Friday 24 April 2020 12:17 PM IST

മുറിവ് ശരീരത്തിന് മാത്രമല്ല ഉണ്ടാവുക, മനസ്സിനേറ്റ മുറിവുകൾക്കും വേണം ഫസ്റ്റ് എയിഡ്

Chaithra Lakshmi

Sub Editor

mind

ശരീരത്തിൽ മുറിവ് ഉണ്ടായാൽ നമ്മൾ ഫസ്റ്റ് എയ്ഡ് ഉപയോഗിക്കാറുണ്ട്. അതേ സമയം മനസ്സിന് മുറിവോ ക്ഷതമോ ഉണ്ടായാൽ അവഗണിക്കും. ശരീരം പോലെ തന്നെ പ്രധാനമാണ് മനസ്സും. പരാജയം, നിരാശ, അവഗണന, ജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങൾ ഇവയെല്ലാം മനസ്സിൽ മുറിവായി തീരാറുണ്ട്. കുറച്ച് കാലം കഴിയുമ്പോൾ മാറും എന്ന് കരുതി അവഗണിച്ചാൽ ആ മുറിവ് ഇല്ലാതാകില്ല എന്ന് വിദഗ്ധർ പറയുന്നു. ഇത്തരം മുറിവ് വിഷാദം, രോഗങ്ങൾ ഇവയ്ക്ക് കാരണമാകാം. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ മനസ്സിലെ മുറിവിന് നൽകാം ഫസ്റ്റ് എയ്ഡ്.

പരാജയം

എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല …  ഇങ്ങനെ പരാജയങ്ങളിൽ തളരുന്നത് ഒഴിവാക്കണം. മനസ്സിന് വിഷമമുണ്ടാക്കുന്ന രീതിയിൽ സ്വയം കുറ്റപ്പെടുത്താതെ  മാത്രമേ പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്താവൂ.

ഫസ്റ്റ് എയ്ഡ് ടിപ്

സ്വയം അനുകമ്പ കാണിക്കുക. പ്രിയപ്പെട്ടവർക്ക് പരാജയമോ വിഷമമോ നേരിടുമ്പോൾ നമ്മൾ അവരോട് അനുകമ്പയോടെ പെരുമാറാറില്ലേ? അത് പോലെ പരാജയങ്ങൾ നേരിടുമ്പോൾ

 ‘പോട്ടെ … സാരമില്ല നമുക്ക് ഇനിയും പരിശ്രമിക്കാം' ഇങ്ങനെ സ്വയം ആശ്വാസ വാക്കുകൾ പറയണം. പരാജയങ്ങളെ മറികടന്ന് വിജയം നേടിയവരുടെ കഥകൾ വായിക്കാം.   അടുത്ത തവണ വിജയം കൈവരിക്കുന്നതിന് വേണ്ടി കൃത്യമായ പ്ലാൻ തയാറാക്കി പരിശ്രമിക്കണം.

തിരസ്കാരം, അവഗണന

തിരസ്കാരം, അവഗണന ഇവ മനസ്സിൽ ആഴത്തിലുള്ള മുറിവായി മാറാനിടയുണ്ട്.

ഫസ്റ്റ് എയ്ഡ് ടിപ്

സ്വന്തം ഗുണങ്ങൾ ഒരു ഡയറിയിൽ എഴുതി വയ്ക്കുക. വ്യക്തിയെന്ന നിലയിലുള്ള മൂല്യം സ്വയം തിരിച്ചറിയാൻ ശ്രമിക്കണം. പൊസിറ്റീവിറ്റി പകരുന്ന പ്രിയപ്പെട്ടവരോട്   ഹൃദയം തുറന്ന് സംസാരിക്കുക. പൊസിറ്റീവ് വാചകങ്ങൾ മാത്രം പറയാൻ ശ്രമിക്കണം. നല്ല ബന്ധങ്ങൾ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുക. സന്തോഷകരമായ അന്തരീക്ഷത്തിൽ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുകയും വേണം.

ആത്മവിശ്വാസക്കുറവ്

 ശരീരത്തിന് രോഗപ്രതിരോധശക്തിയെന്നത് പോലെയാണ് മനസ്സിന് ആത്മവിശ്വാസം. ‘എനിക്ക് ഇത് ചെയ്യാൻ കഴിയില്ല. എനിക്ക് യാതൊരു കഴിവുമില്ല' എന്നിങ്ങനെ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ഈ മനോഭാവം മാറ്റിയെടുക്കണം.

ഫസ്റ്റ് എയ്ഡ് ടിപ്

ആത്മവിശ്വാസം നഷ്ടപ്പെട്ട് നിരാശയിൽ വലയുന്ന ഏറ്റവും അടുപ്പമുള്ള ആൾക്ക് ഊർജം പകരുന്ന ഒരു കത്ത് എഴുതുവെന്ന് സങ്കൽപിക്കുക… ഇനി അതേ മാതൃകയിൽ ഒരു കത്ത് നിങ്ങൾക്ക് തന്നെ എഴുതണം. പൂർത്തിയായ ശേഷം കത്ത് വായിച്ചു നോക്കൂ.  ജീവിതത്തിൽ ഇത് വരെ കൈവരിച്ച ചെറിയ ചെറിയ നേട്ടങ്ങൾ പോലും ദിവസവും രണ്ട് നേരം ഒരു കുറിപ്പായി എഴുതുക.

ജീവിതത്തിലെ നഷ്ടങ്ങൾ

പ്രിയപ്പെട്ടവരുടെ മരണം, ജോലി നഷ്ടപ്പെടുക, ബന്ധം തകരുക ഇവയെല്ലാം മനസ്സിനെ ഉലയ്ക്കാറുണ്ട്. എല്ലാവരിൽ  നിന്ന് ഒഴിഞ്ഞ് മാറി നിരാശയിൽ അലിയുന്നത് ഒഴിവാക്കണം.

ഫസ്റ്റ് എയ്ഡ് ടിപ്

നഷ്ടങ്ങൾ മനസ്സിനെ വേദനിപ്പിക്കുക സ്വാഭാവികമാണ്. പക്ഷേ, ആ വേദനയിൽ തകരാതെ നോക്കുക. വിഷമം മറികടക്കുന്നതിന് സ്വയം അൽപം സാവകാശം നൽകാം. ഈ കാലഘട്ടത്തിലും ഏറ്റവും അടുപ്പമുള്ള പ്രിയപ്പെട്ട ഒരാളോടെങ്കിലും ഹൃദയം തുറന്ന് സംസാരിക്കണം.

എല്ലാവരിൽ നിന്നും അകലാൻ ശ്രമിക്കുന്നത് ഒഴിവാക്കി പ്രിയപ്പെട്ട കുറച്ചു പേരുമായി അടുപ്പം സൂക്ഷിക്കണം. മെല്ലെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് ശ്രദ്ധ നൽകുക. ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ തയാറെടുക്കുക.

നെഗറ്റീവ് ചിന്ത

ജീവിതത്തിലുണ്ടായ ഏതെങ്കിലും മോശം അനുഭവത്തെക്കുറിച്ച് തുടർച്ചയായി ചിന്തിക്കുന്നത് മനസ്സിനെ വിഷമത്തിലാക്കാം.

ഫസ്റ്റ് എയ്ഡ് ടിപ്

സുഡോകു, പദപ്രശ്നം ഇവ പൂരിപ്പിക്കുകയോ ആഴത്തിൽ ശ്വാസമെടുത്ത് അൽപനേരം കഴിഞ്ഞ് സാവധാനം ശ്വാസം പുറത്തേക്ക് വിടുകയോ ചെയ്യാം. ഇങ്ങനെ രണ്ട് മിനിറ്റ് നേരം ശ്രദ്ധ തിരിക്കുന്ന എന്തെങ്കിലും ആക്ടിവിറ്റി ചെയ്യുക.

ഏകാന്തത

'ആരും എന്റെ കാര്യത്തിൽ ശ്രദ്ധ കാണിക്കുന്നതേയില്ല. ഞാനാകെ ഒറ്റപ്പെട്ടു' എന്നിങ്ങനെ നിരാശയിലാകുന്നതിന് പകരം ആദ്യം കാരണം വിലയിരുത്തണം. സാഹചര്യങ്ങൾ, തിരക്ക് ഇങ്ങനെയുള്ള കാരണങ്ങൾ തിരിച്ചറിയുക. മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താൻ ശ്രമിക്കണം.

ഫസ്റ്റ് എയ്ഡ് ടിപ്

ഏറ്റവും  പ്രിയപ്പെട്ടവർ, സുഹൃത്തുക്കൾ ഇവർ ആരെന്ന് വിലയിരുത്തണം. ഇവരുമായി കൂടിക്കാഴ്ച നടത്തുക. കാണാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ഫോണിലൂടെ ഹൃദയം തുറന്ന് സംസാരിക്കാം. നല്ല സൗഹ്യദങ്ങൾ സൃഷ്ടിക്കാനും നിലനിർത്താനും ശ്രമിക്കുക.