Saturday 13 October 2018 05:02 PM IST : By ഷഹാന ഇല്യാസ് ഖത്തർ

മാമ്പഴം ഈന്തപ്പഴം പ്രഥമൻ

mango-dates-payasam

ചേരുവകൾ

1.    പഴുത്ത മാങ്ങ - രണ്ട്, ചെറിയ കഷണങ്ങളാക്കിയത്
2.    നെയ്യ് – മൂന്നു വലിയ സ്പൂൺ
3.    ഈന്തപ്പഴം - 25 എണ്ണം, ചെറിയ കഷണങ്ങളാക്കിയത്
4.    കശുവണ്ടിപ്പരിപ്പ്, പിസ്ത, ബദാം എന്നിവ തുല്യ അളവിലെടുത്ത് വറുത്ത് തരുതരുപ്പായി പൊടിച്ചത് - അരക്കപ്പ്
5.    തേങ്ങയുടെ രണ്ടാം പാൽ - മൂന്നു കപ്പ്
6.    ശർക്കരപ്പാനി - രണ്ടു കപ്പ്
    ഏലയ്ക്കാ പൊടിച്ചത് - ഒരു ചെറിയ സ്പൂൺ
7.    തേങ്ങയുടെ ഒന്നാം പാൽ - ഒന്നരക്കപ്പ്
8.    നെയ്യ് – ഒരു വലിയ സ്പൂൺ
    കശുവണ്ടിപ്പരിപ്പ്, പിസ്ത - 10 എണ്ണം വീതം

പാകം ചെയ്യുന്ന വിധം

∙ ഒരു പാനിൽ പകുതി നെയ്യ് ചൂടാക്കി മാമ്പഴം ചേർത്തു വഴറ്റി മാറ്റി വയ്ക്കുക.

∙ മറ്റൊരു പാനിൽ ബാക്കി നെയ്യ് ചൂടാക്കി ഈന്തപ്പഴം വഴറ്റുക. വഴറ്റിയ ഈന്തപ്പഴം മൂന്നായി ഭാഗിച്ച് അതിൽ നിന്ന് രണ്ടു ഭാഗമെടുത്ത് മാറ്റി വയ്ക്കുക.

∙ ബാക്കി ഒരു ഭാഗം ഈന്തപ്പഴത്തിലേക്ക് വറുത്ത് പൊടിച്ചു വച്ചിരിക്കുന്ന നട്ട്സ് മിശ്രിതം ചേർത്ത് രണ്ട് – മൂന്നു മിനിറ്റ് വഴറ്റുക.

∙ അടുപ്പിൽ നിന്നു വാങ്ങി ചെറു ചൂടോടെ തന്നെ ചെറിയ ഉരുളകളാക്കി വയ്ക്കുക.

∙ ഒരു ഉരുളിയിൽ തേങ്ങയുടെ രണ്ടാം പാലും വഴറ്റി മാറ്റി വച്ചിരിക്കുന്ന മാമ്പഴവും ഈന്തപ്പഴവും ചേർത്തിളക്കി 15 മിനിറ്റ് വേവിക്കുക.

∙ കുറുകി വരുമ്പോൾ അതിലേക്ക് ശർക്കരപ്പാനിയും ഏല യ്ക്ക പൊടിച്ചതും ചേർത്ത് 10 മിനിറ്റ് ഇളക്കുക.

∙ നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത്, ചെറിയ തിള വന്നതിനു ശേഷം തീ അണയ്ക്കുക.

∙ ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും പിസ്തയും വ റുത്ത് പായസത്തിൽ ചേർക്കുക.

∙ നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ഈന്തപ്പഴം ഉരുളകൾ മുകളിൽ നിരത്തി അലങ്കരിച്ചു വിളമ്പാം.