഉറക്കം ശരിയായില്ല. മാങ്കുളത്ത് പ യ്യെ േപാകാം എന്നു കരുതി വീണ്ടും ഉറങ്ങാന്‍ കിടന്നു.

പുലർച്ചേ കടയുെട ഷട്ടറിൽ ആരോ ശക്തിയായി ഇടിക്കുന്നതു േകട്ടാണ് ഉണര്‍ന്നത്. ഒാരോ ഇടിയും എന്‍റെ െനഞ്ചില്‍ തന്നെയെന്ന് തോന്നി. ഗുരുവിന്റെ ദേഹവിയോഗവാർത്ത അ റിയിക്കാനെത്തിയ ആളാണ്. ഈ അനുഭവങ്ങളാണ് എന്നെ ആത്മീയതയിലേക്ക് കൂടുതൽ അടുപ്പിച്ചത്. എന്റെ ആത്മീയയാത്രകൾ അവിടെ നിന്നു തുടങ്ങി എന്നു പറയാം.

സന്യാസത്തിലേക്കു വന്നതിൽ എതിർപ്പുകൾ ?

തീർച്ചയായും ഉണ്ട്. പല എതിർപ്പുകളും ഒരു കാരണവും ഇല്ലാതെയാണ്. വീട്ടിൽ ഒരു അച്ചനുണ്ട്, ബിഷപ്പുണ്ട്, കന്യാസ്ത്രീയുണ്ട് എന്നൊക്കെ പറയുന്നത് അഭിമാനമായി കാണുന്നവരാണ് ക്രിസ്ത്യൻസമുദായക്കാർ. എന്നാൽ വീട്ടിലൊരു സന്യാസിയുണ്ടെന്നു പറഞ്ഞാൽ അത് എന്തോ കുറവാണെന്നു കരുതുന്ന സമുദായമാണ് നമ്മുേടത്. എന്റെ പെങ്ങൾക്ക് ഒന്നു രണ്ടു കല്യാണാലോചന വന്നപ്പോഴാണ് വീട്ടിലൊരു സന്യാസിയുള്ളതിന്റെ പ്രശ്നം ശരിക്കും ബോധ്യപ്പെട്ടത്.

ആത്മീയപുരുഷന്മാർ വിവാദങ്ങളിൽപ്പെടാറുണ്ടല്ലോ?

ഏതു രംഗത്താണു വിവാദങ്ങളില്ലാത്തത്? പക്ഷേ, നല്ല കാര്യങ്ങളേക്കാള്‍ വിവാദത്തിലെ ആള്‍ക്കാരെയാകും നമ്മള്‍ കൂടുതല്‍ ഒാര്‍ത്തിരിക്കുന്നത്. കഴിഞ്ഞ മുപ്പതുവർഷമായി ക ന്യാസ്ത്രീയെന്നു പറഞ്ഞാൽ തൊണ്ണുറൂ ശതമാനം മലയാളിയുടെ മനസിലും ആദ്യം തെളിയുന്ന പേര് സിസ്റ്റർ അഭയ യുടേതാണ്. ഒരു ഡോക്ടർ മണ്ടത്തരം കാണിച്ചു എന്നു ക രുതി  എല്ലാ േഡാക്ടര്‍മാരും അങ്ങനെയാണോ?. ഒരു രാഷ്ട്രീയക്കാരൻ അഴിമതി കാണിച്ചാൽ എല്ലാവരും അങ്ങനെയല്ല. അതുപോലെയാണു സന്യാസിമാരും. കള്ളനാണയങ്ങള്‍ ഉ ണ്ടാകും. പക്ഷേ, എല്ലാം കള്ളനാണയങ്ങള്‍ അല്ല.

സന്യാസവഴിയിൽ ആരെയാണു അനുകരിക്കുന്നത്?

പൊതുജീവിതത്തിലും ആത്മീയജീവിതത്തിലും ഞാൻ വഴികാട്ടിയായി കാണുന്നത്  ക്രിസോസ്റ്റം തിരുമേനിയെയാണ്. മതേതരമാണ് അദ്ദേഹത്തിന്റെ മുഖം. പിന്നെ, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. ആരോടാണോ സംസാരിക്കുന്നത് അവരുടെ ഭാഷയിൽ സംസാരിക്കുന്നു. പകരം വയ്ക്കാനില്ലാത്ത നർമബോധം. ഇതൊക്കെ അദ്ദേഹത്തെ പ്രചോദനമായെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

jnana-thapaswi21