Friday 17 July 2020 04:45 PM IST

അര മണിക്കൂറിനുള്ളിൽ കോവിഡ് നിർണയിക്കാം: കേരളത്തിന്റെ സ്വന്തം റാപിഡ് കിറ്റ് ഉടൻ വിപണിയിൽ

Santhosh Sisupal

Senior Sub Editor

testkit5678

കോവിഡ് രോഗം അതിവേഗം നിര്‍ണയിക്കുന്നതിനായി തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജി(ആര്‍ജിസിബി) തയാറാക്കിയ ചെലവു കുറഞ്ഞ ദ്രുതപരിശോധനാ കാര്‍ഡ് (Rapid Antibody Card) ദിവസങ്ങൾക്കകം വിപണിയിലെത്തും. ഐസിഎംആർ അനുമതി ലഭിച്ച ഈ റാപ്പിഡ്ടെസ്റ്റ് കാർഡ് നിലവിലെ ഏറ്റവും കുറഞ്ഞവിലയ്ക്കായിരിക്കും ക്യു–ലൈൻ റാപിഡ് എന്ന പേരിൽ വിപണിയിലെത്തുക. ഏതാണ്ട് 200 രൂപയ്ക്ക് ലഭ്യമാകാൻ ഇടയുണ്ടെന്നാണ് കരുതുന്നത്.

നൂറുശതമാനം സൂക്ഷ്മ സംവേദനക്ഷമതയും 98 ശതമാനംകൃത്യതയുള്ളതുമായി വിശേഷിപ്പിക്കപ്പെടുന്ന പരിശോധനാ കാര്‍ഡാണിത്. പരമാവധി 25 മുതല്‍ 30 മിനിറ്റിനകം ഫലം അറിയാം. വന്‍തോതിലുള്ള സാമ്പിള്‍ പരിശോധനയ്ക്കുപോലും ഇത് പ്രയോജനപ്പെടുമെന്ന് ആര്‍ജിസിബി ഡയറക്ടർ ‍പ്രൊഫ. എം.രാധാകൃഷ്ണപിള്ളപറഞ്ഞു. മാത്രമല്ല പൂര്‍ണമായും തദ്ദേശീയമായ അസംസ്കൃതവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ ഉല്പാദിപ്പിക്കുന്നതെന്നും അതാണ് ചെലവു കുറയ്ക്കാനായതെന്നും ആദ്ദേഹം പറയുന്നു.

കോവിഡിനു കാരണമാകുന്ന കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ശരീരം അവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആന്റി ബോഡികളെ ഉത്പാദിപ്പിക്കും. ശരീരത്തിലെ പ്ലാസ്മാകോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഇമ്യൂണോഗ്ലോബുലിന്‍ എന്ന പ്രോട്ടീൻ കണികകളാണ് ആന്‍റിബോഡികള്‍. ഇത്തരം ആന്റിബോഡികൾ ശരീരത്തിലുണ്ടെങ്കിൽ പരിശോധനാ ഫലം പോസിറ്റീവാകുകയും കോവിഡ് രോഗബാധ ഉണ്ടായതായും മനസ്സിലാക്കാം. ഡൽഹി ആസ്ഥാനമായ പിഒസിറ്റി സർവീസസ് ആണ് ഈ ടെസ്റ്റ് കിറ്റ് വിപണിയിലെത്തിക്കുന്നത്.

പരിശോധന എങ്ങനെ?

പ്ലാസ്റ്റിക് സ്ട്രിപ് രൂപത്തിലുള്ള ഈ കാർഡിലുള്ള ചെറിയൊരു കുഴി(വെൽ) യിലേക്ക് ഇറ്റിക്കുന്ന `ഒരു തുള്ളി രക്തം മതി ഫലമറിയാൻ. ചതുരാകൃതിയിലുള്ള സ്ലോട്ടിന്റെ വശങ്ങളിൽ C,G അക്ഷരങ്ങൾ രേഖപ്പെടുത്തിട്ടുണ്ട്. രക്തം പകർന്നു കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ ഈ അക്ഷരങ്ങൾക്കു നേർക്കുള്ള ചുന്ന വര തെളിയും. C– എന്ന അക്ഷരത്തിനു നേർക്കുള്ള വര മാത്രമാണ് തെളിയുന്നതെങ്കിൽ ഫലം നെഗറ്റീവാണ്. രോഗമില്ല. എന്നാൽ c എന്ന അടയാളത്തിനും G എന്ന അക്ഷര അടയാളത്തിനും നേർക്കുള്ള രണ്ട് വരകളും തെളിഞ്ഞാൽ ഫലം പോസിറ്റീവാണ്. രോഗമുണ്ട്. ഈ കിറ്റ് പൊതു വിപണിയിലെത്തുന്നതോടെ ഒരാൾക്ക് കോവിഡ് ഉണ്ടോ എന്നു സ്വന്തമായി പോലും പരിശോധിച്ച് സംശയനിവർത്തി വരുത്താൻ കഴിയും.

നേരത്തേ കോവിഡുമായി ബന്ധപ്പെട്ട് വൈറൽ ട്രാൻസ്പോർട്ട് മീഡിയ കിറ്റ്(VTM), വൈറൽ ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റ്(VRE) എന്നിവ ആർജിസിബി വികസിപ്പിക്കുകയുണ്ടായി. അവയ്ക്കുള്ള ലൈസൻസ് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ നിന്നും ലഭിക്കുകയും ചെയ്തിരുന്നു. കോവ‍്ഡ് പ്രതിരോധത്തിൽ തദ്ദേശീയ ഗവേഷണനേട്ടങ്ങളുടെ ഉദാഹരണമായാണ് രാജീവ് ഗാന്ധി സെന്റർ ഇവയെ ഉയർത്തിക്കാട്ടുന്നത്. പൂർണമായും തദ്ദേശീയമായി നിർമിച്ചിരിക്കുന്ന ഈ ഉൽപന്നങ്ങൾക്കെല്ലാം രാജ്യാന്തര വിപണിയേക്കാൾ വളരെ വിലക്കുറവാണ് എന്നു മാത്രമല്ല മികച്ച ഗുണമേൻമയുണ്ട് എന്നതും പ്രധാനമാണെന്ന് RGCB ട്രാൻസിലേഷനൽറിസർച്ച് വിഭാഗം മേധാവി ഡോ. സജിയും പറയുന്നു.

Tags:
  • Manorama Arogyam
  • Health Tips