Saturday 04 April 2020 03:03 PM IST

ഇനി പച്ചക്കറികൾ ചീത്തയാകുമോ എന്നു പേടിക്കേണ്ട; സുരക്ഷിതമായി വയ്ക്കാനിതാ ചില പൊടികൈകൾ

Tency Jacob

Sub Editor

vegetables

ആവശ്യമുള്ള പച്ചക്കറികൾ എന്നെന്നും പോയി വാങ്ങാൻ പറ്റാത്ത സാഹചര്യം ആണല്ലോ. അതുപോലെ ഒരു കറിക്കുള്ളത്‌ എടുത്തുകഴിഞ്ഞാൽ ബാക്കിയുള്ള കഷണങ്ങൾ എങ്ങനെ സൂക്ഷിക്കണം എന്ന് തല പുകയ്‌ക്കുന്നവരാണ് വീട്ടമ്മമാരിൽ കൂടുതൽ പേരും. അതുപോലെ പച്ചക്കറികൾ വില കുറയുമ്പോൾ കുറച്ചു കൂടുതൽ വാങ്ങിയാൽ അവ സൂക്ഷിച്ചു വെക്കാം. ആവശ്യമുള്ളപ്പോൾ എടുക്കുകയും ചെയ്യാം. ശരിയായ രീതിയിലല്ല സൂക്ഷിക്കുന്നത് എങ്കിൽ പച്ചക്കറികൾ പെട്ടെന്ന് ചീത്തയായി പോകാൻ സാധ്യതയുണ്ട് . ഇൗ മാർഗങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ.

1.തക്കാളി

ഒരു പാത്രത്തിൽ വെള്ളം എടുക്കുക. അതിലേക്ക് കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് തക്കാളി ഇതിൽ ഇട്ടുവയ്ക്കുക. അരമണിക്കൂറിനുശേഷം നന്നായി കഴുകി എടുക്കുക. ശുദ്ധജലത്തിൽ വീണ്ടും കഴുകിയതിനുശേഷം ഒരു തുണി കൊണ്ടോ ടിഷ്യു കൊണ്ടോ തുടച്ച് എടുക്കുക. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ രണ്ട് ടിഷ്യൂപേപ്പർ വിരിക്കുക. തക്കാളിയുടെ ഞെട്ട് ഭാഗം താഴെ വരുന്ന തരത്തിൽ അടുക്കുക. ദീർഘനാൾ തക്കാളി കേടുകൂടാതെ ഇരിക്കും.

2.ഏത്തക്കായ

ഏത്തക്കായ ശരിയായി സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്നുതന്നെ പഴുക്കാൻ സാധ്യതയുണ്ട്. അതുപോലെ തൊലി കറുത്തു ചീഞ്ഞു പോകാനും സാധ്യതയുണ്ട്. ഏത്തക്കായ ഓരോന്നായി എടുത്തു പത്ര കടലാസിൽ നന്നായി പൊതിയുക. അതിനുശേഷം എല്ലാം കൂടി വീണ്ടും നാലഞ്ചു ഷീറ്റ് പത്ര കടലാസിൽ കട്ടിയായി പൊതിയുക. ഇനി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ അടുക്കി ഫ്രിഡ്ജിലേക്ക് വെക്കാം. തുണിത്തരങ്ങളും മറ്റും കിട്ടുന്ന ബ്രൗൺ നിറത്തിലുള്ള കടലാസ് കവറിൽ സൂക്ഷിച്ചാലും കേടാവാതെ ഇരിക്കും. പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുന്നത് നല്ലതല്ല.

3.കാരറ്റ്

കാരറ്റ് പോലുള്ള പച്ചക്കറികൾ നന്നായി പത്രക്കടലാസിലോ അല്ലെങ്കിൽ അലുമിനിയം ഫോയിൽ പേപ്പറിലോ പൊതിഞ്ഞ് ഒരു പ്ലാസ്റ്റിക് കവറിലോ അതല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് ഡബ്ബയിലോ അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കാം. കുക്കുംബറും ഇതുപോലെ ചെയ്യാം. കാരറ്റ് നുറുക്കിയ കഷണങ്ങൾ ആണെങ്കിൽ ഒരു ziplock കവറിലിട്ട് ഫ്രീസറിൽ സൂക്ഷിക്കാം.

4. മത്തങ്ങ കുമ്പളങ്ങ, പടവലങ്ങ, വെള്ളരിക്ക പോലുള്ള പച്ചക്കറികൾ

ഇവ ആദ്യം തന്നെ അല്പം വലിയ കഷണങ്ങളായി മുറിക്കുക. തൊലിയും കുരുവും കളഞ്ഞ് വൃത്തിയാക്കുക. ചീഞ്ഞ ഭാഗങ്ങളോ വരണ്ട ഭാഗങ്ങളോ ഉണ്ടെങ്കിൽ ചെത്തിക്കളയണം. അതിനുശേഷം ഇവ ക്ലിങ് ഫിലിമിൽ പൊതിയുക. ഒരു പ്ലാസ്റ്റിക് ഡബ്ബയിൽ പച്ചക്കറി കഷണങ്ങൾ നിരത്തി അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കാം. വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ ചീയാൻ സാധ്യതയുള്ളതുകൊണ്ട് ഇവ കഴുകരുത്. ജലാംശം കൂടുതലുള്ള പച്ചക്കറികൾ എല്ലാം തന്നെ ഇങ്ങനെ ചെയ്യാം.

5.പയർ, ബീൻസ്

ഇവ തലയും വാലും നാരും കളഞ്ഞശേഷം ഒരു ഡബ്ബയിൽ ടിഷ്യുപേപ്പർ വിരിച്ച് അതിലാക്കി സൂക്ഷിക്കാം. ടിഷ്യൂ പേപ്പർ മുകളിലും വിരിക്കാം. അതുപോലെ നമുക്ക് ആവശ്യമുള്ള വലുപ്പത്തിൽ അരിഞ്ഞു ഫ്രീസറിലും സൂക്ഷിക്കാം.

6. ചേമ്പ് ചേന തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. അതിൽ പറ്റിയിരിക്കുന്ന മണ്ണ് കളയാതെയും കഴുകാതെയും സൂക്ഷിക്കുക. മുറിച്ചു കഴിഞ്ഞാലും വെയിൽ കൊള്ളുന്ന രീതിയിൽ സൂക്ഷിച്ചാൽ മതി. അല്ലെങ്കിൽ ബാക്കിയുള്ള ഭാഗം നന്നായി കഴുകി ക്‌ളിങ്ഫിലിമിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം.