Thursday 21 January 2021 11:46 AM IST

25 ശതമാനം പേർ മാസ്ക് ശരിയായി ധരിക്കാത്തവർ: കോവിഡ് രൂക്ഷമാകാൻ അശ്രദ്ധ കാരണമാകുമെന്നു പഠനം

Asha Thomas

Senior Sub Editor, Manorama Arogyam

mask34534

മാസ്ക് പോക്കറ്റിൽ കൊണ്ടുനടന്ന് പൊലീസുകാരുടെ കണ്ണിൽ പെടുമ്പോൾ മാത്രം ധരിക്കുന്നവരുണ്ട്, മാസ്ക് കൃത്യമായി ധരിച്ചു നടന്നിട്ട് സംസാരിക്കാൻ നേരം മാസ്ക് മാറ്റുന്നവരുണ്ട്, ചിലർ മൂക്കിനു താഴെ മാസ്ക് ധരിക്കും, ചിലരുടെ മാസ്ക് കഴുത്തിലാണ്....കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട് വർഷം ഒന്നു കഴിഞ്ഞിട്ടും അടിസ്ഥാന കോവിഡ് നിയന്ത്രണ മാർഗമായ മാസ്ക് ഉപയോഗത്തിൽ അശ്രദ്ധ കാണിക്കുന്നവരേറെയാണ് എന്നു പഠനങ്ങൾ പറയുന്നു.

തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച്, പൊതുസ്ഥലങ്ങളിലെ മാസ്ക് ഉപയോഗരീതികൾ പഠനവിധേയമാക്കിയപ്പോൾ 25 ശതമാനം പേരും കൃത്യമായല്ല മാസ്ക് ഉപയോഗിക്കുന്നത് എന്നു കണ്ടെത്തി. 11 കേന്ദ്രങ്ങളിലായി 1017 പേരിൽ കാപ്സ്യൂൾ സംഘടന (ക്യാംപെയിൻ എഗയിൻസ്റ്റ് സ്യൂഡോ സയൻസ് യൂസിങ് ലോ ആൻഡ് എത്തിക്സ് )നടത്തിയ പഠനത്തിൽ 2.5 ശതമാനം പുരുഷന്മാരും 2.6 ശതമാനം സ്ത്രീകളും മാസ്ക് ധരിക്കുന്നതേയില്ല എന്നു കണ്ടെത്തി. മാസ്ക് ധരിക്കുന്നവരിലാകട്ടെ, പുരുഷന്മാരിൽ 30 ശതമാനം പേരും സ്ത്രീകളിൽ 11 ശതമാനം പേരും തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നത്. തീവ്രതയേറിയ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ഭീഷണി നിലനിൽക്കേ മാസ്ക് ഉപയോഗത്തിൽ കാണിക്കുന്ന ഈ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്നു പഠനം നടത്തിയ വിദഗ്ധർ പറയുന്നു.

ശ്വാസകോശ സ്രവകണങ്ങൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എത്തുന്നതു തടയാൻ മാസ്കുകൾ ഫലപ്രദമാണെന്ന് ലോകാരോഗ്യസംഘടനയും സിഡിസിയും മയോ ക്ലിനിക്കും ഉൾപ്പെടെയുള്ള മെഡിക്കൽ വിദഗ്ധ സമിതികൾ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. സാധാരണ മെഡിക്കൽ മാസ്കുകളുടെ ഉപയോഗത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചു നടത്തിയ പഠനങ്ങളിൽ സ്രവകണങ്ങളിലൂടെയും വായുകണങ്ങളിലൂടെയും പകരുന്ന ശ്വാസകോശ അണുബാധകളിൽ രോഗപ്പകർച്ച തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് മാസ്ക് ധരിക്കുക എന്നു കണ്ടിരുന്നു. സാധാരണ ജനങ്ങൾ മാസ്ക് ധരിക്കാതിരിക്കുന്നത് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടലിനെ കൃത്യമായി പ്രതിരോധിക്കുന്നതു തടസ്സപ്പെടുത്തുമെന്നു പഠനങ്ങൾ പറയുന്നു.

mask53454 മാസ്ക് : ഉപയോഗത്തിലെ ശരിയും തെറ്റും

വാക്സീൻ എടുത്താലും മാസ്ക് മറക്കേണ്ട

‘‘വാക്സീനേഷൻ ആരംഭിച്ചതോടെ ഇനി മാസ്ക് ഉപയോഗവും അകലം പാലിക്കലുമൊന്നും വേണ്ട എന്നൊരു പൊതു ധാരണ ആളുകൾക്കുണ്ട്. ’’ വിദേശത്തുൾപ്പെടെ വർഷങ്ങളുടെ അനുഭവപരിചയമുള്ള പൊതുജനാരോഗ്യവിദ്ഗധൻ ഡോ. ടൈറ്റസ് ശങ്കരമംഗലം പറയുന്നു. ‘‘പക്ഷേ, വാക്സീൻ സാർവത്രികമാകാത്തിടത്തോളം കാലം കൊറോണ വൈറസിൽ നിന്നും പൂർണമായ സുരക്ഷ ലഭിക്കുകയില്ല. വാക്സീനെടുത്താലും, ലഘുവായോ ലക്ഷണമില്ലാതെയോ രോഗം വന്നു തീവ്രമാകാതെ പോകാം. ഇങ്ങനെ ലക്ഷണമില്ലാത്ത രോഗവാഹകരിൽ നിന്നും രോഗം വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് വാക്സീൻ എടുത്താലും കോവിഡ് വ്യാപനം അവസാനിക്കും വരെ മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുന്നതാകും സുരക്ഷിതം’’ ഡോക്ടർ പറയുന്നു.

മാസ്ക് ഉപയോഗത്തിനു ചില നല്ല ശീലങ്ങൾ

∙ സർജിക്കൽ മാസ്കോ മൂന്നു പാളിയുള്ള തുണി മാസ്കോ ആണ് സാധാരണ ഉപയോഗത്തിനു നല്ലത്.

∙ മൂക്കും വായും മുഴുവനായി മൂടുന്നതാകണം മാസ്ക്.

∙ പരമാവധി ആറു മണിക്കൂർ നേരത്തേക്ക് മാത്രം ഒരു മാസ്ക് ധരിക്കുന്നതാണ് ഉത്തമം. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്ത് മാസ്ക് നനഞ്ഞാൽ കഴിയുന്നതും വേഗം അതുമാറ്റി പുതിയത് ധരിക്കുക.

∙ സർജിക്കൽ മാസ്കുകൾ ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ്. തുണി മാസ്ക് കഴുകി ഉപയോഗിക്കാം.

∙ സാധാരണ ഉപയോഗത്തിന് എൻ 95 മാസ്കിന്റെ ആവശ്യമില്ല. വാൽവുള്ള എൻ 95 മാസ്ക് ഉപയോഗിക്കുന്നതു സുരക്ഷിതമല്ല.

∙ പുറത്തുപോയി വന്നാൽ ആ മാസ്ക് കളയുകയോ കഴുകി മാത്രം ഉപയോഗിക്കുകയോ ചെയ്യുക.

∙ കോവിഡ് ബാധിതനുമായി സമ്പർക്കം വന്നാൽ അപ്പോൾ ഉപയോഗിച്ചിരുന്ന മാസ്ക് കഴുകാവുന്നതായാലും, വീണ്ടും ഉപയോഗിക്കാതിരിക്കുന്നതാകും കൂടുതൽ സുരക്ഷിതം.

Tags:
  • Manorama Arogyam
  • Health Tips