ഗുരുവിന്റെ മഹത്വവും ഈശ്വര തുല്യമായ ചൈതന്യവും ഒരുമിച്ച, ‘ഗുരുദേവൻ’ എന്നറിയപ്പെടുന്ന ഒരാളേയുള്ളു മലയാളികൾക്ക് – ശ്രീനാരായണ ഗുരു. ജാതിയുടേയും മതത്തിന്റെയും പേരിൽ ദുഷിച്ചു കിടന്ന സമൂഹത്തെ അതിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അതിൽ താഴേക്കിടയിലുള്ളവരെ ഉയരങ്ങളിലേക്കു കൈപിടിച്ചുയർത്തുകയും ചെയ്തു ഗുരുദേവൻ. കേരളം ഇന്ന് സാമൂഹികമായും സാംസ്കാരികമായും വൈജ്ഞാനികമായും മുൻനിരയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു പ്രധാന പങ്കു വഹിച്ചത് ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും വാഗ്ഭടാനന്ദനും പോലുള്ള മഹാത്മാക്കളാണ്.
കേരള നവോത്ഥാന ചരിത്രത്തിന്റെ ആദ്യ ഘട്ടങ്ങളിലൂടെയുള്ള യാത്രയാണ് ഗുരുദേവന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെയുള്ള യാത്ര. ചെമ്പഴന്തിയിൽ തുടങ്ങി ശിവഗിരിയിലെത്തുമ്പോൾ ഒരു യുഗപരിവർത്തനത്തിന്റെ കാഴ്ചകളിലൂടെയാണു കടന്നു പോകുന്നത്.
ചെമ്പഴന്തിയുടെ പുണ്യം

തമ്പാനൂരിൽ നിന്ന് ശ്രീകാര്യം വഴി പോത്തൻകോട് പാതയിൽ 12 കിലോമീറ്റർ സഞ്ചരിക്കണം ചരിത്രപ്രസിദ്ധമായ ചെമ്പഴന്തിയിലേക്ക്. ശ്രീനാരായണ ഗുരുദേവന്റെ ജൻമഗൃഹം വയൽവാരം വീട്ടിൽ നിന്ന് യാത്ര ആരംഭിക്കാം. കാർഷികവൃത്തി ജീവിതോപാധിയാക്കിയ, വൈദ്യവൃത്തിയിലും സംസ്കൃത ഭാഷയിലും അവഗാഹമുള്ള പണ്ഡിതൻമാരുടെ ജൻമം കൊണ്ട് പ്രസിദ്ധിയാർജിച്ച ഈഴവകുടുംബമായിരുന്നു വയൽവാരം വീട്.
1855 ഓഗസ്‌റ്റ് 28 നാണ് മാടനാശാന്റെയും കുട്ടിയമ്മയുടേയും മകനായി ശ്രീനാരായണഗുരു ജനിച്ചത്. ആ ഭവനം പഴമയോടെ തന്നെ കാണാം. മണ്ണു കൊണ്ട് കെട്ടിപ്പടുത്ത് ചാണകം മെഴുകിയ ഭിത്തിയും ഓല മേഞ്ഞ മേൽക്കൂരയുമുള്ള ചെറിയ ഗൃഹം. ക്ഷേത്ര ശ്രീകോവിലിനു സമാനമായി ഭക്തിയോടെ പാവനമായി സംരക്ഷിച്ചുപോരുന്നു ജൻമഗൃഹം. വയൽവാരം വീടിനു തെക്കു വശത്ത് പടവുകൾ കയറിയാൽ കുടുംബത്തിന്റെ പരദേവതാ ക്ഷേത്രമായ മണയ്ക്കൽ ക്ഷേത്രം.
നാണു എന്ന വിളിപ്പേരിൽ അറിയപ്പെട്ട കുട്ടി പരമ്പരാഗത രീതിയിൽ ഗുരുകുല ചിട്ടയിൽ പ്രാഥമിക വിദ്യാഭ്യാസവും പിന്നീട് സംസ്കൃതവും അഭ്യസിച്ച ശേഷം നാട്ടിലെത്തി കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയതോടെ നാണുവാശാൻ എന്നറിയപ്പെട്ടു. സംസ്കൃതത്തോടൊപ്പം ഉപനിഷത്തും പഠിച്ച് ദാർശനികജ്ഞാനം സമ്പാദിച്ച അദ്ദേഹം ക്രമേണ ആധ്യാത്മികമായ ജീവിത ചര്യയിലേക്കു നീങ്ങി. നാഗർകോവിലിനു സമീപമുള്ള മരുത്വാമലയിലേക്ക് ഗുരുദേവൻ പലപ്പോഴും യാത്ര ചെയ്തു. അവിടെ പിള്ളയാർതടം എന്നു പ്രസിദ്ധമായ ഒരു ഗുഹയിൽ തപസ്സ് അനുഷ്ഠിച്ചു. പിന്നീട് കേരളത്തിന്റെ പല ഭാഗത്തും പരിവ്രാജകനായി സഞ്ചരിച്ചു എന്നും വിശ്വസിക്കുന്നു.
നെയ്യാറിന്റെ കരയിൽ

ചെമ്പഴന്തിയിൽ നിന്ന് തിരുവനന്തപുരം–നെയ്യാറ്റിൻകര റൂട്ടിൽ 32 കിലോ മീറ്റർ സഞ്ചരിച്ചാൽ പ്രകൃതിമനോഹരമായ അരുവിപ്പുറത്ത് എത്താം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ അഗസ്ത്യമുടിയിൽ ഉദ്ഭവിച്ച് അറബിക്കടലിലേക്ക് ഒഴുകുന്ന നെയ്യാറിന്റെ തീരത്താണ് ഈ പുണ്യസങ്കേതം. പാറക്കെട്ടുകളിൽ തട്ടിത്തെറിച്ച് കളകളാരവം മുഴക്കി ഒഴുകുന്ന നദിയും പൊരിവെയിലത്തും കുളിർമ പരത്തി പന്തലിച്ചു നിൽക്കുന്ന ആൽമരങ്ങളും ഈ പ്രദേശത്തിന് ആശ്രമാന്തരീക്ഷം ഒരുക്കുന്നു.
ഗുരുദേവപാതയിലൂടെയുള്ള യാത്രയിൽ മനസ്സിന് ഉണർവു നൽകുന്ന സ്ഥലമാണ് അരുവിപ്പുറം. മരുത്വാമലയിൽ തപസ്സനുഷ്ഠിച്ച് മടങ്ങി എത്തിയ ഗുരുദേവൻ ദേശസഞ്ചാരത്തിൽ എപ്പോഴോ ആകാം അരുവിപ്പുറത്ത് എത്തി. അക്കാലത്ത് വൻ മരങ്ങൾ ഇടതിങ്ങിയ, കാട്ടുമൃഗങ്ങൾ സഞ്ചരിച്ചിരുന്ന കൊടുംകാടായിരുന്നു അത്. ധ്യാനനിമഗ്നനായിരിക്കുന്ന ഗുരുദേവനൊപ്പം പുലിയും വന്യമൃഗങ്ങളും അരുമമൃഗങ്ങളെപ്പോലെ നിൽക്കുന്നത് പലരും കണ്ടിട്ടുണ്ടത്രേ.
ക്ഷേത്രത്തിൽ പ്രവേശിച്ച് ഈശ്വരനെ ആരാധിക്കാനുള്ള അവസരം സമൂഹത്തിലെ താഴേക്കിടയിലുള്ള ഒരു വിഭാഗത്തിനു നിഷേധിച്ചിരുന്ന കാലം. അപ്പോഴാണ് 1888 മാർച്ച് 11 ന് ശിവരാത്രി ദിനത്തിൽ അരുവിപ്പുറത്ത് ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തുന്നു എന്നു പ്രഖ്യാപിച്ചത്. പറഞ്ഞ ദിവസം അടുത്തിട്ടും പ്രതിഷ്ഠയ്ക്കുള്ള മുന്നൊരുക്കങ്ങൾ കണ്ടില്ല, ബിംബം പ്രതിഷ്ഠിക്കാൻ ഗുരുദേവൻ നൽകിയ അളവിൽ പീഠംപോലെ ഒരു കല്ല് തയാറാക്കി വച്ചിരുന്നു എന്നു മാത്രം. പ്രതിഷ്ഠാ സമയത്തിനു മുൻപ് ആറ്റിൽ കുളിക്കാൻ എത്തിയ ഗുരു ഇപ്പോൾ ശങ്കരൻ കയം എന്നു വിളിക്കുന്ന കയത്തിൽ മുങ്ങി. അതിൽ ഒട്ടുവളരെ നേരം അദ്ദേഹം അപ്രത്യക്ഷനായി. ദീർഘനേരത്തിനു ശേഷം കയ്യിൽ ശിവലിംഗരൂപമൊത്ത ശിലയുമായാണ് അദ്ദേഹം കയത്തിൽ നിന്നു കയറിവന്നത്. പ്രതിഷ്ഠയ്ക്കായി നിശ്ചയിച്ച സ്ഥാനത്ത് ആ ശിലയും നെഞ്ചോട് അടുക്കി പിടിച്ച് മണിക്കൂറുകൾ നിന്നു പ്രാർഥിച്ച ശേഷമാണ് അദ്ദേഹം പ്രതിഷ്ഠ നടത്തിയത്. അന്ന് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ഒരു നൂറ്റാണ്ടിനിപ്പുറവും നവീകരണമോ പുനഃപ്രതിഷ്ഠയോ നടത്തിയിട്ടില്ല എന്നതും അരുവിപ്പുറത്തിന്റെ വൈശിഷ്ട്യമാണ്.
മനം നിറയ്ക്കും കാഴ്ചകൾ
നെയ്യാറ്റിൻകര, പെരുമ്പഴുതൂർ വഴി അരുവിപ്പുറം ശിവക്ഷേത്രത്തിൽ എത്താം. ക്ഷേത്രത്തിനു മുന്നിലൂടെ താഴേക്ക് പടികൾ ഇറങ്ങേണ്ട ദൂരമേയുള്ള നെയ്യാറിലേക്ക്. കടവിന്റെ ഇടതുവശത്താണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം മുങ്ങി എടുത്ത ശങ്കരൻകുഴി.

സാമ്പ്രദായികമായ താന്ത്രിക ചടങ്ങുകളോ ആചാരങ്ങളോ കൂടാതെ തന്റെ തപഃശക്തികൊണ്ട് ഗുരുദേവൻ പ്രതിഷ്ഠിച്ച വിഗ്രഹത്തിനു ചുറ്റും പിന്നീട് ശ്രീകോവിൽ നിർമിക്കുകയായിരുന്നു. ആ മതിലിൽ രേഖപ്പെടുത്താനാണ് പ്രസിദ്ധമായ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന വരികൾ അദ്ദേഹം രചിച്ചത്.

ശ്രീകോവിലിന് ഇടതുവശത്ത് ഗുരുമന്ദിരം കാണാം. ശ്രീനാരായണഗുരു അരുവിപ്പുറത്തു താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനും ശിഷ്യർക്കും താമസിക്കാൻ പണികഴിപ്പിച്ച കെട്ടിടത്തിന്റെ പടിഞ്ഞാറെ അറ്റത്ത് ഗുരുദേവൻ ഉപയോഗിച്ചിരുന്ന മുറിയാണ് ഗുരുമന്ദിരം. ഈ കെട്ടിടത്തിന്റെ കിഴക്കെ അറ്റത്തുള്ള മുറിയിൽ താമസിച്ചാണത്രേ മഹാകവി കുമാരനാശാൻ ‘ചണ്ഡാലഭിക്ഷുകി’ എന്ന ഖണ്ഡകാവ്യം രചിച്ചത്.

ക്ഷേത്രപരിസരത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന പ്ലാവിനും ചരിത്രത്തിൽ അതിന്റേതായ സ്ഥാനമുണ്ട്. ഗുരുദേവന്റെ സാന്നിധ്യത്തിൽ ആ പ്ലാവിൻ ചുവട്ടിൽ നടന്ന യോഗത്തിലാണ് എസ്എൻഡിപി എന്ന ചുരുക്കപ്പേരിൽ പ്രശസ്തമായ ശ്രീനാരായണ ധർമ പരിപാലന യോഗം സ്ഥാപിതമായത്. പാഠശാല, സുബ്രഹ്മണ്യവാഹനം, പ്രായശ്ചിത്ത കിണർ തുടങ്ങി ചരിത്രവും വിശ്വാസവും ഇടകലരുന്ന ഒട്ടേറെ കാഴ്ചകൾ തിരുമുറ്റത്തു തന്നെയുണ്ട്. നെയ്യാറിലേക്കു തലപ്പുകൾ നീട്ടി നിൽക്കുന്ന പേരാലുകൾ നിറഞ്ഞ ആറ്റു വക്കിലാണ് ശങ്കരതീർഥവും ശങ്കരൻ കയവും.
കൊടിതൂക്കി മല
അരുവിപ്പുറം ക്ഷേത്രത്തിൽ നിന്ന് അൽപം മാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൊടിതൂക്കി മല. ഗുരുദേവൻ ധ്യാനത്തിനായി തിരഞ്ഞെടുത്തിരുന്ന സ്ഥലമാണ് കൊടിതൂക്കി മല. അദ്ദേഹത്തിനു സുബ്രഹ്മണ്യസ്വാമിയുടെ ദർശനം ലഭിച്ചത് ഇവിടെ വച്ചാണെന്നു വിശ്വസിക്കുന്നു.

ക്ഷേത്രത്തിനു സമീപത്തു നിന്നു മൂന്നൂറിലധികം പടവുകൾ കയറി കൊടികുത്തി മലയിൽ എത്താം. ഇപ്പോൾ മലയുടെ മുകളിൽ വരെ വാഹനം എത്തുന്ന റോഡ് ഉണ്ട്. കൊടിതൂക്കി മലയുടെ പാർശ്വത്തിലായി ഗുരു തപസ്സു ചെയ്ത ഗുഹ കാണാം. നെയ്യാറ്റിൻകരയുടെ മനോഹരമായ ദൂരക്കാഴ്ചയും ഈ മലമുകളിൽ നിന്നു ലഭിക്കും. നെയ്യാറിന്റെ കരയിൽ ഗുരു തപസ്സനുഷ്ഠിച്ച ഗുഹ, ശിഷ്യരിൽ ഒരാളും അരുവിപ്പുറത്തെ പൂജാരിയുമായിരുന്ന ഭൈരവൻ സ്വാമി മണ്ഡപം, പിതൃകർമങ്ങൾ ചെയ്യുന്ന കടവ് തുടങ്ങി തീർഥാടകർക്ക് ഒട്ടേറെ സന്ദർശന സ്ഥലങ്ങളുണ്ട് അരുവിപ്പുറത്ത്.
ശിവഗിരിയുടെ ഔന്നത്യത്തിൽ
തിരുവനന്തപുരത്തു നിന്ന് തീരദേശ പാതയിലൂടെ സഞ്ചരിച്ച് അഞ്ചുതെങ്ങും കായിക്കരയും വക്കവും പിന്നിട്ട് ശിവഗിരിയിൽ എത്താം. അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്കു ശേഷം വിദ്യകൊണ്ടും സംഘടനകൊണ്ടും പ്രബുദ്ധരും ശക്തരുമാകാൻ സമൂഹത്തോട് ആഹ്വാനം ചെയ്ത് ദേശന്തോറും സഞ്ചരിക്കുന്നതിനിടയിലാണ് ഗുരുദേവൻ ആദ്യമായി വർക്കലയ്ക്കു സമീപം ശിവഗിരിയിൽ എത്തിയത്. അന്ന് അദ്ദേഹം വിശ്രമിച്ചിരുന്ന മാന്തോപ്പ് ആശ്രമത്തിന് അനുയോജ്യമായ സ്ഥലമായി പിന്നീട് സ്വീകരിക്കുകയായിരുന്നു.

ശിവഗിരിയിലേക്കു പ്രവേശിക്കുമ്പോൾ ആദ്യം ശാരദാമഠത്തിനു മുൻപിലാണ് എത്തുന്നത്. വിദ്യാദേവതയായ ശാരദാദേവിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം. കാറ്റും വെളിച്ചവും കയറുന്ന രീതിയിലാകണം ക്ഷേത്രങ്ങൾ എന്ന് എപ്പോഴും പറയാറുള്ള ഗുരുദേവൻ വൃത്താകൃതിയിൽ 4 ജനലും 2 വാതിലുമുള്ള ശ്രീകോവിലാണ് ശാരദാദേവിക്കായി രൂപകൽപന ചെയ്തത്. പ്രതിഷ്ഠിച്ച വിഗ്രഹവും ഗുരു കൂടെയിരുന്ന് നിർമിച്ചതാണ്. ശാരദാദേവിയെ വലംവച്ച് തൊഴുതു വരുമ്പോൾ പർണശാല കാണാം.

അതിനു മുന്നിലുള്ള മാവിൻചുവട്ടിൽ ഇരുന്നാണ് ഗുരുദേവനും ഗാന്ധിജിയും സമൂഹത്തിലെ ജാതി വ്യവസ്ഥയെപ്പറ്റി ചർച്ച ചെയ്തത്. തുടർന്ന് വൈദിക മഠത്തിലേക്കാണ് എത്തുന്നത്. ഗുരു വിശ്രമിച്ച കെട്ടിടമാണ് വൈദിക മഠം. അദ്ദേഹത്തിന്റെ ഭൗതിക വസ്തുക്കൾ അവിടെ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വൈദിക മഠത്തിന്റെ വരാന്തയിൽ വച്ചാണ് മഹാത്മാ ഗാന്ധിയേയും രവീന്ദ്രനാഥ ടാഗോറിനെയും സി. എഫ്. ആൻഡ്രൂസിനെയും ഗുരുദേവൻ സ്വീകരിച്ചത്. മഹാസമാധിയിലേക്കുള്ള പടവുകൾ കയറുമ്പോൾ ഇടതുവശത്ത് ഗുരുദേവൻ ഉപയോഗിച്ചിരുന്ന റിക്ഷ പ്രത്യേക മണ്ഡപം നിർമിച്ചു സംരക്ഷിച്ചിരിക്കുന്നു.
അതിനു സമീപം അനന്തരാവകാശിയായി ഗുരുദേവൻ പ്രഖ്യാപിച്ച ബോധാനന്ദ സ്വാമികളുടെ സമാധി മണ്ഡപം. തികഞ്ഞ യോഗിയായിരുന്ന അദ്ദേഗം ഗുരുദേവന്റെ സമാധിക്കു ശേഷം മൂന്നാം നാൾ ‘ഗുരു നമ്മെ വിളിക്കുന്നു’ എന്നു പറഞ്ഞ് അദ്ദേഹവും സമാധിയാകുകയായിരുന്നു.

വീണ്ടും പടവു കയറി ചെല്ലുമ്പോൾ മഹാസമാധി മണ്ഡപമായി. 1928 സെപ്റ്റംബർ 20 ന് ഈശ്വരനിൽ വിലയം പ്രാപിച്ച ഗുരുദേവന് ഉചിതമായൊരു സമാധിമണ്ഡപം ശിവഗിരിക്കുന്നിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിർമിക്കുകയായിരുന്നു. സർവമത സാരവും ഒന്നാണെന്ന ആശയം പഠിപ്പിക്കാൻ ബ്രഹ്മവിദ്യാലയം എന്ന സ്ഥാപനത്തിന് ഗുരു നിർദേശിച്ച സ്ഥാനമായിരുന്നു അത്. ബ്രഹ്മവിദ്യാലയം ശിവഗിരിയിൽ തന്നെ മറ്റൊരു സ്ഥാനത്ത് സാക്ഷാത്കരിച്ചു.

ചെമ്പഴന്തിയിലും അരുവിപ്പുറത്തും ശിവഗിരിയിലും മാത്രമായി ഗുരുദേവന്റെ കാൽപാടുകൾ പിന്തുടർന്നു തീരില്ല. ആലുവയിലും കോഴിക്കോട്ടും തുടങ്ങി കേരളത്തിലെമ്പാടുമായി പടർന്നു കിടക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ അദ്ദേഹത്തിന്റെ പാതയിലൂടെ കാണേണ്ടതുണ്ട്. എങ്കിലും ഒരു പകൽകൊണ്ട് കാണാൻ സാധിക്കുന്ന ഒരു ശ്രീനാരായണ ഗുരു പാത ചരിത്ര സാംസ്കാരിക യാത്രയ്ക്കും തീർഥാടനത്തിനും ഒരുപോലെ പ്രസക്തമാണ്. മുൻപ് പലപ്പോഴും സർക്കാർ പരിഗണനയിലുണ്ടായിരുന്ന ഈ പാത താമസിയാതെ പൂർണമായ രീതിയിൽ സജ്ജമാകുമെന്ന് പ്രതീക്ഷിക്കാം.