Thursday 28 October 2021 03:23 PM IST : By സ്വന്തം ലേഖകൻ

ആ അച്ഛന്റെ കാൽക്കൽ വീണ് മാപ്പു പറയണം,ഇനി പാമ്പിനെ പിടിക്കാനില്ല; വികാരാധീനനായി സുരേഷ്

uthra-case-suresh

ഉത്ര വധക്കേസിലെ മാപ്പുസാക്ഷി ചാവരുകാവ് സുരേഷ് ജയിൽ മോചിതനായി. ഉത്രയുടെ കുടുംബത്തെക്കണ്ട് മാപ്പു പറയുമെന്നും ഇനിയൊരിക്കലും പാമ്പിനെ പിടിക്കില്ലെന്നും സുരേഷ് മനോരമ ന്യൂസിനോടു പറഞ്ഞു. കാര്യങ്ങളെല്ലാം കോടതിയെ ബോധിപ്പിക്കാനായി. പാമ്പിനെ വിറ്റ കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു സൂരജ് ഭീഷണിപ്പെടുത്തിയിരുന്നെന്നും സുരേഷ് പറഞ്ഞു.

ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയതെന്ന് അറിഞ്ഞിരുന്നില്ല. സൂരജിന് അനുകൂലമായി കോടതിയിൽ പറയണമെന്ന് നിരന്തരം മറ്റു തടവുകാരോടു പറ‍ഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. എങ്കിലും കാര്യങ്ങളെല്ലാം സത്യസന്ധമായി കോടതിയെ ബോധിപ്പിക്കാനായെന്ന് സുരേഷ് പറയുന്നു. കേസിൽ മാപ്പുസാക്ഷിയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് മോചിതനായത്.

‘അവന് അനുകൂലമായി തന്നെ ഞാൻ മൊഴിപറയണണെന്ന് ഭീഷണിപ്പെടുത്തി. നിരന്തരമായി മറ്റുള്ള തടവുകാരെ കൊണ്ട് ഇത് പറയിച്ചു. ഉത്രയുടെ അച്ഛനോടും അമ്മയോടും ആങ്ങളയോടും ചെയ്ത തെറ്റിന്. മാപ്പു പറയണം. അവരുടെ കാൽക്കൽ വീഴണം. ഇനി പാമ്പു പിടിക്കാൻ ഞാനില്ല.’– സുരേഷ് പറയണം. 

സുരേഷ് പ്രതിയായ വനംകേസുകളിൽ പുനലൂർ കോടതിയിൽനിന്ന് ജാമ്യം ലഭിച്ചിരുന്നു. ഇനി ഉത്രയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയാനാണ് സുരേഷിന്റെ തീരുമാനം. ‘ഉത്രയുടെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും കാൽക്കൽ വീണ് എനിക്ക് മാപ്പ് ചോദിക്കണം’ – നിറകണ്ണുകളോടെ സുരേഷ് പറ‍ഞ്ഞു.

ഉത്രയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിനെതിരെ ശിക്ഷാവിധി വന്നെങ്കിലും സൂരജും സുരേഷും പ്രതികളായ വനംവകുപ്പിന്റെ കേസ് നടപടികൾ കോടതിയിൽ തുടരുകയാണ്.