Saturday 10 April 2021 02:33 PM IST

‘ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് പായ്ക്ക്, തക്കാളി കൊണ്ട് സ്ക്രബ്’: അപർണയുടെ ഓയിലി മുഖത്തിന് ഈ സ്കിൻ കെയറുകൾ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

aparna-bala-skin-care

അഭിനേത്രി എന്നു മാത്രമായി അപർണ ബാലമുരളിയെ അടയാളപ്പെടുത്താനാകില്ല. മാധുര്യമുള്ള ആലാപനത്താൽ യുവഹൃദയങ്ങളിലിടം നേടിയ ഗായിക, അഴകാർന്ന ചുവടുവയ്പുകളിൽ അനുഗൃഹീതയായ നർത്തകി... ലാളിത്യമുള്ളൊരു പുഞ്ചിരിയിലൂടെ അപർണ മനസ്സുകളിലേക്കു പെട്ടെന്നു നടന്നുകയറും.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ‘ജിംസി’ യായാണ് അപർണയുടെ സൂപ്പർ എൻട്രി എങ്കിലും അഭിനയമെന്ന ജന്മസിദ്ധിയ്ക്കു ജീവഭാവം പകർന്ന് എത്രയെത്ര കഥാപാത്രങ്ങൾ.

‘സൂരറൈ പോട്രിൽ’ ബൊമ്മി യായി അപർണ ജ്വലിച്ചു നിന്നപ്പോൾ തമിഴകത്തും ഈ തൃശൂരുകാരിയുടെ അഭിനയവൈഭവത്തിന് ആരാധകരേറി.

തിരക്കൊഴിയുന്ന നേരങ്ങളിൽ സൗന്ദര്യസംരക്ഷണത്തിലും അപർണ ഏറെ ശ്രദ്ധിക്കാറുണ്ട്.

Natural Care for skin

‘‘ വല്യമ്മ കുറച്ചു സൗന്ദര്യ പൊടിക്കൈകൾ പറഞ്ഞു തന്നിട്ടുണ്ട്. കടലമാവു കൊണ്ടും ചെറുപയറു പൊടി കൊണ്ടും മുഖം കഴുകുക...അങ്ങനെ. പതിവായി ഇതൊ ന്നും ചെയ്യാറില്ല. എന്നാൽ ഇടയ്ക്ക് ചെയ്യാറുണ്ട് ’’– അപർണ മനസ്സു തുറക്കുന്നു. പ്രകൃതിയിൽ നിന്നുള്ള മറ്റു ചില സൗന്ദര്യക്കൂട്ടുകളും അപർണയ്ക്കിഷ്ടമാണ്.

‘‘ ഇടയ്ക്ക് തക്കാളി മുറിച്ചു മുഖത്തു സ്ക്രബ് ചെയ്യാറുണ്ട്. ഒാറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചത് വെള്ളമോ, റോസ് വാട്ടറോ ചേർത്തു മുഖത്തു പായ്ക്കായി പുരട്ടും. ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയും. നാച്വറൽ ആണെങ്കിലും എല്ലാ സൗന്ദര്യക്കൂട്ടുകളും എന്റെ സ്കിന്നിനു ചേരില്ല. അതു പ്രത്യേകം ശ്രദ്ധിക്കും’’. പൊതുവെ ഷൂട്ട് കഴിഞ്ഞുള്ള സമയത്താണ് അപർണ സ്കിൻ കെയർ ചെയ്യാറുള്ളത്.

Special Hair Massage

‘‘ഫ്രീയായിരിക്കുന്ന സമയത്ത് മുടിയിലും തലയോടിലും എണ്ണ തേയ്ക്കും. മസാജ് ചെയ്യും. അങ്ങനെ കുറച്ചു സമയം ഇരിക്കും. വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു കാച്ചിയാണ് ഈ സ്പെഷൽ എണ്ണ തയാറാക്കുന്നത്. ഈ എണ്ണ ഇഫക്ടീവായി തോന്നിയിട്ടുണ്ട് ’’ – അപർണ പറയുന്നു. ഹെയർ പായ്ക്കുകളൊന്നും അപർണ ഉപയോഗിക്കാറില്ല.

Moisturizer @ Night

രാത്രി കിടക്കുമ്പോൾ മുഖത്ത് ഒരു മോയ്സ്ചറൈസർ അപർണ പുരട്ടാറുണ്ട്. ഒരു ഡോക്ടർ നിർദേശിച്ച മോയ്സ്ചറൈസർ ആണിത്. പുറത്തു പോകുമ്പോൾ മറക്കാതെ സൺസ്ക്രീനും ഉപയോഗിക്കും.

‘‘ പാർലറിൽ പോകുന്നതു വളരെ കുറവാണ്. അത്യാവശ്യമെങ്കിൽ മാത്രം പോകും. അത് ടാൻ റിമൂവൽ പായ്ക്ക് ഇടുന്നതിനു വേണ്ടിയാണ്. ടാൻ മാറ്റുന്നതിനു വേണ്ടി വീട്ടിൽ ഒാട്സ് പൊടിച്ചതും ഉപയോഗിക്കാറുണ്ട് ’’– അപർണ പറയുന്നു.