Saturday 13 June 2020 04:36 PM IST

കോവിഡ് വ്യാപനത്തിനു കാരണം സൂപ്പർ സ്പ്രെഡേഴ്സ് ആകാം; ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നവരെയും കരുതിയിരിക്കുക: ഡോ. അനീഷ് ടി.എസ്. പറയുന്നു

Asha Thomas

Senior Sub Editor, Manorama Arogyam

super-st

കോവിഡ് 19 എന്ന രോഗം രോഗികളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതാണ് എന്നു നമുക്കെല്ലാം അറിയാം. ലക്ഷണം പ്രകടിപ്പിക്കുന്നവരും ലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് വാഹകരും സമൂഹത്തിലുണ്ട്. അതിൽ ലക്ഷണം പ്രകടിപ്പിക്കുന്നവരാണോ പ്രകടിപ്പിക്കാത്തവരാണോ രോഗം മറ്റുള്ളവരിലേക്ക് കൂടുതലായി നൽകുന്നത് എന്നതാണ് പ്രധാനചോദ്യം. തീർച്ചയായും ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ ശരീരത്തിൽ വൈറസ് കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ട്. വൈറസ് അവരുടെ രോഗപ്രതിരോധശക്തി താൽ‍ക്കാലികമായിട്ടെങ്കിലും പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായി വൈറസ് അവരുടെ ശരീരത്തിൽ പെരുകുകയും അത് ഏതെങ്കിലും വിധത്തിൽ പുറത്തേക്കു വരുകയും ചെയ്യും. രണ്ടാമത്, കൂടുതലായി ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ കൂടുതൽ വൈറസ് ഈ മാർഗ്ഗങ്ങളിലൂടെ വെളിയിൽ വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ ഏതുതരത്തിൽ നോക്കിയാലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളാണ് മറ്റുള്ളവർക്ക് രോഗം കൊടുക്കാനുള്ള സാധ്യത കൂടുതൽ ഉള്ളവർ.

രോഗവ്യാപനത്തിനു പിന്നിൽ സൂപ്പർ സ്പ്രെഡേഴ്സ്

കഴിഞ്ഞ ആഴ്ച ഹോങ്കോങ്ങിൽ നിന്നും പ്രസിദ്ധീകരിച്ച ഒരു പേപ്പർ പറയുന്നത് 20 ശതമാനത്തോളം ആളുകളിൽ നിന്നാണ് 80 ശതമാനത്തോളം പേർക്കും രോഗബാധ ഉണ്ടാകുന്നത് എന്നാണ്. അതായത് കോവിഡ് ഉണ്ടാകുന്ന എല്ലാ ആളുകളും മറ്റുള്ളവർക്ക് രോഗം കൊടുക്കുന്നില്ല. വളരെ ചെറിയൊരു ശതമാനം ആളുകൾ കൂടുതൽ ആളുകൾക്ക് രോഗം കൊടുക്കുന്നതു കൊണ്ടാണ് ശരിക്കും രോഗബാധ ഉണ്ടാകുന്നത്. ഇതിനെ സൂപ്പർ സ്പ്രെഡേഴ്സ് എന്നു പറയും. മിക്ക കോവിഡ് രോഗികളും ഒരാൾക്കു പോലും രോഗം കൊടുക്കാതെ ഇരിക്കുമ്പോൾ ചുരുക്കം ചില രോഗികൾ അഞ്ചോ ആറോ മുതൽ നൂറു പേർക്കു വരെ രോഗം കൊടുക്കാമെന്നാണ് ചില അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ തീർച്ചയായും നമ്മൾ ശാരീരിക അകലം പാലിക്കണം. ഇത്തരം സൂപ്പർ സ്പ്രെഡേഴ്സ് ഉള്ള സ്ഥലങ്ങളിൽ നമ്മൾ എത്തിപ്പെട്ടാൽ നമുക്കും രോഗമുണ്ടാകാൻ സാധ്യതയുണ്ട്.

എണ്ണത്തിൽ കൂടുതൽ ലക്ഷണമില്ലാത്തവർ

എന്നാൽ രോഗികളുടെ എണ്ണം എടുത്തുനോക്കിയാൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരും അല്ലെങ്കിൽ വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങൾ ഉള്ളവരുമാണ് കൂടുതൽ ഉള്ളത്. അവരിൽ നിന്നും വളരെ ചെറിയതോതിൽ എങ്കിലും രോഗാണുബാധ മറ്റുള്ളവർക്ക് കിട്ടുന്നുണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ എണ്ണം കൂടുതലെന്ന തുകൊണ്ട് ഇത്തരത്തിലുള്ള രോഗപ്പകർച്ചയുടെ എണ്ണവും കൂടാം. അതായത് കൂടുതൽ രോഗികൾ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണ് എന്നതുകൊണ്ടു തന്നെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിൽ നിന്നും രോഗപ്പകർച്ച വളരെ കൂടുതലായി ഉണ്ടാകാം.

അതുമാത്രമല്ല കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലക്ഷണം ഉള്ളവരെയാണ് കൂടുതൽ ശ്രദ്ധിക്കുക. രോഗലക്ഷണം ഉള്ളവർ മറ്റുള്ളവർക്ക് രോഗം കൊടുക്കരുത് എന്നുകരുതി പുറത്തിറങ്ങാതിരിക്കും. അതുപോലെ നമ്മുടെ അടുത്തുനിന്ന് ഒരാൾ തുമ്മുകയാണെങ്കിൽ ഒരുപക്ഷേ, നാം അവരിൽ നിന്നും അകലം പാലിക്കും. ഇപ്പോൾ തെർമൽ സ്കാൻ പോലെ ലക്ഷണങ്ങൾ അറിയാൻ മാർഗങ്ങൾ ഉള്ളതുകൊണ്ട് പൊതുസ്ഥലത്ത് രോഗലക്ഷണമുള്ളവർ ഇടപഴകാൻ സാധ്യത കുറവാണ്. മാത്രമല്ല, മാസ്ക് വയ്ക്കാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള കാരണങ്ങളാൽ ലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും രോഗം പകരാനുള്ള സാധ്യത കുറവാണ്.

ലക്ഷണം കാണും മുൻപേ രോഗം പരത്തുന്നവർ

രോഗലക്ഷണം ഇല്ലാത്തവരിൽ നിന്നുള്ള രോഗപ്പകർച്ചയാണ് കോവിഡ് വ്യാപനം കൂടുന്നതിനു പിന്നിലെന്ന രീതിയിലുള്ള നിരീക്ഷണം ലോകാരോഗ്യസംഘടന ഈയടുത്ത് നടത്തിയിരുന്നു. ഇതുമാത്രമല്ല നിലവിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ തന്നെ, ഈ ലക്ഷണങ്ങൾ പ്രകടമാകും മുൻപ് രോഗം മറ്റുള്ളവർക്ക് കൊടുത്തിരിക്കാൻ സാധ്യതയുണ്ട്. ഇതിനെ നമ്മൾ പ്രീ സിംപ്റ്റമാറ്റിക് ഫേസ് എന്നു പറയും.

ഈ മാർച്ചിൽ നടന്ന പഠനങ്ങൾ അനുസരിച്ച് കോവിഡ് പകരുന്നത് 45 ശതമാനത്തോളം രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുൻപുള്ള ഘട്ടത്തിലാണ്. 40 ശതമാനത്തോളം രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് , 10 ശതമാനത്തോളം രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്തവരിൽ നിന്ന്, വേറൊരു 5 ശതമാനം അന്തരീക്ഷത്തിൽ നിന്നോ പ്രതലങ്ങളിൽ നിന്നോ എന്നിങ്ങനെയാണത്രെ പകരുക. എന്നാൽ കോവി‍ഡ് കൺട്രോളിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ , അതായത് നേരത്തെ പറഞ്ഞ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുൻപുള്ള ആളുകളും ലക്ഷണങ്ങളേ പ്രകടമാകാത്തവരും കൂടുതലായി സമൂഹത്തിൽ ഇടപഴകുകയും അവർ വഴി രോഗം വ്യാപിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങും.

രോഗലക്ഷണങ്ങൾ ഇല്ലാതെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നവർ അറിയുന്നില്ല അവർ രോഗം കൊടുക്കുകയാണെന്നത്. അതുെകാണ്ട് അവർ പലപ്പോഴും ശ്രദ്ധിക്കണമെന്നില്ല. ഉദാഹരണത്തിന് ഇങ്ങനെയുള്ളവരുടെ വീടിന് അടുത്ത് ഏതെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികളോ പ്രായാധിക്യമുള്ളവരോ ഉണ്ടെങ്കിൽ ശ്രദ്ധിക്കാതെ ഇടപെട്ടാൽ ഒരുപക്ഷേ, അവർക്ക് രോഗം കിട്ടാനും . ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

അതുകൊണ്ട് ലക്ഷണങ്ങളെ കേന്ദ്രീകരിച്ച് അല്ലാതെ തന്നെ പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. അതായത് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾ മാസ്ക് വച്ചിട്ടു തന്നെ പുറത്തിറങ്ങുക, ശാരീരിക അകലം പാലിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക.

ഡോ. അനീഷ് ടി. എസ്

അസോ. പ്രഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം

മെഡി. കോളജ്, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips