Thursday 27 March 2025 12:23 PM IST : By സ്വന്തം ലേഖകൻ

‘തൊപ്പി’യുടെ അച്ചായന്‍, സോജന്‍ വര്‍ഗീസ് വിവാഹിതനായി; ഭാര്യയുടെ പ്രായം വെളിപ്പെടുത്തിയതിന് ട്രോള്‍ മഴ

achayan-thoppi

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം ‘അച്ചായന്‍’ എന്നറിയപ്പെടുന്ന സോജന്‍ വര്‍ഗീസ് വിവാഹിതനായി. വിവാദ യൂട്യൂബര്‍ ‘തൊപ്പി’യുടെ സന്തതസഹചാരിയാണ് ‘അച്ചായന്‍’. ‘തൊപ്പി’യുടെ വിഡിയോകളിലെ സ്ഥിരം മുഖമാണ് ‘അച്ചായന്‍’. സോജന്‍ വര്‍ഗീസിന്റെ വിവാഹ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ആതിര റോയ് ആണ് വധു. 

ഭാര്യയ്ക്ക് 25 വയസേ ആയിട്ടുള്ളു എന്ന് വിവാഹശേഷം ‘അച്ചായന്‍’ വെളിപ്പെടുത്തിയതോടെ സൈബര്‍ ലോകത്ത് ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കി. 

‘ആതിരയാണ് വിവാഹം കഴിക്കാമെന്ന് എന്നോട് പറഞ്ഞത്. താലികെട്ടും വരെ അത് യാഥാര്‍ഥ്യമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കുറച്ചുദിവസമായി ഞാന്‍ മറ്റൊരു വലിയ ട്രോമയില്‍ ആയിരുന്നു. അതൊന്നും കണക്കിലെടുക്കേണ്ട, ഒന്നിച്ചുജീവിക്കാം എന്ന് ആതിര പറഞ്ഞപ്പോള്‍ മുന്‍പിന്‍ നോക്കിയില്ല. ഒരു പെണ്‍കുട്ടി അങ്ങനെ ബോള്‍ഡായ ഒരു തീരുമാനമെടുക്കുമ്പോള്‍ കിട്ടുന്ന എനര്‍ജിയിലാണ് ഞാന്‍ ഇപ്പോള്‍.’ - വിവാഹത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സോജന്‍ വര്‍ഗീസ് പറയുന്നു.

‘വിമര്‍ശനങ്ങള്‍ ഇനിയും വരുമെന്ന് ഉറപ്പാണ്. ഒന്നുമാത്രമേ പറയാനുള്ളു. ഒരു മയത്തിലൊക്കെ വിമര്‍ശിക്കണം. ചങ്കില്‍ കൊള്ളുന്നതു പോലെയാകരുത്. ഈ ഞാന്‍ പഴയ ഞാനല്ല, കുടുംബസ്ഥനാണ്. കഴിഞ്ഞത് കഴിഞ്ഞു. ഇനി ജീവിതം നന്നായി ആസ്വദിച്ച് ജീവിക്കാന്‍ പോകുകയാണ്. എല്ലാവരും പിന്തുണയ്ക്കണം.’- സോജന്‍ വര്‍ഗീസ് പറഞ്ഞു.

Tags:
  • Spotlight
  • Social Media Viral