Thursday 27 July 2023 12:07 PM IST : By സ്വന്തം ലേഖകൻ

‘എന്നെക്കാൾ നന്നായി പാടിയിരുന്ന ചേച്ചി ബീന, ഹെഡ്മിസ്ട്രസിന്റെ കാർക്കശ്യത്തോടെ വളർത്തിയ അമ്മ’: ഹൃദ്യം ഈ ‘ചിത്രകഥ’

ks-chithra-mom

അപൂര്‍വ സുന്ദരങ്ങളായ ചിത്രങ്ങളിലൂടെ പാട്ടുകളുടെ കഥകള്‍ പറയുന്നു ചിത്ര

പാട്ടുപോലെ സുന്ദരം അച്ഛനോർമ

ഓരോ ചിത്രങ്ങളും നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നതു തിരിച്ചു വരാത്ത ഒരു കാലത്തിലേക്കാണ്. ഓരോ പാട്ടും ഓരോ കാലഘട്ടത്തെ ഓർമിപ്പിക്കും. പടങ്ങളും അതുപോലെ തന്നെ. ആല്‍ബങ്ങളില്‍ നിന്ന് അപൂര്‍വ സുന്ദരങ്ങളായ പടങ്ങള്‍ മുന്നില്‍ നിരത്തി ഒരിക്കല്‍ ചിത്ര വനിതയോടു കുറേ ഒാര്‍മകള്‍ പറഞ്ഞു. ചിരിയും സങ്കടവും ആഹ്ലാദവും അഭിമാനവും ഒക്കെയുള്ള ഒാര്‍മകള്‍. ഇടയ്ക്ക് ഒരു െകാച്ചുകുട്ടിയെ പോെല മതിവരാതെ പൊട്ടിച്ചിരിച്ചു. ചില സങ്കട സ്മരണകളില്‍ വാക്കുകള്‍ ഇടറി നിശബ്ദയായി.

കുട്ടിക്കാലത്തെ ഒരുപാട് ബ്ലാക് ആന്‍ഡ് െെവറ്റ് ചിത്രങ്ങളില്‍ നിന്ന് ഒരു കുടുംബ ഫോട്ടോ കയ്യിലെടുത്തു ചിത്ര പറഞ്ഞു തുടങ്ങി, ‘‘ഈ ചിത്രം കാണുമ്പോൾ എന്റെ കുട്ടിക്കാലം മുഴുവനും കണ്ണാടിയിലെന്നപോലെ തെളിഞ്ഞു വരും. എല്ലാവരും എനിക്കേറ്റവും പ്രിയപ്പെട്ടവര്‍. പിന്നണി ഗായികയാകാനുള്ള യാത്രയിൽ എനിക്കൊപ്പം എല്ലാ പിന്തുണയുമായി സഞ്ചരിച്ച അച്ഛൻ കൃഷ്ണന്‍ നായര്‍. ഹെഡ്മിസ്ട്രസിന്റെ കാർക്കശ്യത്തോടെ ഞങ്ങളെ വളർത്തിയ അമ്മ ശാന്തകുമാരി. എന്നെക്കാൾ നന്നായി പാടിയിരുന്ന ചേച്ചി ബീന. ചേച്ചിമാരെ കുസൃതികളിലൂടെ ശല്യപ്പെടുത്തിയിരുന്ന അനിയൻ മഹേഷ്.

തൃശൂരില്‍ നടന്ന സ്കൂള്‍യുവജനോത്സവത്തില്‍ ഞാ ന്‍ പങ്കെടുത്തിരുന്നു. അവിെടയെന്തോ ആവശ്യത്തിന് ഫോട്ടോ േവണമായിരുന്നു. അതെടുക്കാൻ സ്റ്റുഡിയോയിൽ പോയപ്പോഴാണ് അച്ഛൻ എല്ലാവരെയും ചേർത്തു നിർത്തി ഇങ്ങനെയൊരു ഫോട്ടോ കൂടിയെടുക്കാൻ പറഞ്ഞത്.

അച്ഛനും അമ്മയും അധ്യാപകരായിരുന്നു. അച്ഛന്‍ നന്നായി പാടും. ഇടപ്പള്ളി രാഘവന്‍ പിള്ളയുെട മണിമുഴക്കം എന്ന കവിത മനോഹരമായി ആലപിച്ചിരുന്നതു െകാണ്ട് ‘മണിമുഴക്കം കൃഷ്ണന്‍നായര്‍’ എന്നൊരു വിളിപ്പേരും ഉണ്ടായിരുന്നു. വീട്ടിലെ ചിട്ടവട്ടങ്ങളാണ് എന്നെ ഗായികയാക്കിയത്. അധ്യാപികയായതു െകാണ്ട് അമ്മ വീട്ടില്‍ വളരെ സ്ട്രിക്റ്റ് ആണ്. എന്തു ചെറിയ കാര്യങ്ങൾ കണ്ടാലും എനിക്കന്നു ചിരിവരും. എെന്‍റ പൊട്ടിച്ചിരി കണ്ട് അമ്മ വഴക്കു പറയും. ബീനചേച്ചിയാണ് ആദ്യം പാട്ടു പഠിക്കുന്നത്. അനിയൻ മഹേഷും നന്നായി പാടുമായിരുന്നു. പിന്നീടവൻ വാദ്യോപകരണങ്ങളിലേക്കു തിരിഞ്ഞു.

അമ്മയ്ക്കും അച്ഛനുമെല്ലാം മഹേഷിനോടായിരു ന്നു കൂടുതൽ വാത്സല്യം. രണ്ടു പെൺകുട്ടികൾക്കു ശേഷമുണ്ടായ മകനല്ലേ. അവന്റെ കുസൃതികളുടെ കഥ എത്ര വേണമെങ്കിലുമുണ്ടു പറയാൻ.

ബന്ധുക്കൾ വിദേശത്തു നിന്നും മറ്റും കൊണ്ടുവന്ന ചി ല സാധനങ്ങൾ ഞാനും േചച്ചിയും നിധിപോലെ സൂക്ഷിച്ചു വയ്ക്കും. അവന് ഇഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്താൽ അവൻ പ്രതികാരം വീട്ടുന്നത് ഈ സാധനങ്ങളെടുത്തു വലിച്ചെറിഞ്ഞു െകാണ്ടാണ്. ഞാനും ചേച്ചിയും ഇരിക്കുന്ന ഊഞ്ഞാലിൽ കയറണമെന്ന് ആഗ്രഹിച്ചാൽ അവൻ പിറകിലൂടെ വന്ന് ഞങ്ങളെ ഏറ്റവും ഉയരത്തിലേക്ക് ആട്ടും. പേടിച്ച് ഞങ്ങൾ രണ്ടുപേരും താഴെ ഇറങ്ങുമ്പോൾ അവൻ ഊഞ്ഞാലിലേക്ക് കയറും.

chithra-60-family അനിയന്‍ മഹേഷ്, അച്ഛന്‍ കൃഷ്ണന്‍ നായര്‍, ചേച്ചി ബീന, അമ്മ ശാന്തകുമാരി, ചിത്ര

അമ്മയുടെ കർശനനിർദേശമുണ്ടായിരുന്നു, എന്നും വൈകിട്ട് പൂജാമുറിയിൽ ദൈവത്തിന്റെ പടങ്ങൾക്കു മുന്നിലിരുന്ന് ഞങ്ങൾ കുട്ടികൾ കീർത്തനം പാടണമെന്ന്. മ ഹേഷ് അരികത്തിരുന്നു മൃദംഗം വായിക്കും. അമ്മ പൂജാമുറിയിലിരുന്നു നാമം ചൊല്ലും. അമ്മയ്ക്കു െെദവങ്ങളോട് ഒറ്റ പ്രാർഥനയേ ഉണ്ടായിരുന്നുള്ളൂ, ‘മക്കൾ പഠിച്ചു വലിയ നിലയിലാവണമേ...’ എന്ന്.