Thursday 05 December 2019 12:40 PM IST

ക്രിസ്മസ് രാവിൽ നാവു തേടുന്നത് ഈ മധുരം; ഹെൽത്തി ഫ്രൂട്ട് കേക്ക് സിമ്പിളായി തയ്യാറാക്കാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

cake

ആ രാത്രിയിൽ നേർത്ത മഞ്ഞിലൂടെ കാരൾ നമ്മുടെ ഹൃദയങ്ങളിലേക്ക് ഒഴുകിയെത്തും. അലങ്കരിച്ച പുൽക്കൂടിനും ക്രിസ്മസ് മരത്തിനുമരികെ നിൽക്കുമ്പോൾ നാവു തിരയുന്നത് ആ മധുരമാണ്- ഫ്രൂട്ട്കേക്ക്.

ക്രിസ്മസ് ആഘോഷരാവിലെ ആദ്യ മധുരസ്മ‍ൃതി. അൽപം വൈൻ കുടിച്ച് ഫ്രൂട്ട്കേക്ക് കഴിക്കുമ്പോൾ എന്നും ക്രിസ്മസായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ഡിസംബർ ഒന്നിന് വീട്ടിൽ ഒരുക്കി വയ്ക്കുന്ന ഫ്രൂട്ട് കേക്ക് ഇരുപത്തിനാലാം തീയതി മുറിക്കുന്നതോടെ നോമ്പിന്റെ 24 ദിനങ്ങൾ കഴിയുകയാണ്.

പ്രകൃതിദത്ത ചേരുവകൾ മാത്രമുള്ള ഹെൽതി ക്രിസ്മസ് കേക്ക്. അങ്ങനെയൊരു പാചകവിദഗ്ധയെ തേടിയാണ് കോട്ടയത്ത് മാങ്ങാനത്ത് കോവൂർ വീട്ടിലെത്തിയത്. ആതിഥേയ കാത്തിരിപ്പുണ്ടായിരുന്നു – സിസി കോവൂർ.

അമ്മയിൽ നിന്ന് കേക്കിന്റെ നല്ല പാഠങ്ങൾ

ചെങ്ങന്നൂരിലെ വീട്ടിൽ പണ്ടു പണ്ട് അമ്മയുണ്ടാക്കിയ രുചിയുള്ള കാരമൽ കേക്കും ഫ്രൂട്ട്കേക്കും കോഫി കേക്കും കൊതിയോടെ കഴിച്ചപ്പോൾ തന്നെ കുഞ്ഞു സിസി കേക്കിന്റെ പാചകവിദ്യയും പഠിച്ചെടുത്തു. വളർന്നപ്പോൾ ബേക്കിങ്ങും കേക്കുണ്ടാക്കലും ഹരമായി. വർഷങ്ങളായി വീട്ടിൽ തന്നെയാണ് സിസി, ക്രിസ്മസ് കേക്ക് തയാറാക്കുന്നത്.

‘‘ക്രിസ്മസ് കാലത്ത് എല്ലാവരും ആവശ്യപ്പെടുന്നത് ഫ്രൂട്ട് കേക്ക് ആണ്. ഫ്രൂട്ട്കേക്ക് കഴിച്ചു മടുക്കുമ്പോൾ ചില രുചി മാറ്റം ആളുകൾ ആഗ്രഹിക്കാറുണ്ട്. ചോക്‌ലെറ്റ് കേക്ക്, ബട്ടർ സ്കോച്ച്, കാരമൽ കേക്ക്, ഒാറഞ്ച് ലെമൺ‍ കേക്ക്, കോഫി കേക്ക്... എങ്കിലും ധാരാളം പഴങ്ങൾ ചേർക്കുന്ന ഫ്രൂട്ട് കേക്കാണ് ക്രിസ്മസിന്റെ തനത് കേക്ക് ’’– സിസി പറയുന്നു.
ആരോഗ്യകരമാക്കാൻ

കേക്കിന് അടിസ്ഥാനപരമായി നാലു ചേരുവകളാണ് വേണ്ടത്. മാവ്, പഞ്ചസാര, മുട്ട, ബട്ടർ. ഇതിനൊപ്പം ചേർക്കുന്ന ചേരുവയുടെ ഫ്ളേവറിലാകും കേക്ക് അറിയപ്പെടുന്നത്.

‘‘കേക്ക് ഹെൽതിയാക്കാൻ ഡാൽഡ പോലുള്ളവ ഒഴിവാക്കി ശുദ്ധമായ വെണ്ണ (ബട്ടർ) ഉപയോഗിക്കുക. പഞ്ചസാരയ്ക്കു പകരം കരുപ്പെട്ടിയോ
നല്ല വൻതേനോ മതി. മൈദയ്ക്കു പകരം ശുദ്ധമായ ഗോതമ്പുപൊടി ചേർക്കാം. തരിയുള്ള പൊടി ഇടഞ്ഞെടുക്കണം. കൃത്രിമ നിറങ്ങളും ഫ്ളേവറുകളും, പ്രിസർവേറ്റീവുകളും ചേർക്കേണ്ട. ഈ കേക്കുകൾ ഹെൽതി ആയതു കൊണ്ട് അവ ഇഷ്ടപ്പെടുന്നവരേറെയുണ്ട്.’’ സിസി കേക്കിന്റെ ആരോഗ്യചേരുവകൾ വിശദമാക്കുന്നു.

cake-1

ഇനി ഹെൽതി ക്രിസ്മസ് ഫ്രൂട്ട് കേക്ക് തയാറാക്കാം

ചേരുവകൾ

ഗോതമ്പുപൊടി– 200 ഗ്രാം

മുട്ട– അഞ്ച് (ചെറിയ കോഴി
മുട്ട 200 ഗ്രാം)
ചക്കര/ തേൻ – 200 ഗ്രാം

വെണ്ണ– 200ഗ്രാം

ഈന്തപ്പഴം, ഉണക്കമുന്തിരി

(കറുപ്പും സ്വർണനിറവുമുള്ളത്) – മൂന്നും 50 ഗ്രാം വീതം

നല്ല കശുവണ്ടി – 50 ഗ്രാം

ഒാറഞ്ച് പീൽ– 10 ഗ്രാം

ജിഞ്ചർ പീൽ– 10 ഗ്രാം.

ജാതിക്ക പൊടിച്ചത്– അര ടീസ്പൂൺ, കറുവപ്പട്ട
പൊടിച്ചത്– ഒരു ടീസ്പൂൺ

ബേക്കിങ് പൗഡർ–

രണ്ടു ടീസ്പൂൺ

മുന്നൊരുക്കങ്ങൾ

∙ജാതിക്കയും കറുവപ്പട്ടയും പൊടിച്ച് അരിച്ചെടുത്തതും ബേക്കിങ് പൗഡറും നേരത്തേ തന്നെ ഗോതമ്പുപൊടിയിൽ ചേർത്തു വയ്ക്കണം.

ഫ്രൂട്ട്സ് , പീലുകൾ എന്നിവ അരിഞ്ഞ് അരക്കപ്പ് റമ്മിൽ കുതിർത്തു വയ്ക്കണം. ഇത് രണ്ടാഴ്ചയോ മൂന്നാഴ്ചയോ വയ്ക്കാം. എത്ര സമയം കൂടുന്നോ അത്രയും നല്ലത്. കേക്ക് ഉണ്ടാക്കുന്നതിനു മുൻപ് ഇതു ചെയ്യണം. രണ്ടാഴ്ച കഴിഞ്ഞ് ഇതു റെഡിയാകുമ്പോൾ കേക്കുണ്ടാക്കാം.

തയാറാക്കുന്ന വിധം

ആദ്യം വെണ്ണയും കരുപ്പെട്ടി അല്ലെങ്കിൽ തേനും കൂടി ബീറ്റർ കൊണ്ട് നന്നായി ബീറ്റ് ചെയ്യുക. അത് ഇളം നിറമാകുമ്പോൾ മുട്ട ഒാരോന്നായി ചേർക്കാം. നന്നായി പതയുന്ന പരുവം വരെ ബീറ്റ് ചെയ്യണം. ഇതിലേക്ക് ഗോതമ്പുപൊടി ഒാരോ സ്പൂൺ വീതം ചേർത്ത് ബീറ്റ് ചെയ്യണം. ഒരു സ്പൂൺ ഗോതമ്പു പൊടി ഇട്ട് ബീറ്റ് ചെയ്തു, അടുത്ത സ്പൂൺ ഇട്ട് ബീറ്റ് ചെയ്തു അങ്ങനെ. ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ഫ്രൂട്ട്സും നട്സും ചേർത്ത് മിക്സ് ചെയ്യാം. ബാറ്റർ നല്ല മയമാകുമ്പോൾ ബേക് ചെയ്യാം. ബേക്ക് ചെയ്യാനുള്ള ടിന്നിൽ ബട്ടർ പേപ്പർ ഇട്ട് ലൈൻ ചെയ്യണം. ബാറ്റർ ടിന്നിന്റെ പകുതിയേ നിറയ്ക്കാവൂ. നന്നായി വേവാനാണിത്. 45 മിനിറ്റ് 180 ഡിഗ്രി ചൂടിൽ ബേക്ക് ചെയ്യാം. 40 മിനിറ്റ് മുതൽ ഇടയ്ക്ക് സ്ക്യൂവർ കൊണ്ടു നടുഭാഗത്തും അറ്റത്തും കുത്തി വേവ് നോക്കാം. സ്ക്യൂവറിൽ മാവ് ഒട്ടിപ്പിടിക്കാതിരുന്നാൽ കേക്ക് റെഡിയായി എന്നർഥം. സമയം കൃത്യമായി നോക്കണം. കേക്ക് പുറത്തു വച്ച് തണുപ്പുമാറിയാൽ എടുക്കാം. ഇതിനു മേലെ ബ്രാണ്ടിയോ റമ്മോ തളിച്ച് വായു കടക്കാതെ കവറിൽ പൊതിഞ്ഞുവയ്ക്കാം, ഡിസംബർ 25നു വേണ്ടി. അന്നു കേക്കിന് കൊതിപ്പിക്കുന്ന സുഗന്ധവും രുചിയുമായിരിക്കും.

അധികം വൈകിയില്ല, ആ ഫ്രൂട്ട് കേക്ക് മുൻപിലെത്തി. രുചിഭാവങ്ങളിൽ ഗൃഹാതുരത പകർന്ന് അതു നാവിലേക്ക് അലിഞ്ഞു. ‘മേരീസ് ബോയ് ചൈൽഡ് ജീസസ് ക്രൈസ്റ്റ് വാസ് ബോൺ ഒാൺ ക്രിസ്മസ് ഡേ’...കേക്കിന്റെ മധുരലഹരിയിൽ ആ കാരൾ മൂളിയാണ് പടിയിറങ്ങിയത്.

Tags:
  • Easy Recipes