Saturday 25 July 2020 06:37 PM IST

വീൽചെയറിൽ വിരിയുന്ന കുടകൾ ; അരയ്ക്ക് താഴോട്ട് തളർന്നിട്ടും ജീവിതത്തെ തോൽപ്പിക്കാനുറച്ച അഷ്റഫിന്റെ കഥ

Shyama

Sub Editor

umbrela

അരയ്ക്ക് കീഴേക്ക് തളർന്നിട്ടും കഴിഞ്ഞ പതിനെട്ട് വർഷമായി അഷ്റഫ് കുടകളുണ്ടാക്കുന്നു... അതിൽ നിന്ന് മിച്ചംപിടിച്ച് അനേകരെ സഹായിക്കുന്നു... പലർക്കും ഒപ്പം ജോലി കൊടുക്കു

തോൽക്കാൻ തയ്യാറല്ലാത്തവരെ ശ്രദ്ധിച്ചിട്ടുണ്ടോ...? അവസാനിച്ചെന്ന് തോന്നുന്നിടത്ത് നിന്നൊക്കെ അവർ പുതുവഴികൾ വെട്ടിക്കൊണ്ടേയിരിക്കും... ഇരുളിൽ ഇടറുന്നവരെ കണ്ടാൽ അവർ ഉള്ളതിൽ ഒരിറ്റ് വെളിച്ചം അവർക്കും കൊടുക്കും. അങ്ങിനെയൊരു വെളിച്ചത്തിന്റെ കണ്ണിയാണ് കോഴിക്കോട് മടവൂരുള്ള അഷ്റഫ്.

തെങ്ങിൽ നിന്ന് വീണ് അരയ്ക്ക് താഴേക്ക് തളർന്ന് അഷ്റഫ് കിടപ്പിലായിട്ട് ഇരുപത് വർഷമാകുന്നു. രണ്ടു വർഷത്തോളമുള്ള ചികിത്സകൾ ഒടുവിൽ ഇതാണ് വിധിയെന്ന് ഡോക്ടർമാരും അഷ്റഫും തീർച്ചപ്പെടുത്തി. വീണ് കിടക്കാനാണ് വിധി പറഞ്ഞതെങ്കിലും വീണിടത്തു നിന്ന് ഉയരാനായിരുന്നു അഷ്റഫ് മനസ്സിനെ പഠിപ്പിച്ചത്.

‘‘2002ലാണ് ഞാനീ കുട നിർമാണം തുടങ്ങുന്നത്. വീഴ്ച്ച കഴിഞ്ഞ് രണ്ട് വർഷത്തോളം കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു ചികിത്സ. നട്ടെല്ലിന് ക്ഷതമേറ്റ പാവപ്പെട്ടവർക്ക് അന്നവിടെ ചികിത്സാ സൗജന്യമുണ്ടായിരുന്നു. അതിനോടൊപ്പം തന്നെ ഇങ്ങനെ കിടപ്പിലായിപ്പോയവർക്കുള്ള സ്വയം തൊഴിൽ പരിശീലനവും... കുട നിർമാണം, സോപ്പ് പൊടി, ഫിനോയിൽ, സോപ്പ് എന്നിവയുടെ നിർമാണം, ഇലട്രോണിക് സാധനങ്ങളുടെ റിപ്പയറിങ്ങ് എന്നിങ്ങനെയുള്ളതൊക്കെ പഠിപ്പിച്ചിരുന്നു. അവിടുന്ന് പഠിച്ചതാണീ കുട നിർമാണം. അവിടുത്തെ ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുമാരും ഒക്കെ ചേർന്ന് ഫണ്ട് ഉണ്ടാക്കി പല പല ആളുകളെ കൊണ്ടുവന്നാണ് ഇതൊക്കെ പരിശീലിപ്പിച്ചിരുന്നത്. ഈയടുത്ത കാലം വരെ അത്തരം പരിശീലനങ്ങൾ നടന്നിരുന്നു. സുഖമില്ലാത്തവർക്ക് പെട്ടിക്കടയൊക്കെ ഇട്ട് കൊടുത്തിരുന്നു. പിന്നെ ഫണ്ട് കുറഞ്ഞതോടെ അത് നിന്ന് പോയെന്ന് തോന്നുന്നു.

നമ്മൾ സാധാരണ ജീവിതം ജീവിച്ചിട്ട് പെട്ടന്ന് കിടന്ന് പോകുമ്പോ പലർക്കും ജീവിതത്തോട് വല്ലാത്ത നിരാശ തോന്നും.അത്തരം വിരസതയിലേക്ക് പോകാതിരിക്കാനും കുടുംബം നോക്കാനും ഒക്കെ വേണ്ടിയാണ് ഞാനിത് തൊഴിലാക്കാൻ തീരുമാനിച്ചത്. കുടകളുണ്ടാക്കി ട്രസ്റ്റുകൾ, പല സംഘടനകൾ എന്നിവിടങ്ങളിലൊക്കെ കൊടുത്തിരുന്നു. സ്ഥാപനങ്ങളും വ്യക്തികളും കുട്ടികൾക് സ്പോൺസർ ചെയ്യാനും ഒക്കെയായി കുടകൾ വാങ്ങിയിരുന്നു. ലോക്ഡൗൺ ആയതോടെ കച്ചവടം നന്നേ കുറഞ്ഞു.

വാട്സ്ആപ്പിലൂടെയും ഫെയ്സ്ബുക്കിലലൂടെയും ഒക്കെ വരുന്ന ഓഡറുകൾ എടുത്തും കുടകളുണ്ടാക്കി കൊറിയറായി അയച്ചു കൊടുക്കുന്നുണ്ട്. വലിയ ഓഡറുകൾ പാഴ്സൽ ചെയ്യും. ത്രീഫോൾഡിന് 310, കളറിന് 330, ഡിസൈന്‍ കുടയ്ക്ക് 360 നാനോ കുടയ്ക്ക് 480, കുട്ടികളുടെ കുടകൾ 270, 260 അങ്ങനെ പോകും കാലൻ കുടയ്ക്ക് 500 തൊട്ട് ....അങ്ങനെയാണ് വിലകൾ. കേരളത്തിന് പുറത്ത് നിന്നും ഒന്ന് രണ്ടാളുകൾ ചോദിച്ചിട്ട് അവർക്കും അയച്ചു കൊടുത്തു.

പകരുന്ന വെളിച്ചം

രണ്ട് വർഷം മുൻപ് വരെ കേരളത്തില്‍ പലയിടത്തും കുടനിർമാണം, ഫാൻസി ഐറ്റംസ് ഉണ്ടാക്കൽ, സോപ്പ് നിർമാണം, എൽഇഡി ബൾബുകളുടെ നിർമാണം ഒക്കെ എന്നെപ്പോലെ കിടപ്പിലായ മറ്റുള്ളവരെ പഠിപ്പിക്കാൻ പോയിരുന്നു. ഇപ്പോ യാത്ര ചെയ്യാൻ അത്ര വയ്യാതായി. ഇവിടെ വരാൻ പറ്റുന്ന ആളുകളുണ്ടെങ്കിൽ അവരെ പഠിപ്പിച്ചു കൊടുക്കാൻ സന്തോഷമേയുള്ളൂ.

യാത്ര ചെയ്യാൻ പറ്റാതായപ്പോൾ ഒരു ചെറിയ കട തുടങ്ങി... അത് മാർച്ച് ഇരുപതിന് അടച്ചതാണ് പിന്നെ ഇതുവരെ തുറക്കാനും കഴിഞ്ഞിട്ടില്ല. ഇരിക്കുന്ന ഭാഗത്തായി ഒരു മുറിവ് വന്നു... അതിന്റെ ചികിത്സയിലാണിപ്പോൾ. ഇതുവരെ ആറ് സർജറിയോളം ചെയ്തതാണ്. അതിനിടയ്ക്കാണ് ഈ മുറിവ്. മെഡിക്കൽ കോളജിൽ ഇപ്പോൾ കേസുകൾ എടുക്കാത്തതു കൊണ്ട് പ്രൈവറ്റ് ആശുപത്രിയിൽ പോകേണ്ടി വന്നു. ഒരു സർജറിയും ചെയേണ്ടി വന്നു. അതൊടെ സ്വരുക്കൂട്ടി വച്ച പണമൊക്കെ തീർന്നു.

മുൻപ് 12ഓളം ആളുകൾ ഒപ്പം ജോലി ചെയ്യുന്നുണ്ടായിരുന്നു. അതിൽ രണ്ടു പേർ മരിച്ചു പോയി. ബാക്കിയുള്ളതിൽ കുറച്ച് പേർ സ്വന്തമായി കച്ചവടം ചെയ്യാനായി മാറി. ഇപ്പോൾ നാലു പേരാണ് ഒപ്പമുള്ളത്. കച്ചവടം കഴിഞ്ഞ് ഞങ്ങൾക്ക് കിട്ടുന്ന പൈസ കിട്ടിയാൽ അതിന്റെ കൂലി ഓരോരുത്തരെടുക്കും. പിന്നെ മുതൽമുടക്കിനുള്ളത് മാറ്റി വച്ചിട്ട് ബാക്കി കാശ് ഞങ്ങളെ വിട്ടു പിരിഞ്ഞു പോയവരുടെ കുടുംബത്തിന് ഒരു സഹായമെന്ന നിലയ്ക്ക് കൊടുത്തിരുന്നു.

നടി സുരഭി ഇട്ട വീഡിയോ കണ്ടിട്ട് ഇപ്പോ കുറച്ച് ആളുകൾ വാട്സ്അപ്പിലും ഫെയ്സ്ബുക്കിലും വിളിച്ചും ഒക്കെ ഓഡർ പറയുന്നുണ്ട്. സുരഭി മുൻപും ഇവിടുന്ന് കുട വാങ്ങാറുണ്ട്. ഇവിടെ മടവൂരുള്ള എന്റെ വീടിന്റെയടുത്താണ് അവരുടെയും വീട്. എനിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഭാര്യ ജെയ്സിയത്ത്, മകൻ മുഹമ്മദ് അസ്‌ലം ഐടിഐ പഠനം കഴിഞ്ഞ് പരീക്ഷ എഴുതാൻ നിൽക്കുന്നു. ഇപ്പോ വയറിങ്ങിന്റേയും പ്ലമ്പിങ്ങിന്റേയും പണിക്ക് പോകുന്നുണ്ട്.. മകൾ ഷാബിയുടെ വിവാഹം കഴിഞ്ഞു.

Tags:
  • Spotlight