Monday 04 May 2020 02:45 PM IST

തുണി മാസ്ക് ബ്ലീച്ച് ലായനിയിൽ കഴുകി വെയിലത്ത് ഉണക്കണം ; രോഗികൾക്ക് സർജിക്കൽ മാസ്ക് നിർബന്ധം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

mask-lis

വൈറസ് വ്യാപനത്തെകുറിച്ചുള്ള ആശങ്കകൾ നമ്മിൽ നിന്ന് അകലുന്നില്ല. ഈ സാഹചര്യത്തിൽ മാസ്ക് ഉപയോഗത്തിൽ കൂടുതൽ നിഷ്കർഷ പുലർത്തുക, നമ്മുടെ പരിസരത്തുള്ള രോഗാണുക്കളെ നിർമാർജനം ചെയ്യുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കാനുള്ള അടുത്ത പടികൾ.

മാസ്ക് 

ഒരാളുടെ മൂക്കിലെയും വായിലെയും സ്രവങ്ങൾ പുറത്തു പോകുന്നത് ഒരു പരിധി വരെ തടയുന്നതു മാസ്ക് ആണ്. എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കേണ്ട സമയമാണിപ്പോൾ. രണ്ടു തരം മാസ്കുകൾ ഉണ്ട്. ഒന്ന് സാധാരണ ലഭ്യമാകുന്ന മെഡിക്കൽ മാസ്ക്. (ഡബിൾ ലയർ )

രണ്ട് തുണി കൊണ്ടുള്ള മുഖാവരണങ്ങൾ. മെഡിക്കൽ മാസ്ക് വീണ്ടും ഉപയോഗിക്കാൻ കഴിയില്ല. ഒരിക്കൽ ഉപയോഗിച്ച മാസ്ക് നശിപ്പിച്ചു കളയേണ്ടതാണ്. എന്നാൽ തുണി കൊണ്ടുള്ള മാസ്ക് വീണ്ടും ഉപയോഗിക്കാം. 

കൈകൾ കഴുകിയ ശേഷം മാത്രമേ മാസ്ക് ധരിക്കാവൂ. മാസ്ക് ധരിച്ച ശേഷം ഒരു കാരണവശാലും മാസ്കിൽ സ്പർശിക്കരുത്. ഇനി മാസ്കിൽ തൊടേണ്ടി വന്നാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. അല്ലെങ്കിൽ സാനിടൈസർ കൊണ്ട് കൈകൾ വൃത്തിയാക്കണം. ധരിച്ച വസ്ത്രത്തിൽ തൊടുന്നതു പോലെയല്ലേ മാസ്കിലും തൊടുന്നത്? എന്ത് പ്രശ്നം വരാനാണ് എന്നു പലരും ചിന്തിക്കാം. വസ്ത്രം ധരിക്കുന്നത് ശരീരത്തിനു മേലെയാണ്. അതിലൂടെ വായു കടന്നു വരുന്നില്ല. എന്നാൽ മാസ്ക് ധരിക്കുന്നതു മൂക്കിനും വായയ്ക്കും മേലെയാണ്.

മൂക്കിലും വായയിലും കൂടി പലതരം വിസർജ്യങ്ങൾ പുറത്തു വരുന്നുണ്ട്. നമ്മുടെ ഉമിനീരിൽ നാം പോലും സ്പർശിക്കാറില്ല. മാസ്കിലാകട്ടെ സ്രവങ്ങളും ഉമിനീരും നിറഞ്ഞു നിൽക്കുകയാണ്. അതു കൊണ്ട് മാസ്കിൽ തൊടുന്നത് ഉമിനീരിൽ തൊടുന്നത് പോലെ തന്നെയാണ്. മാസ്ക് ഊരി മാറ്റുന്നതിലും ശ്രദ്ധിക്കണം. അതിന്റെ വള്ളിയിൽ പിടിച്ചു വേണം ഊരി എടുക്കാൻ. ഉപയോഗിച്ച മാസ്ക് കളയുകയാണെങ്കിൽ അതു ഡിസ്ഇൻഫെക്ടെന്റ് ലായനിയിൽ മുക്കി വച്ചശേഷം കുഴിച്ചു മൂടണം. ഒരു കാരണവശാലും ഉപയോഗിച്ച മാസ്ക് വഴിയിൽ വലിച്ചെറിയരുത്. അതു രോഗവ്യാപനത്തിന്റെ വളരെ അപകടകരമായ മറ്റൊരു വഴി തുറക്കുകയാണ്.

തുണി മാസ്ക് കഴുകി വീണ്ടും ഉപയോഗിക്കാം. അത് അണുനാശിനിയിൽ മുക്കി വച്ചു കഴുകി സൂര്യ പ്രകാശത്തിൽ ഉണക്കിയെടുക്കണം. പിന്നീട് ഇസ്തിരിയിട്ട് ഉപയോഗിക്കാം. രോഗമില്ലാത്തവർക്കു തുണി മാസ്ക് ഉപയോഗിക്കാം. എന്നാൽ രോഗികൾ നിർബന്ധമായും മെഡിക്കൽ മാസ്ക് (സർജിക്കൽ മാസ്ക്) ഉപയോഗിക്കണം. എങ്കിൽ മാത്രമേ അവരുടെ സ്രവങ്ങൾ പുറത്തു പോകാതിരിക്കൂ. N95 മാസ്ക് ഉപയോഗിക്കേണ്ടതുണ്ടോ എന്ന സംശയവും മിക്കവർക്കും ഉണ്ട്. N95 മാസ്ക് എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മെഡിക്കൽ രംഗത്ത് ഉപയോഗിക്കുന്ന മാസ്ക് ആണ്. അതു സാധാരണക്കാർ ഉപയോഗിക്കേണ്ടതില്ല.

പരിസരത്തെ രോഗാണുക്കളെ നിർമാർജനം ചെയ്യുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതു ചെയ്യാൻ എളുപ്പമാണ്. വീടും പരിസരവും എപ്പോഴും വൃത്തിയാക്കി വയ്ക്കുക. മുറികൾ കഴുകി തുടച്ചു അണു വിമുക്തമാക്കുക. വീട്ടു പരിസരത്ത് ആവശ്യമില്ലാത്ത ആളുകൾ വരാനുള്ള സാഹചര്യം ഒഴിവാക്കുക.ആവശ്യമുള്ള മുറികൾ മാത്രം തുറന്നിടുക.

കച്ചവട സ്ഥാപനങ്ങളായാലും എല്ലാ മുറികളും തുറക്കേണ്ടതില്ല. ഉപയോഗിക്കുന്ന മുറികളിൽ വായു സഞ്ചാരം നന്നായി ലഭ്യമാക്കണം. മുറികളിൽ സൂര്യപ്രകാശം നന്നായി കടന്നു വരട്ടെ. സോപ്പും വെള്ളവും ഉപയോഗിച്ച് എവിടെയൊക്കെ കഴുകാനാകുമോ അവിടെ എല്ലാം പല തവണ കഴുകണം. സ്ഥാപനങ്ങളും ഇത് പോലെ കഴിയുന്നത്ര തവണ കഴുകി വൃത്തിയാക്കണം. കടകളും സ്ഥാപനങ്ങളും അവിടെ അണുബാധയ്ക്ക് സാധ്യത ഉള്ള എല്ലാ വസ്തുക്കളും

അണു വിമുക്തമാക്കാൻ ഒരു ശതമാനം ഹൈ പോക്ലോറൈറ്റുലായനി കൊണ്ടു തുടച്ചാൽ മതി. ഒരു ലിറ്റർ വെള്ളത്തിൽ 10 - 30 ഗ്രാം ബ്ലീച്ചിങ് പൌഡർ കലക്കിയാൽ ഇത് തയാറാക്കാം. മൊബൈൽ ഫോൺ പോലെ ബ്ലീച്ചിങ് പൌഡർ കൊണ്ടു തുടയ്ക്കാൻ കഴിയാത്തവ ആൽക്കഹോൾ, ലൈസോൾ പോലുള്ള ഡിസ് ഇൻഫെക്ടെന്റ്സ് ഒരു തുണിയിൽ പുരട്ടി അതു കൊണ്ട് തുടയ്ക്കാം. ഡിസ്ഇൻഫെക്ടെന്റ് വൈപ്‌സും ഉപയോഗിക്കാം. വീട്ടിലും കടകളിലും ഫാബ്രിക് കസേരകൾക്ക് പകരം പ്ലാസ്റ്റിക് കസേരകളോ, റെക്സിൻ കസേരയോ ഉപയോഗിക്കാം. അപ്പോൾ അത് ഇടയ്ക്കിടെ കഴുകി അണു വിമുക്തമാക്കി വയ്ക്കാൻ എളുപ്പമാണ്. ഇങ്ങനെ കരുതലുകൾ എടുത്താൽ കോവിഡ് പരിസരത്തുണ്ടെങ്കിൽ പോലും നമ്മുടെ അരികിൽ എത്തില്ല.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ശ്രീജിത്ത്‌ എൻ. കുമാർ,

ഐ എം എ

കോവിഡ് കൺട്രോൾ സെൽ

എക്സ്പെർട് മെമ്പർ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips