Wednesday 17 August 2022 02:07 PM IST : By സ്വന്തം ലേഖകൻ

തൃശൂരിലെ 15 വയസ്സുകാരിയുടെ പീഡനം; മാതാപിതാക്കളുടെ അറിവോടെയെന്നു കുട്ടിയുടെ മൊഴി

trissure-rape-arrest-parental-support-cover അറസ്റ്റിലായ പ്രതി ഷാഫി (ഇൻസെറ്റിൽ), പ്രതീകാത്മക ചിത്രം

പ്ലസ്ടു വിദ്യാർഥിയെ സംഘം ചേർന്ന് ഉപദ്രവിച്ച സംഭവത്തിൽ തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് പീഡനം എന്നാണ് കുട്ടിയുടെ മൊഴി. ഒരാൾ അറസ്റ്റിൽ. കേസിൽ 2 പേരെ കൂടി കിട്ടാനുണ്ട്. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി പൊലീസ് സംശയിക്കുന്നു. കാപ്പിരിക്കാട് സ്വദേശി ഷാഫി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. പാപ്പാളി സ്വദേശി ബാദുഷയും മറ്റൊരാളും ഒളിവിലാണ്. ഒളിവിലുള്ള രണ്ടാമത്തെയാൾ ആരാണെന്നു പൊലീസിനു കൃത്യമായി കണ്ടെത്താനായിട്ടില്ല. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുട്ടിയാണ് കഴിഞ്ഞ മേയിൽ ട്യൂഷൻ സെന്ററിലും കഴിഞ്ഞ ആഴ്ച വീട്ടിലും പീഡനത്തിനിരയായത്.

എതിർത്തപ്പോൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് പറയുന്നു. കുട്ടിയുടെ പിതാവ് കഞ്ചാവ് വിൽപനക്കാരനാണ്. ഇയാളെ പലവട്ടം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയും കഞ്ചാവ് വിൽപന നടത്തുന്നുണ്ട്. ഇവരിൽ നിന്നു സ്ഥിരം കഞ്ചാവ് വാങ്ങുന്നവരാണ് പ്രതികൾ എന്നാണു സൂചന. പീഡന വിവരം അമ്മയെ അറിയിച്ചെങ്കിലും കാര്യമാക്കിയില്ലത്രെ. പീഡനത്തിനുള്ള അവസരം മാതാപിതാക്കൾ ഒരുക്കിയിരുന്നതായും മൊഴിയിലുണ്ട്. പീഡനം നടന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിദ്യാർഥി ക്ലാസിൽ വരാഞ്ഞതിന്റെ കാരണം ഫോണിൽ തിരക്കിയ അധ്യാപികയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയാൻ വഴി തുറന്നത്.

ഓഗസ്റ്റിൽ കുട്ടി തുടർച്ചയായി ഏതാനും ദിവസം ക്ലാസ് മുടക്കിയിരുന്നു. വിളിച്ച് അന്വേഷിച്ചപ്പോൾ കുട്ടിയുടെ മറുപടികളിൽ സംശയം തോന്നിയ അധ്യാപിക സ്കൂളിൽ വിളിച്ചു വരുത്തി കൗൺസലിങ്ങിനു നിർദേശിക്കുകയായിരുന്നു. ഈ കൗൺസിലിങ്ങിലാണ് സംഘം ചേർന്ന് പീഡിപ്പിച്ചത് സംബന്ധിച്ച വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. മേയിലും ഓഗസ്റ്റിലും പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന. ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് വടക്കേകാട് പൊലീസ് കേസെടുത്തത്.

ആദ്യ പീഡനം അറിഞ്ഞ അമ്മ കാര്യമാക്കിയില്ല

ഓഗസ്റ്റ് 9നു കുട്ടിയുടെ പിതാവ് പൊന്നാനി സ്റ്റേഷനിൽ വാഹന സംബന്ധമായ കേസിൽ പെട്ടിരുന്നു. ഇയാളുടെ ഭാര്യയെയും ബന്ധുവിനെയും വീട്ടിൽ നിന്നു കൂട്ടിക്കൊണ്ടുപോയ പ്രതികൾ ഇവരെ പിന്നീട് മറ്റൊരാൾക്കൊപ്പം പറഞ്ഞയച്ച ശേഷം പെൺകുട്ടി മാത്രമുള്ള വീട്ടിൽ വരികയായിരുന്നു. വീട്ടിൽ കഞ്ചാവ് വാങ്ങാൻ ഇവർ നേരത്തെയും വരാറുണ്ട്.

വീടിന്റെ പിൻവാതിൽ കുറ്റിയിടാറില്ലെന്ന് അറിയുന്ന പ്രതികൾ ഇതുവഴി അകത്തു കയറി പെൺകുട്ടിയെ മുറിയിലടച്ച് പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോൾ കൈകൾ കെട്ടിയിട്ടു. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും അധ്യാപകർ പറയുന്നു. ട്യൂഷൻ സെന്ററിൽ മേയ് മാസത്തിലാണ് ആദ്യ പീഡനം നടന്നത്. സംഭവത്തിനു ശേഷം പ്രതികൾ ഇവിടെ നിന്നു വരുന്നത് മറ്റു വിദ്യാർഥികൾ കണ്ടതായും മൊഴിയിലുണ്ട്. ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല.