ആരോഗ്യരുചികളിൽ പുതുമകൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ് നാം. ഈ ഗണത്തിലേക്ക് വേറിട്ടൊരു വിഭവം പരിചയപ്പെടുത്തുകയാണ്. മലയാളികൾക്ക് അത്ര പരിചയമില്ലാത്തൊരു രുചി – പേസരട്ട്.
പേസരട്ട് എന്നത് ആന്ധ്രാപ്രദേശിന്റെ പരമ്പരാഗത രുചിക്കൂട്ടുകളിൽ നിന്നുള്ള ഒരു ആരോഗ്യദോശയാണ്. ചെറുപയർ അരച്ചതിൽ ഇഞ്ചി, കായം, പച്ചമുളക് എന്നിവ കൂടി ചേർത്താണ് ഈ ഹെൽതി ദോശ തയാറാക്കുന്നത്. സാധാരണ ദോശയിൽ നിന്നു ലഭിക്കുന്നതിന്റെ ഇരട്ടി അളവ് പ്രോട്ടീൻ നമുക്കു നൽകുന്ന ദോശയാണിത്. പയർ തൊലി കൂടി ചേർത്ത് അരയ്ക്കുന്നതിലൂടെ ധാരാളം നാരുകളും ലഭിക്കും. അൽപം മുരിങ്ങയില കൂടി ചേർത്താൽ നാരും ഇരുമ്പും സമൃദ്ധമാക്കാം.
ഇഞ്ചിയും കായവും പച്ചമുളകും ചേരുമ്പോൾ പയറു കഴിക്കുന്നതിലൂടെ ഗ്യാസ് പ്രശ്നമുണ്ടാകുമെന്ന ആശങ്കയും ഒഴിവാക്കാം. ഇനി പ്രഭാത ഭക്ഷണനേരങ്ങളിലും രാത്രി നേരങ്ങളിലും ദോശ കഴിക്കണമെന്നു തോന്നിയാൽ പേസരട്ട് ഒന്നു പരീക്ഷിച്ചു നോക്കൂ. ഉറപ്പായും നിങ്ങൾക്ക് ഇഷ്ടമാകും.
കൊച്ചിയിലെ നുയോഗ, മൈൽസ്‌റ്റോൺസ് ക്ലിനിക്, ഡയബറ്റിക് കെയർ ഇന്ത്യ എന്നിവിടങ്ങളിൽ ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റായ എസ്. സിന്ധുവാണ് ഈ വിഭവം തയാറാക്കുന്നത്.
വിഡിയോ കാണാം.