Thursday 27 July 2023 11:55 AM IST : By വി.ആർ.ജ്യോതിഷ്, അമ്മു ജൊവാസ്

‘അന്ന് ആശംസയറിയിച്ച ഒരേയൊരു ഗായിക ചിത്രചേച്ചിയാണ്, അതിലും വലിയൊരു അംഗീകാരം വേണ്ടല്ലോ’: ‘ചിത്രച്ചിരി’യുടെ സ്നേഹം പറഞ്ഞ് പുഷ്പവതി

ks-chithra-pushpa

പിന്നണി ഗായകരുടെ സംഘടന ‘സമം’ കോവിഡ് കാലത്ത് ഓൺലൈൻ മ്യൂസിക് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അതിൽ ഞാന്‍ പാടിയത് ഷമീന ബീഗം എഴുതി ഞാൻ കംപോസ് ചെയ്ത ‘യാ റസൂലെ...’ എന്ന ഗാനമാണ്.

പരിപാടിയുടെ പിറ്റേദിവസം ഒരു ഫോൺ കോൾ, ‘പുഷ്പവതി, ഞാൻ ചിത്രയാണ്...’ മറുതലയ്ക്കൽ നിന്നു കേട്ട ശബ്ദത്തിനു പരിചയപ്പെടുത്തൽ ആവശ്യമില്ലായിരുന്നു. പാട്ട് ഇഷ്ടമായെന്നും കംപോസിഷൻ വളരെ നന്നായി എന്നും പറഞ്ഞ് അഭിനന്ദിച്ചു. കോൾ കട്ട് ചെയ്തിട്ടു നോക്കിയപ്പോൾ വാട്സ്ആപ്പിലും ആശംസകൾ അയച്ചിട്ടുണ്ട്. പാട്ട് അത്രമേൽ ഇഷ്ടമായല്ലോ എന്നോർത്ത് മനസ്സ് ചിരിച്ചു. ആ പരിപാടിക്കുശേഷം എന്നെ നേരിട്ട് ആശംസയറിയിച്ച ഒരേയൊരു ഗായിക ചിത്രചേച്ചിയാണ്. അതിലും വലിയൊരു അംഗീകാരം വേണ്ടല്ലോ. 

സിനിമാമേഖലയിലേക്കു കാൽ വച്ചതു ചിത്രചേച്ചിക്കു വേണ്ടി ട്രാക്ക് പാടിക്കൊണ്ടാണ്. ആകാശത്തിലെ പറവകൾ എന്ന സിനിമയിലെ തത്തപ്പെണ്ണു പാട്ടു പാട്... എന്ന ഗാനം. 2001ലാണ് അത്. പക്ഷേ, നേരിൽ കണ്ടൊന്നു സംസാരിക്കാൻ 21 വർഷം കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ വർഷം നടന്ന സമം പരിപാടിയിൽ വച്ചാണ് ആ സ്വപ്നം പൂവണിഞ്ഞത്. വർഷങ്ങളുടെ പരിചയമുള്ളതുപോലെ ചിത്രചേച്ചി അന്നു സംസാരിച്ചു. 

‘സോഷ്യൽ മീഡിയയിൽ ചിത്രചേച്ചിയുടെ വിഡിയോകൾ പതിവായി കാണാറുണ്ട്, നേരിൽ കാണുന്നില്ലെങ്കിലും എപ്പോഴും അടുത്തുള്ള ഫീൽ ആണെ’ന്നു ഞാൻ പറഞ്ഞപ്പോൾ പതിവു ‘ചിത്രച്ചിരി’യിൽ സ്നേഹം മറുപടി നൽകി. 

ചിത്രചേച്ചിയുടെ പഴയ പാട്ടുകളാണ് കൂടുതൽ ഇ ഷ്ടം. പ്രിയപ്പെട്ട ഒരു ഗാനം പറയൂ എന്നു പറഞ്ഞാൽ ‘പീലിയേഴും വീശി വാ...’ എന്നാകും മറുപടി. പക്ഷേ, അ ടുത്ത നിമിഷം അതു മറ്റൊന്നാകും. എത്രതെയത്ര മനോഹര ഗാനങ്ങളാണു ചേച്ചി നമുക്കു തന്നിരിക്കുന്നത്.

ഗാനമേളയിൽ ഞാൻ ഏറ്റവും അധികം പാടിയിട്ടുള്ളത് ‘വാൻമേഘം... പൂപ്പൂവായി തൂവും...’, ‘നിന്നുക്കോരി വരണം...വരണം...’ എന്നീ പാട്ടുകളാണ്. വേറിട്ട ഭാവത്തിലും ശബ്ദത്തിലുമുള്ള ചിത്രചേച്ചിയുടെ പാട്ടുകളോടു പ്രത്യേക സ്നേഹമാണ് എനിക്കെന്നും. 

Tags:
  • Movies