Saturday 21 November 2020 11:31 AM IST : By സ്വന്തം ലേഖകൻ

‘ആൺ എന്നാൽ മീശ പിരിച്ച് നൂറുപേരെ ഇടിച്ച് തെറിപ്പിക്കുന്ന ഹീറോയല്ല; പേടിയുള്ള, ടെൻഷനുള്ള, കരയുന്ന ആളെന്നു കൂടിയാണ്’; ശ്രദ്ധേയമായി കുറിപ്പ്

nelson-jeseph6654333ghh

സമൂഹത്തിൽ പുരുഷനും സ്ത്രീക്കുമെല്ലാം ചില കാര്യങ്ങൾ കല്പിച്ചു കൊടുത്തിട്ടുണ്ട്. സ്ത്രീ എല്ലാം സഹിച്ചു ജീവിക്കേണ്ടവളാണ്, പുരുഷന്മാർ കരയാൻ പാടില്ല എന്നിങ്ങനെ കാലങ്ങളായി പറഞ്ഞു കേൾക്കുന്ന, അടിയുറച്ചുപോയ ചില വിശ്വാസങ്ങളുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെയൊക്കെയാണോ സ്ത്രീയും പുരുഷനും? ലോക പുരുഷ ദിനവുമായി ബന്ധപ്പെട്ട് ഡോക്ടർ നെൽസൺ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

ഡോക്ടർ നെൽസൺ ജോസഫ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

അയ്യേ, ആങ്കുട്ടികള് കരയുവോ?

കരയും... നല്ല ഒന്നാന്തരമായിട്ട് കരയും. അതിനിപ്പൊ ഏത് കല്ലും അലിയിക്കുന്ന ദാരുണമായ സംഭവങ്ങളൊന്നും നടക്കണോന്നില്ല.

അഞ്ച് വർഷം പഠിച്ച കൂട്ടുകാരെ വിട്ട് പോവാൻ നിൽക്കുന്ന അവസാന ദിവസം മസില് പിടിക്കുന്നുണ്ടെന്ന് പുറത്ത് കാണിച്ചാലും കണ്ണൊന്ന് നനയും. കരട് പോയ പോലെ തുടയ്ക്കും.

നല്ലൊരു സിനിമയിൽ ഹൃദയത്തിൽ തൊടുന്നൊരു സീനിൽ ചിലപ്പൊ സങ്കടം കൊണ്ടും ചിലപ്പൊ സന്തോഷം കൊണ്ടും ആണുങ്ങടെ കണ്ണും നിറയും. തിയറ്ററിലെ ഇരുട്ടിൽ ആരും കണ്ടില്ലെന്ന് ആശ്വസിക്കും. ഒന്ന് പൊട്ടിക്കരയേണ്ട സന്ദർഭങ്ങളിൽ അതിനു പോലും അനുവദിക്കാതിരിക്കാൻ ഏതോ ഒരു പമ്പരവിഡ്ഢി ചൊല്ലിപ്പഠിപ്പിച്ച പാഠങ്ങളിലൊന്നാണ് ആണുങ്ങൾ കരയാറില്ലെന്ന ഭൂലോക വിഡ്ഢിത്തം. ഇന്ന് ലോക പുരുഷ ദിനമാണ്. എല്ലാ ദിവസവും ആണുങ്ങടെയല്ലേ, എന്തിനാണ് ആണുങ്ങൾക്കായി പിന്നെ ഒരു ദിവസം എന്ന് ചിലപ്പൊ ചിലർക്കെങ്കിലും ചോദിക്കാൻ തോന്നിയേക്കാം.

വെള്ളമടിച്ച് കോൺ തെറ്റി പാതിരായ്ക്ക് വീട്ടിൽ വന്ന് കയറുമ്പൊ ചുമ്മാ കാലു മടക്കി തൊഴിക്കാൻ കൂട്ടിനു പെണ്ണിനെ വിളിക്കുന്ന ഇന്ദുചൂഡന്മാരും മുണ്ടു മടക്കിക്കുത്തി മീശ മുറുക്കി മാസ് കാണിക്കുന്ന ജഗന്നാഥന്മാരും മംഗലശേരി നീലകണ്ഠൻമാരും അടങ്ങുന്ന ആൽഫാ മെയിൽ സങ്കല്പങ്ങൾ മാത്രമാണ് ആണ് എന്ന മിഥ്യാ ധാരണ മനസിൽ വച്ചുകൊണ്ട് നടക്കുന്നതുകൊണ്ടുകൂടിയാണ് ആ സംശയമങ്ങനെ മനസിൽ തോന്നുന്നത്..

പെണ്ണ് സർവം സഹയാണ് എന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ എന്റർടെയിമെന്റുകളുടെ മറുവശത്ത് അതേപോലെതന്നെ ദോഷഫലമനുഭവിക്കുന്നവരാണ് ആൽഫാ മെയിൽ ആവാൻ പറ്റാതെ പോവുന്ന ആണുങ്ങളും. ആ വരച്ച വര വിട്ടൊന്ന് മാറി നടക്കുന്ന ആണുങ്ങളൊക്കെത്തന്നെ സമൂഹത്തിന്റെ,  പാട്രിയാർക്കിയുടെ ആക്രമണം നേരിടുന്നത് കാണാം.

മീശ മുളച്ചു തുടങ്ങേണ്ട പ്രായത്തിൽ സമപ്രായക്കാരെക്കാൾ അല്പം പിന്നിലായിപ്പോയാൽ തുടങ്ങും ബുള്ളിയിങ്ങ്. മീശയോ മസിലോ ഇല്ലാത്തവരെ ചിലപ്പൊ ആണാണോയെന്ന് പരിശോധിക്കാൻ മുതിരുന്ന ആക്രമണങ്ങൾ അപകർഷതകളിലേക്കെത്തിക്കുന്നിടം വരെ... കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ, പ്രത്യേകിച്ച് സാമ്പത്തിക ഉത്തരവാദിത്വങ്ങൾ പുരുഷന്റെ തലയിൽ എടുത്ത് വച്ചുകൊടുക്കാൻ സമൂഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. "ഓ, അവനൊരു കഴിവുകെട്ടവനായകൊണ്ടാ " എന്നല്ലേ പറഞ്ഞു കേൾക്കാറുള്ളത്?

അവിടെ ചുക്കാൻ പിടിക്കാൻ കഴിവുള്ളത് അവൾക്കായിരിക്കും ചിലപ്പൊ. അതിനെ നൈസായിട്ട് " പെണ്ണ് കുടുംബം പോറ്റേണ്ട അവസ്ഥ ഇവിടില്ല" എന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്യും. അവന് മറ്റ് കഴിവുകളാവും ചിലപ്പൊ ഉണ്ടായിരിക്കുക... എന്നാലുമവനെ കഴിവുകെട്ടവനുമാക്കും.. ഇനി ഇതെല്ലാം മറികടന്ന് സ്ത്രീ ജോലിക്ക് പോവുകയും പുരുഷൻ കുടുംബം നോക്കുകയും ചെയ്തെന്ന് തന്നെ ഇരിക്കട്ടെ. അവർ, അവരുടെ ജീവിതം എന്ന് കരുതി വഴിക്ക് വിടുകയല്ല, പെണ്ണുണ്ണി, പെൺകോന്തൻ, പാവാട, പാവാടച്ചരട്...എക്സട്രാ... ഒരു പ്രത്യേകതരം പുരോഗമന സമൂഹമാണ്..

അവൾ ആക്രമണം നേരിടാൻ ഇടയുണ്ടെന്നത് നമ്മുടെ മനസിലുള്ളതുകൊണ്ട് അവളെ കൂടുതൽ ശ്രദ്ധിക്കും. എന്നാൽ അതേപോലെ വൾനറബിളാണ് ആൺകുട്ടികളും എന്നത് നമ്മുടെ മനസിലൂടെ ചിലപ്പൊ കടന്നുപോയെന്നിരിക്കില്ല. ഒരു ആണ് ഗാർഹികപീഢനത്തിനിരയായെന്ന് കേൾക്കുന്നത്, അല്ലെങ്കിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് കേൾക്കുന്നത് ഒക്കെ ആലോചിക്കാൻ അല്ലെങ്കിൽ സങ്കല്പിക്കാൻ പോലും പ്രയാസം തോന്നുന്നത് മറ്റൊരു ഉദാഹരണം. അതുകൊണ്ടുതന്നെ മുന്നോട്ട് വരാൻ കഴിയാതെയോ പങ്കുവയ്ക്കാൻ കഴിയാതെയോ അവയുടെ ഇരകൾ അനുഭവിക്കുന്ന സംഘർഷം വലുതാണ്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യവും പ്രത്യേകം എടുത്ത് പറയണം. ഗേ ആണെന്ന് സ്വയം ഐഡൻ്റിഫൈ ചെയ്താലും, താല്പര്യമില്ലെങ്കിൽപ്പോലും വിവാഹാലോചനയുമായി മുന്നോട്ട് പോവേണ്ടിവരുന്നവരുടെ കാര്യമടക്കം. മിക്കവാറും സന്ദർഭങ്ങളിൽ ജോലിക്കായി ദൂരദേശങ്ങളിലും മറ്റും പോകേണ്ടിവരികയും പുരുഷനാണ്. അച്ഛനുണ്ടെങ്കിലും ഇല്ലാത്തതുപോലെ കഴിയേണ്ടിവരുന്ന മക്കളുടെ കാര്യവും ആലോചിക്കേണ്ടതുണ്ടല്ലോ. ഇവയുടെയെല്ലാം ആകെത്തുകയായുണ്ടാവുന്ന മാനസിക സംഘർഷങ്ങളുടെ അവസാനം ചെന്നുനിൽക്കുന്നത് ചിലപ്പോഴെങ്കിലും ആത്മഹത്യയിലുമാവും..

പണ്ട് കമ്മീഷണറെന്ന സിനിമയിൽ ഭരത് ചന്ദ്രൻ സമയം കിട്ടുമ്പൊ ആണെന്ന വാക്കിന്റെ അർഥമെന്താണെന്ന് പറഞ്ഞ് മനസിലാക്കിക്കൊടുക്കാൻ അച്ചാമ്മ വർഗീസിന്റെ ഭർത്താവിനോട് പറയുന്നുണ്ട്. ആണ് എന്ന വാക്കിന്റെ  അർഥം മുണ്ട് മടക്കിക്കുത്തി മീശ പിരിച്ച് നൂറ് പേരെ ഇടിച്ച് തെറിപ്പിച്ച് നടക്കുന്ന ഹീറോയെന്ന് മാത്രമല്ല.. പേടിയുള്ള, ടെൻഷനുള്ള, കരയുന്ന, കണ്ണ് നിറയുന്ന ആളുകളെന്നുകൂടിയാണ്.

Tags:
  • Spotlight
  • Social Media Viral