Thursday 21 November 2019 11:21 AM IST : By സ്വന്തം ലേഖകൻ

ക്ലാസ് മുറിയിലെ പൊത്തിൽ കാലിട്ടു, വലിച്ചെടുത്തപ്പോൾ ചോര; പാമ്പു കടിയേറ്റ വിദ്യാർഥിനി മരണപ്പെട്ടു!

wayanad-snake-bite

സ്‌കൂളിൽ ക്ലാസ് മുറിയിലെ പൊത്തിൽ കാലിട്ട വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ചു. പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൾ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹ്ന ഷെറിനാണ് (10) മരണപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. ഗവ. സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഷെഹ്ന ഷെറിൻ.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ വച്ച് ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെട്ടിരുന്നു. കാൽ പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. ഉടൻതന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. 

കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി കുട്ടിയുടെ നില വഷളായതോടെ വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ലക്ഷണങ്ങൾ പാമ്പു കടിയേറ്റതിന്റെയാണെന്ന് പരിശോധിച്ച ഡോ. ജാക്സൺ തോമസ് പറഞ്ഞു. സഹോദരങ്ങൾ: അമിയ ജബിൻ, അഖിൽ.

Tags:
  • Spotlight