Wednesday 17 November 2021 03:03 PM IST : By സ്വന്തം ലേഖകൻ

‘ഏതെങ്കിലുമൊരു വസ്ത്രം കുട്ടികളുടെ മുകളിൽ അടിച്ചേൽപ്പിക്കുക; എല്ലാം ഒന്നാക്കി മാറ്റുന്നതാണോ തുല്യത?’: ശ്രദ്ധേയമായി കുറിപ്പ്

cs-surajj6643rbhuhbhjuniform

"നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന സെക്സിനെയും ജൻഡറിനെയും കുറിച്ചുള്ള തെറ്റായ പൊതുബോധം ഊട്ടിയുറപ്പിക്കുന്ന തരത്തിൽ കുട്ടികളുടെ മുകളിൽ വസ്ത്രങ്ങൾ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രശ്നം. ഇതിന് നിങ്ങൾ കണ്ടു പിടിച്ച പരിഹാരമെന്താണ്? കുട്ടികളുടെ യൂണിഫോം ആൺ- പെൺ വ്യത്യാസമില്ലാതെ ഒന്നാക്കുക. ഒന്നാക്കുക എന്ന് വച്ചാൽ നിലവിൽ പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രമെടുത്ത് ആണുങ്ങളെ എന്തായാലും അണിയിക്കാൻ പോകുന്നില്ല. പകരം ആൺകുട്ടികൾ ധരിക്കുന്ന പാന്റ്സും ഷർട്ടും ധരിക്കാൻ പറയും. മാറിടം അലർജിയായത് കൊണ്ട് വേണമെങ്കിൽ ഒരു ബുള്ളറ്റ് പ്രൂഫും അങ്ങ് കൊടുത്തെന്നിരിക്കും! എന്നിട്ട് മുകളിൽ പറഞ്ഞ പ്രശ്നത്തിന് പരിഹാരമായോ?"- സ്‌കൂൾ യൂണിഫോം വിഷയത്തിൽ സി എസ് സുരാജ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

സി എസ് സുരാജ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

എല്ലാം ഒന്നാക്കി മാറ്റുന്നതാണോ തുല്യത?

ഒരു കുട്ടി ഒന്നില്ലെങ്കിൽ ആണോ അല്ലെങ്കിൽ പെണ്ണോ ആയിരിക്കുമെന്ന് ചിന്തിക്കുന്ന, അല്ലെങ്കിൽ അങ്ങനെ തന്നെ ആയിരിക്കണമെന്ന് വാശി പിടിക്കുന്ന തീർത്തും പ്രാകൃതമായൊരു സമൂഹമാണ് നമ്മുടേത്. ഇന്നും ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും ഇവിടെ വന്നിട്ടില്ല.

അതിനാൽ തന്നെ നമ്മുടെ എല്ലാ വിധ കാര്യങ്ങളും ഈയൊരു "ബൈനറിയെ" അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചെടുത്തിട്ടുള്ളത്. കുട്ടികളെ വളർത്തുന്ന രീതിയായാലും, അവർക്ക് നൽകുന്ന കളിപ്പാട്ടങ്ങളായാലും, വസ്ത്രങ്ങളായാലും എല്ലാം അങ്ങനെ തന്നെ. ഇതിൽ തന്നെ നമ്മളെടുത്തു പറയേണ്ട ഒന്നാണ് നമ്മുടെ നാട്ടിലെ സ്കൂൾ യൂണിഫോമുകൾ!

നമ്മുടെ നാട്ടിൽ ആണിനെയും പെണ്ണിനെയും കുറിച്ചുള്ള പൊതുബോധം എങ്ങനെയാണോ, അത് അതുപോലെ തന്നെ നിലനിർത്തുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് നമ്മുടെ യൂണിഫോമുകൾ. ആണിനോടും പെണ്ണിനോടും നിങ്ങൾക്ക് സമൂഹം കൽപ്പിച്ചു തന്നിരിക്കുന്ന വസ്ത്രമെങ്ങനെയാണോ അത് മാത്രമേ ധരിക്കാവൂ എന്നും, സമൂഹം കല്പിച്ചു തന്നിരിക്കുന്നത് പോലെ മാത്രമേ മുടി മുറിക്കാവൂ അല്ലെങ്കിൽ വളർത്താവൂ എന്നും അടിച്ചേൽപ്പിക്കുന്ന ഈ രീതി ഇനിയെങ്കിലും മാറേണ്ടതില്ലേ? അതും സ്കൂളുകളിലെ യൂണിഫോമുകളുടെ രൂപത്തിൽ അടിച്ചേൽപ്പിക്കുന്ന ഈ രീതി?

മാറണം!

ഇത്‌ വരെ നിങ്ങൾ ചിന്തിച്ചത് വളരെ ശരിയാണ്. പക്ഷേ ഈ പ്രശ്നം പരിഹരിക്കുന്നതിനായി നിങ്ങൾ കണ്ടെത്തിയ മാർഗ്ഗമാണ് തെറ്റിപ്പോയത്.

നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന സെക്സിനെയും ജൻഡറിനെയും കുറിച്ചുള്ള തെറ്റായ പൊതുബോധം ഊട്ടിയുറപ്പിക്കുന്ന തരത്തിൽ കുട്ടികളുടെ മുകളിൽ വസ്ത്രങ്ങൾ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രശ്നം.

ഇതിന് നിങ്ങൾ കണ്ടു പിടിച്ച പരിഹാരമെന്താണ്?

കുട്ടികളുടെ യൂണിഫോം ആൺ-പെൺ വ്യത്യാസമില്ലാതെ ഒന്നാക്കുക. ഒന്നാക്കുക എന്ന് വച്ചാൽ നിലവിൽ പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രമെടുത്ത് ആണുങ്ങളെ എന്തായാലും അണിയിക്കാൻ പോകുന്നില്ല. പകരം ആൺകുട്ടികൾ ധരിക്കുന്ന പാന്റ്സും ഷർട്ടും ധരിക്കാൻ പറയും. മാറിടം അലർജിയായത് കൊണ്ട് വേണമെങ്കിൽ ഒരു ബുള്ളറ്റ് പ്രൂഫും അങ്ങ് കൊടുത്തെന്നിരിക്കും!

എന്നിട്ട് മുകളിൽ പറഞ്ഞ പ്രശ്നത്തിന് പരിഹാരമായോ?!

ഒരു ഉദാഹരണം പറയാം. പൊതുവേ പെൺകുട്ടികൾ പാവകൾ കൊണ്ടും ആൺകുട്ടികൾ കാർ, തോക്ക് പോലുള്ളവ കൊണ്ടുമൊക്കെയാണ് കളിക്കാറ്. ഒരുപക്ഷേ ഇത്, പെൺകുട്ടികൾ പാവകൾ കൊണ്ടും ആൺകുട്ടികൾ തോക്കു കൊണ്ടും കളിക്കേണ്ടവരാണ് എന്ന പൊതുബോധത്തിന്റെ പുറത്ത് അവരുടെ അച്ഛനമ്മമാർ വാങ്ങിച്ചു നൽകിയതായിരിക്കാം. ഈ പൊതുബോധവും അതിനെ തുടർന്നുള്ള ഇത്തരം അടിച്ചേൽപ്പിക്കലും മാറേണ്ടതായിട്ടുണ്ട്. അതിനായി നിങ്ങളെന്ത്‌ ചെയ്യും?

കുട്ടികളുടെ കളിപ്പാട്ടങ്ങൾ ഒന്നാക്കുമോ? ആണുങ്ങൾ കളിക്കുന്നത് മാത്രം ഇനി മുതൽ എല്ലാവരും കളിച്ചാൽ മതിയെന്ന് പറയുമോ? എല്ലാവർക്കും ഒരു പോലെയുള്ള കളിപ്പാട്ടങ്ങൾ വാങ്ങി നൽകുമോ?

ഇങ്ങനെയൊക്കെ ചെയ്യുന്ന നിങ്ങൾ തുല്യതയാണോ അതോ ഫാസിസമാണോ നടപ്പിലാക്കുന്നത്?!

ഇതിനുള്ള പരിഹാരം, കളിപ്പാട്ടങ്ങളെല്ലാം ഒന്നാക്കിയോ, ആൺകുട്ടികൾ കളിച്ചിരുന്ന തോക്കെടുത്ത് പെൺകുട്ടികൾക്ക് നൽകി കൊണ്ടോ, നേരെ തിരിച്ചു ചെയ്തു കൊണ്ടോ ഒന്നുമല്ല നടപ്പിലാക്കേണ്ടത്. മറിച്ച് തങ്ങൾക്കിഷ്ടമുള്ള കളിപ്പാട്ടങ്ങൾ തീർത്തും സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവസരവും സ്വാതന്ത്ര്യവും അവർക്ക് നൽകുകയാണ് വേണ്ടത്. അപ്പോൾ ചിലർ വീണ്ടും തങ്ങളുടെ പഴയ കളിപ്പാട്ടങ്ങൾ തന്നെ തിരഞ്ഞെടുത്തെന്നിരിക്കും. മറ്റുചിലർ നേരെ തിരിച്ചും. അത് എന്തു തന്നെയായാലും സമൂഹത്തിനതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല. കാരണമത് അവരുടെ തിരഞ്ഞെടുപ്പാണ്!

ഏതെങ്കിലുമൊരു വസ്ത്രം കുട്ടികളുടെ മുകളിൽ അടിച്ചേൽപ്പിക്കുന്നതിനു പകരം ഇതു തന്നെയാണ് ഇവിടെയും ചെയ്യേണ്ടത്. തീർത്തും സ്വതന്ത്രമായി വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവസരവും അവർക്ക് നൽകുക.

അതിനാദ്യം നമ്മുടെ സ്കൂളുകളിൽ ഒരേ നിറവും പാറ്റേണുമുള്ള രണ്ടോ അതിലധികമോ യൂണിഫോമുകൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാനായി കുട്ടികൾക്ക് വിട്ടു നൽകേണ്ടതുണ്ട്. ബാക്കി അവർ തിരഞ്ഞെടുത്തോളും. അല്ലാതെ നിങ്ങൾ തീരുമാനിച്ചു നൽകേണ്ടതില്ല. ഏതളവിൽ തയ്പ്പിക്കണമെന്നുള്ളതും മുടിയും മറ്റും എന്തു ചെയ്യണമെന്നുള്ളതും ഇങ്ങനെ തന്നെ!

വ്യത്യസ്തതകളെയെല്ലാം ഉന്മൂലനം ചെയ്യുകയോ, എല്ലാവരെയും പിടിച്ച് ഒന്നാക്കുകയോ അല്ല "തുല്യത" എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യത്യസ്തതകൾ നിറഞ്ഞതാണ് നമ്മുടെ ലോകം. ആ വ്യത്യസ്തതകളെ എല്ലാം ഒന്നിലേക്ക് അടുപ്പിക്കുക എന്നുള്ളത് തുല്യതയല്ല മറിച്ച് ഫാസിസമാണ്. തുല്യതയാണെന്ന് തെറ്റിദ്ധരിച്ച് ഇത് തന്നെയാണ് നിങ്ങളിവിടെയും ചെയ്യാൻ ശ്രമിക്കുന്നത്!

തങ്ങളുടെ ഇഷ്ട്ടങ്ങൾക്കനുസരിച്ച് തനിക്ക് വേണ്ട കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവസരവും വിവേചനങ്ങളില്ലാതെ നൽകുക, എല്ലാവർക്കും തുല്യമായി അവകാശങ്ങൾ നൽകുക.. തുടങ്ങിയതിനെയൊക്കെയാണ് പൊതുവേ തുല്യത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അല്ലാതെ, വ്യത്യസ്തരായ മനുഷ്യരെ പിടിച്ച് തുല്യരാക്കുകയോ, ഒരുപോലെയാക്കുകയോ ചെയ്യുന്നതിനേയല്ല!

അതിനാൽ തന്നെ ആരെയും നിങ്ങൾ ഒരു പോലെയാക്കാൻ ശ്രമിക്കേണ്ടതില്ല. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവസരവും തുല്യമായി വീതിച്ചു നൽകിയാൽ മതി.

അല്ലാത്ത പക്ഷം നിങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് തുല്യതയല്ല, മറിച്ച് ഫാസിസം മാത്രമാണ്!

Tags:
  • Spotlight
  • Social Media Viral