Monday 13 February 2023 12:32 PM IST

‘അദ്ദേഹത്തിന്റെ മൃതശരീരം കാണാതെ ഞാനതു വിശ്വസിക്കില്ല’: ഇപ്പോഴും അവർ കാത്തിരിക്കുന്നു...കെ.പി.എ.സി ലളിത മഞ്ജു പിള്ളയോടു പറഞ്ഞ പ്രണയകഥ

V.G. Nakul

Senior Content Editor, Vanitha Online

manju-pillai-love-story

‘‘കഥകളുടെ കെട്ടഴിക്കാനുണ്ടാകും ഒരോ വാലന്റൈൻ ദിനത്തിനും. പ്രണയത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുക ലളിതാമ്മ (കെ.പി.എ.സി ലളിത) പറഞ്ഞ ഒരു കഥയാണ്. കഥയല്ല, യഥാർഥ സംഭവം. ഒരു സ്ത്രീയുടെ കാത്തിരിപ്പാണത്. അതായത്, വിവാഹം കഴിഞ്ഞ് മൂന്നാം മാസം അവരുടെ ഭർത്താവ് തന്റെ ജോലിയുടെ ഭാഗമായി കപ്പലിലേക്ക് പോയി. എന്നാൽ ആ യാത്രയില്‍ കപ്പൽ മുങ്ങി, അദ്ദേഹത്തെ കാണാതായി. മൃതശരീരം പോലും ലഭിച്ചില്ല. മരിച്ചു എന്നുറപ്പ്. എങ്കിലും ആ സ്ത്രീ മാത്രം അതു വിശ്വസിക്കുവാൻ തയാറായില്ല. മുപ്പതു വർഷത്തിലധികം കഴിഞ്ഞു. ഇപ്പോഴും താലിയഴിക്കാതെ, അവർ ഭർത്താവിനായി കാത്തിരിക്കുകയാണ്. മൃതദേഹം കാണാതെ താൻ ആ വിയോഗം വിശ്വസിക്കില്ലെന്നാണ് അവർ പറയുന്നത്. അദ്ദേഹം മരിച്ചിട്ടില്ല, തിരിച്ചു വരുമെന്നാണ് അവർ വിശ്വസിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ, ഇത്രയും പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ഒരു സ്ത്രീ ഒരു പുരുഷനു വേണ്ടി കാത്തിരിക്കുന്നുവെങ്കിൽ ആ ചുരുങ്ങിയ കാലത്തിനിടെ എത്രത്തോളം സ്നേഹം അയാളവർക്കു പകർന്നു കൊടുത്തിട്ടുണ്ടാകും...അതല്ലേ പ്രണയം...അതല്ലേ പ്രണയത്തിന്റെ സൗന്ദര്യം...’’. – പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ള ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയത് ഈ കഥയോടെയാണ്.

ഇനി മറ്റു ചില പ്രണയങ്ങളുണ്ട്. നമുക്കു തോന്നും മരണത്തിനു പോലും ഈ കാമുകീ കാമുകൻമാരെ വേർപിരിക്കാനാകില്ലെന്ന്. എന്നാൽ വിവാഹം കഴിഞ്ഞ് ഏറെക്കഴിയും മുമ്പേ അവസ്ഥ മാറും. പരാതികളും പിണക്കങ്ങളുമൊക്കെയായി വർഷങ്ങൾക്കുള്ളിൽ രണ്ടു വഴിക്കാകും.

‘‘പ്രണയിക്കുമ്പോൾ അവർക്ക് പ്രണയിക്കുക എന്നതിലുപരി മറ്റു വലിയ ഉത്തരവാദിത്വങ്ങളില്ല. പ്രണയിക്കുക, പിറന്നാളിനോ, പ്രണയദിനത്തിനോ ഗിഫ്റ്റുകള്‍ വാങ്ങിക്കൊടുക്കുക എന്നതിനപ്പുറം മറ്റു ടെൻഷനുകളില്ല. എന്നാൽ വിവാഹം കഴിഞ്ഞുള്ള ജീവിതം മറ്റൊന്നാണ്. ഒരു കുടുംബത്തിലേക്കു കടക്കുമ്പോള്‍ ഉത്തരവാദിത്വങ്ങൾ കൂടും. നിത്യജീവിതം എന്ന ചിന്ത വരും. ഭാര്യയും ഭർത്താവും ജോലിയെടുത്താല്‍ പോലും മുന്നോട്ടു പോകുകയെന്നത് സുഗമമാകില്ല. അതിലേക്കെത്തുമ്പോഴാണ് രണ്ടു പേരുടെയും രീതികൾ കൂടുതൽ വെളിപ്പെടുക. പരസ്പരം അഗാധമായി മനസ്സിലാക്കുന്നതും ആ ഘട്ടത്തിലാണ്. അവിടെ പാളിയാൽ പെട്ടു പോകും. ദേഷ്യം വന്നാൽ, വഴക്കുണ്ടായാൽ അതിനു ശേഷം ദേഷ്യപ്പെട്ടയാൾ കാര്യം മനസ്സിലാക്കി മറ്റയാളോടു പോയി സംസാരിച്ച് ആ പ്രശ്നം പരിഹരിച്ച് മുന്നോട്ടു പോകുകയെന്നതാണ് ശരി. അല്ലെങ്കിൽ ഗുരുതരമാണ്. വിട്ടുകൊടുക്കാനുള്ള മനോഭാവമാണ് പ്രധാനം. എങ്കിലേ പ്രണയിക്കാന്‍ തുടങ്ങാവൂ. എനിക്ക് പുതിയ തലമുറയോട് പറയാനുള്ളതും അതാണ്’’. – മഞ്ജു പറയുന്നു.

പ്രണയവും പ്രണയിച്ചു വിവാഹിതരായവരുടെ ദാമ്പത്യജീവിതവുമൊക്കെ പ്രമേയമാക്കിയ സിനിമയാണ് മഞ്ജുവിന്റെ ഭർത്താവും പ്രശസ്ത ഛായാഗ്രാഹകനുമായ സുജിത് വാസുദേവ് സംവിധാനം ചെയ്ത ‘ജയിംസ് ആൻഡ് ആലീസ്’. ‘കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല’ എന്നു പറയും പോലെയാണ് പ്രിയപ്പെട്ട ഒരാൾ ഇല്ലാതാകുമ്പോഴുള്ള വേദനയെന്ന് സിനിമ തെളിയിക്കുന്നു...

manju-pillai-3

‘‘ജയിംസ് ആൻഡ് ആലീസ്’ ൽ ഞങ്ങളുടെ ജീവിതത്തിലെ ചില സന്ദർഭങ്ങളൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ഒരു അഭിമുഖത്തിൽ പറഞ്ഞതിനു, ഓൺലൈൻ മീഡിയാസും സോഷ്യൽ മീഡിയയും ചേർന്നു ഏഴെട്ടു പ്രാവശ്യം എന്റെ ഡിവോഴ്സ് നടത്തി’’.

പൊട്ടിച്ചിരിയോടെ മഞ്ജു ആ അനുഭവം പറഞ്ഞു തുടങ്ങി :

‘‘ചിത്രത്തിലെ പല സന്ദർഭങ്ങളും എന്റെയും സുജിത്തിന്റെയും ജീവിതത്തിൽ നിന്നെടുത്തതാണ്. ഞങ്ങളുടെ മാത്രമല്ല, സുഹൃത്തുക്കളുടെ അനുഭവങ്ങളുമൊക്കെ അതിലുണ്ട്. അതിലൊന്നാണ് ഞാനും സുജിത്തും മോളെ സ്കൂളിൽ നിന്നു വിളിച്ചു കൊണ്ടു വരാൻ മറന്നത്. ഒരു ചെറിയ ആശയക്കുഴപ്പത്തെത്തുടർന്നുണ്ടായതാണ്. ഞാൻ ആ സംഭവം അഭിമുഖത്തിൽ പറഞ്ഞപ്പോൾ, ‘ദൈവമേ അന്നു കുഞ്ഞിനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഡിവോഴ്സ് നടക്കേണ്ട കഥയുണ്ടായിരുന്നു’ എന്നു അവസാനം തമാശ പോലെ ചേർത്തിരുന്നു. പോരേ പൂരം. ഇതിൽ തൂങ്ങി, എന്നെ ഏഴെട്ടു പ്രാവശ്യം ‍സോഷ്യൽ മീഡിയക്കാർ ഡിവോഴ്സ് ചെയ്യിച്ചു. ‘മഞ്ജു പിള്ള ഡിവോഴ്സിനൊരുങ്ങുന്നു...കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും...’, ‘അന്നെനിക്കു ഡിവോഴ്സ് ചെയ്യാൻ തോന്നി...മഞ്ജു പിള്ള മനസ്സ് തുറക്കുന്നു...’ എന്നൊക്കെയായിരുന്നു തലക്കെട്ടുകൾ. ഇതിങ്ങനെ ഇപ്പോഴും പലപ്പോഴായി പൊങ്ങിവരാറുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ‘ജയിംസ് ആൻഡ് ആലീസ്’ന്റെ എന്തെങ്കിലും കഥ പറയാൻ എനിക്കു പേടിയാണ്’’.

കൊല്ലുന്ന പ്രേമങ്ങളുടെ പേടിപ്പെടുത്തുന്ന കഥകളാണ് പുതിയ കാലത്ത് ധാരാളമായുള്ളത്. പ്രണയം നിഷേധിച്ച കാമുകിയെ തീ കൊളുത്തിക്കൊന്നു...കുത്തിക്കൊന്നു...വെടി വച്ചു കൊന്നു...എന്നിങ്ങനെ മനസാക്ഷിയെ നടുക്കുന്ന സംഭവങ്ങൾ പെരുകുന്നു...

‘‘അങ്ങനെയൊക്കെ ചെയ്യുന്നവർക്ക് പ്രണയമല്ല, മനോരോഗമാണ്. പ്രണയം നിഷേധിക്കപ്പെടുമ്പോൾ കാമുകിയെ അല്ലെങ്കിൽ കാമുകനെ കൊല്ലാൻ തോന്നുന്നുവെങ്കിൽ എത്രയും പെട്ടെന്ന് ഒരു മനോരോഗവിദഗ്ധനെ കാണണം. അവളെന്നെ വിട്ടു പോയാൽ ഇനിയവൾ ജീവിക്കേണ്ട എന്നൊക്കെ ചിന്തിക്കുന്നത് ഭ്രാന്താണ്...ഞാൻ പറഞ്ഞല്ലോ, വിട്ടുകൊടുക്കലാകണം പ്രണയം...തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ പോകട്ടേന്നേ...നമ്മൾ സ്നേഹിക്കുന്നവരുടെ പിന്നാലെയല്ല നമ്മൾ പോകേണ്ടത്, നമ്മളെ സ്നേഹിക്കുന്നവരുടെ പിന്നാലെയാണ്...സ്വന്തം വ്യക്തിത്വം പണയം വച്ച് എവിടെയും നിൽക്കരുത്...പ്രണയത്തിലായാലും ജീവിതത്തിലായാലും...നമുക്കു പരമാവധി പറഞ്ഞു നോക്കാം..എന്നിട്ടും പോകുകയാണെങ്കിൽ പോട്ടെ...പ്രിയ കുഞ്ഞുങ്ങളെ ഇവിടെ ആമ്പിള്ളേർക്കും പെമ്പിള്ളേർക്കും യാതൊരു ക്ഷാമവുമില്ല....’’.– മഞ്ജു പറയുന്നു.

manju-pillai-2

പ്രണയത്തോടുള്ള മാതാപിതാക്കളുടെ സമീപനം ഇക്കാലത്ത് കുറച്ചു കൂടി വിശാലമായി. സ്വന്തം മകളോ മകനോ തന്റെ പ്രണയത്തെക്കുറിച്ചു പറയുമ്പോള്‍, തങ്ങളുടെ കുട്ടിക്കു ചേരുന്നയാളെങ്കിൽ അതിനോട് മതത്തിനും ജാതിക്കുമൊക്കെയപ്പുറം ഒരു ‘യേസ്’ പറയാൻ പല കുടുംബങ്ങളും തയാറാകുന്നു.

‘‘ഇപ്പോൾ രക്ഷകർത്താക്കളും മക്കളും തമ്മിലുള്ള ബന്ധം ഒരു സൗഹൃദത്തിന്റെ തലത്തിലേക്കു വളർന്നിരിക്കുന്നു. എന്തും തുറന്നു പറയാവുന്ന, ചർച്ച ചെയ്യാവുന്ന ഒരു ഇടമുണ്ട്. ഇക്കാലത്ത് അത് തീർച്ചയായും നല്ല കാര്യമാണ്. അവരുെട ആശങ്കകളും ഭയവും പ്രതീക്ഷകളുമൊക്കെ തുറന്നു പറയാവുന്ന തരത്തിലേക്ക് കുടുംബാന്തരീക്ഷം മാറണം. എന്റെ മോളൊക്കെ അങ്ങനെയാണ്. അതിന്റെ മാനസികക്കരുത്ത് അവൾക്കു കിട്ടുന്നു. എല്ലാവരും അങ്ങനെയായെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളെ പല ദുരന്തങ്ങളിൽ നിന്നു രക്ഷിക്കാനാകും...’’.– മഞ്ജു പ്രതീക്ഷയോടെ പറഞ്ഞു നിർത്തി.