Wednesday 05 August 2020 03:08 PM IST

അബ്ദുൾ മനാഫ് എന്ന ഭരതനാട്യ ഗുരുവിന്റെ കഥ പറഞ്ഞ് ശ്രുതി നമ്പൂതിരി ; ഒരുലക്ഷംകാഴ്ചക്കാരുമായി ‘മനുമാസ്റ്റർ’

Shyama

Sub Editor

sruthi3

ഇസ്ലാം മത വിശ്വാസത്തിൽ ജനിച്ചു വളർന്ന അബ്ദുൾ മനാഫ്,  മനു മാസ്റ്റർ എന്ന ഭരതനാട്യഗുരുവായി മാറിയ ജീവിതകഥ ഒരു ജലഛായ ചിത്രം പോലെ അത്ര മൃദുലമായി മനോഹരമായി പറയാൻ കഴിഞ്ഞു എന്നതാണ് എഴുത്തുകാരിയും സംവിധായികയുമായ ശ്രുതി നമ്പൂതിരിയുടെ വിജയം. വെർച്വൽ ഭാരതിന് വേണ്ടി തയ്യാറാക്കിയ മനു മാസ്റ്റർ എന്ന വീഡിയോ ലക്ഷത്തിനടുത്ത് ആളുകൾ ഇതിനോടകം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. ബാലേയും ചാരുലതയും മകളും ഒക്കെ ഒരുക്കി നമ്മെ അതിശയിപ്പിച്ച ശ്രുതി പറയുന്നു...

മനു മാസ്റ്ററെ കുറിച്ച് ഞാൻ അറിയുന്നത് ശ്രീലക്ഷ്മി ഗോവർദ്ധനൻ എന്ന കുച്ചുപ്പുടി നർത്തകിയുടെ ഒരു ഫേസ്ബുക് പോസ്റ്റ്‌ വഴിയാണ്. വല്ലാത്തൊരു തരം ഔറയുള്ള ചിത്രങ്ങൾക്ക് പിന്നിലെ ആ മുഖത്തേക്കും ആ മനുഷ്യനിലേക്കും എന്റെ റിസർച്ച് നീണ്ടു. തന്ത്രവിദ്യയെ നൃത്തവുമായി കൂട്ടിയിണക്കിയുള്ള രീതിയാണ് അദ്ദേഹത്തിന്റേത്. നൃത്തത്തിനോടുള്ള അകമഴിഞ്ഞ സ്നേഹം കാരണം ജീവിതത്തിൽ അദ്ദേഹം അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും ആ അന്വേഷണതിനിടയിക്ക് അറിയാൻ കഴിഞ്ഞു. ഇസ്ലാം മതത്തിൽ ജനിച്ചിട്ട് ഹിന്ദു കലാരൂപം എന്ന് ആളുകൾ ധരിക്കുന്ന ഭരതനാട്യത്തിൽ ഒരിടം കണ്ടെത്തണം എന്ന് ചിന്തിച്ച ഒരാൾക്ക് സമൂഹത്തിൽ എന്തൊക്ക അവഗണനകൾ നേരിടേണ്ടി വന്നിരിക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ... ഒരുപാട് പടവെട്ടി പൊരുതി നാടുവിട്ടു പോയിട്ടൊക്കെയാണ് അദ്ദേഹം ഈ നിലയിലെത്തിയത്. ആ ജീവിതം ഡോക്യുമെന്റ് ചെയ്യുന്നതിന്റെ തുടക്കമായിരുന്നു മുൻപ് 2017ൽ ഞാൻ ചെയ്ത 'മനുമലയാളം'. അന്ന് പക്ഷേ, ഡോക്യൂമെന്ററി ആയി ചെയ്യാനുള്ള ഫണ്ട്‌ ഒന്നും ഉണ്ടായിരുന്നില്ല. അത് കണ്ടിട്ടാണ് എന്റെ ഗുരു കൂടിയായ ഭാരത് ബാല അത് പ്രൊഡ്യൂസ് ചെയ്യാം എന്ന് പറഞ്ഞ് മുന്നോട്ട് വരുന്നത്. അദ്ദേഹത്തിന്റെ വെർച്വൽ ഭാരത് എന്നൊരു ചാനൽ ഉണ്ട്. അതിന് വേണ്ടിയാണ് ഈ വീഡിയോ എഴുതി സംവിധാനം ചെയ്തത്.

മനു മാസ്റ്റർ ആ സമയത്ത് കൈക്ക് ഒരു സർജറി ഒക്കെ കഴിഞ്ഞിരിക്കയായിരുന്നു. എന്നിട്ടും കിലോമീറ്ററുകളോളം ട്രെക്ക് ചെയ്തു വന്ന് മലമുകളിലൊക്ക ഷൂട്ട്‌ ചെയ്യാൻ ഒരു പരാതി പോലും പറയാതെ ഒപ്പം വന്നു.

കണ്ട് കഴിഞ്ഞ് എന്ത് പോസിറ്റിവിറ്റി അത് കാഴ്ച്ചക്കാരിൽ ഉണ്ടാക്കുന്നു എന്നതാണ് എന്റെ സൃഷ്ടികളെ അളക്കാൻ ഞാൻ എടുക്കുന്ന മാനദണ്ഡം. ഈ വീഡിയോ കണ്ട് അത്തരത്തിൽ ഒരനുഭവം പ്രേക്ഷകർക്ക് ഉണ്ടായെങ്കിൽ അതിന് ഏറ്റവും മുഖ്യഘടകം മാനുമാസ്റ്റർ എന്ന വ്യക്തിയുടെ പ്രഭാവമാണ്. അദ്ദേഹത്തിന്റെ ഒപ്പം നടക്കുമ്പോൾ പോലും നമുക്ക് കിട്ടുന്നൊരു പോസിറ്റീവ് വൈബ് ഉണ്ട്...

സുദീപ് പാലനാട് ആണ് ഇതിലും സംഗീതം, അതിന്റെ ഒരു പോസിറ്റീവ് വൈബ് കൂടി എടുത്ത് പറയേണ്ടതാണ്.

ഇന്നിപ്പോ മനുഷ്യർ എങ്ങിനെയെങ്കിലും നിലനിന്നു പോകാനാണ് ശ്രമിക്കുന്നത്, അതാണ് പ്രൈമറി നീഡ്. എന്റർടൈൻമെന്റ് എന്നതൊക്കെ സെക്കന്ററി നീഡ് ആണ്. അതുകൊണ്ട് തന്നെ കാഴ്ച്ച എന്ന മാധ്യമത്തിലൂടെ ഞാൻ സാമൂഹിക പ്രതിബദ്ധത കൂടി ലക്ഷ്യം വായിക്കുന്നുണ്ട്. ആളുകൾക്ക് ഉപകാരപെടുത്തുന്ന എന്തെങ്കിലും അതിൽ ചേർത്തു വയ്ക്കാൻ ശ്രമിക്കുക്കുന്നു...

എനിക്ക് പറയാനുള്ള കഥകളാണവയൊക്കെ

ആരും വിചാരിക്കാത്തൊരു കാര്യമല്ലേ ഈ ലോക്ക്ഡൗൺ... സ്വാതന്ത്ര്യമായി നമുക്ക് നടക്കാൻ കൂടി പറ്റില്ലാന്ന് നമ്മളാരും സ്വപ്നത്തിൽ പോലും ഓർക്കുന്നില്ലല്ലോ. ലോക്ക്ഡൗൺ സമയത്ത് പല വർക്കുകളും മുടങ്ങി. എന്നിൽ ദൃശ്യമാധ്യമങ്ങൾ അത്രയിക്ക് ഇഴചേർന്ന് കിടക്കുന്ന ഒന്നാണ്, അതില്ലാതായപ്പോഴുള്ള ശൂന്യത വല്ലാതെ ബുദ്ധിമുട്ടിച്ചു. ചുറ്റും വല്ലാത്തൊരു ശൂന്യത. അങ്ങനെയാണ് ഞാൻ വായിക്കുന്ന/ കേട്ട/ അറിഞ്ഞ...ആശയങ്ങൾ ഒക്കെ പറയാം എന്നോർത്ത് ഇൻസ്റ്റയിൽ വ്ലോഗ്ഗിങ്ങ് പോലെ ചെയ്ത് തുടങ്ങിയത്. അത് ഒരു തരത്തിൽ എന്നെയും മറ്റുള്ളവരേയും സന്തോഷിപ്പിച്ചു...

ഇതിനിടെ 1950 മുതൽ അമെച്വർ നാടകങ്ങളിലും റേഡിയോ നാടകങ്ങളിലും ഒക്കെ അഭിനയിച്ചിരുന്ന എന്റെ അമ്മമ്മയെ കുറിച്ച് അവരുടെ എൺപത്തിയൊന്നാം പിറന്നാളിന് ഒരു ഡോക്യുമെന്ററി ചെയ്തു. എന്റെ ഫോണിൽ തന്നെയാണ് ചെയ്തത്, വല്യ ക്യാമറ ക്വാളിറ്റി ഒന്നുമില്ല... എന്നാലും അതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല. നമുക്കുള്ളിൽ തന്നെയുള്ള വികാരങ്ങളെ പുറത്തേക്ക് ഒഴുക്കാനുള്ളൊരു കഥാർസിസ് ആണ് ഇതൊക്ക.

അതുപോലെ ശോഭ എന്ന നടിയുടെ നാല്പതാം ചരമ വാർഷികത്തിൽ(മെയ്‌ ഒന്ന്) അവരുടെ സമരണയ്ക്കായി ഒരു വീഡിയോ ചെയ്തിരുന്നു. എന്നിൽ വളരെയധികം സ്വാധീനം ചെലുത്തിയ ഒരു നടിയാണ് ശോഭ. ആരുഷി ആണ് അഭിനയിച്ചത്, സാവനി ആണ് ക്യാമറ, സച്ചിൻ ബാലു ആണ് പാടിയിരിക്കുന്നത്, റോഷിൻ ബാലു ആണ് എഡിറ്റിംങ്ങ്.

ലോക്ക്ഡൗൺ കഴിഞ്ഞപ്പോൾ മുതൽ ക്ലയനന്റ്സിന് വേണ്ടിയുള്ള വർക്കുകൾ ചെയ്യുന്നുണ്ട്. സ്വന്തമായി ചെയ്യാനുള്ളവ പതിയെ തുടങ്ങണം. ഒരു സിനിമ ചെയ്യാൻ ആലോചിച്ചിരുന്നു. പലപല കാര്യങ്ങൾ കൊണ്ട് അത് നീണ്ട് പോയി. അതിന്റെ കാര്യങ്ങളും നോക്കണം. ഇപ്പൊ തൃശ്ശൂർ ആറ്റൂരിലാണ് താമസം. കുട്ടികളുമൊത്ത് എന്റെ വീട്ടുകാർക്കൊപ്പമാണ് താമസം. ഭർത്താവ് വിദേശത്താണ്.

Tags:
  • Spotlight