Thursday 16 September 2021 01:44 PM IST

‘അവളെ സ്വന്തമാക്കാനുറച്ചപ്പോൾ, സുഹൃത്തുക്കള്‍ പിണങ്ങിപ്പോയി’: നൂറുവട്ടം നോ പറഞ്ഞിടത്തു നിന്ന് വിധിയെ തോൽപ്പിച്ച പ്രണയകഥ

Binsha Muhammed

vinitha-subrahmanian

‘വയ്യാത്ത കൊച്ചാണ്... വെറുതെ ആശ കൊടുക്കരുത്. ജീവിതം ഒന്നേ ഒള്ളൂ, നോക്കീം കണ്ടും തീരുമാനമെടുക്കണം. പിന്നീട് അതിന്റെ പേരിൽ ദുഖിക്കേണ്ടി വരരുത്.’

നാട്ടുകാരും കൂട്ടുകാരും സ്നേഹിച്ചും ശാസിച്ചും പറഞ്ഞ കാര്യം തന്നെയാണ് സുബ്രഹ്മണ്യന്റെ അമ്മയും ആവർത്തിച്ചത്. നിവർന്നു നിൽക്കാൻ പോലും കഴിയാത്ത. സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ ശേഷിയില്ലാത്ത വിനിതയെന്ന പെണ്ണിന് ജീവിതം കൊടുക്കാൻ പോകുകയാണ്. പലരും ആരംഭ ശൂരത്വമെന്ന് പറഞ്ഞ് പിന്തിരിപ്പിച്ചു. പക്ഷേ സുബ്രഹ്മണ്യൻ ഉറപ്പിച്ചു തന്നെയായിരുന്നു.

‘അവളുടെ വയ്യായ്ക എനിക്ക് ഭാരമല്ല അമ്മാ... മനസു കൊണ്ടടുത്തവരാണ് ഞങ്ങൾ. എന്റെ ഉയിരുള്ള കാലത്തോളം ഞാനവളെ പൊന്നുപോലെ നോക്കും. എന്റെ പെണ്ണായി. ഇതിനെ നിങ്ങൾ ത്യാഗമെന്ന് വിളിക്കുമായിരിക്കും. പക്ഷേ ഞങ്ങൾക്കിടയിലുള്ളത് സ്നേഹമാണ്.’

കണ്ണുകൾ നിറഞ്ഞ് അമ്മയോട് സുബ്രഹ്മണ്യൻ പറഞ്ഞ മറുപടി പോലെ മാസ് രംഗം സിനിമയിൽ പോലും ഉണ്ടായെന്നു വരില്ല. വികാരനിർഭരമെന്നോ സ്നേഹ സുരഭിലമെന്നോ എന്നു പറഞ്ഞാലും പോര, ആണൊരുത്തന്റെ ചങ്കുറപ്പുള്ള ആ ഇഷ്ടത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ പോരാതെ വരും.

ജീവനറ്റു പോയ കാലുകളുമായി ജീവിക്കേണ്ടി വന്ന പെണ്ണിനെ ജീവിതസഖിയാക്കൊനുരുങ്ങിയപ്പോൾ നെറ്റിചുളിച്ചവരേറെ. വെറുമൊരു ആവേശത്തിന്റെയോ നേരമ്പോക്കിന്റെയോ പേരിൽ അങ്ങനെ സംഭവിക്കരുതെന്നും ജീവിതം കളയരുതെന്ന് ഉപദേശിച്ചവരേറെ. പക്ഷേ ആണൊരുത്തന്റെ കലർപ്പില്ലാത്ത ഇഷ്ടത്തിനു മുന്നിൽ എല്ലാം വഴിമാറി. ഇക്കഴിഞ്ഞ സെപ്റ്റംബർ 8ന് ആലപ്പുഴ മറ്റം ശിവക്ഷേത്രത്തിൽ വച്ച് വിനിതയുടെ കൈപിടിച്ച് ജീവിതം തുടങ്ങുമ്പോൾ സുബ്രഹ്മണ്യൻ വീണ്ടും ആ വാക്കുകൾ ആവർത്തിക്കുന്നു.

‘ഇത് ത്യാഗവും മഹാമനസ്കതയുമാകുന്നത് നിങ്ങൾക്കാണ്. ഇത് മനസിന്റെ ഇഷ്ടമാണ്. വിനിത എന്റെ പെണ്ണാണ്. അവൾക്കും ഞാനും എനിക്കവളും തണലാകും. ഞങ്ങൾ ജീവിച്ചു കാണിക്കും. ’

സോഷ്യല്‍ മീഡിയ അനുഗ്രഹാശിസുകൾ നൽകി നെഞ്ചേറ്റിയ ആ വിപ്ലവ ജോഡികൾ തങ്ങളുടെ വിപ്ലവ പ്രണയകാലം വനിത ഓൺലൈനോട് പങ്കുവയ്ക്കുകയാണ്... പാലക്കാടുള്ള ചെക്കൻ ആലപ്പുഴക്കാരി പെണ്ണിന് തണലായി മാറിയ പ്രണകഥ ആ സ്നേഹമഴയിൽ നനഞ്ഞ വിനിതയുടെ വാക്കുകളിലൂടെ...

ചിറകറ്റു പോയവൾ

‘യെസ് എന്ന് ഒരുവട്ടം മാത്രമേ പറഞ്ഞുള്ളൂ. അതിനേക്കാളും നൂറുവട്ടം നോ എന്നാണ് പറഞ്ഞത്. ഇതുവേണ്ടാ, ശരിയാവില്ല എന്നാണ് ഞാൻ ചേട്ടനോടു പറഞ്ഞു. എന്റെ വയ്യായ്ക എനിക്കറിയാം. മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നു ചെന്ന് നാളെ എന്നെപ്പോലൊരു പെണ്ണ് അയാൾക്ക് ഭാരമായി മാറി എന്ന് പറഞ്ഞാൽ എനിക്കത് സഹിക്കാനാകില്ല. മനസു നൽകാനുറച്ച അവസാന നിമിഷവും ഞാൻ ആവർത്തിച്ചു ചോദിച്ചു, ഏട്ടാ... ഇതൊരു നേരമ്പോക്കല്ലല്ലോ, എന്നെ ഉപേക്ഷിക്കല്ലല്ലോ. അങ്ങനെ സംഭവിച്ചാൽ എനിക്ക് സങ്കടം താങ്ങാനായി എന്നു വരില്ല. പക്ഷേ പുള്ളിക്കാരൻ ഉറപ്പിച്ചായിരുന്നു’– പൂത്തുതളിരിട്ട പ്രണയകഥയുടെ തുടക്കം വിനിതയുടെ നാവിൽ നിന്നായിരുന്നു.

ആലപ്പുഴ ചെട്ടിക്കുളങ്ങരയാണ് എന്റെ നാട്. അച്ഛൻ വേണുഗോപാൽ അമ്മ ഓമന. അച്ഛന് കൂലിപ്പണിയായിരുന്നു. എല്ലാ കുടുംബങ്ങളേയും പോലെ പ്രാരാബ്ദങ്ങളും അല്ലറ ചില്ലറ ജീവിത പ്രതിസന്ധികളുമൊക്കെ ഉണ്ടായിരുന്നു എങ്കിലും അല്ലലില്ലായിരുന്നു. എനിക്ക് ഒരേയൊരു സഹോദരൻ, പേര് വിനീത്.

ജന്മനാ ഞാൻ കാലിന് പ്രശ്നമൊന്നുമുള്ള കുട്ടിയായിരുന്നില്ല ഞാൻ. എല്ലാവരേയും പോലും ഓടിച്ചാടി നടന്നിരുന്ന ബാല്യകാലം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, കൃത്യമായി പറഞ്ഞാൽ എന്റെ 12–ാം വയസിൽ എന്റെ എല്ലാം തലകീഴ്മറിയുന്ന ലക്ഷണങ്ങൾ ജീവിതം കാട്ടിത്തുടങ്ങി. നിന്ന നിൽപ്പിൽ നിലതെറ്റിയുള്ള വീഴ്ചയിൽ നിന്നായിരുന്നു തുടക്കം. അസ്ഥാനത്തെ ആ വീഴ്ച ആദ്യം കാര്യമാക്കിയില്ല. ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാൻ വല്ലാതെ ബുദ്ധിമുട്ടുക കൂടി ചെയ്തപ്പോള്‍ എന്തൊക്കെയോ ശരീരത്തിൽ സംഭവിക്കുകയാണെന്ന് ബോധ്യമായി. പിന്നീട് വീഴ്ചകൾ പതിവായി. എന്റെ കുഞ്ഞു ശരീരത്തെ താങ്ങിനിർത്താൻ പോലുമാകാതെ കാലുകൾ ബലമില്ലാതെ ക്ഷയിച്ചു തുടങ്ങുകയായിരുന്നു. എടുത്തടിച്ച പോലുള്ള വീഴ്ചകൾ, ബലമില്ലാത്ത കാൽമുട്ടുകൾ അന്നുമുതൽ എന്നെ ദീനക്കാരിയാക്കി. പ്രതിവിധിയും പരിഹാരങ്ങളും തേടി ഏറെ അല‍ഞ്ഞു. ആയൂർവേദവും അലോപ്പതിയും ഏറെ പരീക്ഷിച്ചു. അവസാനം എന്റെ ജാതകം തിരുത്തിയെഴുതിയ അറിയിപ്പെത്തി. കാലിലെ പേശികൾക്ക് ബലമില്ലാത്ത, ക്ഷയിച്ചു പോകുന്ന മസ്കുലാർ ഡിസ്ട്രോഫി ആണത്രേ എനിക്ക്. പൂമ്പാറ്റ പോലെ പറന്നു നടന്ന ഒരുവളുടെ ജീവിതം അന്നുമുതൽ വേദനയുടെ കൂട്ടിലായി. പഠിത്തം നിലച്ചു. കാലുകൾക്ക് പകരം വീൽചെയറെത്തി. എന്നന്നേക്കുമായി വീൽചെയറിൽ. വിനിത ഒരു നിമിഷം മിഴിനീർ തുടച്ചു.

vinitha-subrahmaniam-1

നിവർന്നു നിൽക്കാന്‍ ശേഷിയില്ലാതെ വീൽ ചെയറിലാകുക എന്നാൽ ജീവിതവും തുലാസിലാകുക എന്നതാണ്. സ്വപ്നങ്ങൾ അവസാനിച്ച്, ജീവിതം തുലാസിലായി ഞാനങ്ങനെ ജീവിച്ചു തീർക്കുകയായിരുന്നു. ആദ്യമൊക്കെ വേച്ചു വേച്ചെങ്കിലും നടക്കാനാകുമായിരുന്നു. പക്ഷേ പത്തു കൊല്ലം കൊണ്ട് എന്റെ വേദനകള്‍ അതിന്റെ പരകോടിയിലെത്തി. കാലുകൾ പൂർണമായും ക്ഷയിച്ചു. പ്രാഥമിക കാര്യം പോലും ചെയ്യാൻ മറ്റൊരാളുടെ സഹായം വേണ്ടുന്ന അവസ്ഥ. അന്നേരങ്ങളിൽ അമ്മയായിരുന്നു എനിക്കെല്ലാം. എന്നെ കൈക്കുഞ്ഞിനെ പോലെ പൊതിഞ്ഞു പിടിച്ച എന്റെ അമ്മ....

ജീവിതം തുലാസിലായതോടെ ഞാൻ എന്നിലേക്ക് തന്നെ ചുരുങ്ങുകയായിരുന്നു. പുറത്തെങ്ങും പോകാതായി. ഇനി അഥവാ പുറക്കിറങ്ങിയാൽ തന്നെ. ആ കൊച്ചിന്റെ അവസ്ഥ കണ്ടില്ലേ... കഷ്ടം തന്നെ എന്ന സഹതാപംപുരട്ടിയ വാക്കുകൾ കേൾക്കേണ്ടി വന്നു. പിന്നെ ദൈന്യതയുടെ നോട്ടങ്ങൾ. പഠനം നിലച്ചു, എന്റെ പ്രായത്തിലുള്ളവർ വിവാഹം കഴിഞ്ഞു പോകുന്നു. ഞാൻ മാത്രം ഇങ്ങനെ... വല്ലാത്തൊരു നെടുവീർപ്പിന്റെ നിമിഷങ്ങളായിരുന്നു അതൊക്കെ.

28–ാം വയസിൽ എന്റെ അവസ്ഥ അറിയുന്ന ഒരാൾ വന്നിരുന്നെങ്കിൽ എന്ന് വെറുതേ ആശിച്ചു. പക്ഷേ അതെല്ലാം പാഴ്ക്കിനാവാണെന്ന് ആരോ ഉള്ളിലിരുന്ന് പറയും പോലെ. വിവാഹ വാഗ്ദാനം നൽകി ചിലരൊക്കെ വന്നു. പക്ഷേ അവരൊക്കെ നമ്മുടെ അവസ്ഥ മുതലാക്കി ചൂഷണം ചെയ്യാനുള്ള വരവായിരുന്നു. മുപ്പത്തിയാറ്, വയസുവരെ എന്റെ ജീവിതം ഏറെക്കുറെ അങ്ങനെയൊക്കെ തന്നെയായിരുന്നു. ഇടയ്ക്കിടെ ഞാനെന്റെ മനസാക്ഷിയോട് തന്നെ ചോദിക്കും. എന്തേ എനിക്ക് മാത്രം ഈ വിധിയെന്ന്. പക്ഷേ എല്ലാ വേദനകളേയും മായ്ച്ചു കളയുന്ന വലിയൊരു നിധി ദൈവം എനിക്കായി കാത്തുവച്ചു.

മസ്കുലാര്‍ ഡിസ്ട്രോഫി ബാധിച്ചവരുടെ ‘മൈൻഡ്’ കൂട്ടായ്മയാണ് ഇരുളു നിറഞ്ഞ എന്റെ ജീവിതത്തിൽ അൽപമെങ്കിലും വെളിച്ചം വീശിയത്. ആരൊക്കെയോ നമ്മുടെ കൂടെയുണ്ട് എന്ന തോന്നൽ നൽകിയ കൂട്ടായ്മ. അവരുമായിട്ട് ഒരിമിച്ചിരുന്നതൊക്കെ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. നാളെ അച്ഛനും അമ്മയും ഇല്ലാതായാൽ ഞങ്ങളെപ്പോലുള്ളവർക്ക് ചെന്നുകയറാൻ പറ്റുന്ന ഒരു വീട് എന്ന കൺസപ്റ്റ് ഒരിടം എന്ന പ്രോജക്ടിലൂടെ മുന്നോട്ടു വച്ചു. അതൊക്കെ നീണ്ടു നിവർന്നു കിടക്കുന്ന ജീവിതം നൽകിയ പ്രതീക്ഷയുടെ ഇത്തിരിവെട്ടങ്ങളാണ്.

പക്ഷേ ജീവിതമൊട്ടാകെ വെളിച്ചം വീശിയ വലിയൊരു ട്വിസ്റ്റ് സംഭവിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ... ആ കഥ എന്റേതു മാത്രമല്ല, ഏട്ടന്റേതു കൂടിയാണ്. വിനിത സുബ്രഹ്മണ്യന്റെ നെഞ്ചോടു ചേർന്നിരുന്നു.

vs

ദൈവം തന്ന നിധിയല്ലേ...

ഒരു സന്നദ്ധ സംഘടനയുടെ വാട്സാപ്പ് കൂട്ടായ്മ. അതിൽ പാലക്കാട് പട്ടാമ്പിക്കാരനായ ഞാനും ആലപ്പുഴക്കാരിയായ ഇവളും. പരസ്പരം പരിചയമില്ല, ഊരേതെന്നോ നാടേതെന്നോ അറിയില്ല. ഇടയ്ക്കെപ്പോഴോ ഗ്രൂപ്പ് പരതുന്നതിനിടയിൽ വീൽചെയറിലിരിക്കുന്ന സുന്ദരിയായ ഒരു ഗ്രൂപ്പ് മെമ്പർ എന്റെ ശ്രദ്ധയിൽപ്പെട്ടു. പേര്, വിനിതയാണെന്നും മനസിലായി. ആ ഒരൊറ്റ കാഴ്ച എന്റെ മനസിലുടക്കി. സിനിമയിലാണെങ്കിൽ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയാവുന്ന രംഗം.– സുബ്രഹ്മണ്യനാണ് പ്രണയകഥ പറഞ്ഞു തുടങ്ങിയത്.

ചുമട്ടു തൊഴിലാളിയാണ് ഞാൻ. വാട്സാപ്പ് ഗ്രൂപ്പിലൂടെ തന്നെ പരിചയപ്പെട്ടു. പിന്നീട് നമ്പർ എടുത്ത് ചാറ്റിലൂടെ സൗഹൃദം പുതുക്കി. പതിയെ പതിയെ അവളെ ഞാനറിഞ്ഞു തുടങ്ങി, ആ ജീവിതം അറിഞ്ഞു തുടങ്ങി. അറിയുന്തോറും ഇഷ്ടം കൂടിവന്നു എന്നതാണ് സത്യം. വയ്യാത്ത കുട്ടിയെന്നോ വീൽചെയറിലാണ് ജീവിതമെന്നോ ഒന്നും ബാധിച്ചു കൂടിയില്ല. സൗഹൃദ നിമിഷങ്ങൾക്കിടയിലെപ്പോഴോ ഞാനാ പ്രണയം അവളോട് പങ്കുവച്ചു. കണ്ണുംപൂട്ടി എതിർക്കുകയായിരുന്നു അവൾ. ഇത് ശരിയാകില്ല, എന്ന് ആണയിട്ടു പറഞ്ഞു. ഓരോ വട്ടവും ഇഷ്ടം പറഞ്ഞപ്പോഴും അവൾ അത് ആവർത്തിച്ചു.

‘അത് ചേട്ടനോടുള്ള വെറുപ്പ് കൊണ്ടല്ല, ചേട്ടനോടുള്ള കരുതൽ കൊണ്ടാണ്. ഞാൻ മറ്റൊരാൾക്ക് ഭാരമാകരുതെന്ന് കരുതിയാണ്. എന്നെ സ്വീകരിച്ച് ഒടുവിൽ വേണ്ടായിരുന്നു എന്ന് തോന്നിയാൽ. ഈ ലോകത്ത് ഒന്നുമല്ലാതായി പോകും. ആരുമല്ലാതായി പോകും.’– വിനിത സുബ്രഹ്മണ്യന്റെ വാക്കുകൾ മുറിച്ചുകൊണ്ട് പറഞ്ഞു.

പക്ഷേ ഞാനുറപ്പിച്ചായിരുന്നു സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ പലരും എതിർത്തു. ഇതൊക്കെ ഇപ്പോൾ തോന്നുന്ന വെറും തോന്നലുകളാണെന്ന് പറഞ്ഞ് പിന്തിരിപ്പിച്ചു. ഇതിന്റെ പേരിൽ എന്നോട് പിണങ്ങിപ്പോയവർ വരെയുണ്ട്. ഞാനെന്തോ അബദ്ധം കാണിക്കുന്നു എന്ന മട്ടിൽ. വീട്ടിൽ അമ്മ ശാരദയോട് പറഞ്ഞപ്പോഴും അതു തന്നെ ആവർത്തിച്ചു. വെറുതെ ആ കൊച്ചിന് ആശ കൊടുക്കരുതെന്ന് പറഞ്ഞു. മൂന്ന് സഹോദരിമാരാണ് എനിക്ക്, ശ്രീജയും ഇന്ദിരയും രാധയും അവരും എന്നെ പറ്റാവുന്നിടത്തോളം പിന്തിരിപ്പിച്ചു. പക്ഷേ ഞാൻ പിന്നോട്ടു പോയില്ല, അവൾക്കു നൽകിയ വാക്കിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാറായിരുന്നു.– സുബ്രഹ്മണ്യന്റെ ഉറച്ച വാക്കുകൾ.

എന്റെ വീട്ടിലും ഏറെക്കുറെ അതു തന്നെയായിരുന്നു അവസ്ഥ. ഫോണിൽ കൂടി പരിചയപ്പെട്ട അതും ഇത്രയും ദൂരെയുള്ള ആളുമായി വിവാഹം. ചിലപ്പോൾ എന്നെ പറ്റിക്കുന്നതാകും എന്നൊക്കെ പറഞ്ഞു. പക്ഷേ ഏട്ടനുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞപ്പോ കാര്യങ്ങൾ ഓകെയായി. എന്നെ പെണ്ണു കാണാൻ വന്നതൊക്കെ ബഹുരസമായിരുന്നു. പാലക്കാട് നിന്നും 255 കി.മീ ബൈക്ക് ഓടിച്ച്, എനിക്കിഷ്ടമുള്ള കപ്പലണ്ടി മിഠായിയും മഞ്ചുമൊക്കെയായിയുള്ള വരവ് ഒന്നു കാണേണ്ടതു തന്നെയായിരുന്നു. രാവിലെ 3 മണിക്ക് ഇറങ്ങിയ യാത്ര, ഉച്ചയോടെ ആലപ്പുഴയിലെത്തി. ആ വരവിൽ ഇരു കുടുംബങ്ങളും ഏറെ അടുത്തു.

എല്ലാ പ്രതിബന്ധങ്ങളും താണ്ടി, എല്ലാവരുടേയും അനുഗ്രഹാശിസുകളുമായി ഒരു എൻഗേജ്മെന്റ് നടന്നു. അന്നാണ് എന്റെ പെങ്ങമ്മർ വിനിതയെ കാണുന്നത്. ഫോണിൽ അവളെക്കുറിച്ചുള്ള ഒരു ചിത്രം കൊടുത്തിട്ടുണ്ടെങ്കിലും അവളെ നേരിൽക്കണ്ടപ്പോൾ, അവസ്ഥ അടുത്തറിഞ്ഞപ്പോൾ ശരിക്കും സ്തംഭിച്ച പോലെയായി. എന്തു ചെയ്യാൻ... എന്റെ ഇഷ്ടം ഒടുവിൽ അവരെയും പറഞ്ഞു മനസിലാക്കേണ്ടി വന്നു.

കാത്തിരിപ്പിന്റെ നാളുകൾ, നീങ്ങി. പിന്തിരിപ്പിക്കലുകളുടേയും ആശങ്കയുടെയും നാളുകൾക്കൊടുവിൽ അതു സംഭവിച്ചു. എന്നെ അറിയുന്ന, എന്റെ സ്നേഹം തിരിച്ചറിഞ്ഞ കുറേ മനസുകളുടെ ആശീർവാദങ്ങൾ ഏറ്റുവാങ്ങി അവളെന്റെ പെണ്ണായി. ആലപ്പുഴ മറ്റം ശിവക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങ്.– സുബ്രഹ്മണ്യൻ പറഞ്ഞു നിർത്തി.

ഏട്ടൻ എന്റെ കഴുത്തിൽ ചാർത്തിയ ദേ ഈ താലിയില്ലേ... ഇതിലാണ് ഇന്നെന്റെ ജീവിതം കുടിയിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ലെന്ന് നിനച്ച കാര്യമാണ്. ദൈവം എനിക്ക് തന്ന നിധിയെന്നോ സൗഭാഗ്യമെന്നോ എന്ത് വിശേഷിപ്പിച്ചാലും മതിയാകില്ല. ഈ ഇഷ്ടം നേരമ്പോക്കാണെന്നും തോന്നലാണെന്നും പറഞ്ഞവരോട് ഏട്ടൻ പറഞ്ഞതേ എനിക്കും പറയാനുള്ളൂ, ഞങ്ങൾ ജീവിച്ചു കാണിക്കും. എനിക്കുറപ്പുണ്ട്, എന്നും ഏട്ടൻ എന്റെയൊപ്പം ഉണ്ടാകും, ശ്വാസം നിലയ്ക്കുവോളം ഞാനുമുണ്ടാകും ഏട്ടന്റെ പെണ്ണായി.– വിനിത സുബ്രഹ്മണ്യന്റെ സ്നേഹവലയത്തോട് ചേർന്നിരുന്നു.