Tuesday 28 August 2018 03:58 PM IST

രോഗങ്ങള്‍ വരാതിരിക്കാന്‍ ആയുര്‍വേദം പറയുന്ന ഭക്ഷണ ചിട്ടകൾ ഇതാണ്

Tency Jacob

Sub Editor

eat_well

അതതുകാലങ്ങളിൽ വിളയുന്ന പച്ചക്കറികൾ,പഴങ്ങൾ എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഔഷധസസ്യങ്ങളായ ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി, ജീരകം, കുരുമുളക് എന്നിവ നിത്യേന ഭക്ഷണത്തിലുൾപ്പെടുത്തുക. എണ്ണ, മധുരം, ജങ്ക്ഫു‍ഡ് എന്നിവ പരമാവധി കുറയ്ക്കുക. കുളി കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷമേ ഭക്ഷണം കഴിക്കാൻപാടുള്ളൂ. കഴിച്ച ഭക്ഷണത്തിന്റെ ദഹനം നടന്നു കഴിയുന്നതുവരെ മറ്റൊരു ഭക്ഷണവും കഴിക്കരുത്.

ഒരു നേരത്തെ ഭക്ഷണം കഴിഞ്ഞ് നാലു മണിക്കൂറിനും ആറു മണിക്കൂറിനിടയിലുമാണ് അടുത്ത ഭക്ഷണം കഴിക്കേണ്ടത്. ഇതിനിടയിൽ വിശപ്പുണ്ടെങ്കിൽ പഴങ്ങൾ കഴിക്കാം. ദാഹത്തിന് ചെറുചൂടോടുകൂടിയ തിളപ്പിച്ച വെള്ളം, ഇളനീർ, പഴച്ചാറുകൾ, സൂപ്പുകൾ, വെള്ളം ചേർത്തു കാച്ചിയ ചെറുചൂടുള്ള പാൽ, മോര് എന്നിവ ഉപയോഗിക്കാം.

ഖരാഹാരങ്ങൾ വയറിന്റെ പകുതിഭാഗവും ദ്രവാഹാരം കാൽഭാഗവും ബാക്കി കാൽഭാഗം ഒഴിച്ചിടണമെന്നുമാണ് ആയുർവേദചിട്ട. ദിവസവും ഒരേ സമയത്ത് ഭ ക്ഷണം കഴിക്കുന്നതാണ് നല്ലത്. ഉഴുന്ന് അരച്ചുണ്ടാക്കുന്ന പലഹാരങ്ങൾ നിത്യവും ഉപയോഗിക്കുന്നത് നല്ലതല്ല.

ആഹാരം കഴിക്കുമ്പോൾ

∙ ആഹാരം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കാതെ കഴിക്കുന്നതിനു അരമണിക്കൂർ മുമ്പും ആഹാരം കഴിഞ്ഞു ഒരു മണിക്കൂറിനു ശേഷവും വെള്ളം കുടിക്കുക. അല്ലെങ്കിൽ ശരിയായ ദഹനം നടക്കില്ല. ദഹന പ്രക്രിയയ്ക്ക് അൽപം വെള്ളം മാത്രം മതി.

∙ ഗോതമ്പ്, തൈര്, തേൻ എന്നിവ കഴിച്ചു കഴിഞ്ഞാൽ തണുത്തവെള്ളം കുടിക്കണം. അരിമാവ് കൊണ്ടുണ്ടാക്കുന്ന ആഹാരങ്ങൾക്ക് ചൂടുവെള്ളം. പച്ചക്കറികൾ,ചെറുപയർ തുടങ്ങിയവ കഴിച്ചാൽ മോരുംവെള്ളമോ, തൈരോ കുടിക്കാം.

∙ മുഖത്തെ പാടുകളും കറുപ്പുമകറ്റാൻ ആര്യവേപ്പില, പച്ചമഞ്ഞൾ ഇവ അരച്ചു മുഖത്തു പുരട്ടുക. പാൽപ്പാട, തേൻ, വെള്ളരിക്കാനീര് ഇവ തുല്യ അളവിലെടുത്ത് ഒരുമിച്ചു ചേർത്ത് മുഖത്തു പുരട്ടിയാൽ മുഖക്കുരുവിന്റെ പാടുകൾ, കറുപ്പുനിറം ഇവ മായും.

∙ വരണ്ടുണങ്ങിയ ചർമമുള്ളവർ വരൾച്ച മാറാൻ ദിവസവും നല്ലെണ്ണ ദേഹത്തു പുരട്ടി 15 മിനിറ്റ് കഴിഞ്ഞു ചെറിയ ചൂടുവെള്ളത്തിൽ കുളിക്കുക. ഒലീവ് എണ്ണ, നിലക്കടല എണ്ണ ഇവയും ഉപയോഗിക്കാം.

∙ കുടമഞ്ഞൾ അരച്ച് അതിൽ അൽപം നല്ലെണ്ണ ചേർത്തു കുഴച്ചു ദേഹത്തു പുരട്ടി കുളിച്ചാൽ വരൾച്ച മാറി ത്വക് സുന്ദരമാകും.

∙ ദേഹം കഴുകാൻ പയർപ്പൊടിയോ ഉലുവപ്പൊടിയോ,കടലമാവോ ഉപയോഗിക്കാം. ദേഹത്തു കറുത്ത പാടുകളുണ്ടെങ്കിൽ പച്ചമഞ്ഞളരച്ചു പുരട്ടുന്നതു നല്ലതാണ്.


വിവരങ്ങൾക്കു കടപ്പാട്
ഡോ.ബി.രാജ്കുമാർ, സീനിയർ മെഡിക്കൽ ഒാഫിസർ, വെഞ്ഞാറമൂട്, ഗവ. ആയുർവേദ ഡിസ്പെൻസറി
ഡോ.എം.എൻ. ശശിധരൻ, ചീഫ് ഫിസിഷ്യൻ, അപ്പാവു വൈദ്യൻ ആയുർവേദിക്സ്, കോട്ടയം
ഡോ. സി.വി. അച്ചുണ്ണി വാരിയർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല