Wednesday 17 February 2021 04:18 PM IST

രാത്രി പലതവണ മൂത്രമൊഴിക്കേണ്ടി വരാറുണ്ടോ? കാരണങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

urinenightr345

രാത്രി പലതവണ മൂത്രമൊഴിക്കാൻ പോകുന്നതുകൊണ്ട് ഉറക്കം നഷ്ടമാകുന്നവർ ഒട്ടേറെയാണ്. പ്രത്യേകിച്ച് പ്രായമായവർ. ഉറക്കനഷ്ടം മാത്രമല്ല, രാത്രി അരണ്ട വെളിച്ചത്തിൽ ടോയ്‌ലറ്റിലേക്ക് ഇടയ്ക്കിടെ പോകുന്നത് വീഴ്ചകൾക്കും ഇടയാക്കാറുണ്ട്.  പ്രായമുള്ളവരിൽ ഇത്തരം വീഴ്ചകൾ മതി ആളെ കിടപ്പുരോഗിയാക്കാൻ.

പൊതുവെ പറഞ്ഞാൽ രാത്രി ഉറങ്ങാൻ കിടന്ന് രാവിലെ ഉണരുന്നതിനിടയിൽ രണ്ടിലധികം തവണ മൂത്രമൊഴിക്കുന്നത് അസാധാരണമായി കണക്കാക്കാം. ഈ അവസ്ഥയെ നൊക്ടൂറിയ (Nocturia) എന്നാണു വൈദ്യഭാഷയിൽ പറയുക. നൊക്ടൂറിയ എന്നത് ഒരു രോഗമല്ലെങ്കിൽ പോലും പല രോഗങ്ങളുടെയും ലക്ഷണമാണ്.

പല കാരണങ്ങളാൽ ഇങ്ങനെ സംഭവിക്കാം.

∙ അണുബാധകൾ

സ്ത്രീകളിലും പുരുഷന്മാരിലും മൂത്രാശയ സംബന്ധിയായ ബാക്ടീരിയൽ അണുബാധകളുടെ ലക്ഷണമായി രാത്രി ഇടയ്ക്കിടെ മൂത്രശങ്ക അനുഭവപ്പെടാം.

∙ പാർക്കിൻസൺസ്, സ്ട്രൊക്ക് പോലുള്ള കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങളുടെ ഭാഗമായും രാത്രി മൂത്രശങ്ക കൂടുതലാകാം.

∙ ഹൃദ്രോഗം, കരൾ–വൃക്ക രോഗങ്ങൾ എന്നിവയുള്ളവരിൽ ശരീരത്തിലെ ഫ്ളൂയിഡ് ഒാവർലോഡ് ്ഥവാ അമിതമായ അളവിൽ ദ്രവാംശം ഉള്ളതുമൂലവും രാത്രി മൂത്രശങ്ക വർധിക്കാറുണ്ട്.

∙ ആന്റിഡൈയൂററ്റിക് ഹോർമോൺ എന്ന ഹോർമോണിന്റെ അളവിലുള്ള വ്യതിയാനവും ഒരു കാരണമാണ്. ചെറുപ്പത്തിലും മധ്യവയസ്സിലും എഡിഎച്ച് ഹോർമോൺ ഉൽപാദനം കൂടുതലായി നടക്കും. ഇതു മൂത്രത്തിന്റെ അളവു നിയന്ത്രിതമായിരിക്കാൻ സഹായിക്കും. പ്രായമേറുന്നതനുസരിച്ച് എഡിഎച്ച് ഹോർമോൺ ഉൽപാദനം കുറയും. തന്മൂലം രാത്രി മൂത്രത്തിന്റെ അളവു വർധിക്കുകയും മൂത്രശങ്ക അമിതമായി അനുഭവപ്പെടുകയും ചെയ്യും.

∙ പ്രോസ്േറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന ചില തടസ്സങ്ങൾ മൂലവും പ്രോസ്േറ്ററ്റ് വീക്കം (BPH) മൂലവും ഈ പ്രശ്നം കാണാറുണ്ട്.

∙ പ്രമേഹരോഗികളിൽ പൊതുവേ മൂത്രത്തിന്റെ അളവു കൂടാറുണ്ട്. ഇതിന്റെ ഭാഗമായി രാത്രി ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരും. ഇവർക്ക് പകലും മൂത്രത്തിന്റെ അളവു കൂടുതലായിരിക്കും. ചിലരിൽ പ്രമേഹരോഗം തിരിച്ചറിയുന്നതു തന്നെ മൂത്രത്തിന്റെ അളവു വർധനവു ശ്രദ്ധിച്ചായിരിക്കും.

∙ രോഗങ്ങളല്ലാതെ ശരീരശാസ്ത്രപരമായ കാരണങ്ങളാലും രാത്രി മൂത്രശങ്ക കൂടുതലാകാം. ഒാവർ ആക്ടീവ് ബ്ലാഡർ തന്നെ ഉദാഹരണം. സാധാരണഗതിയിൽ മൂത്രസഞ്ചി നിറഞ്ഞുകഴിയുമ്പോൾ തലച്ചോറ് സിഗ്നൽ നൽകുകയും ആ സമയത്ത് മൂത്രശങ്ക തോന്നി നമ്മൾ മൂത്രമൊഴിക്കുകയും ചെയ്യും. പക്ഷേ, ഒാവർ ആക്ടീവ് ബ്ലാഡർ ഉള്ളവരിൽ മൂത്രസഞ്ചി പൂർണമായും നിറയും മുൻേപ അതിൽനിന്നുള്ള പേശികൾ സങ്കോചിക്കും. അതോടെ പെട്ടെന്നു മൂത്രമൊഴിക്കാനുള്ള തടുത്തുനിർത്താനാവാത്ത തോന്നലുണ്ടാകും. ഒാവർ ആക്ടീവ് ബ്ലാഡർ ഉള്ളവരിൽ രാത്രി മാത്രമല്ല പകലും അടിക്കടി മൂത്രശങ്ക ഉണ്ടാകാം.

∙ കാപ്പി, ചായ എന്നിവയുടെ അമിത ഉപയോഗം ചിലരിൽ മാത്രം അടിക്കടി മൂത്രശങ്കയ്ക്ക് കാരണാകാറുണ്ട്. അതുകൊണ്ട് ഇത്തരം പ്രശ്നമുള്ളവരിൽ ജീവിതശൈലീ ക്രമീകരണങ്ങളുടെ ഭാഗമായി ഇത്തരം പാനീയങ്ങൾ നിയന്ത്രിച്ച് ഉപയോഗിക്കാൻ നിർദേശിക്കാറുണ്ട്. കൂടാതെ രാത്രി ഏഴു മണിക്കു ശേഷം അത്യാവശ്യത്തിനു മാത്രം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഡൈയൂററ്റിക് മരുന്നുകളുടെ ഉപയോഗവും മൂത്രത്തിന്റെ അളവു വർധിക്കാൻ ഇടയാക്കാറുണ്ട്.

രാത്രി പലതവണ മൂത്രമൊഴിക്കാൻ പോകേണ്ടിവരുന്നവർ ഡോക്ടറെ കാണും മുൻപ് ഒരു ബ്ലാഡർ ഡയറി തയാറാക്കുന്നതു നന്നായിരിക്കും. എത്രതവണ മൂത്രശങ്ക ഉണ്ടാകുന്നു, മൂത്രത്തിന്റെ ഏകദേശം അളവ്, ദിവസവും ഉപയോഗിക്കുന്ന മദ്യം, കഫീൻ പാനീയങ്ങൾ എന്നിവയുടെ അളവ്, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നിവ രേഖപ്പെടുത്തണം.

ചുരുക്കിപ്പറഞ്ഞാൽ, ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില കാരണങ്ങളാലും ശരീരശാസ്ത്രപരമായ കാരണങ്ങളാലും രാത്രി പലതവണ മൂത്രമൊഴിക്കുന്ന പ്രശ്നം ഉണ്ടാകാം എങ്കിലും ഇതിനെ അത്ര ലളിതമായി കാണരുത്. രോഗാവസ്ഥകൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എസ്. വാസുദേവൻ പോറ്റി

യൂറോളജിസ്റ്റ്

മെഡി. കോളജ്, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips