Wednesday 23 September 2020 04:40 PM IST

നൂറിലധികം രക്തജന്യ മാരകരോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷ: രക്തമൂലകോശം മാറ്റിവയ്ക്കലിനെ കുറിച്ച് അറിയാം

Sruthy Sreekumar

Sub Editor, Manorama Arogyam

stemcell344

രക്താർബുദം പോലുള്ള നൂറിലധികം മാരകമായ രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant ). രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണിത്. രക്തദാനത്തിനു രക്ത ഗ്രൂപ്പ് സാമ്യം ( Blood Group Match ) വേണ്ടതുപോലെ രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്. HLA (Human Leukocyte Antigen) Typing ആണ് രക്തമൂലകോശദാനത്തിനു ജനിതക സാമ്യം നിർണയിക്കുന്നത്. 8 മുതൽ 10 ആഴ്ച വരെ വേണം ഒരു HLA Typing ചെയ്ത് റിപ്പോർട്ട് ലഭിക്കുവാൻ. അതിനാൽ രക്തമൂലകോശം ആവശ്യം വരുമ്പോൾ HLA നോക്കാം എന്നു കരുതിയാൽ പ്രശ്നമാകും. കാരണം കൃത്യ സമയത്ത് രക്തമൂലകോശ ദാതാവിനെ കണ്ടെത്താനാവാതെ വരും.

Blood Stem Cell Donors Registry: ലോകത്തെമ്പാടുമുള്ള donors Registries ചെയ്യുന്നത്, HLA Typing Reports ന്റെ വലിയൊരു വിവരശേഖരം ഉണ്ടാക്കുകയാണ്. അതുവഴി ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു. ആവശ്യക്കാർക്ക് ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തുവാൻ donor registries നെ സമീപിക്കാം. ലോകമെമ്പാടുമായി അൻപതോളം donor registries ൽ ആയി ദശലക്ഷക്കണക്കിന് ആളുകൾ HLA റജിസ്ട്രേഷൻ ചെയ്തിട്ടുമുണ്ട്.

18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആർക്കും രക്തമൂലകോശദാതാവായി റജിസ്റ്റർ ചെയ്യാം. രക്തമൂലകോശ ദാനപ്രക്രിയയെ പറ്റി മനസ്സിലാക്കുക, പേരും മേൽവിലാസവും നൽകുക. ഒരു ചീക്ക് (കവിൾ) സ്വാബ് സാമ്പിൾ നൽകുക - HLA നിർണയിക്കുന്നതിനായി , അണുനശീകരിച്ച പഞ്ഞി ഉൾകവിളിൽ ഉരസി കോശങ്ങളുടെ സാമ്പിൾ എടുക്കുന്നു. HLA Typing ശേഷം വിവരങ്ങൾ donor registry ൽ സൂക്ഷിക്കുന്നു. രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുന്ന ആർക്കെങ്കിലും നിങ്ങളുടെ HLA യോജിച്ചാൽ, അവർ നിങ്ങളെ അറിയിക്കും.

രക്തമൂലകോശദാനം എങ്ങനെ ?

∙ HLA Typing സ്ഥിരീകരിക്കുന്നതിനായി ആദ്യം രക്തസാമ്പിളുകൾ ശേഖരിക്കും. തുടർന്ന് ദാതാവിനു മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ല എന്നു ഉറപ്പുവരുത്താനായി ആരോഗ്യപരിശോധന നടത്തും. മജ്ജയിലുള്ള രക്തമൂലകോശങ്ങളെ രക്തത്തിലേയ്ക്ക് കൊണ്ടുവരുന്നതിനായി രക്തമൂലകോശം ദാനം ചെയ്യുന്നതിന് മുൻപ് തുടർച്ചയായി 5 ദിവസം ഓരോ GCSF Injection എടുക്കുന്നു. അഞ്ചാം ദിവസം 3-4 മണിക്കൂറുകൾ കൊണ്ട് ദാനം നൽകുന്ന രക്തത്തിൽനിന്നു മൂലകോശങ്ങൾ മാത്രം വേർതിരിച്ചത്തിനു ശേഷം രക്തം തിരികെ ശരീരത്തിലേക്കു കയറ്റുന്നു.

രക്തമൂലകോശം ദാനം ചെയ്യാൻ ദാതാവിന് ആശുപത്രി വാസത്തിന്റെ ആവശ്യം വരില്ല. GCSF കുത്തിവയ്പ്പുകൾ ദാതാവിന്റെ ദിനചര്യയെ ബാധിക്കുകയുമില്ല.

കേരളത്തിൽനിന്ന് HLA റജിസ്റ്റർ ചെയ്യേണ്ടവർക്ക് ദാത്രിയുടെ (DATRI Blood Stem Cell Donors Registry) സേവനം ലഭ്യമാണ്. ഇന്ത്യയിൽ 440,800 ആളുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്, 726 പേർ രക്തമൂലകോശദാനം നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.datri.org

വിവരങ്ങൾക്ക് കടപ്പാട്

എബി സാം ജോൺ

ഹെഡ്, ദാത്രി കേരള ഒാപ്പറേഷൻസ്

Tags:
  • Manorama Arogyam
  • Health Tips