Saturday 05 April 2025 05:25 PM IST : By സ്വന്തം ലേഖകൻ

സാധാരണ സ്കാനല്ല പെറ്റ് സ്കാൻ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

petscan4353

രോഗിയിൽ നിന്നും പുറത്തുവരുന്ന റേഡിയേഷനെ സ്കാൻ ചിത്രമാക്കുന്നു

റേഡിയോ ഐസോടോപ്പുകൾ അല്ലെങ്കിൽ റേഡിയോ ഫാ ർമസ്യൂട്ടിക്കലുകൾ ഉപയോഗിച്ചു രോഗനിർണയവും ചികിത്സയും നടത്തുന്ന ഒരു മെഡിക്കൽ വിഭാഗമാണു ന്യൂക്ലിയർ മെഡിസിൻ. അർബുദചികിത്സയിൽ ഇപ്പോഴിതു വ്യാപകമായി ഉപയോഗിക്കുന്നു. ന്യൂക്ലിയർ മെഡിസിനിൽ രോഗനിർണയത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ പ്രധാനമാണു പെറ്റ് സിടി (PET CT) സ്കാനറും ഗാമ ക്യാമറ അല്ലെങ്കിൽ സ്പെക്ട് സിടി (SPECT CT) സ്കാനറും.

സാധാരണ ഉപയോഗത്തിലുള്ള ഇമേജിങ് ടെക്നിക്കുകളായ സിടി സ്കാൻ, എക്സ് റേ മുതലായവയിൽ നിന്നു ന്യൂക്ലിയർ മെഡിസിൻ വ്യത്യസ്തമാണ്. എക്സ് റേ, സിടി സ്കാനിൽ റേഡിയേഷൻ നൽകുന്നത് ഉപകരണങ്ങൾ വഴിയാണ്. ന്യൂക്ലിയർ മെഡിസിനിൽ റേഡിയേഷൻ സ്രോതസ്സ് എന്നു പറയുന്നതു രോഗിയാണ്. അതായത്, വിവിധ അർബുദങ്ങൾക്കുള്ള നിശ്ചിത റേഡിയോ ഫാർമസ്യൂട്ടിക്കലുകൾ രോഗികൾക്കു കുത്തിവയ്പ് ആയോ ഉള്ളിലേക്കു കഴിക്കുന്ന ദ്രാവകരൂപത്തിലോ കൊടുക്കുന്നു. ഈ മരുന്നുകൾ കാൻസർ കോശങ്ങളിൽ കടന്നുചെന്നു പുറത്തുവിടുന്ന റേഡിയേഷനുകൾ പ്രത്യേകം തയാറാക്കിയ ഗാമ ക്യാമറ, പെറ്റ് സിടി സ്കാനർ എന്നിവ വഴി സ്കാൻ ഇമേജ് രൂപ ത്തിൽ നമുക്കു കിട്ടുകയും അതുവഴി രോഗനിർണയം നടത്താൻ സാധിക്കുകയും ചെയ്യുന്നു.

മിക്കവാറും എല്ലാ കാൻസറുകളുടെയും ഘട്ടം തിരിച്ചറിയുന്നതിനും, ചികിത്സ കൊണ്ടോ കാൻസറിന്റെ പ്രത്യേകത കൊണ്ടോ ഘട്ടത്തിനു വ്യത്യാസം വന്നാൽ ചികിത്സാപദ്ധതി മാറ്റുന്നതിനും (റീ സ്േറ്റജിങ്), ചികിത്സയോടുള്ള പ്രതികരണം മനസ്സിലാക്കാനും പെറ്റ് സ്കാൻ സഹായിക്കുന്നു. ഫ്ളൂറോഡിയോക്സി ഗ്ലൂക്കോസ്Ð18 (എഫ്ഡിജി) എന്ന റേഡിയോ ഫാർമസ്യൂട്ടിക്കൽ മരുന്നു കുത്തിവച്ചു കൊണ്ടുള്ള പെറ്റ് സ്കാനാണു സാധാരണമായി ഉപയോഗിക്കുന്നത്. സാധാരണ കോശങ്ങളെക്കാൾ കാൻസർ കോശങ്ങളിൽ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കുന്നു എന്നുള്ള പ്രത്യേ കതയെ ആണ് ഈ പെറ്റ് സിടി സ്കാനിൽ ഉപയോഗപ്പെടുത്തുന്നത്. സാധാരണയിലും കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കപ്പെടുന്ന കോശങ്ങളിൽ എഫ്ഡിജി അടിഞ്ഞുകൂടും.

നാഡീവ്യവസ്ഥയിലും അന്തഃസ്രാവി ഗ്രന്ഥീ വ്യവസ്ഥയിലും ഉള്ള മുഴകൾ (ന്യൂറോÐഎൻഡോക്രൈൻ ട്യൂമറുക ൾ), പ്രോസ്േറ്ററ്റ് കാൻസർ എന്നിങ്ങനെ ചില പ്രത്യേക കാ ൻസറുകൾക്ക് 68 Ga DOTANOC, 68 Ga PSMA മുതലായ പ്രത്യേകതരം മരുന്നുകൾ കുത്തിവച്ചുള്ള പെറ്റ് സിടി സ്കാനുകൾ ഉപയോഗിക്കാറുണ്ട്.

രോഗനിർണയത്തിനുള്ള സ്കാനുകളിൽ നേരിയ അളവിൽ മാത്രമേ റേഡിയോഐസോട്ടോപ്പുകൾ നൽകുന്നുള്ളു. അതുകൊണ്ടു പാർശ്വഫലങ്ങൾ അപൂർവമാണ്. എങ്കിലും ഗർഭിണികളായ സ്ത്രീകൾ എല്ലാത്തരം ന്യൂക്ലിയർ മെഡിസിൻ പരിശോധനാരീതികളും ഒഴിവാക്കേണ്ടതാണ്.

സ്കാനിനു മുൻപു രോഗിയുടെ ഗ്ലൂക്കോസ് നില നിയന്ത്രണത്തിൽ നിർത്തണം. തലേന്നു രാത്രി ഭക്ഷണത്തിനുശേഷം മറ്റൊന്നും കഴിക്കാതെ വേണം സ്കാനിങ്ങിനു വരാൻ. മരുന്നു കുത്തിവച്ച ശേഷം 30 Ð 40 മിനിറ്റുകൾക്കു ശേഷം രോഗിയെ സ്കാൻ മെഷീനിൽ കിടത്തും. ഏകദേശം 15 മിനിറ്റുകൊണ്ടു സ്കാൻ പൂർത്തീകരിക്കും. റേഡിയേഷൻ മരുന്നു വിയർപ്പിലൂടെയും മൂത്രത്തിലൂടെയും പുറത്തുപോകും. സ്കാനിങ്ങിനു ശേഷം ധാരാളം വെള്ളം കുടിച്ച് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതു ശരീരത്തിൽ നിന്നു റേഡിയേഷൻ മരുന്നു പെട്ടെന്നു പുറത്തു പോകുവാൻ സഹായിക്കുന്നു.

ഡോ. നിഖിൽ മോഹൻ

അസി. പ്രഫസർ
ന്യൂക്ലിയർ മെഡിസിൻ വിഭാഗം

മലബാർ കാൻസർ സെന്റർ
തലശ്ശേരി, കണ്ണൂർ

Tags:
  • Manorama Arogyam