Tuesday 25 February 2020 10:40 AM IST

രണ്ടു വർഷമായി തുടരുന്ന മോഷണം, അവളുടെ മുറിനിറയെ കൗതുക വസ്തുക്കൾ; കാശുണ്ടെങ്കിലും കട്ടെടുക്കുന്ന ക്ലെപ്റ്റോമാനിയ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

clepto

കലാദർശനയിലെ മിമിക്സ് ട്രൂപ്പിന് വലിയ പേരാണ്. ഈ ട്രൂപ്പിലെ കലാകാരൻമാരിൽ ഒരാളാണ് നിസാം. നിസാമിന് ഒരു ചെറിയ ദൗർബല്യമുണ്ട്. കൗതുകം തോന്നുന്ന വസ്തുക്കളൊക്കെ പുള്ളി നൈസായിട്ട് അങ്ങ് അടിച്ചു മാറ്റും. ഒരു ദിവസം വിശ്രമമുറിയിലെ മേശയിൽ ഒരു ഫ്ളവർ വേസ് കണ്ട് ‘‘ഇതെവിടുന്നാടാ? ’’ എന്നു കൂട്ടുകാരൻ സാബു ചോദിക്കുമ്പോൾ ‘‘ഇന്നലെ പ്രോഗ്രാം നടന്ന സ്‌റ്റേജിലിരുന്നതാ’’ എന്നാണ് നിസാമിന്റെ മറുപടി. ഒരു രാത്രിയിൽ പ്രോഗ്രാം കഴിഞ്ഞു കലാദർശനയിലേക്കു മടങ്ങുന്ന മിമിക്രി കലാകാരൻമാർ അപകടത്തിൽ പെട്ട ഒരു വാഹനം കാണുന്നു. നിസാമിന്റെ കണ്ണിൽ കൗതുകമായത് ആ വാഹനത്തിനുള്ളിലെ ഒരു പാവയാണ്. ആ പാവയെ ആരും കാണാതെ എടുക്കുകയാണ് നിസാം. പിന്നീട് കട്ടെടുത്തതൊന്നും ഇവിടെ വയ്ക്കരുത് എന്ന് സാബു വഴക്കു പറയുമ്പോൾ ‘‘ഇത് കട്ടെടുത്തതല്ലടാ കിട്ടിയതല്ലേ? ഞാനങ്ങനെയായിപ്പോയി. കാണാൻ ഭംഗിയുള്ളതെന്തുകണ്ടാലും എനിക്കെടുക്കാൻ തോന്നും. ഇല്ലെങ്കിൽ എനിക്കു ഭയങ്കര ടെൻഷനാ...’’ എന്നാണ് നിസാമിന്റെ മറുപടി.

പഴയ സൂപ്പർഹിറ്റ് സിനിമയായ ‘മിമിക്സ് പരേഡി’ൽ നിസാമിന്റെ കൊച്ചുമോഷണങ്ങൾ നമ്മെ ചിരിപ്പിച്ചു എന്നതു ശരിയാണ്. നിത്യജീവിതത്തിൽ ഇത്തരം ‘അടിച്ചുമാറ്റൽ വിദഗ്ധർ പ്രശ്നങ്ങളിലും കേസുകളിലും ചെന്നു പെടാറുണ്ട്– എന്തിനാണ് പ്രത്യക്ഷത്തിൽ വലിയ ഉപയോഗം തോന്നിക്കാത്ത വസ്തുക്കൾ ചിലർ മോഷ്ടിക്കുന്നത്?...

ക്ലെപ്റ്റോമാനിയ എന്ന കട്ടെടുക്കൽ

‘‘എവിടെ ചെന്നാലും എന്തെങ്കിലും ചൂണ്ടിയില്ലേൽ സമാധാനമാകില്ല അല്ലേ’’? – ഇങ്ങനെയൊരു ചോദ്യം കേട്ട് കാതു തഴമ്പിച്ച കുറെ പേരുണ്ട് നമുക്കിടയിൽ. അവരുടെ കൂടെ ഒരു ഷോപ്പിങ്ങിനു പോകാൻ സാമാന്യം ആർക്കും ധൈര്യമുണ്ടാകില്ല. നല്ല കൈയടക്കത്തോടെ എന്തെങ്കിലുമൊക്കെ അവർ അടിച്ചുമാറ്റുമെന്നുറപ്പാണ്. ഈ ‘കൊച്ചു കള്ളൻമാരെയും കള്ളിമാരെയും’ വിമർശിച്ചു കൊല്ലുന്നതിനു മുൻപ് ഒന്നറിയണം. അവരുടേത് ഒരു രോഗാവസ്ഥയാണ്. ക്ലെപ്റ്റോമാനിയ. ‘ഷോപ് ലിഫ്റ്റിങ്’ എന്നൊരു ചെല്ലപ്പേരു കൂടി ഈ രോഗാവസ്ഥയ്ക്കുണ്ട്. കസ്റ്റമർ എന്ന നിലയിൽ കടയിലെത്തി സാധനം മോഷ്ടിച്ച് ഒന്നുമറിയാത്ത പാവത്തെ പോ ലെ കടന്നുകളയുന്ന പരിപാടിയാണല്ലോ ഷോപ് ലിഫ്റ്റിങ്.

തിരമാല പോലെ ആ ഉൾവിളി

ക്ലെപ്റ്റോമാനിയ ഉള്ള വ്യക്തി ഷോപ്പിങ് മാളിലോ മറ്റെവിടെയെങ്കിലുമോ ആയിരിക്കവേ കൗതുകം നിറയ്ക്കുന്ന ഒരു വസ്തു കണ്ടെന്നിരിക്കട്ടെ, ആദ്യദർശനത്തിൽ തന്നെ മോഷ്ടിക്കാനുള്ള ഒരു ഉൾവിളി അവരിൽ പെട്ടെന്ന് ഉണ്ടാകും. തിരമാല പോലെ ഒരു ആവേശം കയറി വരും. അതെടുക്കൂ...അതെടുക്കൂ എന്ന ആ ഉൾവിളി അതു മോഷ്ടിക്കും വരെ അവരിൽ നിറഞ്ഞു നിൽക്കും.. അത് എടുക്കാനുള്ള വെമ്പലിനൊപ്പം കടുത്ത ടെൻഷനുമുണ്ടാകുന്നു. ആ ഉൾപ്രേരണയെ അതിജീവിക്കാൻ അവർക്കാകില്ല. അങ്ങനെ മോഷ്ടിക്കുന്നു. സാധനം എടുത്തു കഴിയുമ്പോൾ ആശ്വാസം അനുഭവപ്പെടുമെങ്കിലും ആശ്വാസം താൽക്കാലികമാണ്. ഉടൻ തന്നെ ചെയ്തു ശരിയായില്ല എന്ന സങ്കടവും കുറ്റബോധവും അലട്ടിത്തുടങ്ങും.

അവൾ സ്വരൂക്കൂട്ടിയ കൗതുകങ്ങൾ

ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ ഒരു യുവതിയുടെ കഥ പറയാം. അവൾക്ക് ക്ലെപ്‌റ്റോമാനിയ ആണ്. ഷോപ്പിങ് മാളുകളിൽ അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാറില്ല. എങ്ങനെയെങ്കിലും പ്രിയപ്പെട്ട സാധനങ്ങൾ ഒളിപ്പിച്ചു വച്ച് അവൾ പുറത്തു കടക്കും. അങ്ങനെയിരിക്കെ ഒരു മുന്തിയ ഷോപ്പിങ് മാളിൽ വച്ച് അവൾ ആദ്യമായി പിടിയിലായി. നീരീക്ഷണകാമറയിൽ കുടുങ്ങിയതാണ്. പിടിക്കപ്പെട്ടപ്പോഴാണ് ഈ മോഷണപരിപാടി രണ്ടു വർഷമായി തുടരുന്നതാണെന്നു മനസ്സിലായത്. മാതാപിതാക്കൾ അവളുടെ മുറി പരിശോധിച്ചു. മുറിയുടെ മൂലയ്ക്ക് ഒരു ബോക്സ് നിറയെ കൗതുകമുണർത്തുന്ന കൊച്ചു വസ്തുക്കളുടെ ശേഖരം. അവൾ സ്വരുക്കൂട്ടിയവയാണ്. ഒന്നും ഉപയോഗിച്ചിട്ടേയില്ല. കുടുംബത്തിന് വലിയ നാണക്കേടുണ്ടായ സംഭവം കാലുപിടിച്ച് ഒതുക്കിത്തീർത്തു.

കാശുണ്ടെങ്കിലും കട്ടെടുക്കുന്നവർ

ഒരു യാഥാർഥ്യം പറയട്ടെ, സാധാരണ മോഷണങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി പണം സ്വരൂപിക്കുന്നതിനാണ്. എന്നാൽ ക്ലെപ്റ്റോമാനിയ രോഗികൾക്ക് അവർ ശേഖരിക്കുന്ന വസ്തുക്കൾ ആവശ്യമില്ല എന്നതാണ് രസകരമായൊരു വസ്തുത. മിക്കവരും ആഗ്രഹിക്കുന്നതെന്തും പണം നൽകി വാങ്ങാനുള്ള ആസ്തിയുള്ളവരാകും. മുൻപ് നിസാം പറഞ്ഞതു പോലെ ‘കണ്ടപ്പോൾ എടുക്കണമെന്നു തോന്നി, എടുത്തില്ലെങ്കിൽ ടെൻഷനുണ്ട്’ എന്നാകും മിക്കവരുടെയും മറുപടി. ആവശ്യമുള്ള സാധനങ്ങളാണോ എടുക്കുന്നത് എന്നു ചോദിച്ചാൽ ‘ശരിക്കും ആവശ്യമൊന്നുമില്ലന്നേ’ എന്നു പറഞ്ഞു കളയും. പലരും ഈ മോഷണമുതലുകൾ എവിടെയെങ്കിലും ഒളിപ്പിച്ചു വയ്ക്കും. ചിലപ്പോൾ ആർക്കെങ്കിലും നൽകും.

kle-1

ആരെല്ലാമാണ്?

ക്ലെപ്‌റ്റോമാനിയ വളരെ സാധാരണമായൊരു രോഗാവസ്ഥയെന്നു പറയാനാകില്ല. ചെറുപ്പക്കാരാണ് കൂടുതലും വരുന്നത്. കൗമാരക്കാരുമുണ്ട്. സ്ത്രീകളിലും പെൺകുട്ടികളിലും ഈ ലക്ഷണങ്ങൾ ധാരാളം കാണുന്നുണ്ട്. പലപ്പോഴും വീടുകളിലും കടകളിലുമൊക്കെ ചെല്ലുമ്പോൾ കുട്ടികൾ സാധനങ്ങളെടുക്കാറുണ്ടല്ലോ. ഇതൊക്കെയാകാം ആദ്യ സൂചനകൾ. ചെറിയ കുട്ടികളുടെ മോഷണങ്ങൾ വികൃതിയായി അവഗണിക്കുകയാണല്ലോ പതിവ്.

അന്വേഷിക്കണം രോഗചരിത്രം

കള്ളൻ, കള്ളി എന്നൊക്കെ പേരിട്ട് ഇവരെ ഹിറ്റ് ലിസ്റ്റിലേക്ക് മാറ്റുമ്പോൾ ഒന്നോർമിക്കണം. മാനസിക പ്രശ്നമാണ്, ആവശ്യമായ ചികിത്സകൾ നൽകണം. ആൽക്കഹോളിസം, ഒബ്സസീവ് കംപൽസീവ് ഡിസോഡർ, ലഹരിയോട് അടിമത്തം, മൂഡ് ഡിസോഡർ അതു പോലുള്ള ഏതെങ്കിലും മനോരോഗ ചരിത്രം കുടുംബ പാരമ്പര്യത്തിൽ ഉണ്ടോ എന്നറിയണം. അടുത്ത ബന്ധുക്കളിലെ ഇത്തരം ചില അവസ്ഥകളുടെ പ്രതിഫലനമായും ക്ലെപ്‌റ്റോമാനിയ വരാം. എന്നാൽ അത് നിർബന്ധമായി പറയാനാകില്ല. ഇവയുടെ ജനിതക വ്യതിയാനമാണോ ക്ലെപ്‌‌റ്റോമാനിയ എന്നു കണ്ടെത്തേണ്ടിയും വരും.

ചികിത്സ ഫലപ്രദമാണ്

ഒൗഷധങ്ങളെക്കാളും മനശ്ശാസ്ത്ര ചികി ത്സകളായ ബിഹേവിയറൽ തെറപ്പികൾക്കാണ് ഈ രോഗചികിത്സയിൽ പ്രാധാന്യം. അടുത്ത കാലത്തായി ചില മരുന്നുകൾക്കും പ്രസക്തി പറയുന്നുണ്ട്. ഒബ്സസീവ് കംപൽസീവ് ഡിസോഡറിനു നൽകുന്ന എസ്എസ് ആർ െഎ വിഭാഗത്തിൽപെട്ട മരുന്നുകൾ ഈ ഉൾപ്രേരണയെ വരുതിയിൽ നിർത്താൻ സഹായിക്കാറുണ്ട്. അമിതമദ്യപാനാസക്തിയുടെ പ്രേരണകളെ നിയന്ത്രിക്കുന്ന ചില മരുന്നുകളും ഇവരിൽ ഉപയോഗിച്ചു നോക്കാറുണ്ട്. എങ്കിലും ബിഹേവിയറൽ തെറപ്പികളിലാണ് കൂടുതൽ ഫലം കണ്ടു വരുന്നത്.

cle-1

പരീക്ഷിക്കാം ഈ ടെക്നിക്കുകൾ

ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് വ്യക്തി സ്വയം അംഗീകരിക്കുകയാണ് ഏറ്റവും പ്രധാനം. സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കാനാകില്ല. അതിനാൽ മോഷണത്തെ ട്രിഗറു ചെയ്യുന്ന സാഹചര്യങ്ങൾ മുൻകൂട്ടി അറിഞ്ഞ് കരുതൽ എടുക്കാം. പുറത്തു പോകുമ്പോൾ എല്ലാമറിയുന്ന ഒരാളെ കൂടെക്കൂട്ടാം. മോഷ്ടിക്കുന്നതും പിടിക്കപ്പെടുന്നതും പ്രത്യാഘാതങ്ങളും ഭാവനയിൽ കണ്ട് ഒരു വിരക്തിയുണ്ടാക്കുന്ന രീതി പ്രായോഗികമാണ്. എടുത്തേ പറ്റൂ എന്ന ടെൻഷൻ അധികരിക്കുന്ന നേരത്ത് അതിൽ നിന്നു മനസ്സിനെ വ്യതിചലിപ്പിക്കാൻ മാർഗങ്ങളുണ്ട്. അത് അൽപം വേദനയും ബുദ്ധിമുട്ടും നൽകുന്നതാകും. ഒന്നാമത്തേത് സാധനങ്ങൾ എടുക്കാനുള്ള ഉൾവിളി മുറുകുമ്പോൾ ശ്വാസം പിടിച്ചു നിർത്തുക എന്നതാണ്. ശ്വാസംമുട്ടുണ്ടാകുന്നതു വരെ പിടിച്ചു നിർത്തണം. അതൊരു വാണിങ് ആണ്.

ഷോപ്പിങ്ങിനു പോകുമ്പോൾ കയ്യിലൊരു റബർബാൻഡിടാനും നിർദേശിക്കാറുണ്ട്. പ്രലോഭനം ശക്തമാകുമ്പോൾ റബർബാൻഡ് മെല്ലെ ഒന്നു വലിച്ചു വിടാം. ആ വേദന അപ്പോൾ അവരോട് ‘എടുക്കരുത് ’ എന്നു പറയും. ഈ സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന അമിതടെൻഷനെ അതിജീവിച്ച് മനസ്സിനെ ശാന്തിയിൽ നിലനിർത്തുന്നതിന് പ്രാണായാമം, യോഗ, മെഡിറ്റേഷൻ പോലുള്ള വിശ്രാന്തിയുടെ വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുന്നതും നല്ലതാണ്.

നിയന്ത്രണം നഷ്ടപ്പെട്ട മനസ്സിന്റെ ചെയ്തികളാണിതെന്ന് ആരു വിശ്വസിക്കാൻ...? കാഴ്ചക്കാർക്ക് ഇത് കട്ടെടുക്കലാണ്. ഇവർക്ക് എന്തിന്റെ കുറവാണ് ഇങ്ങനെ മോഷ്ടിക്കാൻ? എന്നു വിമർശനത്തിനു മൂർച്ച കൂട്ടുമ്പോൾ അറിയുക, പാവം മനസ്സിന്റെ ഉൾവിളികൾക്കു മുൻപിൽ പ്രിയപ്പെട്ടതെന്തൊക്കെയോ സ്വന്തമാക്കാൻ വെമ്പുന്ന സാധുക്കളാണിവർ. അയ്യപ്പപ്പണിക്കരുടെ കവിത ഒാർമ വരുന്നു ‘‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ’’...

വിവരങ്ങൾക്കു കടപ്പാട്;
ഡോ. സി. ജെ. ജോൺ
ചീഫ്  സൈക്യാട്രിസ്‌റ്റ്
മെഡിക്കൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ, കൊച്ചി