Tuesday 29 June 2021 04:52 PM IST

‘നീതിക്കായുള്ള പോരാട്ടത്തിൽ അതുപകരിക്കും എന്നു കരുതി’: വിവാദത്തില്‍ മറുപടിയുമായി വിസ്മയയുടെ സഹോദരൻ

Binsha Muhammed

vismaya-brother

‘പെങ്ങളുടെ ചിതയെരിഞ്ഞു തീരുംമുമ്പേ അവളുടെ വിഡിയോകൾ ബിജിഎം കുത്തിക്കേറ്റി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത് ഒട്ടും ശരിയായില്ല. സ്നേഹമുള്ള ഒരാങ്ങള ഇങ്ങനെ ചെയ്യുമോ?’

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ വിസ്മയയുടെ സഹോദരൻ വിജിത്തിനോട് ചോദിക്കുന്നത് ഇങ്ങനെയാണ്. ഈ ചോദ്യം ശക്തമായ ചർച്ചയായത് കഴിഞ്ഞദിവസം നടൻ ഷിയാസ് കരീം ഇക്കാര്യം മുൻനിർത്തി സോഷ്യൽ മീഡിയയിൽ വിമര്‍ശന കുറിപ്പ് പങ്കുവച്ചതോടെയാണ്.

‘സ്വന്തം പെങ്ങള്‍ ക്രൂരമായ രീതിയില്‍ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വിഡിയോസ് ഒക്കെ എടുത്ത് BGM ഇട്ടു പോസ്റ്റ് ചെയ്യാന്‍ ഒരു സഹോദരന് എങ്ങനെ കഴിയുന്നു ? ഞങ്ങള്‍ക്ക് ഉള്ള ഒരു സാമാന്യമായ ബോധം പോലും സ്വന്തം സഹോദരന്‍ ഇല്ലേ ? കേസിലെ പ്രതിയുടെ മുഖത്ത് ഇമോജി വച്ചു പോസ്റ്റ് ഇടുന്നതാണോ പ്രതിഷേധം ? കുറച്ചു പക്വത എങ്കിലും കാണിക്കുക എന്നു മാത്രേ പറയാന്‍ ഉള്ളു’.– ഷിയാസ് കുറിച്ചു.

എന്നാൽ ഈ വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ തന്റെ ഭാഗത്തെ വീഴ്ച മനസിലാക്കി ഷിയാസിനോട് ഇക്കാര്യത്തെകുറിച്ച് സംസാരിക്കാനും ക്ഷമ ചോദിക്കാനും വിജിത്തിന് മടിയുണ്ടായില്ല. എന്നാൽ തന്റെ മേൽ കുറ്റം ആരോപിക്കുന്നവർ തനിക്കു പറയാനുള്ളതു കൂടി കേൾക്കണമെന്ന് വിജിത്ത് അഭ്യർത്ഥിക്കുന്നു. വിഡിയോപുറത്തു വന്ന സാഹചര്യമെന്തെന്ന് വനിത ഓൺലൈനോട് സംസാരിക്കുകയായിരുന്നു വിജിത്ത്.

വിഡിയോയുടെ പേരിൽ ഉണ്ടായ തെറ്റിദ്ധാരണകൾ, പ്രചാരണങ്ങൾ, വിധിയെഴുത്തുകൾ, വിചാരണകൾ... ഇപ്പോൾ ഞങ്ങൾക്കുണ്ടായിരിക്കുന്ന വേദനകളുടെ മേൽ മുളകുപുരട്ടും വിധമാണ് അതെല്ലാം പുറത്തു വന്നത്. വിസ്മയെ സ്നേഹിക്കുന്ന, അവളുടെ നീതിക്കായി മുന്നിട്ടു നിൽക്കുന്ന ആർക്കെങ്കിലും ആ വിഡിയോ കണ്ട് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. സഹോദരിയുടെ ചിതകെട്ടടങ്ങും മുന്നേ വിഡിയോ സോഷ്യല്‍മീഡിയയിലിട്ട് ആഘോഷിക്കുന്ന ആങ്ങളയാണ് ഞാനെന്നു മാത്രം പറയരുത്. എനിക്കത് സഹിക്കില്ല– വിജിത്ത് കൂപ്പുകൈകളോടെ പറയുന്നു.

ആ വാക്കുകൾ വേദനിപ്പിക്കുന്നു

ഞാൻ മെർച്ചന്റ് നേവിയിലുണ്ടായിരുന്ന കാലത്തെ എനിക്കൊരു യൂ ട്യൂബ് ചാനലുണ്ടായിരുന്നു. വിരസമായ ഇടവേളകളെ മറികടക്കാൻ ഞാൻ തുടങ്ങിയതായിരുന്നു അത്. ആരും കാണാത്ത കടൽ കാഴ്ചകളും കപ്പലിന്റെ നാവിഗേറ്റിങ് ഏരിയയുമൊക്കെ വിഡിയോയിലൂടെ പരിചയപ്പെടുത്തുക എന്നൊരു ഉദ്ദേശ്യം കൂടി ആ യൂട്യൂബ് ചാനലിനുണ്ടായിരുന്നു.

മാസത്തിൽ 500 എംബി നെറ്റാണ് ഞങ്ങൾക്ക് റേഷൻ പോലെ കിട്ടുന്നത്. അതുവച്ച് സോഷ്യൽ മീഡിയയിൽ കയറിയിറങ്ങാൻ കഴിയുകയില്ല. കൂടിപ്പോയാൽ വാട്സാപ്പ് ഉപയോഗിക്കും. വീട്ടുകാരുമായി ബന്ധപ്പെടുന്നതൊക്കെ അതിലൂടെയാണ്. ചുരുക്കിപ്പറഞ്ഞാൽ കടലിൽ നിന്നു വിട്ട് കരതൊട്ടാലേ ഞങ്ങൾക്ക് പിന്നെ സൗകര്യാർത്ഥം നെറ്റ് കിട്ടുകയുള്ളു. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ മേൽപ്പറഞ്ഞ യൂ ട്യൂബ് വിഡിയോ നാട്ടിലെ കസിൻ ബ്രദറിന് അയച്ചു കൊടുക്കും. അവൻ അത് എഡിറ്റ് ചെയ്ത് എന്റെ ചാനലിൽ പബ്ലിഷ് ചെയ്യും. അവനാണ് യൂ ട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നത്.

അധികം വിഡിയോയൊന്നും ചെയ്തിട്ടില്ല. രണ്ടോ മൂന്നോ വിഡിയോസ് ചാനലിലൂടെ പബ്ലിഷ് ചെയ്തിട്ടുണ്ട്. പിന്നീട് എന്റെയും മാളുവിന്റെയും വിവാഹം ലൈവായി സ്ട്രീം ചെയ്തതും ഇതേ ചാനലിലൂടെയാണ്. കൂടിപ്പോയാൽ ആയിരത്തില്‍ താഴെ സബ്സ്ക്രൈബേഴ്സ് മാത്രമേ ചാനലിനുണ്ടായിരുന്നുള്ളു.

ഇനി വിഷയത്തിലേക്ക് വരാം. മാളുവിന്റെ വിവാഹ നിമിഷത്തിൽ അവൾ ഡാൻസ് ചെയ്യുന്ന രംഗങ്ങളും ഞങ്ങൾ ഒരുമിച്ച് ചെയ്ത ടിക് ടോക് വിഡിയോയും രണ്ടു ദിവസം മുമ്പ് ഞാൻ‌ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ആ വിഡിയോ ഞാൻ മേൽപ്പറഞ്ഞ കസിൻ ബ്രദർ യൂ ട്യൂബിൽ പോസ്റ്റ് ചെയ്തു. വിഡിയോക്ക് നല്ല റീച്ചും ചാനലിന് നല്ല സബ്സ്ക്രൈബേഴ്സും ലഭിക്കുന്നുണ്ടെന്ന് അവൻ എന്നോടു പറഞ്ഞിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 60000 സബ്സ്ക്രൈബേഴ്സിനെയാണ് നമുക്ക് ലഭിച്ചത്. ഒന്നു കൂടി അവൻ പറഞ്ഞു. ഈ ചൂട് കെട്ടടങ്ങുമ്പോൾ മാധ്യമങ്ങൾ വിസ്മയയെ വിട്ട് മറ്റ് വാർത്തകൾ തേടിപ്പോകും. അങ്ങനെ സംഭവിച്ചാൽ അവൾക്ക് നീതി കിട്ടുന്നതു പോലും അകലെയാകും. മറുവശത്ത് നല്ല സ്വീകാര്യതയുള്ള ഒരു യൂട്യൂബ് ചാനൽ ഉണ്ടായാൽ മാധ്യമങ്ങൾ ഈ വിഷയം വിട്ടാലും നമ്മളെ കേൾക്കാൻ ആൾക്കാരുണ്ടാകും. ഇപ്പോൾ കിട്ടുന്ന സബ്സ്ക്രൈബേഴ്സ് വിസ്മയയുടെ നീതിക്കായുള്ള പോരാട്ടത്തിൽ ഗുണകരമാകുമെന്നു ഞാനും കരുതി. പക്ഷേ സംഭവിച്ചത് നേർ വിപരീതമായ കാര്യങ്ങളാണ്. പല ഓൺലൈൻ മാധ്യമങ്ങളും ആ വിഡിയോ എടുത്ത് അതി വൈകാരികമായ തലക്കെട്ടുകൾ പൊടിപ്പും തൊങ്ങലും ചേർത്ത് പബ്ലിഷ് ചെയ്തു.

ഷിയാസ് കരീമിക്ക ഞാനേറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടിയ പിഴവും തെറ്റും ഞാൻ മനസിലാക്കുന്നു. സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് സമ്മതിക്കുകയും ചെയ്യുന്നു. പക്ഷേ സംഭവിച്ചത് ഇതൊക്കെയാണ്. കേസിലെ പ്രതിയായ കിരണിന്റെ മുഖത്ത് ഇമോജി വച്ച് വിഡിയോ പോസ്റ്റ് ചെയ്തതിലും ബിജിഎം ഇട്ടതിലുമൊന്നും എനിക്ക് അതിൽ നേരിട്ട് പങ്കില്ല. പക്ഷേ ആ യൂട്യൂബ് ചാനലും അതിനു കിട്ടിയ സ്വീകര്യതയും വിസ്മയയെ സ്നേഹിക്കുന്നരുടെ ശബ്ദമാകുമെന്ന് ഞാൻ പ്രത്യാശിച്ചു. അവൾക്ക് നീതികിട്ടും വരെ ഞങ്ങളുടെയും ശബ്ദമായി മാറുമെന്ന് ആഗ്രഹിച്ചു. ഇങ്ങനെയൊക്കെ സംഭവിച്ചതിൽ സങ്കടമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു...