Friday 17 July 2020 02:11 PM IST

ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയത്തിൽ തറഞ്ഞുകയറി മരണം- യഥാർഥത്തിൽ സംഭവിച്ചത്: ഹൃദ്രോഗ വിദഗ്ധന്റെ വിലയിരുത്തൽ വായിക്കാം

Sruthy Sreekumar

Sub Editor, Manorama Arogyam

345346

ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയത്തിൽ തറഞ്ഞുകയറി വീട്ടമ്മ മരിച്ചു എന്ന പത്രവാർത്ത നാം വായിച്ചിട്ടുണ്ടാകും. എന്തായിരിക്കാം ഇവിെട സംഭവിച്ചുണ്ടാവുക? ഈ യന്ത്രം എന്താണ്? വാർത്തകളിൽ പറഞ്ഞിരുന്ന യന്ത്രം എന്നു പറയുന്നത് ശരിക്കും ഒരു കത്തീറ്ററാണ്. 120 സെ.മീ നീളമുള്ള, വളരെ ഫ്ലെക്സിബിളായ, മൃദുവായ ഒന്നാണ് ഈ കത്തീറ്റർ. ഈ കത്തീറ്ററിന്റെ വ്യാസം 5 അല്ലെങ്കിൽ 6 ഫ്രഞ്ച് ആണ്. ഒരു ഫ്രഞ്ച് എന്നു പറയുന്നത് 0.33 മില്ലീമീറ്ററാണ്. ഏതാണ്ട് 1.65 മില്ലീമീറ്റർ മാത്രം വ്യാസമുള്ള ഒരു ട്യൂബാണ് ഈ കത്തീറ്റർ. അല്ലാതെ ഒരു യന്ത്രഭാഗവും ഹൃദയത്തിനുള്ളിലൂടെ കടത്തിവിടുന്നില്ല. 25–30 എംഎൽ ഡൈ മാത്രമാണ് ആൻജിയോഗ്രാം െചയ്യാൻ ഉപയോഗിക്കുന്നത്. കത്തീറ്റർ രക്തക്കുഴലിന്റെ തുടക്കഭാഗത്തു വച്ചാണ് ഡൈ കുത്തിവയ്ക്കുന്നത്. അല്ലാതെ കത്തീറ്റർ രക്തക്കുഴലിനുള്ളിലേക്കു കടത്തിവിടുന്നില്ല.

എന്തെല്ലാം പ്രശ്നങ്ങൾ വരാം?

ഇനി ആൻജിയോഗ്രാം െചയ്യുന്നതിനിെട സംഭവിക്കാവുന്ന ചില സങ്കീർണതകൾ അറിയാം. ഡൈ കുത്തിവയ്ക്കുന്നതുമൂലം അലർജി വരാം. ലോക്കൽ അനസ്തീസിയ കൊടുത്താണ് ആൻജിയോഗ്രാം െചയ്യുന്നത്. ഇതു കാരണവും ചിലർക്കു അലർജി വരാം. അലർജി തടയാൻ മറ്റ് ശസ്ത്രക്രിയകൾക്കു മുൻപ് ചെയ്യുന്നതുപോലെ മുൻകരുതൽ പോലെ ആന്റിഹിസ്റ്റമിനും സ്റ്റിറോയിഡും കൊടുത്തത്തിനുശേഷമാണ് ആൻജിയോഗ്രാം െചയ്യാറുള്ളത്. കുത്തിവയ്പ്പ് കാരണം രക്തക്കുഴലുകൾക്ക് ചില തകരാറുകൾ സംഭവിക്കാം. രക്തസ്രാവം ഉണ്ടാകാം. രക്തക്കുഴലിലേക്കു ട്യൂബ് കടന്നുപോകുന്ന വഴിക്കു വളരെ അപൂർവമായി രക്തക്കുഴലിനു എന്തെങ്കിലും വിള്ളലോ പൊട്ടലോ ഉണ്ടാകാം. കയ്യിൽ കൂടി ആൻജിയോഗ്രാം െചയ്യുമ്പോൾ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ വിരളമാണ്. അതിനാൽ തന്നെ ൈകയ്ക്കു എന്തെങ്കിലും തകരാർ വരാനുള്ള സാധ്യതയും അപൂർവമാണ്. റേഡിയൽ ആർട്ടറിക്കു എന്തെങ്കിലും പ്രശ്നം ഉണ്ടായാലും അതു കൈയുടെ പ്രവർത്തനത്തെ ഒരിക്കലും ബാധിക്കില്ല.

ആൻജിയോഗ്രാമിനിടെ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത പല ഘടകങ്ങളെ ആശ്രയിച്ചാണ്. ഏതു വ്യക്തിക്കാണ് കൊറോണറി ആൻജിയോഗ്രാം െചയ്യുന്നത് ആ വ്യക്തിയുടെ രോഗത്തിന്റെ തീവ്രത, ഹൃദയത്തിന്റെ പ്രവർത്തനശേഷി , ഗുരുതരമായ വാൽവ് തകരാറുകൾ ഉണ്ടോ, വൃക്കയ്ക്കു ഗുരുതരമായ പ്രശ്നങ്ങളുണ്ടോ തുടങ്ങിയവയാണ് ആ ഘടകങ്ങൾ. ഹൃദയത്തിന്റെ പമ്പിങ് നിരക്കു കുറവുള്ള വ്യക്തികൾ, ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലാണ് ലെഫ്റ്റ് മെയിൻ കൊറോണറി ആർട്ടറിയിൽ ടൈറ്റായി ബ്ലോക്കുള്ളവർ, മൂന്നു രക്തക്കുഴലുകൾക്കും ടൈറ്റായി ബ്ലോക്കുള്ള വ്യക്തികൾ, രക്തക്കട്ട ഒരുപാട് ഉള്ള ഹൃദയാഘാത സമയത്ത് ചെയ്യുന്ന ആൻജിയോഗ്രാം, ദീർഘകാലമായി പ്രമേഹം ഉള്ളവർ– ഇങ്ങനെയുള്ളവർക്കു ആൻജിയോഗ്രാം െചയ്യുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചതിനുശേഷം മാത്രമെ ആൻജിയോഗ്രാം െചയ്യാറുള്ളൂ. അപൂർവമായി ആൻജിയോഗ്രാം െചയ്യുന്ന സമയത്ത് ഹൃദയാഘാതം സംഭവിക്കാം. ഹൃദയത്തിൽ 95 ശതമാനം ബ്ലോക്കുകൾ ആളുകൾക്കു ആൻജിയോഗ്രാം െചയ്യുമ്പോൾ പെട്ടെന്നു രക്തക്കുഴൽ അടഞ്ഞുപോകാനും ഉടനടി ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടതായും വരും. അത്യപൂർവമായി സ്ട്രോക്ക് വരാം.

കത്തീറ്റർ ഒടിയുമോ?

ഏതൊരു ഉപകരണത്തിനും അപകടം സംഭവിക്കാം. മിക്ക കത്തീറ്ററുകളും നല്ല ഗുണമേന്മയുള്ളവയാണ്. പലതും വിദേശത്തു നിന്നു ഇറക്കുമതി ചെയ്തവയാണ്. കർശനമായ ക്വാളിറ്റി പരിശോധനയ്ക്കു വിധേയമാക്കിയവയായിരിക്കും. അത്യപൂർവമായി കത്തീറ്ററുകൾ ഒടിയാം. ഇവ ഒടിഞ്ഞു കഴിഞ്ഞാൽ അയോർട്ടയിൽ ഇരിക്കാം, കാലിന്റെ രക്തക്കുഴലിൽ ഇരിക്കാം.. സാധാരണ കത്തീറ്റർ ഒടിഞ്ഞ് തടഞ്ഞിരുന്നാൽ അവിടെ രക്തക്കട്ട അടിഞ്ഞു കൂടി സ്ട്രോക്ക് വരാം. അല്ലെങ്കിൽ ഉപകരണത്തിന്റെ ഒടിഞ്ഞ ഭാഗം തെറിച്ച് കയ്യുടെയോ കാലിന്റെയോ രക്തക്കുഴലിന്റെ അവസാനഭാഗത്തു പോയി അടഞ്ഞ് ഇരിക്കാം.അതു വഴി രക്തപ്രവാഹം തടയുകയും െചയ്യാം. അതിനാൽ തന്നെ കത്തീറ്ററിന്റെ ഒടിഞ്ഞ ഭാഗം എടുത്തുമാറ്റും. പലപ്പോഴും ആൻജിയോഗ്രാം െചയ്യുന്ന വ്യക്തിക്കു തന്നെ ഒരു ബലൂൺ ഈ കത്തീറ്ററിലൂടെ കടത്തി ഒടിഞ്ഞ ഭാഗം വലിച്ചെടുക്കാൻ സാധിക്കും. അല്ലെങ്കിൽ സ്നേയർ എന്ന ഉപകരണം കൊണ്ട് എടുത്തുമാറ്റാൻ സാധിക്കും. എന്നാൽ ഇവ കൊണ്ട് സാധിക്കാതെ വരുന്ന സന്ദർഭങ്ങളുണ്ട്. 20–30 ശതമാനം പേരിൽ ഇങ്ങനെ സംഭവിക്കാം. അങ്ങനെയെങ്കിൽ ഉടൻതന്നെ കാർഡിയോ തൊറാസിക് സർജന്റെ സഹായത്തോടെ എടുത്തുമാറ്റും. കാലിലെ രക്തക്കുഴലിലാണെങ്കിൽ പെട്ടെന്നു തന്നെ എടുത്തമാറ്റാൻ സാധിക്കും.

പത്രവാർത്തയിൽ വന്ന വ്യക്തിയുടെ കാര്യത്തിൽ കത്തീറ്ററിന്റെ ഭാഗം ഉടനടി മാറ്റുകയും ഒരു മാസത്തിനു ശേഷമാണ് രോഗി മരിക്കുകയും െചയ്തിരിക്കുന്നത്. കത്തീറ്റർ ഒടിഞ്ഞതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളാണ് അപകടമെങ്കിൽ അതു അപ്പോൾ തന്നെ സംഭവിക്കും. ഇവിടെ ഒരു മാസത്തിനുശേഷം പൊടുന്നനെ മരണം സംഭവിക്കാനുള്ള കാരണം ഹൃദയാഘാതമായിരിക്കാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും ഹൃദ്രോഗം.

ഡോ. എ ജാബിർ

സീനിയർ‍ കാർഡിയോളജിസ്റ്റ്, ലിസി ഹോസ്പിറ്റൽ, എറണാകുളം

Tags:
  • Manorama Arogyam
  • Health Tips