Wednesday 18 August 2021 02:12 PM IST

‘വയ്യാതെ കിടന്നാലും ഒരു സഹായമാകാൻ എനിക്ക് പറ്റില്ല എന്നതായിരുന്നു അവരുടെ പേടി’: കുഞ്ഞു കുഞ്ഞൊരു കല്യാണം

Rakhy Raz

Sub Editor

vinu-and-manju

കസവ് കരയിൽ നീല ഡിസൈനുള്ള സെറ്റും മുണ്ടും മുറിച്ച് ചെറുതാക്കി ഉടുക്കാൻ പാകത്തിനാക്കി തയ്ച്ചൊരുക്കി. നീളൻ കയ്യൊക്കെ വച്ച് ഫാഷനബിളായി ബ്ലൗസ് തയാറാക്കി.

ആരുടെയും സഹായമില്ലാതെ മഞ്ജു രാഘവ് കല്യാണപ്പെണ്ണായി ഒരുങ്ങി നിന്നത് തന്റെ കുഞ്ഞു കല്യാണത്തിനായാണ്. കുന്നോളം ആത്മവിശ്വാസത്തോടെ മഞ്ജുവിനെ ചേർത്തു പിടിച്ചു വിനു രാജും കൂടെയുണ്ട്.

പ്രണയത്തിന്റെ മധുരം പുരണ്ട ആ കല്യാണം വരനും വധുവും അവരുടെ സുഹൃത്തുക്കളും മാത്രമറിഞ്ഞ് രഹസ്യമായാണ് നടത്താൻ ഉദ്ദേശിച്ചതെങ്കിലും പാലക്കാട് യാക്കര ക്ഷേത്രത്തിൽ ഇവർ മാലയണിയുമ്പോൾ ചുറ്റും പത്ര ക്യാമറകൾ മിന്നി. കാരണം മഞ്ജു ഒരു സിനിമാ താരവും പാരാലിംപിക്സ് വിജയിയും കൂടിയാണ്.

‘മൂന്നര’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും പല മോഡലിങ് ഷോകളിലും പാരാലിംപിക്സിലും തിളങ്ങിയ കുഞ്ഞു താരത്തിന് അങ്ങനെ ചേരുംപടി ചേർന്ന കല്യാണമായി.

കംപ്യൂട്ടർ സെന്റർ ടു കല്യാണം

‘‘എന്റെ ചേട്ടന്റെയും അനിയത്തിയുടെയും വിവാഹം കഴിഞ്ഞ ശേഷമാണ് എനിക്കു വേണ്ടി അച്ഛൻ വിവാഹാലോചന തുടങ്ങിയത്. ഡിഗ്രി പഠിക്കുന്നതിനൊപ്പം തന്നെ ഞാൻ നാട്ടിലെ കംപ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുകയും കംപ്യൂട്ടർ കോഴ്സ് പഠിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഉച്ചവരെ ജോലി ഉച്ചയ്ക്ക് ശേഷം പഠനം എന്ന രീതിയായിരുന്നു.

കംപ്യൂട്ടർ സെന്ററിൽ ഒരു ദിവസം ഒരാൾ പ്രിന്റ് എടുക്കാൻ വന്നു. അദ്ദേഹം ചോദിച്ചു ‘ഞങ്ങളുടെ നാട്ടിൽ ഒരു പൊക്കമില്ലാത്ത പയ്യനുണ്ട് മഞ്ജു കല്യാണം നോക്കുന്നുണ്ടോ’ എന്ന്. ‘നോക്കുന്നുണ്ട്’ എന്ന് ഞാൻ പറഞ്ഞു. പിറ്റേന്ന് അദ്ദേഹം അവരുടെ അഡ്രസും ഫോൺ നമ്പറും വാങ്ങി എന്റെ കയ്യിൽ തന്നു. തിരിച്ച് എന്റെ നമ്പറും വിലാസവും കൊടുക്കുകയും ചെയ്തു.

ഫോട്ടോ കൊടുത്തപ്പോൾ വിനുവേട്ടന്റെ അച്ഛനും അമ്മയ്ക്കും എന്നെ അത്ര ഇഷ്ടമായില്ല. അത് ശരിയാകില്ല എന്നാണ് അവർ പറഞ്ഞത്. എനിക്ക് വിനുവേട്ടനെക്കാൾ തീരെ പൊക്കം കുറവാണ് എന്നതായിരുന്നു കാരണം. മകന് സാമാന്യം പൊക്കമുള്ള പെൺകുട്ടിയെ ലഭിക്കണം എന്നാഗ്രഹിച്ചതിന് അവരെ കുറ്റം പറയാനൊക്കില്ല. അവർക്ക് ഇഷ്ടമല്ലാത്തതു കൊണ്ട് ഈ ആലോചന ഇവിടെ വച്ച് അവസാനിപ്പിക്കാം എന്ന് വിനുവേട്ടനും പറഞ്ഞു. അങ്ങനെ ആ വിഷയം അടച്ചു.

ആ സമയത്ത് ഞാൻ ജോലിക്കൊപ്പം ടൈപ്‌റൈറ്റിങ് കൂടി പഠിച്ചു തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞ് വിനുവേട്ടൻ അതാ ടൈപ്‌റൈറ്റിങ് സെന്ററിന് മുന്നിൽ നിൽക്കുന്നു. ‘വീട്ടുകാർക്ക് താൽപര്യമില്ലാത്തതു കൊണ്ടു മാത്രമാണ് ഞാനിത് വിടുന്നത് കേട്ടോ’ എന്നു പറയാനാണ് വന്നത്. ‘ശരി’ എന്ന് ഞാനും പറഞ്ഞു.

അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്കൊരു മെസേജ് വന്നു. ‘എനിക്ക് നിന്നെതന്നെ കല്യാണം കഴിച്ചാൽ മതി . എനിക്ക് ഇഷ്ടമാണ്’ എന്നായിരുന്നു മെസേജ്. പിന്നീടങ്ങോട്ട് മെസേജ് അയയ്ക്കലും വിളിക്കലും പതി വായി. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പതിയെ അതു പ്രണയമായി.

എന്റെ കാര്യം അപ്പോഴൊക്കെ വിനുവേട്ടൻ വീട്ടിൽ പറയുന്നുണ്ടായിരുന്നു. ‘തീരെ പൊക്കം കുറവായതിനാൽ വ യ്യാതെ കിടന്നാലും ഒരു സഹായമാകാൻ എനിക്ക് പറ്റില്ല’ എന്നതായിരുന്നു അവരുടെ പേടി.

‘വിനുവേട്ടന്റെ വീട്ടിൽ ഇഷ്ടമല്ലെങ്കിൽ ഇതു വേണ്ട’ എ ന്നു തന്നെ ഞാൻ പറഞ്ഞു. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് വിനുവേട്ടന്റെ കുടുംബം. ഏതായാലും പിന്നീട് എനിക്കു വന്ന വിവാഹാലോചനകളെല്ലാം ഞാൻ ഒഴിവാക്കി വിട്ടു എനിക്ക് വിനുവേട്ടനെ വിവാഹം കഴിച്ചാൽ മതിയായിരുന്നു.’’

അഞ്ച് വർഷത്തെ കാത്തിരിപ്പിന്റെ കഥ പറയാൻ വിനുവും മഞ്ജുവിന്റെ കൂടെയെത്തി. ‘‘രണ്ടു വീട്ടുകാരോടും ഇടയ്ക്ക് ഞങ്ങൾ ഇതു പറയും. രണ്ടു കൂട്ടരും കാര്യമായെടുക്കില്ല. ഏതായാലും അനിയന്റെ വിവാഹം കഴിയട്ടേ എന്നോർത്ത് ഞങ്ങൾ കാത്തിരുന്നു. അത് കഴിയുമ്പോൾ അച്ഛന്റെയും അമ്മയുടെയും മനസ്സ് മാറുമായിരിക്കും എന്നു കരുതി.

എന്റെ വീട്ടിലെ അഭിപ്രായം അറിഞ്ഞതു കൊണ്ടാകണം മഞ്ജുവിന്റെ അച്ഛനും താത്പര്യക്കുറവ് ഉണ്ടായത്. ഇഷ്ടമില്ലാത്തയിടത്ത് പോയാൽ മകളുടെ ഗതിയെ ന്താകും എന്ന് അദ്ദേഹം ചിന്തിച്ചുകാണും. അനുജന്റെ വിവാഹം കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞിട്ടും ഒരനക്കവും ഇ ല്ലാതെ വന്നപ്പോൾ ഞങ്ങൾ വിവാഹത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചു. പ്രായം മുന്നോട്ട് പോകുകയാണല്ലോ.’’

manju-vinu

പൊക്കമില്ലായ്മയാണെന്റെ പൊക്കം

മഞ്ജു പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മ മരിക്കുന്നത്. അന്ന് ചേട്ടന് ദൂരെ ജോലിയാണ്. അനിയത്തി അംഗ ൻവാടിയിൽ പോകുന്ന പ്രായം. വിഷാദ രോഗത്താൽ അമ്മ ശാന്ത, ജീവിതം അവസാനിപ്പിച്ചപ്പോൾ തളർന്നു പോയ അ ച്ഛൻ രാഘവൻ നമുക്ക് മൂന്നുപേർക്കും ജീവിതം അവസാനിപ്പിച്ചാലോ എന്നു ചോദിച്ചു. അന്ന് കുഞ്ഞുമഞ്ജുവാണ് അച്ഛന് കരുത്തായത്.

‘‘അമ്മ വിഷാദത്തിലായിരുന്നതു കൊണ്ട് പലപ്പോഴും ഭക്ഷണം വയ്ക്കാൻ മറക്കും. അതിനാൽ ചെറുപ്രായത്തിൽ തന്നെ ഞാൻ വീട്ടുജോലികൾ ചെയ്തു തുടങ്ങി. കയറി നിന്ന് ചെയ്യാൻ ഒരു സ്റ്റൂൾ ഉണ്ടാക്കി എല്ലാ ജോലികളും ചെയ്തു. തീരെ കുഞ്ഞായിരുന്ന അനുജത്തിയെ അമ്മയെപ്പോലെ നോക്കി വളർത്തി. ഇന്നവൾ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. അന്നൊക്കെ എനിക്ക് ഏറ്റവും സഹായം എന്റെ വല്യമ്മയായിരുന്നു.

ഫെയ്സ്ബുക്കിൽ ചിത്രം കണ്ടാണ് കിഷോർ എന്ന സാർ ‘പാരാലിംപിക്സ് മത്സരത്തിൽ പങ്കെടുത്തു കൂടേ’ എന്നു ചോദിക്കുന്നത്. ഫിസിക്കലി ചാലഞ്ച്ഡ് സ്പോ ർട്സ് അസോസിയേഷൻ കേരളയുടെ തിരുവനന്തപുരത്ത് നടന്ന പാരാലിംപിക് മീറ്റിൽ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ലോങ് ജംപ് എന്നീ ഇനങ്ങളിൽ മഞ്ജു സ്വർണം നേടിയിരുന്നു. 2018 ൽ രാജസ്ഥാനിൽ നടന്ന പാരാലിംപിക് അത്‌ലറ്റിക് മീറ്റിലും പങ്കെടുത്തിട്ടുണ്ട്.

സാധാരണക്കാരെയും പരിമിതികളുള്ളവരേയും മോഡലാക്കുന്ന ജസീന കടവിലിന്റെ റാംപ് ഷോയിലൂടെയും റോഷ്നി ആൻ റോയിക്കൊപ്പവും ആണ് മഞ്ജു മോഡലിങ് രംഗത്തേക്ക് എത്തുന്നത്. 2018 ൽ സൂരജ് എസ്. കുറുപ്പ് സംവിധാനം ചെയ്ത ‘മൂന്നര’ എന്ന ചിത്രത്തിൽ നായികയായി.

‘‘അതിനു ശേഷം ഒന്നു രണ്ടു ചിത്രങ്ങൾ കരാറായെങ്കിലും കൊറോണ കാരണം നീണ്ടുപോയി. അത് പൂർത്തിയാക്കണം. മോഹിനിയാട്ടവും ഭരതനാട്യവും പഠിക്കുന്നുണ്ട് ഇപ്പോൾ. ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനും പദ്ധതിയുണ്ട്.

ജൂലൈ ഒന്നിനായിരുന്നു ഞങ്ങളുടെ വിവാഹം. യാക്കരയമ്പലത്തിൽ കെട്ട് കഴിഞ്ഞയുടൻ ഞങ്ങൾ വിനുവേട്ടന്റെയും എന്റെയും വീട്ടിലേക്ക് വിളിച്ചു കാര്യം പറഞ്ഞു. അത് കേട്ടതും വിനുവേട്ടന്റെ അമ്മ ‘നീ അവളെയും കൂട്ടി ഇങ്ങോട്ട് വരൂ’ എന്നു പറഞ്ഞു. എന്റെ അച്ഛനും വീട്ടിലേക്ക് വി ളിച്ചിട്ടുണ്ട്. ആ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഇനി വീട്ടുകാരുമൊത്ത് സന്തോഷകരമായി ജീവിക്കണം.’’

രാഖി റാസ്